ന്യൂഡൽഹി: അമേരിക്കയിലെ കോഴക്കേസ് സംബന്ധിച്ച വാർത്തകൾക്ക് പിന്നാലെ തകർന്നടിഞ്ഞ് അദാനി ഗ്രൂപ്പ് ഓഹരികൾ. 2023 ജനുവരിയിൽ ഹിൻഡൻബർഗ് വെളിപ്പെടുത്തലിന് പിന്നാലെ അദാനി ഓഹരികളിൽ ഉണ്ടായ തകർച്ചക്ക് സമാനമായ വീഴ്ചക്കായിരുന്നു വ്യാഴാഴ്ച വിപണി സാക്ഷ്യം വഹിച്ചത്. അദാനി ഗ്രൂപ്പ് കമ്പനികളുടെ സംയുക്ത വിപണിമൂല്യം വ്യാഴാഴ്ച 2.25 ലക്ഷം കോടി രൂപ ഇടിഞ്ഞ് 12 ലക്ഷം കോടിയായി.
അദാനി ഗ്രൂപ്പിലെ പ്രധാന കമ്പനിയായ അദാനി എന്റർപ്രൈസസിന്റെ ഓഹരിവില വ്യാഴാഴ്ച 23.45 ശതമാനം ഇടിഞ്ഞു. അദാനി ഗ്രീൻ എനർജി 18.95 ശതമാനം, അദാനി എനർജി സൊലൂഷൻസ് 20 ശതമാനം, അദാനി പോർട്സ് 13.23, അദാനി പവർ 9.62, അദാനി ടോട്ടൽ ഗ്യാസ് 10.38, അദാനി വിൽമർ 10, എ.സി.സി 7.99, അംബുജ സിമന്റ് 12.66 ശതമാനവും കൂപ്പുകുത്തി. മിക്ക കമ്പനികളും ലോവർ സർക്യൂട്ടിലെത്തുന്നതിനും (ഒരു ദിവസത്തെ പരമാവധി ഇടിവ്) വിപണി സാക്ഷ്യം വഹിച്ചു.
എന്നാൽ, എൻ.ഡി.ടി.വി ഓഹരികൾ 10 ശതമാനം ഇടിവിന് ശേഷം വൈകീട്ടോടെ തിരിച്ചുകയറി 0.31 ശതമാനം നേട്ടം കൈവരിച്ചു.
വിവാദ വാർത്തകൾ അദാനി ഗ്രൂപ്പിന് ‘നിക്ഷേപത്തിന് ആശാസ്യമല്ലാത്തത്’ ആണെന്ന പ്രമുഖ റേറ്റിങ് ഏജൻസിയായ മൂഡീസിന്റെ വിലയിരുത്തലും കുത്തനെ ഇടിവിന് പിന്നാലെ അദാനി കമ്പനികളിലെ നിക്ഷേപം പുനഃപരിശോധിക്കുമെന്ന ജി.ക്യു.ജി പാർട്ണേഴ്സിന്റെ പ്രഖ്യാപനവും അദാനി ഓഹരികളുടെ തിരിച്ചടിക്ക് ആഘാതമേറ്റി. ആഗസ്റ്റ് വരെയുള്ള കണക്കുകൾ അനുസരിച്ച് 80,000 കോടിയോളമാണ് ജി.ക്യു.ജി പാർട്ണേഴ്സ് അദാനി ഗ്രൂപ്പിൽ നിക്ഷേപിച്ചിട്ടുള്ളത്. കോഴ സംബന്ധിച്ച റിപ്പോർട്ടുകൾക്ക് പിന്നാലെ അമേരിക്കയിൽ അദാനി ഗ്രൂപ്പ് ബോണ്ടുകളുടെ വിലയിലും കുത്തനെ ഇടിവുണ്ടായി. കൂടുതൽ കടപത്രങ്ങളിറക്കി യു.എസിൽനിന്ന് മൂലധന സമാഹരണം നടത്താനുള്ള നീക്കം അദാനി ഉപേക്ഷിച്ചതായും റിപ്പോർട്ടുകളുണ്ട്.
കുത്തിയൊലിക്കുന്ന കോടികൾ
2023 ജനുവരിയിൽ ഹിൻഡൻബർഗ് ക്രമക്കേടാരോപണങ്ങൾ ഉന്നയിച്ചതിനെ തുടർന്ന് അദാനി കമ്പനികളുടെ സംയുക്ത മൂല്യത്തിൽ 2.2 ലക്ഷംകോടി രൂപയുടെ ഇടിവാണുണ്ടായത്. അദാനിയുടെ ആസ്തിയിൽ ഒരുമാസത്തിനിടെ 8,000 കോടി ഡോളറിന്റെ ചോർച്ചയാണ് അന്നുണ്ടായത്. ഇതിന് സമാനമായ വീഴ്ചയാണ് നിലവിലുണ്ടാവുന്നതെന്ന് വിദഗ്ധർ വിലയിരുത്തുന്നു. 2024 തുടക്കത്തിൽ 8.3 ലക്ഷം കോടി രൂപയിലധികമുണ്ടായിരുന്ന അദാനിയുടെ ആസ്തിയിൽ വ്യാഴാഴ്ച ഒറ്റദിവസം ഒലിച്ചുപോയത് ഒരുലക്ഷം കോടിയിലേറെയാണ്. ഫോബ്സിന്റെ ആഗോള ശതകോടീശ്വര പട്ടികയിൽ 25ാം സ്ഥാനത്തേക്ക് വീണ അദ്ദേഹത്തിന്റെ നിലവിലെ ആസ്തി 5,570 കോടി ഡോളറാണ് (4.86 ലക്ഷം കോടി രൂപ). ഇന്നലെ മാത്രം ഇടിഞ്ഞത് 1,240 കോടി ഡോളർ (1.04 ലക്ഷം കോടി രൂപ). 22ാം റാങ്കിൽനിന്നാണ് അദ്ദേഹത്തിന്റെ വീഴ്ച.
മ്യൂച്വൽ ഫണ്ടുകളിലും ആധി
രാജ്യത്തെ വിവിധ മ്യൂച്വൽ ഫണ്ടുകൾ അദാനി ഗ്രൂപ്പിന്റെ 10 ലിസ്റ്റഡ് കമ്പനികളിലായി 43,455 കോടിയുടെ നിക്ഷേപമാണ് നടത്തിയിട്ടുള്ളത്. വ്യാഴാഴ്ച അദാനി കമ്പനികളുടെ സംയുക്ത വിപണിമൂല്യത്തിൽ 2.2 ലക്ഷം കോടിയുടെ ഇടിവുണ്ടായതായാണ് കണക്കുകൾ.
മ്യൂച്വൽ ഫണ്ടുകളിൽ ഇതിന്റെ പ്രതിഫലനം സംബന്ധിച്ച വിവരങ്ങൾ വെള്ളിയാഴ്ചയാണ് ലഭ്യമാവുക. എൻ.ഡി.ടി.വി ഒഴികെ അദാനി ഗ്രൂപ്പിലെ 10 കമ്പനികളിലായി ജൂലൈയിൽ 41,814 കോടി രൂപയുടെ നിക്ഷേപമുണ്ടായിരുന്ന മ്യൂച്വൽ ഫണ്ടുകൾ ഒക്ടോബറിൽ 43,455 കോടിയാക്കി ഉയർത്തിയിരുന്നു.
പൊതുമേഖല സ്ഥാപനമായ എൽ.ഐ.സിയുടെ നിക്ഷേപത്തിൽ 8,700 കോടിയുടെ നഷ്ടമാണ് വ്യാഴാഴ്ച രേഖപ്പെടുത്തിയത്. ഏഴ് അദാനി കമ്പനികളിൽ എൽ.ഐ.സിക്ക് ഓഹരി നിക്ഷേപമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.