കോവിഡും തുടർന്നുണ്ടായ സാമ്പത്തിക സാഹചര്യവും മൂലം നിക്ഷേപകർ ഏറ്റവും സുരക്ഷിതമായ നിക്ഷേപമായി തെരഞ്ഞെടുത്തത് സ്വർണത്തെയായിരുന്നു. കോവിഡിനെ തുടർന്നുണ്ടായ ലോക്ഡൗണിൽ ഓഹരി വിപണികൾ കൂപ്പുകുത്തിയപ്പോൾ പിടിച്ച് നിന്നത് സ്വർണം മാത്രമായിരുന്നു. എന്നാൽ, കഴിഞ്ഞ ഏതാനം മാസങ്ങളായി സ്വർണത്തിന് കഷ്ടകാലമാണ്. യു.എസ് ട്രഷറി വരുമാനം ഉയർന്നതും ഡോളർ സുരക്ഷിത നിക്ഷേപമായി വന്നതുമാണ് സ്വർണത്തിന് തിരിച്ചടിയുണ്ടാക്കുന്നത്.
വിപണിയിൽ സ്വർണത്തിന്‍റെ ഇ.ടി.എഫ് ഫണ്ടുകളെല്ലാം മുന്നേറ്റമുണ്ടാക്കാൻ സാധിക്കാതെ വിയർക്കുകയാണ്. ആഗോള സമ്പദ്വ്യവസ്ഥ വളർച്ചയിലേക്ക് നീങ്ങുന്നു. ഇത് മൂലം നിക്ഷേപകർ സ്വർണത്തിൽ നിന്ന് മാറി മറ്റ് വൈവിധ്യമുള്ള നിക്ഷേപ മാർഗങ്ങളിലേക്ക് ചുവടുമാറ്റുകയാണ്. കഴിഞ്ഞ ആഗസ്റ്റിലാണ് സ്വർണവില റെക്കോർഡ് ഉയരത്തിലേക്ക് എത്തിയത്. അതിന് ശേഷം പിന്നീടുള്ള ഏഴ് മാസങ്ങളിൽ അഞ്ചിലും സ്വർണവിലയിൽ ഇടിവാണ് രേഖപ്പെടുത്തിയത്. ഒക്ടോബറിലും ഡിസംബറിലും മാത്രമാണ് സ്വർണവില ഉയർന്നത്.
വേൾഡ് കൗൺസിൽ ഇന്ത്യയുടെ മാനേജിങ് ഡയറക്ടറായ സോമസുന്ദരത്തിന്‍റെ കണക്കനുസരിച്ച് ഗോൾഡ് ഇ.ടി.എഫ് ഫണ്ടുകൾക്ക് രണ്ട് ശതമാനം നഷ്ടമാണ് ഫെബ്രുവരിയിൽ മാത്രം ഉണ്ടായത്. ഗോൾഡ് ഇ.ടി.എഫ് ഫണ്ടുകളിൽ നിന്ന് വൻതോതിൽ പണം പുറത്തേക്ക് ഒഴുകുകയാണെന്നും സോമസുന്ദരം പറയുന്നു.
യു.എസിലെ ബോണ്ടുകൾ ഈ വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലേക്ക് ഫെബ്രുവരിയിൽ എത്തിയിരുന്നു. 1.66 ശതമാനം നേട്ടമാണ് ബോണ്ട് മാർക്കറ്റിലുണ്ടായത്. ഡോളർ ഇൻഡക്സ് നവംബറിന് ശേഷം 92 കടന്ന് മുന്നേറിയിരുന്നു. ഇതോടെ വലിയ രീതിയിൽ പണം ഡോളറിലേക്കും അമേരിക്കൻ ബോണ്ട് മാർക്കറ്റിലേക്കും ഒഴുകുകയാണ്. വിവിധ രാജ്യങ്ങളിലെ ഓഹരി വിപണികൾ മെച്ചപ്പെട്ടതും സ്വർണത്തിന് തിരിച്ചടിയായി.
എന്നാൽ, നിലവിലെ സാഹചര്യത്തിൽ സ്വർണം എപ്പോൾ തിരിച്ചു വരുമെന്നതിനെ സംബന്ധിച്ച് കൃത്യമായ പ്രവചനങ്ങൾ നടത്താൻ സാമ്പത്തിക ശാസ്ത്രജ്ഞർ മുതിരുന്നില്ല. പക്ഷേ, 2021ൽ തന്നെ സ്വർണത്തിന്‍റെ തിരിച്ചു വരവുണ്ടാകുമെന്ന് ചില സാമ്പത്തിക ശാസ്ത്രജ്ഞർ പ്രവചിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.