മൺസൂൺ നേട്ടമാക്കാനൊരുങ്ങി വിപണി; വരും ദിനങ്ങൾ ഉയർച്ചയുടേതാവുമെന്ന് പ്രതീക്ഷ

കൊച്ചി: മൺസൂണിന്റെ കരുത്തിൽ വരുംനാളുകളിൽ ഇന്ത്യൻ ഓഹരി വിപണി ഉയരുമെന്ന് പ്രതീക്ഷ . മഴ കാർഷികോൽപാദനം ഉയർത്തുന്നതിനൊപ്പം പണപെരുപ്പം പിടിച്ചു നിർത്താനും അവസരം ഒരുക്കുമെന്നത്‌ എഫ്‌ എം സി ജി വിഭാഗം ഓഹരികൾക്ക്‌ ഡിമാൻറ്‌ ഉയർത്തും. പോയ വാരം ബോംബെ സൂചിക 178 പോയിൻറ്റ്‌ ഉയർന്നു.

ഇന്ത്യൻ ഓഹരി വിപണി രണ്ടാം വാരത്തിലും മികവ്‌ കാണിച്ചത്‌ നിക്ഷേപകരെ പുതിയ വാങ്ങലുകൾക്ക്‌ പ്രേരിപ്പിച്ചു. ആഭ്യന്തര വിദേശ ഫണ്ടുകൾ മുൻ നിര രണ്ടാം നിര ഓഹരികളിൽ കാണിച്ച ഉത്സാഹം നിഫ്‌റ്റിയെ 18,500 ന്‌ മുകളിൽ എത്തിച്ചപ്പോൾ സെൻസെക്‌സ്‌ ഒരു വേള 63,000 പോയിന്റിലേക്ക് മുന്നേറി.

ഇന്ത്യൻ മാർക്കറ്റിലെ ഉണർവ്‌ നേട്ടമാക്കാൻ വിദേശ നിക്ഷേപകർ വൻ തോതിൽ പണം ഇറക്കുന്നുണ്ട്‌. പിന്നിട്ട സാമ്പത്തിക വർഷം രാജ്യത്തിൻറ ധനകമ്മി ആഭ്യന്തര ഉൽപാദനത്തിൻറ ആറ്‌ ശതമാനമായി കുറഞ്ഞു. രൂപയുടെ മൂല്യത്തിലെ സ്ഥിരതയും ക്രൂഡ്‌ ഓയിൽ ഇറക്കുമതി ചിലവ്‌ കുറഞ്ഞതും അനുകുലമായി. പ്രവാസികളിൽ നിന്നുള്ള പണം ഒഴുക്കും മികവിന്‌ അവസരം ഒരുക്കി.

മുൻ നിര ഓട്ടോ ഓഹരിയായ എം ആൻറ്‌ എം നാല്‌ ശതമാനം നേട്ടവുമായി 1341 രൂപയിലെത്തി. ടാറ്റാ മോട്ടേഴ്‌സ്‌, മാരുതി ഓഹരികളും മുന്നേറി. സൺ ഫാർമ്മ, എച്ച്‌.യു. എൽ, എയർ ടെൽ, ഇൻഡസ്‌ ബാങ്ക്‌, ടാറ്റാ സ്‌റ്റീൽ, എൽ ആൻറ്‌ റ്റി, എസ്‌.ബി.ഐ തുടങ്ങിയവയിലും നിക്ഷേപകർ താൽപര്യം കാണിച്ചു. അതേ സമയം വിൽപ്പന സമ്മർദ്ദം മൂലം ആർ ഐ എൽ, ആക്‌സിസ്‌ ബാങ്ക്‌, ഐ.സി.ഐ സി ഐ ബാങ്ക്, എച്ച്‌.ഡി.എഫ്‌.സി, എച്ച്‌.ഡി.എഫ്‌ സി ബാങ്ക്‌, ഇൻഫോസീസ്‌, ടി.സി.എസ്, എച്ച്‌.സി.എൽ, ഐ റ്റി സി ഓഹരി വിലകൾ താഴ്‌ന്നു.

ബോംബെ സൂചിക 62,501 പോയിൻറ്റിൽ നിന്നും തുടക്കത്തിൽ 62,362 ലേയ്‌ക്ക്‌ തളർന്നു. എന്നാൽ തിരിച്ചു വരവിൽ ഇടപാടുകാരെ ആവേശം കൊള്ളിച്ച്‌ സെൻസെക്‌സ്‌ ഈ വർഷത്തെ ഏറ്റവും ഉയർന്ന നിലവാരമായ 63,036 പോയിൻറ്റിൽ എത്തിയ ശേഷം മാർക്കറ്റ്‌ ക്ലോസിങിൽ 62,547 പോയിൻറ്റിലാണ്‌. ലോങ്‌ ട്രേമിലേയ്‌ക്ക്‌ വീക്ഷിച്ചാൽ 64,250 റേഞ്ചിലേയ്‌ക്ക്‌ സെൻസെക്‌സ്‌ ചുവടുവെക്കാം. ഈ വാരം 62,260 ലെ സ്‌പ്പോർട്ട്‌ നിലനിർത്തി 62,930 നെ ലക്ഷ്യമാക്കിയാവും നീക്കം നടത്തുക. വിപണിയുടെ മറ്റ്‌ സാങ്കേതിക വശങ്ങൾ വീക്ഷിച്ചാൽ വീക്കിലി ചാർട്ടിൽ എം ഏ സി ഡി ബുള്ളിഷാണ്‌.

ആഭ്യന്തര വിദേശ ഫണ്ടുകൾ സംയുക്തമായി നടത്തിയ ബയ്യിങ്‌ കണ്ട്‌ പ്രദേശിക നിക്ഷപകരും രംഗത്ത്‌ അണിനിരന്നതോടെ നിഫ്‌റ്റി 18,499 ൽ നിന്നും തിങ്കളാഴ്‌ച്ച 18,600 ന്‌ മുകളിലെത്തിയെങ്കിലും വാരാന്ത്യം നിഫ്‌റ്റി 18,534 പോയിന്റിലാണ്. ഡെയ്‌ലി ചാർട്ട്‌ പരിശോധിച്ചാൽ ഈവാരം 18,444 ലെ സപ്പോർട്ട്‌ നിലനിർത്തി 18,640 ലേയ്‌ക്കും തുടർന്ന്‌ 18,750 പോയന്റിലേക്കും സഞ്ചരിക്കാം. ആദ്യ താങ്ങ്‌ നഷ്‌ടപ്പെട്ടാൽ 18,356 ലേയ്‌ക്ക്‌ തിരുത്തലിന്‌ സാധ്യത. ഡെയ്‌ലി ചാർട്ട്‌ കണക്കിലെടുത്താൽ നിഫ്‌റ്റി ഈ മാസം റെക്കോർഡ്‌ പ്രകടനത്തിന്‌ ശ്രമം നടത്താം.

വിനിമയ വിപണിയിൽ രൂപയുടെ മൂല്യം 82.56 ൽ നിന്നും 82.90 ലേയ്‌ക്ക്‌ ദുർബലമായ ശേഷം വ്യാപാരാന്ത്യം 82.33 ലേയ്‌ക്ക്‌ കരുത്ത്‌ നേടി. ഈ വാരം രൂപ മികവിന്‌ ശ്രമിച്ചാൽ 82.20 ആദ്യ തടസമുണ്ട്‌. വിദേശ ധനകാര്യസ്ഥാപനങ്ങൾ പിന്നിട്ടവാരം 7250 കോടി രൂപയുടെ ഓഹരികൾ ശേഖരിച്ചതിനൊപ്പം 730 കോടിയുടെ വിൽപ്പനയും നടത്തി. ആഭ്യന്തര ഫണ്ടുകൾ 1925 കോടി രൂപ നിക്ഷേപവും 2968 കോടിയുടെ വിൽപ്പനയ്‌ക്കും തയ്യാറായി.

ആഗോള സ്വർണ വിപണി വിൽപ്പനക്കാരുടെ നിയന്ത്രണത്തിൽ. ഉയർന്ന റേഞ്ചിൽ പിടിച്ചു നിൽക്കാൻ മഞ്ഞലോഹം ക്ലേശിക്കുകയാണ്‌. ട്രോയ്‌ ഔൺസിന്‌ 1946 ഡോളറിൽ നിന്നും 1984 ലേയ്‌ക്ക്‌ മുന്നേറിയ അവസരത്തിൽ അലയടിച്ച വിൽപ്പന സമ്മർദ്ദത്തിൽ വാരാന്ത്യം വില 1946 ഡോളറിലേയ്‌ക്ക്‌ താഴ്‌ന്നു. തുടർച്ചയായ രണ്ടാം വാരത്തിൽ സ്‌റ്റെഡി ക്ലോസിങ്‌ കാഴ്‌ച്ചവെച്ച സ്വർണം യു എസ്‌ കേന്ദ്ര ബാങ്ക്‌ നീക്കങ്ങളെ നിരീക്ഷിക്കുകയാണ്‌. മാസമദ്ധ്യം പലിശ സംബന്‌ധിച്ച്‌ പുതിയ പ്രഖ്യാപനങ്ങൾക്ക്‌ ഫെഡ്‌ റിസർവ്‌ നീക്കം നടത്താം.

Tags:    
News Summary - India stock market review

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT