കൊച്ചി: ഹിഡൻബർഗ് സൃഷ്‌ടിച്ച ആഘാതത്തിൽ നിന്നും മുക്തിനേടാൻ മാസാവസാന ദിവസങ്ങളിൽ ഇന്ത്യൻ ഓഹരി വിപണി കിണഞ്ഞ് ശ്രമിച്ചത് പ്രതിവാര നേട്ടത്തിന് അവസരം ഒരുക്കി. മുന്നാഴ്‌ച്ചകളിലെ തുടർച്ചയായ തകർച്ച ശേഷമാണ് സൂചിക രണ്ടര ശതമാനം ഉയരുന്നത്. ബോംബെ സെൻസെക്‌സ് 1464 പോയിന്റും നിഫ്‌റ്റി 414 പോയിന്റും ഉയർന്നു.
നിഫ്റ്റി സൂചിക തുടർച്ചയായി നാലാം മാസവും തകർച്ചയിലാണ്. രണ്ട് പതിറ്റാണ്ടിൽ ഇത്ര ദൈർഘ്യമേറിയ പ്രതിമാസ നഷ്‌ടം വിപണിയിൽ സംഭവിക്കുന്നത് ഇതാദ്യമാണ്. അതേ സമയം മൂന്ന് ട്രില്യൺ ഡോളറിലേയ്‌ക്കുള്ള ഇന്ത്യൻ വിപണിയുടെ തിരിച്ചു വരവിന് ഇനിയുള്ള കുതിപ്പ് വഴി തെളിക്കുമെന്ന് വിലയിരുത്തുന്നവരുമുണ്ട്.
പുതിയ സാമ്പത്തിക വർഷത്തിൽ നേട്ടത്തിലേയ്‌ക്ക് വിപണിയെ നയിക്കാൻ വിദേശ ധനകാര്യസ്ഥാപനങ്ങൾ വാങ്ങലുകാരായി നിലയുറപ്പിക്കുമോ ? അതോ അവർ വിൽപ്പനയിൽ തുടരുമോയെന്നതിനെ ആശ്രയിച്ചാവും സൂചികയുടെ ഓരോ ചുവടുവെപ്പും. 2010 ശേഷം നിഫ്റ്റി ഏപ്രിലിൽ ശരാശരി നേട്ടം 1.6 ശതമാനമെന്ന കണക്കിൽ ഏഴ് തവണ പോസിറ്റീവ് റിട്ടേൺ നൽകി. പുതിയ സാമ്പത്തിക വർഷത്തിൻറ ആദ്യ മാസമെന്ന നിലയ്‌ക്ക് ഉണർവ് നിലനിർത്തുമെന്ന നിഗനമത്തിലാണ് ബുൾ ഓപ്പറേറ്റർമാർ. ഏപ്രിൽ സീരീസ് ആദ്യ ദിനത്തിൽ നിഫ്‌റ്റി സൂചിക ഒന്നര ശതമാനത്തിൽ അധികം ഉയർന്നത് പ്രാദേശിക ഇടപാടുകാരുടെ ആത്‌മവിശ്വാസം വർധിപ്പിക്കും.
പുതിയ സാമ്പത്തിക വർഷത്തിലേയ്‌ക്ക് പ്രവേശിക്കുമ്പോൾ ബാങ്കിങ്, ഐ.ടി മേഖലകളിലെ ബുള്ളിഷ് ട്രൻറ്റും ആഗോള ഓഹരി സൂചകളിലെ ഉണർവും മുന്നേറ്റ പ്രവണതക്ക് വേഗത പകരാം. മുൻ നിര ഓഹരികളിൽ പലതിന്റെയും മൂല്യത്തിൽ ദൃശ്യമായ ആകർഷണം വിദേശ ഓപ്പറേറ്റർമാരെ പുതിയ വാങ്ങലുകൾക്ക് പ്രേരിപ്പിക്കാം. ഇതിനിടയിൽ പ്രമുഖ ബ്രോക്കറേജായ മോർഗൻ സ്റ്റാൻലി ആഭ്യന്തര ഓഹരികൾക്ക് ഉത്തേജനം പകരുന്ന പ്രഖ്യാപനം പുറത്തുവിട്ടു. അവർ ഇന്ത്യയുടെ റേറ്റിംഗ് അണ്ടർ വെയ്‌റ്റിൽ നിന്നും തുല്യ ഭാരത്തിലേക്ക് ഉയർത്തി.
ഈവാരം നടക്കുന്ന റിസർവ് ബാങ്ക് വായ്‌പ അവലോകനത്തെ വിപണി ഉറ്റുനോക്കുന്നു. പണപ്പെരുപ്പം അനിയന്ത്രിതമായി കുതിക്കുന്നതിനാൽ പലിശ നിരക്കുകളിൽ ഭേദഗതിക്ക് സാധ്യതയുണ്ട്. അതേ സമയം കർണാടകത്തിലെ തെരഞ്ഞെടുപ്പിന്റെ പശ്‌ചാത്തലത്തിൽ ബാങ്ക് നിരക്കുകൾ സ്‌റ്റെഡിയായി നിലനിർത്തി മുഖം മിനുക്കാനുള്ള ശ്രമങ്ങളും ആർ.ബി.ഐ നടത്താം.
മുൻ നിര ഓഹരികളായ ആർ ഐ എൽ 5.80 ശതമാനം മികവിൽ 2331 രൂപയായി പിന്നിട്ടവാരം ഉയർന്നു. എച്ച്.ഡി.എഫ്.സി ബാങ്ക്, എസ്.ബി.ഐ, ഇൻഡസ് ബാങ്ക്, ആക്‌സിസ് ബാങ്ക്, എച്ച്.ഡി.എഫ്.സി, ഐ.സി.ഐ.സി.ഐ ബാങ്ക്,
ഇൻഫോസീസ്, വിപ്രോ, ടി.സി.എസ്, എച്ച്.സി.എൽ, എം ആൻറ് എം, ടാറ്റാ മോട്ടേഴ്‌സ്, എം ആൻറ് എം, എച്ച്.യു.എൽ, ടാറ്റാ സ്‌റ്റീൽ, ഐ.ടി.സി, ഡോ: റെഡീസ്, സിപ്ല, സൺ ഫാർമ്മ തുടങ്ങിയവയിൽ ശക്തമായ വാങ്ങൽ താൽപര്യം പ്രകടമാണ്.
സെൻസെക്‌സ് മുൻവാരത്തിലെ 57,525 ൽ നിന്നും 57,413ലേക്ക് തളർന്നതിനിടയിൽ മുൻ നിര ഓഹരികളിൽ പുതിയ വാങ്ങലിന് ഫണ്ടുകൾ നീക്കം തുടങ്ങിയത്. ഇതോടെ താഴ്‌ന്ന തലത്തിൽ നിന്നും വിപണി നേരിയ ഉണർവ് കാണിച്ചെങ്കിലും പ്രാദേശിക നിഷേപകർ ആശങ്കയോടെയാണ് ഈ അവസരത്തിൽ സൂചികയുടെ ചലനങ്ങളെ നിരീക്ഷിച്ചത്. വാരത്തിന്റെ രണ്ടാം പകുതിയിൽ സ്ഥിതിഗതികൾ കൂടുതൽ വ്യക്തമായതോടെ വിപണിയിലേയ്‌ക്ക് പണ പ്രവാഹമായിരുന്നു. വാരാന്ത്യം സെൻസെക്‌സ് 59,068 പോയിന്റ് വരെ കയറിയശേഷം 58,991 ൽ ക്ലോസിങ് നടന്നു.
നിഫ്‌റ്റി 16,920 ൽ നിന്നുള്ള മുന്നേറ്റം 17,400 ലേയ്‌ക്ക് അടുത്ത ശേഷം മാർക്കറ്റ് ക്ലോസിങിൽ സൂചിക 17,359 പോയിന്റിലാണ്. ഈവാരം 17,520 നെ ലക്ഷ്യമാക്കിയാവും ഇടപാടുകൾക്ക് തുടക്കം കുറിക്കുക. ഈ പ്രതിരോധം മറികടന്നാൽ 17,660 ലേയ്‌ക്ക് ഉയരാം. നിഫ്‌റ്റിയുടെ താങ്ങ് 17,060 പോയിന്റിലാണ്.
അന്താരാഷ്‌ട്ര വിപണിയിൽ സ്വർണം വീണ്ടും 2000 ഡോളറിലേയ്‌ക്ക് ഉയരാനുള്ള ശ്രമം പരാജയപ്പെട്ടു. നിക്ഷേപകരുടെ അഭാവം തന്നെയാണ് കുതിപ്പിനുള്ള നീക്കം വിജയം കൈവരിക്കാനുള്ള ശ്രമത്തിന് തിരിച്ചടിയായത്. ട്രോയ് ഔൺസിന് 1978 ഡോളറിൽ ഇടപാടുകൾ തുടങ്ങിയ മഞ്ഞലോഹം 1989 ഡോളർ വരെ കയറിയങ്കിലും വാരാന്ത്യം 1869 ഡോളറിലാണ്.
തൊട്ട് മുൻവാരവുമായി താരതമ്യം ചെയ്യുമ്പോൾ കരുത്ത് നിലനിർത്താൻ ക്ലേശിച്ചതിനാൽ വിൽപ്പനക്കാർ രംഗത്ത് ഇറങ്ങാം. 1954 ഡോളറിലും 1934 ഡോളറിലും താങ്ങ് നിലവിലുള്ള സ്വർണത്തിൻറ പ്രതിരോധം 2014 ഡോളറിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.