ട്രാക്കിലേക്ക് തിരിച്ചെത്തി സൂചികകൾ

കൊച്ചി: ആഭ്യന്തര വിദേശ ഫണ്ടുകൾ ഒടുവിൽ കൈകോർത്തതോടെ ഓഹരി സൂചികയിൽ മുന്നേറ്റം. പരസ്‌പരം മത്സരിച്ച കുതിപ്പിന്റെയും കിതപ്പിന്റെയും ദിനങ്ങൾക്ക്‌ ശേഷം സംഘടിതരായി മുൻ നിര ഓഹരികളിൽ കാണിച്ച താൽപര്യം ഇൻഡക്‌സുകളിൽ രണ്ടര ശതമാനം കുതിച്ചു ചാട്ടം സൃഷ്‌ടിച്ചു. ബോംബെ സെൻസെക്‌സ്‌ 1457 പോയിന്റും നിഫ്‌റ്റി സൂചിക 440 പോയിന്റും ഉയർന്നു.

പിന്നിട്ട 36 ആഴ്‌ച്ചകളിൽ ഇത്ര ശക്തമായ കുതിപ്പ്‌ ഇതാദ്യമാണ്‌. സെൻസെക്‌സിന്‌ 61,000 നും നിഫ്‌റ്റിക്ക്‌ 18,000 നും മുകളിൽ ഇടം കണ്ടെത്താനായ ആവേശത്തിലാണ്‌ നിക്ഷേപകർ. ഇൻഫർമേഷൻ ടെക്‌നോളജി, പൊതുമേഖലാ ബാങ്കുകൾ, മീഡിയ ഓഹരികൾ നേട്ടം കൈവരിച്ചു.

മുൻ നിര ബാങ്കിങ്‌ ഓഹരിയായ എസ്‌.ബി.ഐ 6.47 ശതമാനം മികവിൽ 578 രൂപയായി. എച്ച്‌.ഡി.എഫ്‌.സി, എച്ച്‌.ഡി.എഫ്‌.സി ബാങ്ക്‌, ഐ.സി.ഐ.സി.ഐ ബാങ്ക്‌, ഇൻഡസ്‌ ബാങ്ക്‌ തുടങ്ങിയവയും മികവിൽ. എം ആൻറ്‌ എം, മാരുതി, ഇൻഫോസീസ്‌ ടെക്‌നോളജി, ടെക്‌ മഹീന്ദ്ര, വിപ്രോ, കോൾ ഇന്ത്യ, ഡോ: റെഡീസ്‌ തുടങ്ങിയവയിൽ വാങ്ങൽ താൽപര്യം ശക്തമായിരുന്നു. അതേ സമയം വിൽപ്പന സമ്മർദ്ദവും ലാഭമെടുപ്പും മൂലം എച്ച്‌.യു.എൽ, സിപ്ല, ഒ.എൻ.ജി.സി, സൺ ഫാർമ്മ ഓഹരി വിലകൾ താഴ്‌ന്നു.

ഫണ്ടുകൾ വിപണിയുടെ രക്ഷയ്‌ക്കായി രംഗത്ത്‌ ഇറങ്ങിയതോടെ ബോംബെ സെൻസെക്‌സ്‌ 59,655 പോയിന്റിൽ നിന്നും 60,850 ലെ പ്രതിരോധം തകർത്ത്‌ 61,209 വരെ മുന്നേറി വ്യാപാരാന്ത്യം സൂചിക 61,112 പോയിന്റിലാണ്. ഈവാരം 61,670 ലെ പ്രതിരോധം ബുൾ റാലിയിൽ തകർക്കാനായാൽ സൂചിക 62,230 റേഞ്ച്‌ ലക്ഷ്യമാക്കി മുന്നേറാം. വിപണിയുടെ താങ്ങ്‌ 60,090 ‐ 59,060 പോയിന്റിലാണ്. സെൻസെക്‌സിൻറ്റ മറ്റ്‌ സാങ്കേതിക ചലനങ്ങൾ പ്രതിദിന ചാർട്ടിൽ വിലയിരുത്തിയാൽ സൂപ്പർ ട്രെൻറ്‌, പാരാബോളിക്ക്‌ എസ്‌ ഏ ആർ, സ്റ്റോക്കാസ്റ്റിക്സ് ആർ എസ്‌ ഐ തുടങ്ങിയവ ബുള്ളിഷാണ്‌.

നിഫ്‌റ്റി സൂചിക നീണ്ട ഇടവേളയ്‌ക്ക്‌ ശേഷം വീണ്ടും 18,000 പോയിന്റിന് മുകളിൽ ഇടം പിടിച്ചു. നിഫ്‌റ്റി മുൻവാരത്തിലെ 17,624 ൽ നിന്നും ഓപ്പണിങ്‌ വേളയിൽ 17,611 ലേയ്‌ക്ക്‌ തളർന്നങ്കിലും അതേ വേഗതയിൽ തന്നെ വിപണി കരുത്ത്‌ തിരിച്ചു പിടിച്ച്‌ കൊണ്ട്‌ തുടർന്നുള്ള ദിവസങ്ങളിൽ മുന്നേറി. ലാഭമെടുപ്പ്‌ ശക്തമായതോടെ ഉയർന്ന തലമായ 18,089 ൽ നിന്നും അൽപ്പം തളർന്ന്‌ മാർക്കറ്റ്‌ ക്ലോസിങിൽ നിഫ്‌റ്റി 18,065 ലാണ്‌.

ആഗോള സാമ്പത്തിക മേഖലയെ ബാധിച്ച മാന്ദ്യം തുടരുമെന്ന സൂചനയിലാണ്‌ നിക്ഷേപകർ. അമേരിക്കൻ ഫെഡ്‌ റിസർവും, യുറോപ്യൻ കേന്ദ്ര ബാങ്കും പലിശ നിരക്ക് വീണ്ടും വർധിപ്പിക്കേണ്ടി വരുമെന്നാണ്‌ സാമ്പത്തിക മേഖലയുടെ വിലയിരുത്തൽ. നാണയപ്പെരുപ്പം പിടിച്ചു നിർത്തുന്നതിലെ വീഴ്‌ച്ച കണക്കിലെടുത്താൽ അടുത്ത യോഗത്തിൽ പലിശ നിരക്ക്‌ ഉയരാം.

അമേരിക്കയിലെയും ഏഷ്യയിലെയും മാന്ദ്യം ആഗോള ക്രുഡ്‌ ഓയിൽ വിപണിയുടെ കരുത്ത്‌ ചോർത്തി. ഒപ്പെക്ക്‌ ഉൽപാദനം വെട്ടികുറക്കാൻ തിരുമാനിച്ചിട്ടും ഇത്‌ അനുകുല തരംഗം സൃഷ്‌ടിച്ചില്ല. ചൈനീസ്‌ മാന്ദ്യവും റഷ്യൻ യുദ്ധവും ആഗോള എണ്ണ മാർക്കറ്റിൻറ്റ കുതിപ്പിനെ തടഞ്ഞു. വാരാന്ത്യം എണ്ണ വില ബ്യാരലിന്‌ 80.25 ഡോളറിലാണ്‌.

Tags:    
News Summary - Indian stock market review

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT