ഇന്ത്യൻ ഓഹരി വിപണി റെക്കോർഡുകൾ ഒന്നിന്‌പുറകെ ഒന്നായി തിരുത്തി കുറിച്ച് പുതിയ ഉയരങ്ങളിലേയ്‌ക്ക് ചുവടുവെച്ചു. വിദേശ ധനകാര്യസ്ഥാപനങ്ങളുടെ പിന്തുണയിൽ ബോംബെ സെൻസെക്‌സ് 623 പോയിന്റും നിഫ്‌റ്റി സൂചിക 180 പോയിന്റും. തുടർച്ചയായ നാലാം വാരമാണ് വിപണി മികവ് നിലനിർത്തുന്നത്. ഒരു മാസത്തിനിടയിൽ സൂചിക അഞ്ച് ശതമാനം മുന്നേറി. അതേ സമയം വാരാന്ത്യം വിദേശ ധനകാര്യസ്ഥാപനങ്ങൾ മുൻ നിര ഓഹരികളിൽ ലാഭമെടുപ്പിന് ഉത്സാഹിച്ചത് സൂചികളിൽ വൻ പ്രകന്പനത്തിന് ഇടയാക്കി.
കാലവർഷം അനുകൂലമെന്ന വിലയിരുത്തൽ നിഫ്‌റ്റി എഫ് എം സി ജി സൂചികയെ സർവകാല റെക്കോർഡായ 54,308 ലേയ്‌ക്ക് ഉയർത്തി. മിഡ് ക്യാപ്, സമോൾ ക്യാപ് ഇൻഡക്‌സുകളിൽ ശക്തമായ റാലി. പിന്നിട്ട മൂന്ന് മാസം മിഡ് ക്യാപ് സൂചിക 18 ശതമാനവും സ്‌മോൾ ക്യാപ് സൂചിക 20 ശതമാനവും വർദ്ധിച്ചു. കഴിഞ്ഞവാരം നിഫ്റ്റി ബാങ്ക് സൂചിക ഏകദേശം മൂന്ന് ശതമാനം ഉയർന്നു, മിഡ്ക്യാപ് സൂചിക ഒരു ശതമാനം കയറി. പിന്നിട്ട വാരം നിഫ്റ്റി പി.എസ്.യു ബാങ്ക് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കി. ഐ.ടി, മെറ്റൽ, റിയാലിറ്റി വിഭാഗങ്ങൾക്ക് തിരിച്ചടി.
നിഫ്‌റ്റിയിൽ എസ്.ബി.ഐ, ഐ.ടി.സി, എൽ ആൻറ് ടി, എച്ച്.ഡി.എഫ്.സി ബാങ്ക്, ഐ.സി.ഐ.സി.ഐ, ഇൻഡ് ബാങ്ക്, ആർ.ഐ.എൽ, സിപ്ല, ഡോ: റെഡീസ്, സൺ ഫാർമ്മ, ബി.പി.സി.എൽ, മാരുതി, വിപ്രോ തുടങ്ങിയവ ശ്രദ്ധിക്കപ്പെട്ടപ്പോൾ വിൽപ്പന സമ്മർദ്ദവും ലാഭമെടുപ്പും മൂലം ആറ് ശതമാനം തകർച്ചയെ ഇൻഫോസീസ് ടെക്‌നോജി അഭിമുഖീകരിച്ചു. ടി.സി.എസ്, എച്ച് സി എൽ, ടെക് മഹീന്ദ്ര, ഹിൻഡാൽക്കോ, കോൾ ഇന്ത്യ തുടങ്ങിയവയ്‌ക്ക് തളർച്ച.
സെൻസെക്‌സ് 66,060 ൽ നിന്നും കൂടുതൽ തളരാതെ പുതിയ ഉയരങ്ങളിലേയ്‌ക്ക് സഞ്ചരിച്ച് വ്യാഴാഴ്‌ച്ച സർവകാല റെക്കോർഡായ 67,619 പോയിന്റിലെത്തി. വാരാന്ത്യത്തിലെ വിൽപ്പന സമ്മർദ്ദം സൂചികയെ 66,533 ലേയ്‌ക്ക് ഇടിച്ച ശേഷം ക്ലോസിങിൽ 66,684 പോയിന്റിലാണ്.
നിഫ്‌റ്റി സൂചിക പോയവാരത്തിലെ 19,564 ൽ നിന്നും പ്രതിരോധങ്ങൾ ഓരോന്നായി തകർത്ത് 20,000 ലക്ഷ്യമാക്കി നീങ്ങിയെങ്കിലും ആ നേട്ടം കൈപിടിയിൽ ഒതുക്കാനാവാതെ പ്രയാണം 19,991 ൽ അവസാനിച്ചു. മുൻ നിര ടെക്‌നോജി വിഭാഗം ഓഹരികളിൽ കനത്ത വിൽപ്പന സമ്മർദ്ദം ഈ അവസരത്തിലുണ്ടായി. വാരാന്ത്യ ദിനം സൂചിക 19,700 ലേയ്‌ക്ക് ഇടിഞ്ഞ ശേഷം 19,745 പോയിൻറ്റിലാണ്. വീണ്ടും വിൽപ്പന സമ്മർദ്ദം ഉടലെടുത്താൽ 19,540-19,340 റേഞ്ചിൽ താങ്ങുണ്ട്. തിരിച്ച് വരവിന് ശ്രമിച്ചാൽ 19,970 റേഞ്ചിൽ പ്രതിരോധം നേരിടാം.
വിദേശ ഫണ്ടുകൾ ഏകദേശം 6723 കോടി രൂപയുടെ ഓഹരികൾ ആദ്യ നാല് ദിവസങ്ങളിൽ ശേഖരിച്ചു. എന്നാൽ വെള്ളിയാഴ്‌ച്ച അവർ 1999 കോടി രൂപയുടെ ഓഹരി വിറ്റു. ഈ മാസം രണ്ട് ദിവസം മാത്രമാണ് അവർ വിൽപ്പനയ്‌ക്ക് നീക്കം നടത്തിയത്, മറ്റ് ദിവസങ്ങളിലെല്ലാം അവർ നിക്ഷപകരായിരുന്നു. ജൂലൈയിലെ വിദേശ നിക്ഷേപം 43,804 കോടി രൂപയാണ്.
ഫോറെക്‌സ് മാർക്കറ്റിൽ രൂപ ശക്തമായ തിരിച്ച് വരവിൽ. യു എസ് ഡോളറിന് മുന്നിൽ രൂപയുടെ മൂല്യം 82.16 ൽ നിന്നും 81.86 ലേയ്‌ക്ക് മികവ് കാഴ്‌ച്ചവെച്ച ശേഷം 82.16 ലാണ്.
വിദേശനാണ്യ കരുതൽ ശേഖരം 15 മാസത്തിനിടയിലെ ഏറ്റവും ഉയർന്ന തലത്തിലേയ്‌ക്ക് പ്രവേശിച്ചു. 12.74 ബില്യൺ ഡോളർ ഉയർന്ന് 2022 മെയ്‌ക്ക് ശേഷം ആദ്യമായി കരുതൽ ധനം 600 ബില്യൺ ഡോളറിലെ നിർണായക പ്രതിരോധം കടന്ന് 609 ബില്യൺ ഡോളറിലെത്തിയെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. 2021 ഒക്ടോബറിൽ വിദേശ കരുതൽ ധനം സർവകാല റെക്കോർഡായ 645 ബില്യൺ ഡോളർ വരെ ഉയർന്നിരുന്നു.
ജൂണിൽ അവസാനിച്ച മൂന്ന് മാസത്തിൽ ഹിന്ദുസ്ഥാൻ യുണിലിവർ 2472 കോടി രൂപ അറ്റാദായം സ്വന്തമാക്കി. ഇതേ മൂന്ന് മാസ കാലയളവിൽ ഇൻഫോസീസ് ടെക്‌നോളജിയുടെ അറ്റാദായം 11 ശതമാനം വർധിച്ച് 5945 കോടി രൂപയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.