പശ്‌ചിമേഷ്യൻ സംഘർഷാവസ്ഥയും ക്രൂഡ് ഓയിൽ വിലക്കയറ്റവും ആഗോള ഓഹരി ഇൻഡക്‌സുകളിൽ സമ്മർദ്ദമുളവാക്കുന്നു. വിദേശ ധനകാര്യസ്ഥാപനങ്ങൾ ഇന്ത്യൻ മാർക്കറ്റിൽ നിക്ഷപത്തിന് ഇറങ്ങി. ബോംബെ സെൻസെക്‌സ് 287 പോയിൻറ്റും നിഫ്‌റ്റി സൂചിക 97 പോയിൻറ്റും പ്രതിവാര മികവിലാണ്.
വിദേശ ഓപ്പറേറ്റർമാർ വെളളിയാഴ്‌ച്ച 317 കോടി രൂപയുടെ നിക്ഷേപം നടത്തി, ഈ വാരം അവർ കൂടുതൽ നിക്ഷേപത്തിന് തയ്യാറാവുമെന്ന പ്രതീക്ഷയിലാണ് ബുൾ ഇടപാടുകാർ. പോയവാരം നാല് ദിവസങ്ങളിൽ അവർ 4288 കോടി രൂപയുടെ വിൽപ്പന നടത്തി. 2023 ൽ വിദേശ ഫണ്ടുകൾ ഇതിനകം 1,10,735 കോടി രൂപയുടെ ഓഹരികൾ വാങ്ങി.
നിഫ്റ്റി റിയാലിറ്റി സൂചിക 4.3 ശതമാനം മുന്നേറിയപ്പോൾ ഓട്ടോ, എഫ്.എം.സി.ജി മീഡിയ സൂചികയും ഏകദേശം രണ്ട് ശതമാനം ഉയർന്നു. അതേ സമയം നിഫ്റ്റി പി.എസ്.യു ബാങ്ക്, ഇൻഫർമേഷൻ ടെക്‌നോളജി സൂചികൾക്ക് തിരിച്ചടി.
മുൻ നിര ഓഹരിയായ ടാറ്റാ മോട്ടേഴ്‌സ് 7.24 ശതമാനം മികവ് കാണിച്ചു. മാരുതി ഓഹരി വില നാല് ശതമാനം വർധിച്ചു. എം ആൻറ് എം, ആർ.ഐ.എൽ, ഐ.സി.ഐ.സി.ഐ ബാങ്ക്, എച്ച്.ഡി.എഫ്.സി ബാങ്ക്, ഇൻഡസ് ബാങ്ക്, എച്ച്.യു.എൽ, വിപ്രോ, എച്ച്.സി.എൽ ടെക്, എയർടെൽ, ഐ.ടി.സി, സൺ ഫാർമ്മ ഓഹരികളിൽ നിക്ഷേപകർ പിടിമുറുക്കി. ലാഭമെടുപ്പും വിൽപ്പന സമ്മർദ്ദവും എസ്.ബി.ഐ, ഇൻഫോസീസ്, ടെക് മഹീന്ദ്ര, ടി.സി.എസ്, എൽ ആൻറ് ടി, ടാറ്റ സ്‌റ്റീൽ ഓഹരികളെ തളർത്തി.
ബോംബെ സൂചികയെ 65,480 ൽ നിന്നും 66,592 പോയിൻറ് വരെ ഉയർന്ന ശേഷം മാർക്കറ്റ് ക്ലോസിങിൽ 66,282 ലാണ്. ഈ വാരം വിപണി 65,644 പോയിൻറ്റിലെ താങ്ങ് നിലനിർത്തി 66,744 ലേയ്‌ക്ക് മുന്നേറാം. ഈ അവസരത്തിൽ വിദേശ ഫണ്ടുകൾ പിടിമുറുക്കിയാൽ സെൻസെക്‌സ് 67,206 വരെ കയറാം. വിൽപ്പന സമ്മർദ്ദമുണ്ടായാൽ 65,444 ആദ്യ താങ്ങ്.നിഫ്‌റ്റി 19,653 പോയിന്റിൽ നിന്നും 19,480 ലേയ്‌ക്ക് ഇടിഞ്ഞങ്കിലും തിരിച്ചു വരവിൽ 19,843 വരെ ഉയർന്നു. വ്യാപാരാന്ത്യം സൂചിക 19,751 പോയിൻറ്റിലാണ്. ഈവാരം നിഫ്‌റ്റിയുടെആദ്യ പ്രതിരോധം 19,897 ലാണ്. വിപണിയുടെ താങ്ങ് 19,550 പോയിൻറ്റിലും.
രൂപയുടെ തകർച്ച തടയാനുള്ള ശ്രമത്തിലാണ് കേന്ദ്ര ബാങ്ക്. ഡോളർ വിറ്റഴിച്ച് രൂപയ്‌ക്ക് താങ്ങ് പകരാൻ ആർ ബി ഐ മുൻവാരങ്ങളിലെ പോലെ വൻതോതിൽ ഡോളർ കരുതൽ ശേഖരത്തിൽ നിന്നും ഇറക്കി. രൂപയുടെ മൂല്യം 83.24 ൽ നിന്നും 83.12 ലേയ്‌ക്ക് ശക്തിപ്രാപിച്ച ശേഷം 83.24 ലാണ്. വിദേശ നാണയ കരുതൽ ശേഖരം അഞ്ചാം വാരവും ഇടിഞ്ഞു. ഒക്‌ടോബർ ആദ്യവാരം കരുതൽ ധനം 2.16 മില്യൻ ഡോളർ കുറഞ്ഞ് 487.74 ബില്യൻ ഡോളറായി. കഴിഞ്ഞ അഞ്ച് ആഴ്‌ച്ചകളിൽ കരുതൽ ധനത്തിലുണ്ടായ ഇടിവ് 14.15 മില്യൻ ഡോളറാണ്.
സ്വർണ വിലയിൽ വൻ കുതിച്ചു ചാട്ടം. ട്രോയ് ഔൺസിന് 1832 ഡോളറിൽ നിന്നും 1900 ഡോളറിലെ പ്രതിരോധം തകർന്ന് 1933 ഡോളർ വരെ ഉയർന്നു. പോയവാരം ഔൺസിന് 101 ഡോളർ സ്വർണ വില ഉയർന്നു. ക്രൂഡ് ഓയിൽ വില ബാരലിന് 82.79 ഡോളറിൽ നിന്നും 87 ഡോളറായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.