ദീപാവലി വേളയിലെ വെടിക്കെട്ടിന് ഒരുങ്ങുകയാണ് ഓഹരി ഇൻഡക്‌സുകൾ. പോയവാരം നിഫ്‌റ്റി 183 പോയിൻറ്റും ബോംബെ സെൻസെക്‌സ് 580 പോയിൻറ്റും ഉയർന്നു.
വിപണി ദീപാവലി മുഹൂർത്ത വ്യാപാരത്തിന് തയ്യാറെടുക്കുകയാണ്. അടുത്ത തിങ്കളാഴ്‌ച്ചയാണ് ദീപാവലി മുഹൂർത്ത കച്ചവടം. പതിമൂന്നാം തിയതി നടക്കുന്ന മുഹൂർത്ത വ്യാപാരം ഒരുമണികൂർ മാത്രം നീളുന്നതിനാൽ ഇടപാടുകളുടെ വ്യാപ്‌തി കുറവായിരിക്കും. പിന്നിട്ട രണ്ട് വർഷങ്ങളിൽ വിപണി മുഹൂർത്ത കച്ചവടത്തിൽ കാണിച്ച ഉണർവ് ഇക്കുറിയും ആവർത്തിക്കുമെന്ന പ്രതീക്ഷയിലാണ് നിക്ഷേപകർ.
സെൻസെക്‌സ് തുടക്കത്തിൽ 63,782 ൽ നിന്നും 63,450 പോയിൻറ്റിലേയ്‌ക്ക് താഴ്‌ന്ന ശേഷമുള്ള തിരിച്ചു വരവിൽ 64,535 ലേയ്‌ക്ക് മുന്നേറിയെങ്കിലും വ്യാപാരാന്ത്യം വിപണി 64,363 ലാണ്. ഈവാരം സെൻസെക്‌സ് 63,697 ലെ താങ്ങ് നിലനിർത്തി ആദ്യ പ്രതിരോധമായ 64,782 നെ ലക്ഷ്യമാക്കി നീങ്ങും, ഈ തടസം ഭേദിച്ചാൽ 65,201 ലേയ്‌ക്ക് ചുവടുവെക്കാം.
നിഫ്‌റ്റി 19,047 ൽ നിന്നും വാരത്തിൻറ ആദ്യ പകുതിയിൽ 18,973 ലേയ്‌ക്ക് തളർന്നു, എന്നാൽ അതിന് ശേഷമുള്ള തിരിച്ചു വരവിൽ 19,276 പോയിൻറ് വരെ മുന്നേറി, ഇതിനിടയിൽ ഓപ്പറേറ്റർമാരുടെ ലാഭമെടുപ്പിൽ സൂചിക അൽപ്പം തളർന്ന് വ്യാപാരാന്ത്യം 19,230 പോയിൻറ്റിലാണ്.
നിഫ്‌റ്റി 19,473 നെയാണ് ലക്ഷ്യമാക്കുന്നതെങ്കിലും ആ റേഞ്ചിലേയ്‌ക്ക് ഉയരാൻ കടമ്പകൾ പലത് പിന്നിടേണ്ടതുണ്ട്. നിലവിൽ 19,258 ലും 19,350 റേഞ്ചിലും പ്രതിരോധം തല ഉയർത്താം. ദീപാവലി വേളയിൽ വിപണി 19,400 ന് മുകളിൽ ഇടം പിടിക്കാൻ ശ്രമം നടത്താം. അതേ സമയം തിരുത്തലിന് നീക്കം നടന്നാൽ നിഫ്‌റ്റിക്ക് 19,050 റേഞ്ചിൽ സപ്പോർട്ട് പ്രതീക്ഷിക്കാം.
മുൻ നിര ഓഹരികളായ എസ്.ബി.ഐ, ഐ.സി.ഐ.സി.ഐ ബാങ്ക്, എച്ച്.ഡി.എഫ്.സി ബാങ്ക്, ഇൻഡസ് ബാങ്ക്, ആർ.ഐ.എൽ, ഇൻഫോസിസ്, വിപ്രോ, എയർടെൽ, ടാറ്റാ മോട്ടേഴ്‌സ്, മാരുതി, സൺ ഫാർമ്മ, എച്ച്.യു.എൽ എന്നിവയിൽ നിക്ഷേകർ താൽപര്യം കാണിച്ചു. ലാഭമെടുപ്പും വിൽപ്പന സമ്മർദ്ദവും എം ആൻറ് എം, മാരുതി, ടാറ്റാ സ്‌റ്റീൽ, എച്ച്.സി.എൽ ടെക്, ആക്‌സിസ് ബാങ്ക് ഓഹരി വിലകളെ തളർത്തി.
വിദേശ ഫണ്ടുകൾ ഒമ്പതാം വാരവും ഇന്ത്യയിൽ വിൽപ്പനക്കാരായി തുടരുന്നു. പിന്നിട്ടവാരം അവർ 913 മില്യൺ ഡോളർ വിലമതിക്കുന്ന ഓഹരികൾ വിറ്റു. ഒക്‌ടോബറിൽ 2.95 ബില്യൺ ഡോളറാണ് പിൻവലിച്ചത്. സെപ്‌റ്റംബർ‐ഒക്‌ടോബർ കാലയളവിൽ ഏകദേശം 4.7 ബില്യൺ ഡോളറിൻറ ഓഹരികളും കൈവെടിഞ്ഞു.
ഫോറെക്‌സ് മാർക്കറ്റിൽ രൂപ സമ്മർദ്ദത്തിൽ, ഡോളറിന് മുന്നിൽ രൂപയ്‌ക്ക് റെക്കോർഡ് മൂല്യ തകർച്ച. 83.24 ൽ നിന്നും മൂല്യം 83.29 ലേയ്‌ക്ക് ഇടിഞ്ഞ ശേഷം ക്ലോസിങിൽ പഴയ നിലവാരത്തിലാണ്. എന്നാൽ ഇന്ത്യൻ മാർക്കറ്റിലെ ഇടപാടുകൾക്ക് ശേഷം വിനിമയ നിരക്ക് 83.12 ലേയ്‌ക്ക് ശക്തിപ്രാപിച്ചു. ക്രൂഡ് ഓയിൽ വില ഉയർന്ന നിൽക്കുന്നതും പശ്‌ചിമേഷ്യൻ സംഘർഷാവസ്ഥയും രൂപയിൽ പിരിമുറുക്കം ഉളവാക്കാം.ന്യൂയോർക്കിൽ സ്വർണ വില ട്രോയ് ഔൺസിന് 2006 ഡോളറിൽ നിന്നും 1974 ലേയ്‌ക്ക് താഴ്‌ന്ന ശേഷം ക്ലോസിങിൽ 1992 ഡോളറിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.