വിപണികളിൽ ഉണർവ്; വരും ദിവസങ്ങളിലും തിളക്കമാർന്ന പ്രകടനം പ്രതീക്ഷിച്ച് നിക്ഷേപകർ

നിഫ്‌റ്റി കാഴ്‌ച്ചവെച്ച റെക്കോഡ്‌ പ്രകടനം ഈവാരം ബോംബെ സെൻസെക്‌സിനെയും ചരിത്രത്തിലെ ഏറ്റവും ഉയർന്ന തലത്തിലേയ്‌ക്ക്‌ കൈപിടിച്ച്‌ ഉയർത്തുമെന്ന പ്രതീക്ഷയിലാണ്‌ നിക്ഷപകർ. ഇൻഡക്‌സുകൾ രണ്ടര ശതമാനത്തിന്‌ കഴിഞ്ഞ വാരം കുതിച്ചു കയറി. ഈവാരവും വിപണി തിളക്കമർന്ന പ്രകടനം കാഴ്‌ച്ചവെക്കുമെന്ന വിശ്വാസത്തിലാണ്‌ പ്രദേശിക ഇടപാടുകാർ.

നിഫ്‌റ്റി 437 പോയിന്റും സെൻസെക്‌സ്‌ 1511 പോയിന്റും വർധിച്ചു. തുടർച്ചയായ അഞ്ചാം വാരമാണ്‌ ഇന്ത്യൻ വിപണി മികവ്‌ കാഴ്‌ച്ചവെക്കുന്നത്‌. ഒരു മാസത്തിനിടയിൽ നിഫ്‌റ്റി 1278 പോയിന്റും സെൻസെക്‌സ്‌ 3889 പോയിന്റുമാണ്‌ മുന്നേറിയത്‌.

ആഗോള തലത്തിൽ വിലയിരുത്തിയാൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ അതിവേഗം വളരുകയാണ്‌. ജി.ഡി.പി സെപ്തംബറിൽ അവസാനിച്ച മൂന്ന്‌ മാസങ്ങളിൽ പ്രതീക്ഷിച്ചതിലും വേഗത്തിൽ 7.6 ശതമാനം വളർച്ച രേഖപ്പെടുത്തി. രാഷ്‌ട്രീയ അനിശ്‌ചിതത്വങ്ങൾ നീങ്ങിയത്‌ വിദേശ ഫണ്ടുകളെ ഇന്ത്യയിലെ നിക്ഷപതോത്‌ ഉയർത്താൻ പ്രേരിപ്പിക്കും. പിന്നിട്ടവാരം നാല്‌ പ്രവർത്തി ദിനങ്ങളിൽ മാത്രം വിദേശ ഓപ്പറേറ്റർമാർ പതിനായിരത്തി അഞ്ഞുറ്‌ കോടി രൂപയിൽ അധികം അവർ നിക്ഷേപിച്ചു. വിദേശ നിക്ഷേപം വിനിമയ വിപണിയിൽ രൂപയുടെ മൂല്യവും ഉയർത്തി.

മുൻ നിര ഓഹരികളായ ആക്‌സിസ്‌ ബാങ്ക്‌, എൻ.ടി.പി.സി, ടാറ്റാ മോട്ടേഴ്‌സ്‌, എം ആൻറ്‌ എം, മാരുതി, ടാറ്റാ സ്‌റ്റീൽ, എൽ ആൻറ്‌ ടി, എച്ച്.യു.എൽ, എയർടെൽ, എച്ച്.ഡി.എഫ്.സി ബാങ്ക്‌, ഐ.സി.ഐ.സി.ഐ ബാങ്ക്‌, എസ്.ബി.ഐ, സൺ ഫാർമ്മ, വിപ്രോ, ഇൻഫോസീസ്‌ ടെക്‌നോളജി, എച്ച്.സി.എൽ, ടെക്‌ മഹീന്ദ്ര തുടങ്ങിയവ നിക്ഷപത്തിന്‌ ഉത്സാഹിച്ചു.

സെൻസെക്‌സ്‌ 65,970 പോയിന്റിൽ നിന്നും 67,564 വരെ ഉയർന്നു. വെളളിയാഴ്ച്ച ഇടപാടുകൾ അവസാനിക്കുമ്പോൾ സൂചിക 67,481 ലാണ്‌. ഈവാരം റെക്കോർഡായ 67,927 പോയിൻറ്‌ മാർക്കറ്റ്‌ മറികടക്കാൻ ശ്രമിക്കും. വിപണി സാങ്കേതികമായി ബുള്ളിഷ്‌ മനോഭാവം നിലനിർത്തുന്നതും ധനകാര്യസ്ഥാപനങ്ങളിൽ നിന്നുള്ള പണ പ്രവാഹം ഇരട്ടിപ്പിക്കാം.

ദേശീയ ഓഹരി സൂചികയായ നിഫ്‌റ്റി മുൻവാരത്തിലെ 19,794 ൽ നിന്നും നേട്ടത്തിലാണ്‌ വ്യാപാരം പുനരാരംഭിച്ചത്‌. ഒരവസരത്തിൽ 20,000 ലെ തടസം മറികടന്ന്‌ 20,222 ലെ റെക്കോർഡ്‌ ഭേദിച്ച്‌ 20,291 വരെ മുന്നേറി. വ്യാപാരാന്ത്യം സൂചിക 20,267 പോയിന്റിലാണ്‌. ഈവാരം 20,450 ൽ പ്രതിരോധുണ്ട്‌. ലാഭമെടുപ്പ്‌ വിൽപ്പന സമ്മർദ്ദമായാൽ 19,928-19,589 ൽ പിടിച്ചു നിൽക്കാം.

വിദേശ ഓപ്പറേറ്റർമാർ പോയവാരം 10,594 കോടി രൂപയുടെ ഓഹരികൾ വാങ്ങി. ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ മുന്ന്‌ ദിവസങ്ങളിലായി 5134 കോടി രൂപ നിക്ഷേപം നടത്തി. ഒരു ദിവസം അവർ 780 കോടി രൂപയുടെ ഓഹരികൾ വിറ്റഴിക്കുകയും ചെയ്‌തു.

രൂപയുടെ മൂല്യത്തിൽ ഉയർച്ചയുണ്ടായി. ഡോളറിന്‌ മുന്നിൽ രൂപ 83.37 ൽ നിന്നും 83.29 ലേയ്‌ക്ക്‌ കരുത്ത്‌ നേടി. ഈ വാരം രൂപ മികവിന്‌ ശ്രമിച്ചാൽ 83.18 ലും 83.07 തടസം നേരിടാം. നാണയം സമ്മർദ്ദത്തിൽ അകപ്പെട്ടാൽ 83.50- 83.71 ലേയ്‌ക്കും ദുർബലമാകാം.

സ്വർണം റെക്കോർഡ്‌ വിലയിലേയ്‌ക്ക്‌ അടുക്കുന്നു. ട്രോയ്‌ ഔൺസിന്‌ 2001 ഡോളറിൽ നിന്നും 2076 ഡോളർ വരെ ഉയർന്ന സ്വർണം മാർക്കറ്റ്‌ ക്ലോസിങിൽ 2071 ലാണ്‌. പശ്‌ചിമേഷ്യൻ സംഘർഷാവസ്ഥ വീണ്ടും രൂക്ഷമായത്‌ ഫണ്ടുകളെ മഞ്ഞലോഹത്തിൽ നിക്ഷേപകരാക്കുന്നു. ഡോളർ സൂചികയിലെ ചലനങ്ങളും റഷ്യ – യുക്രെയ്ൻ സംഘർഷാവസ്ഥയും അടുത്ത വർഷം സ്വർണത്തെ പുതിയ തലങ്ങളിലേയ്‌ക്ക്‌ നയിക്കാം.

Tags:    
News Summary - Indian stock market review

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT