കൊച്ചി: ഇന്ത്യൻ ഓഹരി ഇൻഡക്‌സുകൾക്ക് മാർച്ചിലെ മൂന്നാം ആഴ്ചയിലും തകർച്ചയിൽ നിന്നും മുക്തിനേടിയില്ല. വിദേശ ഫണ്ടുകൾ വിൽപ്പനയ്‌ക്ക് മുൻതൂക്കം നൽകിയതിനാൽ ഓഹരി സൂചിക തിരിച്ചു വരവിന് നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടു. ഇതിനിടയിൽ എല്ലാ കരുത്തു സ്വരൂപിച്ച് പുതിയ വാങ്ങലുകൾക്ക് ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ മത്സരിച്ചിട്ടും ബോംബെ സൂചിക 462 പോയിൻറ്റും നിഫ്‌റ്റി സൂചിക 155 പോയിൻറ്റും താഴ്‌ന്നു. മൂന്നാഴ്‌ച്ചക്കുള്ളിൽ സെൻസെക്‌സ് 2280 പോയിൻറ്റും നിഫ്‌റ്റി 648 പോയിൻറ്റും തകർച്ചയിലാണ്.
ബി.എസ്.ഇ മിഡ്‌ക്യാപ് സൂചിക രണ്ട് ശതമാനവും സ്മോൾക്യാപ് സൂചിക 1.5 ശതമാനം ഇടിഞ്ഞു. റിയാൽറ്റി സൂചിക 4.7 ശതമാനവും മെറ്റൽ സൂചിക നാല് ശതമാനവും ഇൻഫർമേഷൻ ടെക്നോളജി മുന്ന് ശതമാനവും ക്യാപിറ്റൽ ഗുഡ്‌സ് രണ്ട് ശതമാനവും ഇടിഞ്ഞു.
അമേരിക്കയും ബ്രിട്ടനും പലിശ നിരക്കിൽ വരുത്തിയ വർധന നാണയപ്പെരുപ്പ നിയന്ത്രണത്തിന് കാലതാമസം സൃഷ്‌ടിക്കുമെന്ന ആശങ്ക ചെറുകിട നിക്ഷേപകരെ വിപണിയിൽ നിന്നും അകറ്റുന്നു. ഇതിനിടയിൽ ഊഹക്കച്ചവടക്കാരും ധനകാര്യസ്ഥാപനങ്ങളും പല അവസരത്തിലും വിപണിയെ അമ്മാനമാടി. ഫെഡും, ബാങ്ക് ഓഫ് ഇംഗ്ലണ്ടും സഞ്ചരിച്ച പാദയിലുടെയാവും ഏപ്രിൽ മൂന്നിന് ആരംഭിക്കുന്ന വായ്‌പ് അവലോകനത്തിന് ആർ ബി ഐ യും ചുവടുവെക്കുക. പലിശ നിരക്ക് ഇവിടെയും ഉയർത്താനാണ് സാധ്യത.
2022 യു.എസ് ഡോളറിന് മുന്നിൽ പത്ത് ശതമാനം മൂല്യ തകർച്ചയിൽ അകപ്പെട്ട ഇന്ത്യൻ രൂപ ഈ വർഷം ആദ്യ മൂന്ന് മാസങ്ങൾ പിന്നിടുമ്പോൾ 0.6 ശതമാനം ഉയർന്നു. പോയവാരം രൂപയുടെ മൂല്യം 82.55 ൽ നിന്നും 82 ലേയ്‌ക്ക് ശക്തിപ്രാപിച്ചതിനിടയിൽ വിദേശ കേന്ദ്ര ബാങ്കുകൾ പലിശ പുതുക്കിയ വിവരം രൂപയെ 82.30 ലേയ്‌ക്ക് തളർത്തി. വിദേശ ഫണ്ടുകൾ മൊത്തം 6716 കോടി രൂപയുടെ ഓഹരികൾ കഴിഞ്ഞ അഞ്ച് ദിവസങ്ങളിൽ തിരിച്ചു പിടിച്ചു. ആഭ്യന്തര ഫണ്ടുകൾ 9432 കോടി രൂപയുടെ ശക്തമായ വാങ്ങലുകൾ മുൻ നിര രണ്ടാം നിര ഓഹരികളിൽ നടത്തി.
അതേസമയം, ബാങ്കിങ് ഓഹരികളെ പിടികൂടിയ മാന്ദ്യം ഇപ്പോഴും തുടരുകയാണ്. എച്ച്.ഡി.എഫ്.സി ബാങ്ക്, എസ്.ബി. ഐ, ഇൻഡസ് ബാങ്ക് ഓഹരി വിലകൾ വീണ്ടും കുറഞ്ഞു. ഇൻഫോസിസ്, വിപ്രോ, ടി.സി.എസ്, എച്ച്.സി.എൽ, ടെക് മഹീന്ദ്ര, എം ആൻറ് എം, ആർ.ഐ.എൽ, ടാറ്റാ മോട്ടേഴ്‌സ്, ടാറ്റാ സ്‌റ്റീൽ, മാരുതി തുടങ്ങിവയുടെ നിരക്ക് താഴ്‌ന്നു. അതേ സമയം ആക്‌സിസ് ബാങ്ക്, എച്ച്.ഡി.എഫ്.സി, ഐ.സി.ഐ.സി.ഐ ബാങ്ക്, എയർടെൽ, എച്ച്.യു.എൽ എന്നിവയിലാണ് വാങ്ങൽ താൽപര്യം.
സെൻസെക്‌സ് 57,989 ൽ നിന്നും 57,080 റേഞ്ചിലേക്ക് തുടക്കത്തിൽ ഇടിഞ്ഞു. എന്നാൽ പിന്നീടുണ്ടായ തിരിച്ചു വരവിൽ സുചിക 58,400 പോയിന്റിലേക്ക് കയറിയെങ്കിലും വിദേശത്ത് നിന്നുള്ള പ്രതികൂല വാർത്തകൾ ഓപ്പറേറ്റർമാരെ വിൽപ്പനക്കാരാക്കി. വാരാന്ത്യ ദിനം താളം നഷ്‌ടപ്പെട്ട സൂചിക 57,422 ലേയ്‌ക്ക് തളർന്ന ശേഷം മാർക്കറ്റ് ക്ലോസിങിൽ 57,527 പോയിന്റിലാണ്. സെൻസെക്‌സ് 56,934 പോയിന്റിലെ ആദ്യ താങ്ങ് നിലനിർത്തി 58,268 ലേയ്‌ക്ക് മുന്നേറാൻ ശ്രമം നടത്താം.
നിഫ്‌റ്റിക്ക് കഴിഞ്ഞ ആഴ്ച 17,000 താങ്ങ് നഷ്‌ടപ്പെട്ടു. ആഴ്ചയുടെ തുടക്കത്തിൽ 17,100 ൽ നിന്നും 16,800 ലേയ്‌ക്ക് തളർന്ന സൂചിക പിന്നീട് 17,200 ലേയ്‌ക്ക് ഉയർന്ന് കരുത്ത് കാണിച്ചത് ഒരു വിഭാഗം പ്രദേശിക നിക്ഷേപകരെ പുതിയ വാങ്ങലുകൾക്ക് പ്രേരിപ്പിച്ചു. ഇതിനിടയിൽ വിദേശ ഫണ്ടുകളുടെ വിൽപ്പനതോത് ഉയർത്തിയതിനാൽ വാരാന്ത്യ ക്ലോസിങിൽ സൂചിക 16,945 പോയിന്റിലാണ്. ഈവാരം സൂചികയ്‌ക്ക് 17,788 ൽ ആദ്യ താങ്ങും 17,150 ന് പ്രതിരോധവുമുണ്ട്.
വിദേശ നാണയ കരുതൽ ശേഖരം മാർച്ച് 17 ന് അവസാനിച്ച വാരം 12.8 ബില്യൺ ഡോളർ ഉയർന്ന് 572.80 ബില്യൺ ഡോളറിലെത്തി. നവംബർ രണ്ടാം വാരത്തിന് ശേഷമുള്ള ഏറ്റവും മികച്ച പ്രതിവാര വർധനയാണിത്. പിന്നിട്ടവാരം യു. എസ് ഫെഡ് റിസർവ് പലിശ നിരക്ക് 25 ബേസിസ് പോയിന്റ് ഉയർത്തി. ബാങ്ക് ഓഫ് ഇംഗ്ലണ്ടും പലിശയിൽ ഭേദഗതി വരുത്തി.
രാജ്യാന്തര സ്വർണത്തിലെ വാങ്ങൽ താൽപര്യം തുടരുന്നു. ന്യൂയോർക്കിൽ 1990 ഡോളറിൽ നിന്നും 1934 ഡോളറിലേയ്‌ക്ക് വാരമദ്ധ്യത്തിലെ പ്രോഫിറ്റ് ബുക്കിങിൽ തളർന്ന സ്വർണത്തെ ബുൾ ഇടപാടുകാർ പിന്നീട് 2004 ഡോളർ വരെ ഉയർത്തിയെങ്കിലും മാർക്കറ്റ് ക്ലോസിങിന് 1978 ഡോളറിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.