കൊച്ചി: റെക്കോർഡ് പ്രകടനം ഒരിക്കൽ കൂടി ആവർത്തിച്ച് ഇന്ത്യൻ ഓഹരി ഇൻഡക്‌സുകൾ തിളങ്ങി. വിദേശ ഫണ്ടുകളുടെ ശക്തമായ പിൻതുണയിൽ മുൻ നിര ഓഹരികൾ മികവ് കാണിച്ചതിനൊപ്പം സെൻസെക്‌സും നിഫ്‌റ്റിയും ചരിത്ര നേട്ടങ്ങൾ വാരികുട്ടി. ആഭ്യന്തര മ്യുച്വൽ ഫണ്ടുകൾ ഇടപാടുകൾ നടന്ന എല്ലാ ദിവസങ്ങളിലും വിൽപ്പനക്കാരായിരുന്നു.
സെൻസെക്‌സ് 561 പോയിൻറ്റും നിഫ്‌റ്റി സൂചിക 142 പോയിന്റും പ്രതിവാര മികവിലാണ്. ജനുവരി‐ജൂലൈ എട്ട് കാലയളവിൽ ബോംബെ സെൻസെക്സ് 4438 പോയിന്റും നിഫ്‌റ്റി സൂചിക 1225 പോയിൻറ്റും മുന്നേറി.കാലവർഷം രാജ്യത്തിന്റെ ഏതാണ്ട് എല്ലാ ഭാഗങ്ങളിലും വ്യാപിച്ചതോടെ കാർഷിക മേഖല കരുത്ത് കാണിക്കുമെന്ന നിഗമനത്തിലാണ് ഓഹരി വിപണിയും. കാർഷികോൽപാദനം ഉയരുന്നത് നാണയപ്പെരുപ്പം പിടിച്ച് നിർത്താൻ അവസരം ഒരുക്കുമെന്ന നിഗമനത്തിലാണ് കേന്ദ്ര ബാങ്കും.
ഓഹരി സൂചിക പുതിയ ഉയങ്ങളിലേയ്‌ക്ക് കൂകിപാഞ്ഞതിനിടയിൽ ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ അവസാന ദിവസങ്ങളിൽ കനത്തതോതിൽ ഓഹരികൾ വിറ്റഴിച്ചു. എല്ലാ ദിവസവും വിൽപ്പനക്കാരായി മാറിയ അവർ അവസാന രണ്ട് ദിവസങ്ങളിൽ 5316 കോടി രൂപയുടെ വിൽപ്പന നടത്തി. പിന്നിട്ടവാരത്തിലെ അവരുടെ മൊത്തം വിൽപ്പന 6878 കോടി രൂപയാണ്.
വിദേശ ഓപ്പറേറ്റർമാർ മൊത്തം 9164 കോടി രൂപ വില വരുന്ന ഓഹരികൾ ശേഖരിച്ചു. മൂന്ന് മാസ കാലയളവിൽ വിദേശ ഫണ്ടുകൾ 69,000 കോടി രൂപയാണ് ഇന്ത്യയിൽ നിക്ഷേപിച്ചത്. കഴിഞ്ഞ മൂന്ന് മാസങ്ങളിൽ അവർ കാണിച്ച താൽപര്യം സെപ്‌റ്റംബർ വരെയുള്ള കാലയളവിൽ തുടരുമോയെന്നതിനെ ആശ്രയിച്ചാവും സൂചികയുടെ ഇനിയുള്ള ഗതിവിഗതികൾ.
രാജ്യം ഉത്സവ സീസണിന് ഒരുങ്ങുകയാണ്. ദീപാവലി വേളയിൽ ഇക്കുറി സൂചികകൾ പടക്കം പൊട്ടിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് ഓരോ പ്രദേശിക നിഷേപകരും. അതേ സമയം തെക്ക് പടിഞ്ഞാറൻ കാലവർഷത്തിന്റെ രണ്ടാം പകുതിയിൽ എൽ നിനോ പ്രതിഭാസ ഫലമായി മഴയുടെ അളവ് കുറയുമെന്ന കാലാവസ്ഥ വിഭാഗത്തിൻറ്റ വിലയിരുത്തൽ കണക്കിലെടുത്താൽ കാർഷിക രംഗത്ത് പ്രതിസന്‌ധി തല ഉയർത്തും.
സെൻസെക്‌സ് 64,718 ൽ നിന്നും പടിപടിയായി ഉയർന്ന് ഓരോ കയറ്റത്തിലും റെക്കോർഡുകൾ പുതുക്കിയത് നിക്ഷേപകരുടെ ആവേശം വാനോളം ഉയർത്തി. ഇതിനിടയിൽ സെൻസെക്‌സ് 65,000 ലെ പ്രതിരോധവും തകർത്ത് എക്കാലത്തെയും ഉയർന്ന തലമായ 65,898 പോയിന്റിലെത്തി. വിപണിയുടെ കുതിപ്പിൽ ആഭ്യന്തര ഓപ്പറേറ്റർമാർ മത്സരിച്ച് ലാഭമെടുപ്പും നടത്തിയതോടെ സൂചിക 65,175 ലേയ്‌ക്ക് ഇടിഞ്ഞ ശേഷം 65,280 ൽ ക്ലോസിങ് നടന്നു. ഈ വാരം തുടക്കത്തിൽ 64,780 ലെ താങ്ങ് നിലനിർത്താനായാൽ വാരത്തിൻറ്റ രണ്ടാം പകുതിയിൽ സെൻസെക്‌സ് 65,840 നെ ലക്ഷ്യമാക്കി നീങ്ങാം.
നിഫ്‌റ്റിയും റെക്കോർഡ് പുതുക്കിയ ആവേശത്തിലാണ്. 19,189 ൽ നിന്നും നേട്ടതോടെയാണ് ഇടപാടുകൾക്ക് തുടക്കം കുറിച്ചത്. ഫണ്ട് ബയ്യിങ് ശക്തമായതിനൊപ്പം ഓപ്പൺ ഇൻറ്ററെറ്റിൽ അനുഭവപ്പെട്ട വർദ്ധനയും വാങ്ങലുകാരെ കൂടുതലായി ആകർഷിച്ചു. 19,201 ലെ റെക്കോർഡ് തകർത്ത വിപണി നിർണായകമായ 19,500 ലെ പ്രതിരോധവും അതിവേഗത്തിൽ മറികടന്നത് ലാഭമെടുപ്പിന് ഇടപാടുകാരെ പ്രേരിപ്പിച്ചു. ശക്തമായ ഒരു സാങ്കേതിക തിരുത്തലാണ് വെള്ളിയാഴ്‌ച്ച അനുഭവപ്പെട്ടത്. സൂചിക ഏതാണ്ട് 200 പോയിൻറ്റിൽ അധികം ഇടിഞ്ഞ ശേഷം ക്ലോസിങിൽ 19,331 ലാണ്.
ബി.എസ്.ഇ യിൽ ആർ.ഐ.എൽ, ടാറ്റാ മോട്ടേഴ്‌സ്, ഐ.ടി.സി, ടെക് മഹീന്ദ്ര, വിപ്രോ, ടി.സി.എസ്, ഐ.സി.ഐ.സി.ഐ ബാങ്ക്, എച്ച് യു എൽ, മാരുതി ഓഹരി വിലകൾ ഉയർന്നപ്പോൾ ഇൻഫോസീസ്, ഇൻഡസ് ബാങ്ക്, എച്ച്.ഡി.എഫ്.സി, എച്ച്.ഡി.എഫ്.സി, എൽ ആൻറ് റ്റി, എയർടെൽ, എച്ച് സി എൽ തുടങ്ങിയവയ്‌ക്ക് തിരിച്ചടിനേരിട്ടു.
വിനിമയ വിപണിയിൽ രൂപയ്‌ക്ക് മൂല്യ തകർച്ച. വാരത്തിൻറ്റ തുടക്കത്തിൽ ഡോളറിന് മുന്നിൽ 82.04 ൽ വിപണനം നടന്ന രൂപ പിന്നീട് കനത്ത തകർച്ചയെ അഭിമുഖീകരിച്ചു. ഒരവസരത്തിൽ മൂല്യം 82.79 ലേയ്‌ക്ക് ഇടിഞ്ഞങ്കിലും വ്യാപാരാന്ത്യം 82.74 ലാണ്. 99 പൈസയുടെ ഇടിവാണ് രൂപയ്‌ക്ക് നേരിട്ടത്.
വിദേശ ഫണ്ടുകൾ കഴിഞ്ഞവാരം ഡോളറിൽ കാര്യമായ താൽപര്യം കാണിച്ചില്ല. ക്രൂഡ് ഓയിൽ ഇറക്കുമതി റെക്കോർഡിലേയ്‌ക്ക് കുതിച്ചതിനൊപ്പം കുറഞ്ഞ വിലയ്‌ക്ക് എണ്ണ നൽകിയതോടെ വൻതോതിൽ രൂപ കുമിഞ്ഞ് കൂടിയത് റഷ്യൻ സന്പദ് വ്യവസ്ഥയ്‌ക്ക് കനത്ത ഭാരമായി. ചൈനീസ് നാണയായ യൂവാൻ മതിയെന്ന നിലപാടിലാണ് റഷ്യ. ക്രൂഡ് ഓയിൽ വില ബാരലിന് 73.66 ഡോളറിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.