ആഭ്യന്തര ധനകാര്യസ്ഥാപനങ്ങൾ ശക്തമായ പിന്തുണയുമായി ഓഹരി വിപണിയിൽ നിലയുറപ്പിച്ചിട്ടുണ്ടെങ്കിലും വിദേശ ഫണ്ടുകളുടെ വിൽപ്പനയ്‌ക്ക് മുന്നിൽ ഇന്ത്യൻ മാർക്കറ്റിന് പിടിച്ചു നിൽക്കാനായില്ല. സെൻസെക്‌സ് 490 പോയിന്റും നിഫ്‌റ്റി സൂചിക 71 പോയിന്റും പ്രതിവാര തളർച്ചയിലാണ്. റിസർവ് ബാങ്ക് വായ്‌പ അവലോകനത്തിൽ പലിശ നിരക്കിൽ ഇളവ് പ്രഖ്യാപിക്കുമെന്ന് ഒരു വിഭാഗം ഓപ്പറേറ്റർമാർ പ്രതീക്ഷിച്ചങ്കിലും ആർ.ബി.ഐ പലിശ സ്‌റ്റെഡിയായി നിലനിർത്തിയത് ഓഹരിയിൽ വിൽപ്പന സമ്മർദ്ദമുളവാക്കി.
ആർ.ബി.ഐ വായ്‌പ അവലോകനത്തിൽ തുടർച്ചയായ ആറാം തവണയാണ് പലിശ നിരക്ക് ആറര ശതമാനത്തിൽ നിലനിർത്തുന്നത്. 2008 ന് ശേഷമുള്ള ഏറ്റവും ദൈർഘ്യമേറിയ ഇടവേളയാണിത്. ഇതോടെ ഫോറെക്‌സ് മാർക്കറ്റിൽ രൂപയുടെ 82.88 ൽ നിന്നും 83.03 ലേയ്‌ക്ക് ദുർബലമായി.
തെരഞ്ഞടുപ്പ് രംഗം ചൂടുപിടിക്കും മുന്നേ ബാധ്യതകൾ ചുരുക്കാൻ വിദേശ ഓപ്പറേറ്റർമാർ ശ്രമം നടത്തുന്നുണ്ട്. അതുകൊണ്ട് തന്നെ ജനുവരിയിലെ പോലെ ഈ മാസവും അവർ വിൽപ്പനയ്‌ക്ക് മുൻ തുക്കം നൽകാം. അത്തരം ഒരു നീക്കം ഫെബ്രുവരി സീരീസ് സെറ്റിൽമെൻറ്റിന് മുന്നോടിയായി നിഫ്‌റ്റി 21,200 റേഞ്ചിലേയ്‌ക്ക് തിരുത്തലിന് മുതിരാനും ഇടയുണ്ട്.
മുൻ നിര ഓഹരിയായ ഐ.ടി.സി, എയർടെൽ, എച്ച്.ഡി.എഫ്.സി ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക്, ഇൻഡസ് ബാങ്ക്, ആക്‌സിസ് ബാങ്ക്, ഇൻഫോസീസ്, ടെക് മഹീന്ദ്ര, എം ആൻറ് എം,എച്ച്.യു.എൽ, എൽ ആൻറ് ടി തുടങ്ങിയവയുടെ നിരക്ക് താഴ്‌ന്നു. വാങ്ങൽ താൽപര്യത്തിൽ എസ്.ബി.ഐ, സൺ ഫാർമ്മ, ടി.സി.എസ്, എച്ച്.ഐ.എൽ, ആർ.എ.എൽ, മാരുതി, ടാറ്റാ സ്‌റ്റീൽ ഓഹരികളെ ശ്രദ്ധേയമാക്കി.
നിഫ്‌റ്റി സൂചിക 21,853ൽ നിന്നും 22,053 വരെ ഉയർന്നതിനിടയിൽ ഉടലെടുത്ത വിൽപ്പന സമ്മർദ്ദത്തിൽ വിപണി 21,629 ലേയ്‌ക്ക് ഇടിഞ്ഞങ്കിലും മാർക്കറ്റ് ക്ലോസിങിൽ 21,782 പോയിന്റിലാണ്. സൂചികയുടെ നീക്കങ്ങൾ കണക്കിലെടുത്താൽ ഈവാരം 22,000 ലും 22,118 ലും തടസം നേരിടാൻ ഇടയുള്ളതിനാൽ ഊഹകച്ചവടക്കാർ ഉയർന്ന തലത്തിൽ പുതിയ ഷോട്ട് പൊസിഷനുകൾ സൃഷ്‌ടിക്കാം. അത്തരം ഒരു നീക്കം സൂചികയെ 21,590 ലേയ്‌ക്ക് അടുപ്പിക്കാം.
നിഫ്റ്റി ഫെബ്രുവരി ഫ്യൂച്ചർ 21,950 ൽ നിന്നും 21,848 ലേയ്‌ക്ക് താഴ്‌ന്നങ്കിലും വിപണിയിലെ ഓപ്പൺ ഇൻറ്ററസ്‌റ്റിൽ കാര്യമായ മാറ്റമില്ല. തൊട്ട് മുൻവാരം 132.6 ലക്ഷം കരാറുകളായിരുന്നത് 132.1 ലക്ഷമായി.
സെൻസെക്‌സ് 72,085 ൽ നിന്നും വാരമധ്യം 72,480 പോയിൻറ് വരെ ഉയർന്നതിനിടയിൽ ഹെവിവെയിറ്റ് ഓഹരികളിലെ വിൽപ്പന സമ്മർദ്ദം സൂചികയെ 71,200 ലേയ്‌ക്ക് തളർത്തി. എന്നാൽ മാർക്കറ്റ് ക്ലോസിങിൽ അൽപ്പം കരുത്ത് വീണ്ടെടുത്ത് 71,595 പോയിൻറ്റിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.