കൊച്ചി: ബജറ്റിൽ ഇറക്കുമതി തീരുവ കുറച്ചതോടെ വില കുത്തനെ കുറഞ്ഞ സ്വർണത്തിന് ഇന്നും പവന് 800 രൂപ കുറഞ്ഞു. നാലുദിവസം കൊണ്ട് 3,760രൂപയാണ് പവന് കുറഞ്ഞത്. ഇതോടെ 50,400 രൂപയായി. ഗ്രാമിന് ഇന്ന് 100 രൂപ കുറഞ്ഞ് 6300 രൂപയായി. നാലുമാസത്തെ ഏറ്റവും കുറഞ്ഞ വിലയാണിത്. ഈ വർഷം മാർച്ച് 29നായിരുന്നു ഈ വില ഉണ്ടായിരുന്നത്.
കേന്ദ്ര ബജറ്റ് അവതരണം നടന്ന ജൂലൈ 23ന് രാവിലെയും ഉച്ചക്കുമായി 2,200 രൂപയുടെ കുറവാണ് സ്വർണവിലയിൽ ഉണ്ടായത്. ഇന്നലെ 760 രൂപയും കുറഞ്ഞിരുന്നു. 51,200 രൂപയായിരുന്നു ഒരു പവന്‍റെ ഇന്നലത്തെ വില.
ബജറ്റ് അവതരണ ദിവസമായ ജൂലൈ 23ന് രാവിലെ 53,960 രൂപയായിരുന്നു പവൻ വില. ഇത് ഉച്ചക്ക് ശേഷം 2,000 രൂപ കുറഞ്ഞ് 51,960 രൂപയിലെത്തി. തുടർന്ന് 24ന് വില മാറ്റമില്ലാതെ 51,960ൽ തുടർന്നു.
ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണ് ഇന്ന് രേഖപ്പെടുത്തിയത്. ഏറ്റവും കൂടിയ വിലയായ 55,000 രൂപ ജൂലൈ 17ന് രേഖപ്പെടുത്തിയിരുന്നു. ബജറ്റിൽ സ്വർണത്തിന്‍റെയും വെള്ളിയുടെയും പ്ലാറ്റിനത്തിന്‍റെയും ഇറക്കുമതി തീരുവ കേന്ദ്ര സർക്കാർ കുറച്ചിരുന്നു. സ്വർണത്തിന്‍റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ ആറ് ശതമാനവും പ്ലാറ്റിനത്തിന്റേത് 6.4 ശതമാനവുമാണ് കുറച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.