ഇക്വിറ്റാസ് ഹോള്‍ഡിങ്സ്  ഐ.പി.ഒ ഇന്നു മുതല്‍

മുംബൈ: ചെറുകിട ബാങ്ക് ലൈസന്‍സിനായി റിസര്‍വ് ബാങ്ക് തെരഞ്ഞെടുത്ത ഇക്വിറ്റാസ് ഹോള്‍ഡിങ്സിന്‍െറ ഐ.പി.ഒക്ക് ചൊവ്വാഴ്ച തുടക്കമാവും. 2007ല്‍ തുടക്കമിട്ട ചെന്നൈ കേന്ദ്രമായ ധനകാര്യ സ്ഥാപനമായ ഇക്വിറ്റാസ് ചെറുകിട ബാങ്ക് തുടങ്ങുന്നതിനായി റിസര്‍വ് ബാങ്ക് നിര്‍ദേശിച്ച മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന്‍െറ ഭാഗമായാണ് പ്രാഥമിക ഓഹരി വിപണിയില്‍നിന്ന് മൂലധനം സ്വരൂപിക്കുന്നത്. നിലവില്‍ 93 ശതമാനമുള്ള കമ്പനിയിലെ വിദേശ നിക്ഷേപം 49 ശതമാനമായി കുറക്കുകയാണ് ഇതില്‍ പ്രധാനം. നിലവില്‍ 3700 കോടി രൂപ മൂല്യമുള്ള കമ്പനി 2176 കോടി രൂപയാണ് സമാഹരിക്കാന്‍ ലക്ഷ്യമിടുന്നത്. ചൊവ്വാഴ്ച തുടങ്ങി വ്യാഴാഴ്ചയാണ് അവസാനിക്കുക. 109-110 രൂപയാണ് ഓഹരിയൊന്നിന് പ്രെസ് ബാന്‍ഡ്്. 135 ഓഹരികളാണ് ഒരുലോട്ട്. 720 കോടി രൂപക്കുള്ള പുതിയ ഓഹരികളും 13 കോടിയോളം നിലവിലുള്ള ഓഹരികളുമാണ് വില്‍ക്കുന്നത്. 
ഇതിനു പുറമേ കഴിഞ്ഞയാഴ്ച തുടങ്ങിയ നാലു ചെറുകിട -ഇടത്തരം കമ്പനികളുടെ പ്രാഥമിക ഓഹരി വില്‍പനയും ഇയാഴ്ച തുടക്കത്തില്‍ തുടരും. ആര്‍.യു കാബ് എന്ന പേരില്‍ വയര്‍, കേബ്ള്‍ നിര്‍മാണം നടത്തുന്ന റൂബി കേബ്ള്‍സാണ് ഇതിലൊന്ന്. മാര്‍ച്ച് 30ന് തുടങ്ങിയ ഇവരുടെ ഐ.പി.ഒ ചൊവ്വാഴ്ചയാണ് അവസാനിക്കുന്നത്. ഫിക്സഡ് പ്രൈസ് ഐ.പി.ഒയായ ഇതിന് ഓഹരിയൊന്നിന് 50 രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്. 3000 ഓഹരികളുടെ ലോട്ടാണ് അനുവദിക്കുക. 10.01കോടിയാണ് ഇഷ്യൂ സൈസ്. മാര്‍ച്ച് 31ന് തുടങ്ങിയ സിസ്കോ ഇന്‍ഡസ്ട്രീസാണ് മറ്റൊന്ന്. ഇതും ചൊവ്വാഴ്ച അവസാനിക്കും. 10 രൂപയാണ് ഓഹരി വില. 10,000 ഓഹരികളാണ് ലോട്ട്. 2.17 കോടിയാണ് ഇഷ്യൂ സൈസ്. മാര്‍ച്ച് 31 ന് തുടങ്ങിയ രാഘവ് റാമ്മിങ് മാസിന്‍െറ ഐ.പി.ഒ ഏപ്രില്‍ ആറിനാണ് അവസാനിക്കുന്നത്. 39 രൂപ നിരക്കില്‍ 19.20 ലക്ഷം പുതിയ ഓഹരികളണ് കമ്പനി ഇറക്കുന്നത്. 3000 ഓഹരികളാണ് ലോട്ട്. ഫ്രാങ്ക്ളിന്‍ ലീസിങ് ആന്‍ഡ് ഫിനാന്‍സാണ് മറ്റൊന്ന്. മാര്‍ച്ച് 30ന് തുടങ്ങിയ ഇവരുടെ ഇഷ്യൂ ചൊവ്വാഴ്ചയാണ് അവസാനിക്കുന്നത്. ഓഹരിയൊന്നിന് 15 രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്. 8000 ഓഹരികളാണ് ലോട്ട്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT