ബംഗളൂരു: കമ്പനി സഹസ്ഥാപകർ ഓഹരികൾ വിറ്റഴിക്കുന്നുവെന്ന വാർത്തകൾ ഇൻഫോസിസ് അധികൃതർ തള്ളിക്കളഞ്ഞു. എൻ.ആർ. നാരായണമൂർത്തിയുടെ നേതൃത്വത്തിൽ ഇൻഫോസിസ് സഹസ്ഥാപകർ കമ്പനിയിലെ ഓഹരികൾ വിറ്റഴിക്കുന്നതായി പ്രമുഖ ഇംഗ്ലീഷ് പത്രമാണ് റിപ്പോർട്ട് ചെയ്തത്. കമ്പനിയുടെ ഇപ്പോഴത്തെ നേതൃത്വവുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്നാണ് ഇവർ ഇത്തരത്തിലൊരു പാത സ്വീകരിക്കുന്നതെന്നും വാർത്തയിൽ പറയുന്നു. ഇതിനു പിന്നാലെയാണ് വിശദീകരണവുമായി കമ്പനിതന്നെ രംഗത്തുവന്നത്.
പത്രവാർത്ത അടിസ്ഥാനരഹിതമാണ്. ഇത്തരം അഭ്യൂഹങ്ങൾ മാധ്യമങ്ങൾ ഏറ്റെടുക്കരുത്. വ്യാജ പ്രചാരണങ്ങൾ കമ്പനിയുടെ താൽപര്യങ്ങളെയും ഓഹരി ഉടമകളെയും പ്രതികൂലമായി ബാധിക്കും. വാർത്തകൾ സഹസ്ഥാപകർതന്നെ നിഷേധിച്ചിട്ടുണ്ടെന്നും വെള്ളിയാഴ്ച കമ്പനി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. സഹസ്ഥാപകരായ നാരായണമൂർത്തി, ക്രിസ് ഗോപാലകൃഷ്ണൻ, നന്ദൻ നിലേകനി, കെ. ദിനേഷ്, എസ്. ഷിബുലാൽ എന്നിവർക്കും കുടുംബങ്ങൾക്കും കമ്പനിയിൽ 28,000 കോടിയുടെ 12.75 ശതമാനം ഓഹരികളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.