പ്രവാസികള്‍ക്കും വേണോ  ആദായനികുതി റിട്ടേണ്‍? 

ആദായ നികുതി റിട്ടേണ്‍ സമര്‍പ്പണത്തിന് പ്രവാസി ഇന്ത്യക്കാര്‍ ബാധ്യസ്ഥരാണോ? നിരവധി പ്രവാസികളുടെ സന്ദേഹമാണിത്. ഇന്ത്യയില്‍ ആദായനികുതി നിശ്ചയിക്കുന്നതിലെ പ്രധാനഘടകം നികുതിദായകന്‍െറ റെസിഡന്‍ഷ്യല്‍ സ്റ്റാറ്റസ് ആണ്. നികുതിദായകന്‍ റെസിഡന്‍റ് സ്റ്റാറ്റസിലുള്ള വ്യക്തി (ഇന്ത്യയില്‍ സ്ഥിരതാമസക്കാരന്‍) ആണെങ്കില്‍ ലോകത്തില്‍ എവിടെനിന്ന് വരുമാനം ലഭിച്ചാലും അത് ഇന്ത്യയില്‍ നികുതിക്ക് വിധേയമാണ്. എന്നാല്‍, നോണ്‍ റെസിഡന്‍റ് സ്റ്റാറ്റസിലുള്ള വ്യക്തിക്ക് ഇന്ത്യയില്‍നിന്ന് ലഭിക്കുന്ന വരുമാനത്തിന് മാത്രം നികുതി നല്‍കിയാല്‍ മതി. ഇന്ത്യയില്‍നിന്ന് ശമ്പളമായി ലഭിച്ചാലും ഇന്ത്യയില്‍ ചെയ്ത സേവനത്തിന്‍െറ ശമ്പളം ലഭിച്ചാലും ഇന്ത്യയിലെ വസ്തുവകകളില്‍നിന്ന് വാടക ലഭിച്ചാലും മൂലധനനേട്ടമുണ്ടായാലും അത് ഇന്ത്യയില്‍നിന്നുള്ള വരുമാനമായതിനാല്‍ നികുതിക്ക് വിധേയമാണ്.

റെസിഡന്‍ഷ്യല്‍ സ്റ്റാറ്റസ്
തന്നാണ്ടില്‍ ഇന്ത്യയില്‍ 182 ദിവസത്തില്‍ കൂടുതല്‍ താമസിക്കുകയോ തൊട്ടുമുമ്പുള്ള നാലുവര്‍ഷങ്ങളില്‍ 365 ദിവസത്തില്‍ കൂടുതല്‍ ഇന്ത്യയില്‍ താമസിക്കുകയും തന്നാണ്ടില്‍ 60 ദിവസത്തില്‍കൂടുതല്‍ ഇന്ത്യയിലുണ്ടാവുകയോ ചെയ്താല്‍ ആണ് റെസിഡന്‍റ് സ്റ്റാറ്റസ് ഉണ്ടാവുന്നത്. മുകളില്‍പറഞ്ഞ വ്യവസ്ഥ പാലിക്കപ്പെടുന്നില്ളെങ്കില്‍ അദ്ദേഹം നോണ്‍ റെസിഡന്‍റ് പദവിക്കര്‍ഹനാണ്. എന്നാല്‍, വിദേശത്ത് ജോലിക്കു പോകുന്നവര്‍ക്കും കപ്പലില്‍ ജോലിചെയ്യുന്ന ഇന്ത്യക്കാര്‍ക്കും 60 ദിവസമെന്നത് 182 ദിവസമായി കണക്കാക്കാവുന്നതാണ്.

ഇന്ത്യയില്‍നിന്ന് 2.50 ലക്ഷം രൂപയില്‍ കൂടുതല്‍ 
വരുമാനമുണ്ടോ

2015-16 സാമ്പത്തികവര്‍ഷം 2.50 ലക്ഷം രൂപയില്‍ കൂടുതല്‍ മൊത്തവരുമാനം ഇന്ത്യയില്‍നിന്ന് ലഭിച്ചാല്‍ തീര്‍ച്ചയായും ആദായ നികുതി റിട്ടേണ്‍ ഫയല്‍ചെയ്യണം. ചില നിക്ഷേപ പദ്ധതികളില്‍നിന്നോ സ്വത്തുക്കളില്‍നിന്നോ മൂലധനനേട്ടം ഉണ്ടായിട്ടുണ്ടെങ്കിലും അതിന്മേല്‍ പ്രവാസികള്‍ നികുതി അടക്കേണ്ടതുണ്ട്. എന്നാല്‍, ഈ മൂലധനനേട്ടത്തിനും മറ്റും സ്രോതസ്സില്‍നിന്നും നികുതി പിടിച്ചിട്ടുണ്ടെങ്കിലും മറ്റ് വരുമാനങ്ങള്‍ ഒന്നും ഇന്ത്യയില്‍ ഇല്ളെങ്കിലും നികുതിറിട്ടേണ്‍ ഫയല്‍ചെയ്യണമെന്ന് നിര്‍ബന്ധമില്ല. എന്നാല്‍, നികുതിദായകന്‍ ആദായനികുതി റീഫണ്ടിന് അര്‍ഹനാണെങ്കില്‍ റിട്ടേണ്‍ ഫയല്‍ ചെയ്താല്‍ മാത്രമെ, റീഫണ്ട് ലഭ്യമാവൂ.

മുന്‍കൂര്‍ നികുതി അടക്കണോ?
പ്രവാസികള്‍ക്കായിമാത്രം മുന്‍കൂര്‍ നികുതിയില്‍ പ്രത്യേക പരിഗണന ഇല്ല. സാധാരണഗതിയില്‍ 10,000 രൂപയില്‍ കൂടുതല്‍ നികുതി ബാധ്യതയുണ്ടെങ്കില്‍ മുന്‍കൂര്‍ നികുതി അടക്കാന്‍ ബാധ്യതയുണ്ട്. ഇത് പ്രവാസികള്‍ക്കും ബാധകമാണ്.

നികുതി ഒഴിവുള്ള വരുമാനങ്ങള്‍
എന്‍.ആര്‍.ഇ അക്കൗണ്ടില്‍നിന്നും എഫ്.സി.എന്‍.ആര്‍ അക്കൗണ്ടുകളില്‍നിന്നും ലഭിക്കുന്ന പലിശ, ഓഹരികള്‍ വില്‍ക്കുമ്പോള്‍ ഉണ്ടാവുന്ന ദീര്‍ഘകാല മൂലധന നേട്ടങ്ങള്‍ (സ്റ്റോക് എക്സ്ചേഞ്ചുവഴി നടത്തിയ വ്യാപാരങ്ങള്‍ക്ക് എസ്.ടി.ടി അടച്ചിട്ടുണ്ടെങ്കില്‍ മാത്രം), മ്യൂച്വല്‍ ഫണ്ടുകളില്‍നിന്നും ഓഹരികളില്‍ നിന്നും ലഭിക്കുന്ന ലാഭവിഹിതങ്ങള്‍ എന്നിവ പൂര്‍ണമായും നികുതിയില്‍നിന്ന് ഒഴിവാക്കപ്പെട്ടിരിക്കുന്നു. കെട്ടിട വാടക ലഭിക്കുന്നുണ്ടെങ്കില്‍ അതില്‍നിന്ന് പ്രോപ്പര്‍ട്ടി ടാക്സും 30 ശതമാനം  കിഴിവും സാധാരണ എല്ലാവര്‍ക്കും ലഭിക്കുന്നതുപോലെ പ്രവാസികള്‍ക്കും ലഭിക്കും. കെട്ടിടത്തിന്‍മേല്‍ ധനകാര്യസ്ഥാപനങ്ങളില്‍ കടം ഉണ്ടെങ്കില്‍ പലിശക്കും ഒഴിവു ലഭിക്കും. കൂടാതെ, ഇന്‍ഷുറന്‍സില്‍ അടക്കുന്ന നിക്ഷേപങ്ങള്‍, കുട്ടികളുടെ ട്യൂഷന്‍ ഫീസ്, ഭവനവായ്പയിലേക്കുള്ള തിരിച്ചടവ് മുതലായവക്ക് 1,50,000 രൂപ വരെയുള്ള കിഴിവ് ലഭിക്കും. മെഡിക്ളെയിമിലേക്ക് കുടുംബാംഗങ്ങള്‍ക്കും മാതാപിതാക്കള്‍ക്കും വേണ്ടി അടക്കുന്ന തുകക്കും പരമാവധി 60,000 (നിബന്ധനകള്‍ക്ക് വിധേയം) രൂപയുടെ വരെ കിഴിവുകള്‍ക്ക് പ്രവാസികളും അര്‍ഹരാണ്. എന്നാല്‍, മുതിര്‍ന്ന പൗരന്മാര്‍ക്ക് കൂടുതലായി ലഭിക്കുന്ന ഇളവുകള്‍ പ്രവാസികള്‍ക്ക് ലഭിക്കില്ല. കൂടാതെ, നാഷനല്‍ സേവിങ്സ് സര്‍ട്ടിഫിക്കറ്റുകള്‍, പബ്ളിക് പ്രോവിഡന്‍റ് ഫണ്ട് എന്നിവയിലുള്ള നിക്ഷേപങ്ങള്‍ക്കും നികുതി ആനുകൂല്യം ലഭിക്കില്ല.

പ്രവാസികളുടെ സ്വത്ത് വില്‍പന
മൂന്നുവര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള സ്വത്തുക്കള്‍ വില്‍ക്കുമ്പോള്‍ ലഭിക്കുന്ന മൂലധനനേട്ടത്തിന് 20 ശതമാനം മൂലധന നികുതി അടക്കേണ്ടതുണ്ട്. എന്നാല്‍, നികുതി ഒഴിവാക്കാന്‍ നിക്ഷേപ പദ്ധതികള്‍ പ്രവാസികള്‍ക്കും തെരഞ്ഞെടുക്കാം.

സ്വത്ത് വിറ്റ് പണം വിദേശത്തേക്ക്
സ്വത്തുക്കള്‍ വില്‍ക്കുമ്പോള്‍ ലഭിക്കുന്ന പണം എന്‍.ആര്‍.ഒ അക്കൗണ്ടിലേക്ക് ആദ്യം നിക്ഷേപിക്കണം. പിന്നീട് നികുതി അടച്ച് ചാര്‍ട്ടേഡ് അക്കൗണ്ടന്‍റിന്‍െറ സര്‍ട്ടിഫിക്കേറ്റോടുകൂടി എന്‍.ആര്‍.ഇ അക്കൗണ്ടിലേക്ക് മാറ്റാം. വില്‍പനയുടെ സമയത്ത് 20 ശതമാനം നിരക്കില്‍ സ്രോതസ്സില്‍നിന്ന് നികുതി പിടിക്കേണ്ടതായി വരുന്ന സാഹചര്യം ഒഴിവാക്കാന്‍ അര്‍ഹിക്കുന്ന അവസരങ്ങളില്‍, ആദായനികുതി ഓഫിസറുടെ പക്കല്‍നിന്ന് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ മതിയാവും.
ഫെമാനിയമം അനുസരിച്ച് പ്രവാസിയുടെ സ്വത്തുക്കള്‍ വിറ്റുകിട്ടുന്ന ലാഭം വിദേശത്തേക്ക് നേരിട്ടുകൊണ്ടുപോകാന്‍ സാധിക്കില്ല. അത് പ്രവാസിയുടെ എന്‍.ആര്‍.ഒ അക്കൗണ്ടില്‍ അടച്ച് നികുതിക്കുശേഷം നിയമപ്രകാരമുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കിയശേഷം കൊണ്ടുപോകാം.

വാങ്ങിയ സ്വത്തുക്കള്‍ വില്‍ക്കുമ്പോള്‍
സ്വത്തുക്കള്‍ വാങ്ങുന്ന സമയത്ത് അംഗീകൃത ബാങ്കിങ് ചാനലിലൂടെ മുടക്കിയ തുകയും ഈ ആവശ്യത്തിന് ബാങ്കില്‍നിന്ന് പണം കടമെടുടുത്തിട്ടുണ്ടെങ്കില്‍ ഫോറിന്‍ എക്സ്ചേഞ്ച് ഉപയോഗിച്ച് വീട്ടിയ കടവും ഉള്‍പ്പെടെയുള്ള തുക വിദേശത്തേക്ക് കൊണ്ടുപോകുന്നതിന് നിയമതടസ്സം ഇല്ല. എന്നാല്‍, താമസത്തിനുവേണ്ടി നിര്‍മിച്ച വീടുകളാണ് വില്‍ക്കുന്നതെങ്കില്‍ രണ്ടു വീടുകള്‍ക്ക് ലഭിച്ചപണം മാത്രമേ വിദേശത്തേക്ക് കൊണ്ടുപോകാന്‍ നിയമം അനുവദിക്കൂ.
വിദേശ ഇന്ത്യന്‍ പൗരന് പാരമ്പര്യമായി ലഭിച്ച സ്വത്തുക്കള്‍ വിറ്റുകിട്ടുന്ന പണം വിദേശത്തേക്ക് കൊണ്ടുപോകുന്നതിനുമുമ്പ് ആദായനികുതി ഉദ്യോഗസ്ഥന്‍െറ പക്കല്‍നിന്ന് നികുതിയുടെ ക്ളിയറന്‍സ് സര്‍ട്ടിഫിക്കറ്റും ചാര്‍ട്ടേഡ് അക്കൗണ്ടന്‍റിന്‍െറ സര്‍ട്ടിഫിക്കറ്റും ആവശ്യമാണ്. മാത്രമല്ല, ഒരുവര്‍ഷത്തില്‍ (ഏപ്രില്‍ മുതല്‍ മാര്‍ച്ച് വരെകാലഘട്ടം) കൊണ്ടുപോകാന്‍ സാധിക്കുന്ന തുക 10 ലക്ഷം ഡോളര്‍ ആയി നിജപ്പെടുത്തിയിട്ടുണ്ട്. ഇതിനു മുകളിലുള്ള തുക കൊണ്ടുപോകണമെങ്കില്‍ റിസര്‍വ് ബാങ്കിന്‍െറ അനുമതി ആവശ്യമാണ്.വിദേശത്തു താമസിക്കുന്ന ഇന്ത്യയില്‍ ജനിച്ചതല്ലാത്ത വിദേശിക്ക് ഇന്ത്യയില്‍ ഭൂസ്വത്ത് സ്വന്തമാക്കണമെങ്കില്‍ പാരമ്പര്യമായി ലഭിച്ചാലേ സാധിക്കൂ. എന്നാല്‍, ഇന്ത്യയില്‍ താമസിക്കുന്ന ഒരു വിദേശപൗരന് (ഒഴിവാക്കപ്പെട്ട രാജ്യങ്ങളില്‍നിന്നുള്ളവര്‍ ഒഴികെ) റിസര്‍വ് ബാങ്കിന്‍െറ അനുവാദത്തോടെ (ഇന്ത്യയില്‍ ദീര്‍ഘകാലം താമസിക്കുന്നതിനുള്ള ഉദ്ദേശ്യത്തോടെ ആണെങ്കില്‍) ഭൂമി സ്വന്തമാക്കാം.

സ്വത്ത് സമ്പാദിക്കാന്‍ തടസ്സമില്ല
വിദേശ പൗരത്വം സ്വീകരിച്ച ഇന്ത്യക്കാര്‍ക്ക് ഇന്ത്യയില്‍ സ്വത്തുക്കള്‍ സമ്പാദിക്കുന്നതിന് തടസ്സമില്ല. എന്നാല്‍, അംഗീകൃത ബാങ്കിങ് ചാനലിലൂടെ മാത്രമേ ഇടപാടുകള്‍ സാധ്യമാവൂ. എന്നാല്‍, കൃഷി ഭൂമിയുടെയും പ്ളാന്‍േറഷന്‍െറയും കാര്യത്തില്‍ ഇവര്‍ക്കും ഒഴിവില്ല. പ്രവാസികള്‍ക്ക് വിദേശപണം ഉപയോഗിച്ച് കൃഷിഭൂമിയോ ഫാം ഹൗസോ വാങ്ങാനോ റിയല്‍ എസ്റ്റേറ്റ് ബിസിനസ് നടത്താനോ അവകാശമില്ല.
 2015-16 സാമ്പത്തികവര്‍ഷത്തെ റിട്ടേണ്‍ സമര്‍പ്പണത്തിനുള്ള അവസാനതീയതി ആഗസ്റ്റ് അഞ്ച് ആണ്.

സംശയങ്ങള്‍ക്ക്:

babyjosephca@hotmail.com
babyjosephca@eth.net

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.