സ്വർണാഭരണ മേഖലയിലെ നികുതി വരുമാനം: കൃത്യമായ കണക്കില്ലെന്ന്​ ജി.എസ്​.ടി വകുപ്പ്​

കൊച്ചി: സംസ്ഥാനത്ത്​ സ്വർണാഭരണ മേഖലയിൽനിന്നുള്ള വാർഷിക വിറ്റുവരവിന്‍റെയും നികുതി വരുമാനത്തിന്‍റെയും കൃത്യമായ കണക്കില്ലെന്ന്​ ചരക്കുസേവന നികുതി (ജി.എസ്​.ടി) വകുപ്പ്​. 2021-22നുശേഷം സ്വർണവ്യാപാരികളുടെ സംഘടനാ പ്രതിനിധികൾ നിരവധി തവണ വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടിട്ടും വാർഷിക വിറ്റുവരവ് സംബന്ധിച്ച രേഖകൾ പുറത്തുവിട്ടിട്ടില്ല. വ്യാപാരമേഖലയിൽനിന്ന്​ ലഭിച്ച നികുതിയുടെയും വിറ്റുവരവിന്‍റെയും വിവരങ്ങൾ മേഖല തിരിച്ച്​ ലഭ്യമല്ലാത്തതിനാൽ സ്വർണവുമായി ബന്ധപ്പെട്ട കണക്കുകൾ നൽകാനാവില്ലെന്നാണ്​ മറുപടി.

2021-’22ൽ വാർഷിക വിറ്റുവരവ്​ 1,01,668.96 കോടിയും നികുതി വരുമാനം 343.81 കോടിയും ആണെന്ന്​ ജി.എസ്​.ടി അധികൃതർ മുമ്പ്​ വ്യക്തമാക്കിയിരുന്നു. വ്യാപാരികൾ സമർപ്പിച്ച ജി.എസ്​.ടി റിട്ടേണുകളുടെ അടിസ്ഥാനത്തിലുള്ള കണക്കാണിത്​ എന്നാണ്​ വിവരാവകാശ മറുപടിയിൽ പറഞ്ഞത്​. 2022 ഏപ്രിൽ ഒന്നുമുതൽ ഒക്​ടോബർ 31 വരെയുള്ള നികുതി വരുമാനം 383 കോടിയാണെന്ന്​ പറഞ്ഞെങ്കിലും 2022-’23, 2023-’24 വർഷങ്ങളിലെ വാർഷിക വിറ്റുവരവിന്‍റെയും നികുതിയുടെയും വിവരങ്ങൾ ലഭ്യമല്ലെന്നാണ്​ മറുപടി. ജി.എസ്​.ടി റിട്ടേൺ സംവിധാനത്തിൽ ഉൽപന്ന അടിസ്ഥാനത്തിലുള്ള മാപ്പിങ്​ ലഭ്യമല്ല എന്നതാണ്​ ഇതിന്​ കാരണമായി പറയുന്നത്​. എന്നാൽ, 2021-22ൽ ഉണ്ടായിരുന്ന കമ്മോഡിറ്റി മാപ്പിങ്​ ഇപ്പോൾ ഇല്ലാതായതെങ്ങനെയെന്നാണ്​ വ്യാപാരികളുടെ ചോദ്യം. സ്വർണവ്യാപാരത്തിൽനിന്ന്​ നികുതി വരുമാനം കുറവാ​ണെന്ന്​ വരുത്തിത്തീർത്ത് ദ്രോഹിക്കാനുള്ള നീക്കത്തിന്‍റെ ഭാഗമാണ്​ ഇതെന്നും അവർ ആരോപിക്കുന്നു.

വിറ്റുവരവിന് ആനുപാതികമായി സർക്കാറിലേക്ക് നികുതി അടക്കാതെ ഓൺലൈനിൽ റിട്ടേണുകൾ സ്വീകരിക്കാറില്ല. നികുതി വരുമാനം വെളിപ്പെടുത്താതിരിക്കുമ്പോൾ സ്വർണ വ്യാപാര മേഖലയിൽ നികുതിവെട്ടിപ്പ് നടക്കുന്നു എന്ന്​ എങ്ങനെയാണ്​ സർക്കാറിന്​ പറയാൻ കഴിയുകയെന്ന്​ ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്‍റ്​സ്​ അസോസിയേഷൻ സംസ്ഥാന ഭാരവാഹി അഡ്വ. എസ്. അബ്ദുൽ നാസർ ചോദിക്കുന്നു. കള്ളക്കടത്ത് സ്വർണം ആഭരണങ്ങളാക്കി നികുതി വെട്ടിച്ച് നടത്തുന്ന സമാന്തര വ്യാപാരം അവസാനിപ്പിക്കാൻ സർക്കാർ നടപടി സ്വീകരിക്കുന്നില്ലെന്നും വ്യാപാരികൾ കുറ്റപ്പെടുത്തുന്നു.

Tags:    
News Summary - Tax revenue in the gold sector issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.