ആദായനികുതി റിട്ടേണ്‍: ശ്രദ്ധിക്കേണ്ട വസ്തുതകള്‍

ആദായനികുതി റിട്ടേണുകളുടെ സമര്‍പ്പണത്തിന്‍െറ സമയമാണ് വരുന്ന മാസങ്ങള്‍. നിര്‍ബന്ധിത ഓഡിറ്റിന് വിധേയമല്ലാത്തവരും കമ്പനികള്‍ അല്ലാത്ത നികുതിദായകരും 2015-16 സാമ്പത്തിക വര്‍ഷത്തെ ആദായനികുതിയുടെ റിട്ടേണുകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി 2016 ജൂലൈ 31 ആണ്. ആദായനികുതി റിട്ടേണുകള്‍ ഉദ്യോഗസ്ഥരാല്‍ സുസൂക്ഷ്മം പരിശോധിക്കപ്പെടുന്നവയാണ്. ഡിപ്പാര്‍ട്മെന്‍റില്‍ ലഭിക്കുന്ന വിവിധങ്ങളായ രേഖകള്‍ നികുതിദായകന്‍െറ സ്റ്റേറ്റ്മെന്‍റുകളുമായി ഒത്തുനോക്കി, എന്തെങ്കിലും വ്യത്യാസം കാണപ്പെട്ടാല്‍ കണക്കുകള്‍ വിശദമായ പരിശോധനക്കായി ആവശ്യപ്പെട്ട് നോട്ടീസുകള്‍ നല്‍കുന്ന പതിവാണുള്ളത്. റിട്ടേണ്‍ സമര്‍പ്പണസമയത്ത് സാധാരണ സംഭവിക്കുന്ന വീഴ്ചകളെപ്പറ്റി വിശദമാക്കുന്നു.
വസ്തു വാങ്ങുന്ന സമയത്ത് സ്രോതസ്സില്‍
നികുതി പിടിക്കാതിരിക്കുക

നിങ്ങള്‍ ഇന്ത്യയില്‍ സ്ഥിരതാമസക്കാരായവരുടെ പക്കല്‍നിന്ന് 50 ലക്ഷം രൂപയില്‍ കൂടുതല്‍ വിലയുള്ള വസ്തു വാങ്ങുകയും അതേസമയം സ്രോതസ്സില്‍ തുകയുടെ ഒരു ശതമാനം നികുതി പിടിച്ച് അടക്കാതിരിക്കുകയും ചെയ്താല്‍ ആദായനികുതി ഓഫിസില്‍നിന്ന് നോട്ടീസ് ലഭിക്കുകയും ലക്ഷം രൂപ വരെ പിഴ ചിലപ്പോള്‍ അടക്കേണ്ടി വരുകയും ചെയ്യും. ആദായനികുതി ഉദ്യോഗസ്ഥര്‍ രജിസ്ട്രാറുടെ പക്കല്‍നിന്ന് ലഭിക്കുന്ന വിവരങ്ങളെ അടിസ്ഥാനപ്പെടുത്തി സ്രോതസ്സില്‍ നികുതി പിടിക്കാത്ത കേസുകള്‍ക്ക് നോട്ടീസ് അയക്കും. എന്നാല്‍, താങ്കള്‍ നോണ്‍ റെസിഡന്‍റായവരുടെ പക്കല്‍നിന്നാണ് വസ്തു വാങ്ങുന്നതെങ്കില്‍ ഒരുശതമാനം എന്നത് 20/30 ശതമാനം നിരക്കിലാണ് നികുതി പിടിക്കേണ്ടത്. മുഴുവന്‍ തുകക്കും ആണ് സ്രോതസ്സില്‍ നികുതി പിടിക്കേണ്ടത് എന്നതും ശ്രദ്ധിക്കേണ്ട സംഗതിയാണ്. 50 ലക്ഷം രൂപക്ക് മുകളിലുള്ള തുകക്ക് മാത്രം ഒരു ശതമാനം നികുതി പിടിച്ചാല്‍ പോരാ എന്നതും ശ്രദ്ധേയമാണ്. സ്രോതസ്സില്‍ പിടിക്കുന്ന തുക അടുത്തമാസം ഏഴാം തീയതിക്ക് മുമ്പ് സര്‍ക്കാറില്‍ അടക്കണം. തവണയായാണ് തുക നല്‍കുന്നത് എങ്കില്‍ ഓരോ തവണയിലും സ്രോതസ്സിലുള്ള നികുതി യഥാക്രമം അടച്ചിരിക്കണം. 
പലിശയില്‍നിന്നുള്ള വരുമാനം
നിരവധി നികുതിദായകര്‍ സ്ഥിര നിക്ഷേപത്തില്‍നിന്ന് ലഭിക്കുന്ന പലിശക്ക് 10,000 രൂപയുടെ കിഴിവ് ലഭിക്കും എന്ന ധാരണയില്‍ തെറ്റായി റിട്ടേണ്‍ ഫയല്‍ ചെയ്യാറുണ്ട്. 
ആദായനികുതി നിയമത്തിലെ 80 ടി.ടി.എ വകുപ്പനുസരിച്ച് സേവിങ്സ് ബാങ്കില്‍നിന്ന് ലഭിക്കുന്ന പലിശക്ക് 10,000 രൂപ വരെ കിഴിവ് ലഭിക്കും. എന്നാല്‍, സ്ഥിര നിക്ഷേപങ്ങളുടെ പലിശക്ക് ഒരു കിഴിവും ലഭിക്കുന്നതല്ല.
പലിശയില്‍നിന്ന് ധനകാര്യസ്ഥാപനങ്ങള്‍ 10 ശതമാനം നിരക്കില്‍ സ്രോതസ്സില്‍ നികുതി (ടി.ഡി.എസ്) പിടിക്കാറുണ്ട്. ആ വരുമാനത്തിന് 10 ശതമാനം നികുതി അടച്ചു എന്ന കാരണത്താല്‍ ചില നികുതിദായകര്‍ റിട്ടേണില്‍ ഇതുള്‍പ്പെടുത്താറില്ല. ഇത് തെറ്റാണ്. സ്രോതസ്സില്‍ നികുതി പിടിച്ചു എന്ന കാരണം കൊണ്ട് ആകെ വരുമാനത്തില്‍ ചേര്‍ക്കാതിരിക്കരുത്. പലിശകൂടി വരുമാനത്തില്‍ ചേര്‍ക്കുമ്പോള്‍ ചിലപ്പോള്‍ ഉയര്‍ന്ന നിരക്കില്‍ നികുതി നല്‍കേണ്ടിവരുകയും ചെയ്യും. ചില നികുതിദായകര്‍ നിക്ഷേപങ്ങള്‍ പല ബ്രാഞ്ചുകളിലായി ചെറിയ തുകകളായി നിക്ഷേപിച്ച് (ഓരോ ബ്രാഞ്ചില്‍നിന്നും 10,000 രൂപയില്‍ താഴെ മാത്രം പലിശ ലഭിക്കുന്ന രീതിയില്‍) സ്രോതസ്സിലുള്ള നികുതിയില്‍നിന്നും രക്ഷ നേടാന്‍ ശ്രമിക്കുന്നുണ്ട്. പക്ഷേ, സ്രോതസ്സിലുള്ള നികുതി കണക്കാക്കുന്നതിന് എല്ലാ ബ്രാഞ്ചുകളില്‍നിന്നുമുള്ള പലിശയാണ് കണക്കിലെടുക്കുന്നത്.
ഫോം 15 ജി, എച്ച് എന്നിവയുടെ 
തെറ്റായ സമര്‍പ്പണം

നികുതിവിധേയമായ വരുമാനം ഉണ്ടെങ്കിലും പല നികുതിദായകരും ഫോം 15 ജി, എച്ച് എന്നിവ തെറ്റായി സമര്‍പ്പിച്ച് സ്രോതസ്സിലുള്ള നികുതിയില്‍നിന്ന് രക്ഷ നേടുന്നുണ്ട്. ഇതിന് പല ധനകാര്യസ്ഥാപനങ്ങളും കൂട്ടുനില്‍ക്കുകയും ചെയ്യുന്നുണ്ട്. നികുതിക്ക് വിധേയമായ വരുമാനം ഉള്ള ഒരു നികുതിദായകനും ഫോം 15 ജി, എച്ച് എന്നിവ സമര്‍പ്പിക്കരുത്. റിക്കറിങ് ഡെപ്പോസിറ്റുകള്‍ക്ക് ലഭിക്കുന്ന പലിശക്കും സ്രോതസ്സില്‍ നികുതി ബാധകമാണ് എന്നുകൂടി ഓര്‍മിപ്പിക്കുന്നു.
മൊത്തവരുമാനമാണ് കണക്കിലെടുക്കേണ്ടത്
നികുതിക്കു മുമ്പുള്ള വരുമാനം നികുതി ഒഴിവുള്ള തുകയെക്കാള്‍ കുറവാണെങ്കില്‍ ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കേണ്ട ആവശ്യമില്ല എന്നൊരു തെറ്റായ ധാരണ പല നികുതിദായകരും വെച്ചുപുലര്‍ത്തുന്നുണ്ട്. എന്നാല്‍, മൊത്ത വരുമാനം ഒഴിവുള്ള തുകയെക്കാള്‍ കൂടുതലാവുന്ന സാഹചര്യങ്ങളില്‍, നികുതി അടക്കേണ്ടതായി വന്നില്ളെങ്കിലും, റിട്ടേണ്‍ സമര്‍പ്പിക്കേണ്ടതാണ്. ഉദാഹരണമായി ഒരു വ്യക്തിയുടെ മൊത്ത വരുമാനം 3,20,000 രൂപയാണെന്നും 80 സി അനുസരിച്ച് അദ്ദേഹം 80,000 രൂപ നിക്ഷേപം നടത്തിയിട്ടുണ്ടെന്നും കരുതുക. ഈ സാഹചര്യത്തില്‍ അദ്ദേഹത്തിന്‍െറ നികുതിക്ക് വിധേയമായ വരുമാനം 2,40,000 രൂപ ആണ്. അദ്ദേഹത്തിന് നികുതി വരുന്നില്ല എങ്കിലും റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടതുണ്ട്. റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിന് മൊത്ത വരുമാനം ആണ് കണക്കിലെടുക്കേണ്ടത്. അതുപോലത്തെന്നെ ശമ്പളക്കാരായ ചില നികുതിദായകര്‍ വെച്ചുപുലര്‍ത്തുന്ന തെറ്റിദ്ധാരണയാണ് മൊത്തവരുമാനം അഞ്ചു ലക്ഷം രൂപയില്‍ താഴെ ആയിരിക്കുകയും സ്രോതസ്സില്‍ നികുതി പിടിക്കുകയും ചെയ്തിരിക്കുന്ന സാഹചര്യത്തില്‍ റിട്ടേണ്‍ സമര്‍പ്പിക്കേണ്ട ആവശ്യമില്ല എന്നത്. ഈ നിയമം നാലു വര്‍ഷം മുമ്പ് കാലഹരണപ്പെട്ടുപോയി. നിലവില്‍ അങ്ങനെ ഒരു നിയമം ബാധകമല്ല.
വിദേശത്ത് സൂക്ഷിച്ചിരിക്കുന്ന സ്വത്തുക്കളും അവയില്‍നിന്നുള്ള വരുമാനവും
വിദേശത്ത് സ്വത്തുക്കള്‍ സൂക്ഷിച്ചിട്ടുണ്ടെങ്കിലും അവയില്‍നിന്ന് വരുമാനം ലഭിക്കുന്നുണ്ടെങ്കിലും രണ്ടും ആദായനികുതി റിട്ടേണുകളില്‍ കാണിക്കണം. തെറ്റായ രീതിയില്‍ അവ വെളിപ്പെടുത്താതിരുന്നാല്‍ ബ്ളാക്ക് മണി ആക്ടിന്‍െറ പരിധിയില്‍ വന്ന് 10 ലക്ഷം രൂപ വരെ പിഴ ചുമത്തപ്പെടാവുന്ന സാഹചര്യം സൃഷ്ടിക്കപ്പെടും. മുന്‍കാലങ്ങളില്‍ വിദേശങ്ങളില്‍ ജോലിയോ ബിസിനസോ ഉണ്ടായിരുന്ന നികുതിദായകര്‍ ഇതു പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. മുകളില്‍ സൂചിപ്പിച്ചിരിക്കുന്ന പല വീഴ്ചകളും പല നികുതിദായകരും ബോധപൂര്‍വമോ അല്ലാതെയോ വരുത്തുന്നവയാണ്. ഇതില്‍ മിക്കതും ആദായനികുതി വകുപ്പിന്‍െറ പരിശോധനയില്‍ വെളിവാക്കപ്പെടുന്നതും അങ്ങനെ വന്നാല്‍ മന$പൂര്‍വം നികുതിവിധേയമായ വരുമാനം മറച്ചുവെച്ചു എന്ന കുറ്റം ചുമത്തപ്പെടാവുന്നതും ഒഴിവാക്കപ്പെടാന്‍ ഉദ്ദേശിച്ച നികുതിയുടെ 300 ശതമാനം വരെ പിഴ ചുമത്തപ്പെടാവുന്നതുമാണ്.

നികുതി സംബന്ധമായ സംശയങ്ങള്‍ക്ക്:
babyjosephca@hotmail.com
babyjosephca@eth.net

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.