ന്യൂഡൽഹി: ജനുവരി മാസത്തിലെ ജി.എസ്.ടി പിരിവ് 1.55 ലക്ഷം കോടി. ഈ വർഷത്തെ രണ്ടാമത്തെ ഏറ്റവും ഉയർന്ന പിരിവാണ് ജനുവരിയിലുണ്ടായത്. ധനമന്ത്രാലയമാണ് ജി.എസ്.ടി പിരിവ് സംബന്ധിച്ച പുതിയ കണക്കുകൾ പുറത്തുവിട്ടത്.
1,55,922 കോടിയാണ് ജനുവരി 31ന് അഞ്ചു മണി വരെ ജി.എസ്.ടിയായി പിരിച്ചത്. ഇതിൽ സി.ജി.എസ്.ടിയായി 28,963 കോടിയും എസ്.ജി.എസ്.ടിയായി 36,730 കോടിയും പിരിച്ചു. 79,599 കോടിയാണ് ഐ.ജി.എസ്.ടി. 10,630 കോടിയാണ് വിവിധ സെസുകളെന്നും ധനമന്ത്രാലയം വ്യക്തമാക്കി.
ഈ സാമ്പത്തിക വർഷത്തിൽ ഇത് മൂന്നാം തവണയാണ് ജി.എസ്.ടി പിരിവ് 1.50 ലക്ഷം കടക്കുന്നത്. സാമ്പത്തിക വർഷത്തിൽ ഏപ്രിൽ മാസത്തിലാണ് ഏറ്റവും കൂടുതൽ ജി.എസ്.ടി പിരിവുണ്ടായത്. അന്ന് 1.68 ലക്ഷം കോടിയായിരുന്നു പിരിച്ചെടുത്തത്.
നികുതി പിരിവ് ഉയർത്താനുള്ള നടപടികൾ വർഷങ്ങളായി സ്വീകരിക്കുന്നുണ്ടന്ന് ധനമന്ത്രാലയം അറിയിച്ചു. ജി.എസ്.ടി റിട്ടേണുകളിൽ വർധനയുണ്ടായിട്ടുണ്ടെന്നും അവർ വ്യക്തമാക്കി. 2022 ഒക്ടോബർ മുതൽ ഡിസംബർ വരെയുള്ള സാമ്പത്തിക വർഷത്തിന്റെ മൂന്നാംപാദത്തിൽ 2.42 കോടി ജി.എസ്.ടി റിട്ടേണുകളാണ് സമർപ്പിക്കപ്പെട്ടത്. കഴിഞ്ഞ വർഷം ഇതേ സമയത്ത് 2.19 കോടി റിട്ടേണുകൾ സമർപ്പിക്കപ്പെട്ട സ്ഥാനത്താണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.