ജി.എസ്.ടി കുടിശ്ശിക 750 കോടി ലഭിച്ചെന്ന് ധനമന്ത്രി

തിരുവനന്തപുരം: ജി.എസ്.ടി കുടിശ്ശികയായി കിട്ടേണ്ടിയിരുന്ന 750 കോടി കഴിഞ്ഞദിവസം കേന്ദ്രത്തിൽനിന്ന് ലഭിച്ചതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയെ അറിയിച്ചു. എന്നാൽ, ജി.എസ്.ടി നഷ്ടപരിഹാരം അഞ്ച് വർഷം കൂടി നീട്ടണമെന്ന ആവശ്യത്തിൽ സംസ്ഥാന സർക്കാർ ഉറച്ചുനിൽക്കുകയാണ്.

സംസ്ഥാനത്തിന്‍റെ ചെലവുകൾക്ക് ബജറ്റിന് പുറത്തുനിന്ന് തുക കണ്ടെത്തേണ്ട സാഹചര്യം തുടരുകയാണ്. ജി.എസ്.ടി നടപ്പാക്കിയതിനുശേഷം സംസ്ഥാനത്തിന്റെ നികുതി വരുമാനത്തിൽ പ്രതീക്ഷിച്ച വർധന നേടാനായിട്ടില്ല. നടപ്പാക്കുന്ന ഘട്ടത്തിൽ ലക്ഷ്യമിട്ടിരുന്നത് 14 ശതമാനം വാർഷിക നികുതി വളർച്ചയാണ്. നികുതിയിൽ വരുത്തിയ വ്യത്യാസങ്ങളും സംസ്ഥാനം അഭിമുഖീകരിച്ച തുടർച്ചയായ പ്രകൃതി ദുരന്തങ്ങളും കോവിഡ് മഹാമാരിയും നികുതി വരുമാനത്തെ പ്രതികൂലമായി ബാധിച്ചു.

നടപ്പുവർഷം ജി.എസ്.ടി വരുമാനത്തിൽ മുൻവർഷത്തെ അപേക്ഷിച്ച് വലിയ വർധനയാണ് രേഖപ്പെടുത്തുന്നത്. 26,000 കോടിയാണ് അധികമായി പിരിച്ചെടുത്തത്. മുൻവർഷത്തെ അപേക്ഷിച്ച് 30 ശതമാനം വർധനയുണ്ട്. ക്ഷേമ പെൻഷനുകളുടെ വിതരണം നിലച്ചിട്ടില്ല. 2022 നവംബർവരെയുള്ള പെൻഷൻ ഇതിനകം വിതരണം ചെയ്തു. ക്ഷേമപെൻഷൻ വിതരണം ചെയ്യാനും ഫണ്ട് കണ്ടെത്താനുമായി കേരള സോ‌ഷ്യൽ സെക്യൂരി‌റ്റി പെൻഷൻ ലി‌മി‌റ്റഡ് എന്ന സ്പെഷൽ പർപ്പസ് വെഹിക്കിൾ രൂപവത്കരിച്ചിട്ടുണ്ട്.

എന്നാൽ, ഈ കമ്പനി നടത്തുന്ന താൽക്കാലിക കടമെടുപ്പ് സംസ്ഥാന സർക്കാറിന്‍റെ പൊതുകടമായി കണക്കാക്കുന്ന കേന്ദ്ര നിലപാട് കമ്പനിക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. എങ്കിലും പരമാവധി സമയത്തുതന്നെ ക്ഷേമപെൻഷൻ അർഹരായവരിലേക്ക് എത്തിക്കാൻ സർക്കാർ ശ്രമിക്കുന്നുണ്ട്. 2022 ഡിസംബറിലെ ക്ഷേമപെൻഷൻ വിതരണം ചെയ്യാനുള്ള നടപടി ആരം‌ഭിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

Tags:    
News Summary - Finance Minister said that GST dues of 750 crores have been received

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.