പെട്രോളിയം ഉൽപന്നങ്ങള്‍ ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്താന്‍ ആലോചന; വെള്ളിയാഴ്ച ഉന്നതതല യോഗം

ന്യൂഡൽഹി: ഇന്ധനവില സര്‍വകാല റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിച്ചുയരുന്ന സാഹചര്യത്തില്‍ പെട്രോളിയം ഉൽപന്നങ്ങള്‍ ജി.എസ്.ടി പരിധിയില്‍ ഉള്‍പ്പെടുത്തുന്നത് കേന്ദ്ര സര്‍ക്കാറിന്‍റെ ആലോചനയില്‍. വെള്ളിയാഴ്ച ധനമന്ത്രി നിര്‍മല സീതാരാമന്‍റെ അധ്യക്ഷതയില്‍ ലഖ്‌നോവില്‍ ചേരുന്ന ജി.എസ്.ടി കൗണ്‍സില്‍ യോഗത്തില്‍ ഇത് ചര്‍ച്ച ചെയ്യും.

ജി.എസ്.ടി സിസ്റ്റത്തില്‍ എന്തെങ്കിലും മാറ്റം വരുത്തണമെങ്കില്‍ സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും പ്രതിനിധികളടങ്ങിയ ജി.എസ്.ടി കൗണ്‍സിലിലെ നാലില്‍ മൂന്ന് അംഗങ്ങളുടെ പിന്തുണവേണം. എന്നാല്‍ കേരളമടക്കം നിരവധി സംസ്ഥാനങ്ങള്‍ പെട്രോളിയം ഉൽപന്നങ്ങള്‍ ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തുന്നതിന് എതിരാണ്. അതുകൊണ്ട് തന്നെ ഈ നീക്കം എത്രത്തോളം വിജയം കാണുമെന്നതില്‍ സംശയമുണ്ട്.

ഇന്ധനവിലയുടെ പകുതിയിലധികവും കേന്ദ്ര, സംസ്ഥാന നികുതിയാണ്. നികുതി നിരക്ക് ഏകീകരിക്കുന്നതിലൂടെ ഇന്ധനവിലയില്‍ വലിയ കുറവുണ്ടാവും. എന്നാല്‍ ഇത് സംസ്ഥാനങ്ങളുടെ നികുതി വരുമാനത്തെ സാരമായി ബാധിക്കുമെന്നാണ് എതിര്‍ക്കുന്നവരുടെ വാദം. നികുതി നിശ്ചയിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ട്. ജി.എസ്.ടി പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത് ഈ സ്വാതന്ത്ര്യത്തിന്‍മേലുള്ള കടന്നുകയറ്റമാണെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ പറഞ്ഞു.

അതേസമയം, പെട്രോളിയം ഉൽപന്നങ്ങള്‍ ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തുന്നതിനോട് കേന്ദ്ര സര്‍ക്കാറിനും താല്‍പര്യമില്ല. എന്നാല്‍ ഉള്‍പ്പെടുത്താമെന്ന നിര്‍ദേശം മുന്നോട്ടുവെച്ചിട്ടും സംസ്ഥാനങ്ങള്‍ അംഗീകരിച്ചില്ലെന്ന ന്യായീകരണം ഉന്നയിക്കാനാണ് കേന്ദ്രനീക്കം. വരാനിരിക്കുന്ന ഗുജറാത്ത്, യു.പി നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഇന്ധനവില പ്രതിപക്ഷം പ്രധാന ആയുധമാക്കുമെന്നിരിക്കെ അതിന് തടയിടാന്‍ കൂടിയാണ് കേന്ദ്രത്തിന്‍റെ പുതിയ നീക്കം.

Tags:    
News Summary - govt to consider bringing petrol diesel into gst

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.