ന്യൂഡൽഹി: ജി.എസ്.ടിയുടെ മറവിൽ കൊള്ളലാഭമുണ്ടാക്കുന്നതായ പരാതികൾ അന്വേഷിക്കാൻ കേന്ദ്രസർക്കാർ പാനലിനെ നിയോഗിക്കും. കേന്ദ്ര, സംസ്ഥാന നികുതി ഉദ്യോഗസ്ഥരടങ്ങുന്ന നാലംഗ സ്റ്റാൻഡിങ് കമ്മിറ്റിയാകും പരാതി പരിശോധിച്ച് അന്വേഷണത്തിന് ഡയറക്ടറേറ്റ് ജനറൽ ഒാഫ് സേഫ്ഗാർഡ്സിന്(ഡി.ജി.എസ്) കൈമാറും.
സെൻട്രൽ ബോർഡ് ഒാഫ് എക്സൈസ് ആൻഡ് കസ്റ്റംസ് ഉദ്യോഗസ്ഥരായ ഹിമാൻഷു ഗുപ്ത, ഒ.പി. ഡാദ്ഹിച്ച്, സെയിൽസ് ടാക്സ് കമീഷണർ എച്ച്. രാജേഷ് പ്രസാദ്, അഷിമ ബ്രാർ എന്നിവരാണ് കമ്മിറ്റി അംഗങ്ങൾ.ജി.എസ്.ടി പ്രകാരം കുറഞ്ഞ നികുതിയുടെ ആനുകൂല്യങ്ങൾ ഉപഭോക്താക്കൾക്ക് ലഭിക്കുന്നുണ്ടെന്ന് കമ്മിറ്റി ഉറപ്പുവരുത്തും. പ്രാദേശിക സ്വഭാവമുള്ള പരാതികൾ ആദ്യം സംസ്ഥാനതല സ്ക്രീനിങ് കമ്മിറ്റിക്കാണ് നൽകേണ്ടത്. ദേശീയതലത്തിലുള്ളവ സ്റ്റാൻഡിങ് കമ്മിറ്റിക്കും നൽകണം.
ജി.എസ്.ടി ആനുകൂല്യങ്ങൾ നൽകുന്നില്ലെന്ന് കണ്ടെത്തിയാൽ കമ്പനികളോട് അവ നൽകാൻ കമ്മിറ്റി ഉത്തരവിടും. ഉപഭോക്താവിനെ കണ്ടെത്താനാകാത്ത സംഭവങ്ങളിൽ തുക ഉപഭോക്തൃ ക്ഷേമ ഫണ്ടിന് കൈമാറണം. കുറഞ്ഞ നികുതി ആനുകൂല്യങ്ങൾ ഉപഭോക്താക്കൾക്ക് ലഭ്യമാക്കാത്ത സ്ഥാപനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കാനും കമ്മിറ്റിക്ക് അധികാരമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.