ന്യൂഡൽഹി: ചരക്കുസേവന നികുതിയിലടക്കം പുതിയ മാറ്റങ്ങളോടെയാണ് പുതുവർഷം പിറക്കുക. ജനുവരി ഒന്നുമുതൽ സുപ്രധാന മാറ്റങ്ങൾ പ്രാബല്യത്തിൽ വരും.
ഇ-കൊമൊഴേ്സുമായി ബന്ധപ്പെട്ട സേവനങ്ങളിലെ നികുതി വ്യവസ്ഥയിലടക്കം മാറ്റങ്ങളുണ്ടാകും. ഓൺലൈനായി നടത്തുന്ന റസ്റ്ററന്‍റ് സർവിസുകൾ, യാത്രാ സേവനങ്ങൾ എന്നിവക്കാകും ജി.എസ്.ടി മാറ്റങ്ങൾ ബാധകമാകുക.
ഓൺലൈനിൽ വാങ്ങുന്ന ഭക്ഷണത്തിന് ഉപഭോക്താക്കളിൽനിന്ന് ഡെലിവറി കമ്പനികൾ ജി.എസ്.ടി ഈടാക്കുന്ന സംവിധാനം നിലവിൽ വരും. ഹോട്ടലുകൾക്ക് പകരം ഡെലിവറി കമ്പനികളാകും നികുതി ഈടാക്കുകയെന്നതാണ് വ്യത്യാസം. എന്നാൽ ഭക്ഷണവിലയിൽ മാറ്റമുണ്ടാകില്ല.
പ്രധാനമായും പാദരക്ഷകൾ, ടെക്സ്റ്റൈൽ മേഖലകൾ എന്നിവ വിലക്കയറ്റത്തിന് സാക്ഷിയാകും. ഇവയുടെ ജി.എസ്.ടി നിരക്ക് അഞ്ചുശതമാനത്തിൽനിന്ന് 12 ശതമാനത്തിലേക്ക് ഉയരുന്നതോടെയാണ് ഇൗ മാറ്റം വരിക. 1000 രൂപ വരെയുള്ള തുണിത്തരങ്ങളുടെ ജി.എസ്.ടി നേരത്തേ അഞ്ച് ശതമാനമായിരുന്നു. ഇത് 12 ശതമാനമായാണ് ഉയർത്തൽ.
ഇതേ രീതിയിലാണ് പാദരക്ഷകളുടെയും നിരക്ക് വർധിപ്പിക്കുക. തുണിത്തരങ്ങൾ, സിന്തറ്റിക് നൂൽ, പുതപ്പുകൾ, ടെന്‍റുകൾ, ടേബിൾ ക്ലോത്ത്, സെർവിയേറ്റുകൾ തുടങ്ങിയവയുടെയും നിരക്ക് അഞ്ച് ശതമാനത്തിൽനിന്ന് 12 ശതമാനമാക്കി ഉയർത്തിയിട്ടുണ്ട്. ഒരേ ഉൽപന്നങ്ങളുടെ ജി.എസ്.ടി നിരക്കുകൾ ഏകീകരിക്കുന്നതിന്‍റെ ഭാഗമായാണ് മാറ്റം.
പുതുവർഷത്തിൽ ഒല, ഊബർ തുടങ്ങിയ ആപ്പുകൾ വഴി ബുക്ക് ചെയ്യുന്ന ഓട്ടോ, ടാക്സി സർവിസുകളും ചെലവേറിയതാകും. ഈ കമ്പനികൾ ഇനിമുതൽ അഞ്ചുശതമാനം വരെ ജി.എസ്.ടി നൽകണമെന്ന് കേന്ദ്രസർക്കാർ നിർദേശിച്ചിട്ടുണ്ട്. ഇതോടെ നിരക്ക് ഉയരും. അതേസമയം നികുതി ഏർപ്പെടുത്താനുള്ള തീരുമാനം പുനപരിശോധിക്കണമെന്ന ആവശ്യവുമായി ഊബർ രംഗത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.