മാറാം ജി.എസ്.ടിയിലേക്ക്

ചരക്ക് സേവന നികുതി (ജി.എസ്.ടി) നടപ്പാക്കുന്നതിന്‍െറ ഭാഗമായി പരോക്ഷനികുതികളായ വാറ്റ്, സെന്‍ട്രല്‍ എക്സൈസ്, ആഡംബരനികുതി, സേവനനികുതി മുതലായവയുടെ രജിസ്ട്രേഷനില്‍നിന്ന് ജി.എസ്.ടിയുടെ രജിസ്ട്രേഷനിലേക്ക് എല്ലാ നികുതിദായകരും മാറേണ്ടതുണ്ട്്. വാറ്റില്‍നിന്നുള്ള മൈഗ്രേഷന് സമയം നിശ്ചയിച്ചിരുന്നത് 21 വരെയായിരുന്നെങ്കിലും വലിയൊരു വിഭാഗം ഇനിയും രജിസ്ട്രേഷന്‍ നടത്താത്ത സാഹചര്യത്തില്‍ സമയം നീട്ടിനല്‍കിയേക്കും. സേവനനികുതിക്കും മറ്റും ജനുവരി 31 വരെയാണ് സമയം.

വാറ്റ് രജിസ്ട്രേഷന്‍ ഉള്ളവര്‍ കെ.വി.എ.ടിയുടെ വെബ്സൈറ്റിലും സേവനനികുതിയോ സെന്‍ട്രല്‍ എക്സൈസ് രജിസ്ട്രേഷനോ ഉള്ളവര്‍ക്ക് അവരുടെ വെബ്സൈറ്റിലും ലോഗിന്‍ ചെയ്ത് രജിസ്ട്രേഷന്‍ നടപടികള്‍ തുടങ്ങാം. എല്ലാ പരോക്ഷനികുതികള്‍ക്കും വേണ്ടി ഒരു രജിസ്ട്രേഷന്‍ ആണ് ആവശ്യമുള്ളത്.

ചരക്ക് സേവന നികുതിയുടെ രജിസ്ട്രേഷന്‍ എടുക്കുന്ന എല്ലാ നികുതിദായകരും സ്വന്തമായി മൊബൈല്‍ ഫോണും ഇമെയില്‍ ഐഡിയും കരസ്ഥമാക്കേണ്ടതുണ്ട്. ഈ മൊബൈല്‍ നമ്പറും ഇമെയില്‍ ഐഡിയും 2017 ഏപ്രില്‍ ഒന്നുവരെ മാറ്റാനും പാടില്ല. രജിസ്ട്രേഷനുവേണ്ടി ഒരു യൂസര്‍ ഐഡിയും പാസ്വേര്‍ഡും തെരഞ്ഞെടുക്കണം. ബാങ്ക് അക്കൗണ്ട് നമ്പറും  ഐ.എഫ്.എസ്.സി കോഡും ആവശ്യമാണ്. ചരക്ക് സേവനനികുതി നിയമത്തിന്‍െറ രജിസ്ട്രേഷനും തുടര്‍നടപടികള്‍ക്കും ഉത്തരവാദിത്തപ്പെട്ട അധികാരിയെ നിയമിക്കുകയും വേണം. ഇത് പാര്‍ട്ണറോ ഡയറക്ടറോ ജോലിക്കാരനോ ആകാം. കമ്പനി ആണെങ്കില്‍ ഇതിനുള്ള റെസലൂഷനും പാര്‍ട്ണര്‍ഷിപ്പാണെങ്കില്‍ ഉത്തരവാദിത്വപ്പെടുത്തുന്ന സര്‍ട്ടിഫിക്കറ്റും ആവശ്യമാണ്. ഇവരുടെ ഫോട്ടോകളും ആവശ്യമാണ്. കൂടാതെ കോണ്‍സ്റ്റിറ്റ്യൂഷന്‍ തെളിയിക്കുന്നതിനുള്ള രേഖകളും ഡിജിറ്റല്‍ സിഗേ്നചറും മൈഗ്രേഷന്‍ സമയത്ത് ആവശ്യമാണ്. ഇതിനുശേഷം മൈഗ്രേഷന്‍ നടപടികളിലേക്ക് ചുവടുവെക്കാം.

വാറ്റ് രജിസ്ട്രേഷന്‍ എടുത്ത എല്ലാ നികുതിദായകര്‍ക്കും കെവാറ്റ് സൈറ്റില്‍ പ്രവേശിച്ചുകഴിയുമ്പോള്‍തന്നെ താല്‍ക്കാലിക ‘യൂസര്‍ ഐഡിയും പാസ്വേര്‍ഡും’ ലഭിക്കും. ലഭിച്ചാലുടന്‍ ജി.എസ്.ടി.എന്‍ പോര്‍ട്ടല്‍ തുറക്കാം. പോര്‍ട്ടലില്‍ എല്ലാ നടപടികളും സൂചിപ്പിച്ചിട്ടുണ്ട്. നികുതിദായകന്‍ ‘ന്യൂ യൂസര്‍ ലോഗിനില്‍’ ക്ളിക് ചെയ്യുക. അപ്പോള്‍ ഡിക്ളറേഷന്‍ ഫോറം ലഭിക്കും. അതിനുശേഷം നിര്‍ദിഷ്ട കോളത്തില്‍ താല്‍ക്കാലിക യൂസര്‍ഐഡിയും പാസ്വേര്‍ഡും പൂരിപ്പിക്കുക. പിന്നീട് തെളിഞ്ഞുവരുന്ന കോളത്തില്‍ സൂചിപ്പിച്ച അക്കങ്ങള്‍/അക്ഷരങ്ങള്‍ അതേപടി നിര്‍ദേശിച്ചിരിക്കുന്ന കോളത്തില്‍ പകര്‍ത്തണം.

ഈ നടപടികള്‍ക്കുശേഷം സ്വന്തം ഇമെയില്‍ ഐഡിയും മൊബൈല്‍ഫോണ്‍ നമ്പറും യഥാക്രമം നിര്‍ദേശിക്കപ്പെട്ട കോളത്തില്‍ എഴുതാം. ഈസമയം മൊബൈലിലേക്കും ഇമെയില്‍ അഡ്രസിലേക്കും താല്‍ക്കാലിക പാസ്വേര്‍ഡ് ലഭിക്കും. അവ യഥാക്രമം കോളങ്ങളില്‍ എഴുതണം.

ഓരോ നികുതിദായകനും ഒരു ‘യൂസര്‍ഐഡിയും പാസ്വേര്‍ഡും’ സ്വന്തമായി തീരുമാനിച്ചിരിക്കണം. പാസ്വേര്‍ഡ് തെരെഞ്ഞെടുക്കുമ്പോള്‍ അക്ഷരങ്ങളും അക്കങ്ങളും ചെറിയ ഇംഗ്ളീഷ് അക്ഷരവും സ്പെഷല്‍ കാരക്ടേഴ്സും (..-) ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. അടുത്തത് അഞ്ചു സെക്യൂരിറ്റി ചോദ്യങ്ങളാണ്. ഏതെങ്കിലും കാരണവശാല്‍ നികുതിദായകന്‍ പാസ്വേര്‍ഡ് മറന്നാല്‍ സിസ്റ്റത്തില്‍നിന്നുതന്നെ ലഭിക്കുന്നതിനായിട്ടാണിത്. അവ ഇതാണ്.

1) പ്രൊപ്രൈറ്ററി ബിസിനസ് ആണെങ്കില്‍ ഉടമസ്ഥന്‍െറ ജനനതീയതി അല്ളെങ്കില്‍ ബിസിനസ് തുടങ്ങിയവര്‍ഷം 2) പ്രൊപ്രൈറ്ററാണെങ്കില്‍ അമ്മയുടെ പേര് അല്ളെങ്കില്‍ ഉത്തരവാദപ്പെട്ട അധികാരിയുടെ അമ്മയുടെ പേര്. 3) നിങ്ങളുടെ പ്രധാനപ്പെട്ട ഉല്‍പന്നത്തിന്‍െറ അല്ളെങ്കില്‍ സേവനത്തിന്‍െറ പേര്. 4) നിങ്ങളുടെ ആദ്യ ജോലിക്കാരന്‍െറ പേര്. 5) പ്രൊപ്രൈറ്ററി ആണെങ്കില്‍ ഉടമസ്ഥന്‍െറ പേഴ്സനല്‍ മൊബൈല്‍നമ്പര്‍ അല്ളെങ്കില്‍ ഉത്തരവാദപ്പെട്ട അധികാരിയുടെ മൊബൈല്‍ നമ്പര്‍, ഇവയുടെ ഉത്തരങ്ങള്‍ യഥാക്രമം കോളങ്ങളില്‍ പൂരിപ്പിക്കുക. ഇതിനുശേഷം സ്വന്തം യൂസര്‍ ഐഡിയും പാസ്വേര്‍ഡും എഴുതി ലോഗിന്‍ ചെയ്യുക.

ഇതിനുശേഷം ബിസിനസിന്‍െറ പേരും പാന്‍നമ്പറും യഥാക്രമം കോളങ്ങളില്‍ എഴുതുക. ട്രേഡ് നെയിം, കോണ്‍സ്റ്റിറ്റ്യൂഷന്‍, ബിസിനസിന്‍െറ സ്ഥലം, ജില്ല, മുതലായവ യഥാക്രമം പൂരിപ്പിക്കുക. ഇതിനുശേഷം നിലവിലുള്ള രജിസ്ട്രേഷന്‍ നമ്പറും വിവരങ്ങളും തീയതിയും യഥാക്രമം കോളങ്ങളില്‍ പൂരിപ്പിക്കുക. ഇവിടെ എല്ലാ രജിസ്ട്രേഷന്‍ വിവരങ്ങളും (സേവനനികുതി, ആഡംബര നികുതി, സെന്‍ട്രല്‍ എക്സൈസ് മുതലായവ നല്‍കണം. ഇതിനുശേഷം കോണ്‍സ്റ്റിറ്റ്യൂഷന്‍െറ തെളിവ് (പാര്‍ട്ണര്‍ഷിപ് ഡീഡ് മുതലായവ) പി.ഡി.എഫ് ഫോര്‍മാറ്റിലാക്കിയോ ജെ.പി.ഇ.ജി ഫോര്‍മാറ്റിലാക്കിയോ അപ്ലോഡ് ചെയ്യണം. ഫയല്‍സൈസ് ഒരു എം.ബി യില്‍ കൂടരുത്.

അടുത്തതായി പ്രൊമോട്ടേഴ്സിന്‍െറയും പാര്‍ട്ണര്‍മാരുടെയും വിവരങ്ങള്‍ സമര്‍പ്പിക്കലാണ്. പേര്, അച്ഛന്‍െറ പേര്, ജനനതീയതി, മൊബൈല്‍നമ്പര്‍, ഇമെയില്‍ അഡ്രസ്, ജില്ല, സംസ്ഥാനം, പിന്‍കോഡ് മുതലായവ അതതു കോളങ്ങളില്‍ പൂരിപ്പിക്കണം. ഇതോടൊപ്പം അവരുടെ ഫോട്ടോ അപ്ലോഡ് ചെയ്യണം. ഫയല്‍സൈസ് 100 എം.ബിയില്‍ കൂടരുത്.
ചരക്കുസേവന നികുതിയുടെ രേഖകള്‍ സമര്‍പ്പിക്കുന്നതിന് ഒരു അധികാരിയെ ചുമതലപ്പെടുത്തേണ്ടതുണ്ട്. കമ്പനി ആണെങ്കില്‍ ഒരു റെസലൂഷനും പാര്‍ട്ണര്‍ഷിപ് സ്ഥാപനം ആണെങ്കില്‍ അധികാരപ്പെടുത്തുന്ന സര്‍ട്ടിഫിക്കറ്റും ആവശ്യമാണ്. ഈ അധികാരിയുടെ പേരും അച്ഛന്‍െറ പേരും ജനന തീയതിയും മൊബൈല്‍ നമ്പരും ഇമെയില്‍ അഡ്രസും താമസസ്ഥലത്തെ അഡ്രസും പൂര്‍ണമായും അതത് കോളങ്ങളില്‍ പൂരിപ്പിച്ചശേഷം റെസലൂഷന്‍ അല്ളെങ്കില്‍ അധികാരപ്പെടുത്തപ്പെട്ട സര്‍ട്ടിഫിക്കറ്റ് സ്കാന്‍ചെയ്ത് അപ്ലോഡ് ചെയ്യുക. ഇത് ഒരു എം.ബിയില്‍ കൂടരുത്. ഇതോടൊപ്പം അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥന്‍െറ ഫോട്ടോയും സ്കാന്‍ചെയ്ത് ജെ.പി.ഇ.ജി ഫോര്‍മാറ്റിലാക്കി അപ്ലോഡ് ചെയ്യണം. അടുത്തനടപടി ആയി പ്രധാനപ്പെട്ട വ്യാപാരസ്ഥലത്തിന്‍െറ വിശദവിവരങ്ങള്‍ നല്‍കണം. ഇതോടൊപ്പം ഓഫിസിലെ ഇമെയില്‍ അഡ്രസും മൊബൈല്‍നമ്പരും ഓഫിസിലെ ടെലിഫോണ്‍ നമ്പരും സമര്‍പ്പിക്കണം. ഓഫിസിന്‍െറ അഡ്രസിന്‍െറ ഏതെങ്കിലും തെളിവുകള്‍കൂടി അപ്ലോഡ് ചെയ്യുക. സ്ഥലം സ്വന്തമാണോ വാടകക്കാണോ എന്നും ഇതില്‍ സൂചിപ്പിക്കണം. ഇതോടൊപ്പം ബിസിനസിന്‍െറ രീതി സെലക്ട് ചെയ്യണം. പ്രധാനസ്ഥലം കൂടാതെ വേറെ ബിസിനസ് സ്ഥലം ഉണ്ടെങ്കില്‍ അതിന്‍െറയും പൂര്‍ണവിവരങ്ങളും സമര്‍പ്പിക്കണം.

സപൈ്ള ചെയ്യുന്ന ചരക്കുകളുടെ അല്ളെങ്കില്‍ സേവനങ്ങളുടെ വിവരങ്ങള്‍ ഇതോടൊപ്പം പൂരിപ്പിക്കണം. അടുത്തപടിയായി ബാങ്ക് അക്കൗണ്ടുകളുടെ പൂര്‍ണവിവരങ്ങള്‍ (ഐ.എഫ്.എസ്.സി കോഡ് ഉള്‍പ്പെടെ) യഥാക്രമം സമര്‍പ്പിക്കുക. ബാങ്ക് പാസ്ബുക്കിന്‍െറ ആദ്യപേജ് തെളിവായി അപ്ലോഡ് ചെയ്യേണ്ടതുണ്ട്. ഇത് പി.ഡി.എഫ് ഫോര്‍മാറ്റിലോ ജെ.പി.ഇ.ജി ഫോര്‍മാറ്റിലോ സമര്‍പ്പിക്കണം. ഒരു എംബിയില്‍ കൂടരുത്. ഇതിനുശേഷം ഡിക്ളറേഷന്‍ ഡിജിറ്റല്‍ ഒപ്പോടെ സമര്‍പ്പിക്കണം. ഇതോടെ, മൈഗ്രേഷന്‍ പൂര്‍ത്തിയാവും.
15 മിനിറ്റിനകം രജിസ്ട്രേഷന്‍ നടത്തിയതിന്‍െറ അക്നോളജ്മെന്‍റ് ലഭിക്കും. ലഭിക്കുന്ന ആപ്ളിക്കേഷന്‍ റഫറന്‍സ് നമ്പര്‍ സൂക്ഷിച്ചുവെക്കേണ്ടതും എല്ലാ എഴുത്തുകളിലും രേഖകളിലും സമര്‍പ്പിക്കേണ്ടതുമാണ്. സമര്‍പ്പിക്കപ്പെട്ട വിവരങ്ങളില്‍ എന്തെങ്കിലും തെറ്റുകള്‍ ഉണ്ടെങ്കിലോ ആവശ്യമായരേഖകള്‍ അപ്ലോഡ്ചെയ്യാതിരിക്കുകയോ ചെയ്താല്‍ രജിസ്ട്രേഷന്‍ റദ്ദാക്കപ്പെടും.

Tags:    
News Summary - GST tax system

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.