രാജ്യത്ത് ചരക്കുസേവനനികുതി ജൂലൈ ഒന്നുമുതൽ പ്രാവർത്തികമായി. ഇന്ത്യയൊട്ടാകെ ഒരു രാജ്യം, ഒരേവസ്തുവിന് ഒരേ നികുതി, ഒരു മാർക്കറ്റ് എന്ന തത്ത്വം നിലവിൽ വന്നു. ഓരോ സംസ്ഥാനത്തും ഒരേ വസ്തുവിന് വിവിധങ്ങളായ നികുതിനിരക്കുകളായിരുന്നതിനാൽ ഇന്ത്യ സാമ്പത്തികമായി വിവിധങ്ങളായി വിഭജിക്കപ്പെട്ടിരുന്നു. നികുതിനിരക്കിലുള്ള വ്യത്യാസം വ്യവസായങ്ങളെ ചില സംസ്ഥാനങ്ങളിൽ മാത്രം ഒതുക്കിനിർത്താൻ ഇടയാക്കിയിരുന്നു. എന്നാൽ നികുതിയുടെ ഏകീകരണം ഏതു വ്യവസായവും രാജ്യത്തെവിടെയും പ്രാദേശിക വ്യത്യാസങ്ങളില്ലാതെ തുടങ്ങുവാൻ സാധിക്കുന്ന അവസ്ഥയിലെത്തിച്ചിട്ടുണ്ട്.
ജി.എസ്.ടിയുടെ ആവിർഭാവത്തോടുകൂടി സുതാര്യത വർധിക്കുന്നതിനാൽ അഴിമതി ഒരുപരിധിവരെ തടയപ്പെടും. ഇൻപുട്ട് ടാക്സ് െക്രഡിറ്റ് ഏതു ചരക്കിനും സേവനത്തിനും ലഭിക്കുന്നതിനാൽ ബില്ലിങ് സംവിധാനം മെച്ചപ്പെടുകയും അതുമൂലം ബില്ലില്ലാതെയുള്ള കച്ചവടങ്ങൾ ഇല്ലാതാവുകയും ചെയ്യും. ഇതുമൂലം
ഗവൺമെൻറുകൾക്ക് നികുതിയിനത്തിൽ വർധനവ് ഉണ്ടാവും. ബിസിനസിെൻറ സുഗമമായ നടത്തിപ്പുമൂലം രാജ്യത്തിെൻറ ജി.ഡി.പി ഒന്ന്–രണ്ട് ശതമാനം വരെ വർധിക്കുമെന്ന് കണക്കുകൂട്ടപ്പെടുന്നു.
മുൻകാലങ്ങളിൽ കേന്ദ്രവും സംസ്ഥാനങ്ങളും പ്രത്യേകം പ്രത്യേകമായാണ് നികുതി പിരിച്ചുകൊണ്ടിരുന്നത്. ഭരണഘടന അനുസരിച്ച് ഉൽപാദനത്തിനും സേവനത്തിനും നികുതിപിരിക്കുന്നതിനുള്ള അവകാശം കേന്ദ്രഗവൺമെൻറിൽ ആണ് നിക്ഷിപ്തമായിരുന്നത്. അതേസമയം വിൽപനയിലുള്ള നികുതിക്ക് സംസ്ഥാനസർക്കാറിനാണ് അവകാശം. തന്മൂലം കേന്ദ്രത്തിൽ പിരിക്കുന്ന നികുതിയുമായിട്ട് സംസ്ഥാനങ്ങൾക്ക് സെറ്റോഫ്ചെയ്യാനോ സംസ്ഥാനനികുതികൾ കേന്ദ്രവുമായി സെറ്റോഫ് ചെയ്യുവാനോ നിയമം ഉണ്ടായിരുന്നില്ല. 101 ഭരണഘടനഭേദഗതിവഴി 2016ൽ ഈ നിയമം മാറ്റിയെടുക്കുകയും ജി.എസ്.ടി പിരിക്കുവാൻ കേന്ദ്രത്തിനെയും സംസ്ഥാനങ്ങളെയും അധികാരപ്പെടുത്തുകയും ചെയ്തു.
ജി.എസ്.ടിയുടെ വരവോടുകൂടി നികുതിക്ക് മുകളിൽ ഉള്ള നികുതി ഇല്ലാതായി. അതായത് ഉൽപാദനസമയത്ത് എക്സൈസ് ഡ്യൂട്ടി ചുമത്തിയ ഒരു വസ്തുവിൽക്കുമ്പോൾ ആ ഡ്യൂട്ടിയിന്മേലും സെയിൽടാക്സ്/വാറ്റ് ഈടാക്കുന്നുണ്ട്. അന്യസംസ്ഥാനത്തുനിന്നും ഒരു സാധനം വാങ്ങി ഇവിടെ വിറ്റാൽ മറ്റുസംസ്ഥാനത്ത് അടച്ച നികുതിയുടെ പുറത്ത് ഇവിടെയും നികുതി ചുമത്തും. ജി.എസ്.ടി നിലവിൽ വന്നതോടുകൂടി നികുതിയുടെ മേൽ ഉള്ള നികുതി പൂർണമായും ഇല്ലാതായി. ഇത് വിലക്കുറവിന് കാരണമാകും. സംസ്ഥാനങ്ങൾ തമ്മിൽ നികുതിനിരക്കിൽ വ്യത്യാസം ഉണ്ടെങ്കിൽ കുറഞ്ഞ നികുതിയുള്ള സംസ്ഥാനത്തുനിന്ന് സാധനങ്ങൾ കസ്റ്റമേഴ്സ് നേരിട്ട് വാങ്ങുന്നതിനാൽ ആ സംസ്ഥാനത്തിന് ലഭിക്കേണ്ടനികുതിയും ബിസിനസും നഷ്ടപ്പെട്ടിരുന്നു.
നികുതിയിലെ നിർവചനങ്ങളും വ്യാഖ്യാനങ്ങളും പലപ്പോഴും വ്യവഹാരങ്ങളിലേക്ക് വ്യവസായലോകത്തെ നയിക്കാറുണ്ട്. ചിലവസ്തുക്കൾ ചരക്കിെൻറ ഗണത്തിലാണോ അതോ സേവനത്തിെൻറ ഗണത്തിലാണോ ഉൾപ്പെടുത്തേണ്ടത് എന്നത് പലപ്പോഴും തർക്കവിഷയമായിരുന്നു. ചിലവസ്തുക്കൾക്ക് ചരക്കിെൻറ നികുതിയായിരുന്ന വാറ്റും സേവനത്തിെൻറ നികുതിയായിരുന്ന സർവിസ് ടാക്സും ഒരേസമയം ഉപഭോക്താവിൽനിന്നും ഡീലർമാർ വാങ്ങിയിരുന്നു. പാക്ക്ഡ് കമ്പ്യൂട്ടർ സോഫ്റ്റ്വെയർ ഇതിനുദാഹരണമാണ്.
നിയമവിരുദ്ധമാണെങ്കിൽകൂടി തർക്കമൊഴിവാക്കുവാനായി പലരും ഇത് കണ്ണടച്ച് അംഗീകരിക്കുകയായിരുന്നു പതിവ്. അതുപോലെതന്നെ വർക്ക് കോൺട്രാക്റ്റുകളിൽ ഭാഗികമായി വിൽപനയും ഭാഗികമായി സേവനവും വരുന്നതിനാൽ യഥാർഥത്തിൽ ഒടുക്കേണ്ടതിൽ കൂടുതലായ തുക രണ്ടു കൂട്ടരുംചേർന്ന് ഉപഭോക്താവിെൻറ പക്കൽ നിന്നും ഈടാക്കിയിരുന്നു. ജി.എസ്.ടിയിൽ ഈ പ്രശ്നം ഉദ്ഭവിക്കുന്നില്ല. ഒന്നുകിൽ ചരക്കിെൻറ നിർവചനത്തിൽ, അല്ലെങ്കിൽ സേവനത്തിെൻറ നിർവചനത്തിൽ എല്ലാ വസ്തുക്കളും സേവനങ്ങളും കൃത്യമായി വിഭജിച്ചിട്ടുണ്ട്. ചരക്കിെൻറ നിർവചനത്തിൽപെടാത്ത എല്ലാം സേവനത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
ചരക്കുകളുടെയും സേവനങ്ങളുടെയും ഇടപാടുകളിൽ സംസ്ഥാനങ്ങളും കേന്ദ്രവും പ്രത്യേകം പ്രത്യേകം ചുമത്തിയിരുന്ന വിവിധ പരോക്ഷനികുതികൾ അവസാനിപ്പിച്ച് രാജ്യമൊട്ടാകെ നിലവിൽ വന്ന ഏകീകൃതനികുതിയാണ് ജി.എസ്.ടി. ഉൽപാദനം മുതൽ ഉപഭോഗം വരെ വിവിധ അവസ്ഥകളിൽ വിവിധ സമയത്ത് വിവിധപേരുകളിൽ ചുമത്തപ്പെടുന്ന എല്ലാനികുതികളും ഓരോ സ്റ്റേജ് കഴിയുമ്പോഴും ഇൻപുട്ട്ടാക്സ് ആയി അടുത്തസ്റ്റേജിൽ നൽകുന്ന നികുതിയിൽ തട്ടിക്കിഴിച്ച് വാല്യുഅഡീഷനുമാത്രം പുതിയനികുതിനൽകി ഈടാക്കുന്ന വ്യവസ്ഥയാണ് ജി.എസ്.ടി മൂലം നിലവിൽ വന്നത്.
ജി.എസ്.ടി ഒരു ഉപഭോഗനികുതിയാണ്. അതായത് ഉപയോഗിക്കുന്ന വ്യക്തിയുടെ പക്കൽ നിന്നാണ് യഥാർഥത്തിൽ നികുതിപിരിവ് നടത്തുന്നത്. ബാക്കിയുള്ള എല്ലാ ഘട്ടങ്ങളിലും വർധിപ്പിച്ചവിലയുടെ മാത്രം നികുതിയേ ഈടാക്കുന്നുള്ളൂ. അതിനാൽ ഉപയോഗിക്കുന്ന സംസ്ഥാനത്ത് ആയിരിക്കും ആ നികുതിയുടെ പൂർണമായ പ്രയോജനം ലഭിക്കുന്നത്. കേന്ദ്രത്തിനും സംസ്ഥാനത്തിനും പ്രത്യേകം നികുതിയും നിയമങ്ങളുമായിരുന്നതിനാൽ ഭരണപരമായ െചലവുകളും കൂടുതലായിരുന്നു. ഭാവിയിൽ ഭരണചെലവുകൾ ഗണ്യമായി കുറക്കുന്നതിന് കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും സാധിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.