ഇന്ധനവില സര്‍വകാല റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിച്ചുയരുന്ന സാഹചര്യത്തിൽ പെട്രോളിയം ഉൽപ്പനങ്ങളെ ജി.എസ്.ടിയിൽ ഉൾപ്പെടുത്താൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നതായാണ് റിപ്പോർട്ട്. വെള്ളിയാഴ്ച ധനമന്ത്രി നിർമല സീതാരാമന്‍റെ അധ്യക്ഷതയിൽ ചേരുന്ന ജി.എസ്.ടി കൗൺസിൽ യോഗം ഇക്കാര്യം ചർച്ച ചെയ്യും.
സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും പ്രതിനിധികളടങ്ങിയ ജി.എസ്.ടി കൗൺസിലിൽ നാലിൽ മൂന്ന് അംഗങ്ങളുടെ പിന്തുണയുണ്ടെങ്കിൽ മാത്രമേ ജി.എസ്.ടി സംവിധാനത്തിൽ മാറ്റംവരുത്താനാകൂ. അതുകൊണ്ടുതന്നെ, പെട്രോളിയം ഉൽപ്പനങ്ങളെ ജി.എസ്.ടിയിൽ ഉൾപ്പെടുത്താനുള്ള നീക്കം എത്രത്തോളം വിജയംകാണുമെന്നത് സംശയകരമാണ്.
ഇന്ധനവില ജി.എസ്.ടിക്ക് കീഴിലാക്കുന്നതിനെ കേരളം എതിർക്കുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ വ്യക്തമാക്കിക്കഴിഞ്ഞു. പെട്രോളിനും ഡീസലിനും വില കുറക്കണമെന്ന് കേന്ദ്ര സർക്കാറിന് ആത്മാർഥമായ ആഗ്രഹമുണ്ടെങ്കിൽ കേന്ദ്ര സെസ് കുറക്കുകയാണ് വേണ്ടതെന്ന് ധനമന്ത്രി ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനങ്ങളുടെ വരുമാനം കവരാൻ ജി.എസ്.ടിക്ക് കീഴിൽ കൊണ്ടുവന്നാൽ എതിർക്കും.
ജി.എസ്.ടി ഏർപ്പെടുത്താവുന്ന ഉൽപന്നമല്ല പെട്രോളിയം. പെട്രോളിയവും ആൾക്കഹോളും മാത്രമാണ് സംസ്ഥാനങ്ങൾക്ക് നികുതി ചുമത്താവുന്ന സാധനങ്ങൾ. ജി.എസ്.ടിയിൽ ഉൾപ്പെടുത്തുന്നത് സംസ്ഥാനത്തിന്‍റെ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടുന്നു.
ജി.എസ്.ടിയിൽ ഉൾപ്പെടുത്തിയത് കൊണ്ട് മാത്രം പെട്രോൾ വില കുറയുമെന്ന് ആരെങ്കിലും ധരിച്ചിട്ടുണ്ടെങ്കിൽ അത് തെറ്റാണ്. കേന്ദ്രം സെസ് പിരിക്കുന്നത് നിർത്തിയാൽ മാത്രമേ ഇന്ധന വില കുറയൂ. സെസ് നിർത്താതെ ഇന്ധന വില ജി.എസ്.ടിയുടെ പരിധിയിൽ ഉൾപ്പെടുത്തിയത് കൊണ്ട് മാത്രം ജനത്തിന് ഗുണം ചെയ്യില്ലെന്നും മന്ത്രി പറയുന്നു.
ഇന്ധന വില ജി.എസ്.ടിയിൽ ഉൾപ്പെടുത്തിയാൽ കേരളത്തിന്‍റെ വരുമാനം പകുതിയായി കുറയും. സംസ്ഥാനത്തിന് ലഭിക്കുന്ന 12,000 കോടി രൂപയിൽ നിന്ന് 6000 കോടി രൂപ കേന്ദ്രത്തിന് നൽകേണ്ടി വരും.
ഇന്ധന വില ജി.എസ്.ടിയിൽ ഉൾപ്പെട്ടാൽ പെട്രോളിന്‍റെ അടിസ്ഥാന വിലയായ 39 രൂപയുടെ 28 ശതമാനം ആകും പരമാവധി നികുതി. അങ്ങനെ വരുമ്പോൾ 28 ശതമാനം നികുതിയായ 10.92 രൂപയുടെ പകുതി 5.46 രൂപ മാത്രമാകും കേരളത്തിന് ലഭിക്കുക. നിലവിൽ ഒരു ലിറ്റർ പെട്രോളിന് നികുതിയായി ലഭിക്കുന്നത് 24 രൂപയാണ്.
പെട്രോളിയം ഉൽപന്നങ്ങള്‍ ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തുന്നതിനോട് കേന്ദ്ര സര്‍ക്കാറിനും താല്‍പര്യമില്ല. എന്നാല്‍ ഉള്‍പ്പെടുത്താമെന്ന നിര്‍ദേശം മുന്നോട്ടുവെച്ചിട്ടും സംസ്ഥാനങ്ങള്‍ അംഗീകരിച്ചില്ലെന്ന ന്യായീകരണം ഉന്നയിക്കാനാണ് കേന്ദ്രനീക്കം. വരാനിരിക്കുന്ന ഗുജറാത്ത്, യു.പി നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഇന്ധനവില പ്രതിപക്ഷം പ്രധാന ആയുധമാക്കുമെന്നിരിക്കെ അതിന് തടയിടാന്‍ കൂടിയാണ് കേന്ദ്രത്തിന്‍റെ പുതിയ നീക്കം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.