ന്യൂഡൽഹി: തെരഞ്ഞെടുപ്പുകൾ പടിവാതിൽക്കലെത്തി നിൽക്കെ മധ്യവർഗത്തെ കൈയിലെടുക്കാൻ ആദായ നികുതി ഇളവ് പരിധി വർധിപ്പിച്ച് ധനമന്ത്രി നിർമ്മല സീതാരാമൻ. ആദായ നികുതി ഇളവ് പരിധി ഏഴ് ലക്ഷമാക്കി ഉയർത്തി. പുതിയ സ്കീമിലേക്ക് മാറുന്നവർക്കാണ് ആനുകൂല്യം ലഭിക്കുക. ഇതോടെ ഏഴ് ലക്ഷം വരെ വരുമാനമുള്ളവർക്ക് റിബേറ്റ് കൂടി ലഭ്യമാവുന്നതോടെ നികുതിയുണ്ടാവില്ല.
ആദായ നികുതി സ്ലാബുകളിലും മാറ്റം വരുത്തിയിട്ടുണ്ട്. ഇതുപ്രകാരം മൂന്ന് ലക്ഷം വരെ നികുതിയുണ്ടാവില്ല. മൂന്ന് മുതൽ അഞ്ച് ലക്ഷം വരെയുള്ളവർക്ക് അഞ്ച് ശതമാനവും ആറ് മുതൽ ഒമ്പത് ലക്ഷം വരെയുള്ളവർക്ക് 10 ശതമാനവും 12 മുതൽ 15 ലക്ഷം വരെ വരുമാനമുള്ളവർക്ക് 20 ശതമാനവും 15 ലക്ഷത്തിന് മുകളിലുള്ളവർക്ക് 30 ശതമാനവുമാണ് ആദായ നികുതി.
ഏറ്റവും കൂടുതൽ നികുതി ഈടാക്കുന്ന രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. അത് താൻ കുറച്ചുകൊണ്ടു വരികയാണെന്ന് പറഞ്ഞാണ് ധനമന്ത്രി ആദായ നികുതിയിലെ ഇളവുകൾ പ്രഖ്യാപിച്ചത്.
ഇൻഷുറൻസ് പോളിസി വരുമാനത്തിന്റെ ആദായ നികുതിയിളവിന് പരിധിവെക്കുമെന്ന് ബജറ്റ് പ്രഖ്യാപനത്തിൽ കേന്ദ്രസർക്കാർ. ഓഹരി വിപണിയിൽ മൂല്യം കുത്തനെ ഇടിഞ്ഞ് ഇൻഷുറൻസ് കമ്പനികൾ. എച്ച്.ഡി.എഫ്.സി ലൈഫ് ഓഹരി വില 10.96 ശതമാനം ഇടിഞ്ഞു. ഐ.സി.ഐ.സി.ഐ പ്രൂഡൻഷ്യൽ 10.97 ശതമാനം. മാക്സ് ഫിനാൻഷ്യൽ സർവിസസ് 9.45 ശതമാനം. എൽ.ഐ.സി 8.38 ശതമാനം. എസ്.ബി.ഐ ലൈഫ് 9.31 ശതമാനം. യു.ലിപ് ഒഴികെ, അഞ്ചു ലക്ഷം രൂപയിൽ കൂടുതൽ വാർഷിക പ്രീമിയമുള്ള ലൈഫ് ഇൻഷുറൻസ് പോളിസി കാലാവധി എത്തുമ്പോൾ പോളിസി ഉടമ നികുതി കൊടുക്കണമെന്നാണ് ബജറ്റ് രേഖകൾ വ്യക്തമാക്കിയത്. ഏപ്രിൽ ഒന്നിനോ അതിനു ശേഷമോ എടുക്കുന്ന പോളിസിക്ക് ഇത് ബാധകം. ഇൻഷുർ ചെയ്തയാൾ മരണപ്പെട്ടാൽ കിട്ടുന്ന തുകക്ക് ഇത് ബാധകമല്ല. 2023 മാർച്ച് 31 വരെയുള്ള പോളിസികൾക്കും ബാധകമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.