ജനുവരി ഒന്നുമുതൽ ജി.എസ്​.ടിയിൽ പുതിയ മാറ്റങ്ങൾ; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങൾ

ന്യൂഡൽഹി: 2022 ജനുവരി മുതൽ ചരക്കുസേവന നികുതിയിൽ പുതിയ മാറ്റങ്ങൾ പ്രാബല്യത്തിൽ വരും. നിലവിലെ ചരക്കുസേവന നികുതിയുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കുന്നതിലും വഞ്ചനാപരമായ പ്രവർത്തനങ്ങൾ തടയുന്നതിനുമാണ്​ നിയമഭേദഗതി. 2021 ധനകാര്യ നിയമത്തിന്‍റെ ഭാഗമായാണ്​ ഇത്​. പരോക്ഷ നികുതി വ്യവസ്ഥകൾ കർശനമാക്കുകയാണ്​ ഇതിന്‍റെ ലക്ഷ്യം. ടാക്സബ്​ൾ സപ്ലൈ, ഇൻപുട്ട്​ ടാക്സ്​ ക്രഡിറ്റ്​, അപ്പീൽ നിയമങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ടതാണ്​ മാറ്റങ്ങൾ. ഉപഭോക്താക്കളെ ഈ മാറ്റങ്ങൾ വലക്കില്ലെങ്കിലും ബിസിനസുകാർക്ക്​ ഇൗ മാറ്റങ്ങൾ ബാധകമായിരിക്കും.

ജി.എസ്​.ടി ​ഫോമുകളിൽ​ നികുതിയും വിൽപ്പനയുമായി ബന്ധപ്പെട്ട പൊരുത്തക്കേടുകൾ ശ്രദ്ധയിൽപ്പെട്ടാൽ സ്ഥാപനങ്ങൾക്കെതിരെ നേരിട്ട്​ നടപടിയെടുക്കാൻ പുതിയ ഭേദഗതികൾ അനുവാദം നൽകും. ഈ പൊരുത്തക്കേടുകൾ ചൂണ്ടിക്കാട്ടി റവന്യൂ റിക്കവറി നടപടികളും സ്വീകരിക്കാനാകും.

നിലവിലെ ജി.എസ്​.ടി വ്യവസ്ഥക്ക്​ കീഴിൽ വാർഷിക വിറ്റുവരവ്​ അഞ്ചുകോടി രൂപയിൽ കൂടുതലാണെങ്കിൽ കമ്പനി രണ്ട്​ പ്രതിമാസ റിട്ടേണുകൾ (ജി.എസ്​.ടി.ആർ 1, ജി.എസ്​.ടി.ആർ -3ബി) ഫയൽ ചെയ്യണം. ​ഈ ജി.എസ്​.ടി.ആർ 1, ജി.എസ്​.ടി.ആർ -3ബി എന്നിവ തമ്മിൽ പൊരുത്തക്കേടുകൾ ​ഇല്ലെന്ന്​ സ്ഥാപനങ്ങൾ ഉറപ്പാക്കണം. പൊരുത്തക്കേട്​ ശ്രദ്ധയിൽപ്പെട്ടാൽ നികുതി വീണ്ടെടുക്കൽ നടപടികൾ സ്വീകരിക്കാൻ ഈ മാറ്റം അധികാരം നൽകും. നികുതി വീണ്ടെടുക്കലിന്​ മുന്നറിയിപ്പും നൽകില്ല. നേരത്തേ പൊരുത്തക്കേടുകളിൽ ആദ്യം കാരണം കാണിക്കൽ നോട്ടീസ്​ നൽകുകയും പിന്നീട്​ റിക്കവറി പ്രക്രിയ ആരംഭിക്കുകയുമായിരുന്നു. അതിനാൽ തന്നെ ഈ വ്യവസ്ഥ ദുരുപയോഗം ചെയ്യുമെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്​.

ബിസിനസുകളിൽനിന്ന്​ നികുതി വീണ്ടെടുക്കൽ ശക്തിപ്പെടുത്തുന്നതിന്​ പു​റമെ ടാക്സ്​ ക്രഡിറ്റ്​ ശക്തിപ്പെടുത്തി ഉപഭോക്താക്കളെ പ്രാപ്തരാക്കാനും ഈ മാറ്റം സഹായിക്കുമെന്നാണ്​ വിദഗ്​ധരുടെ അഭിപ്രായം.

അസംസ്കൃത വസ്തുക്കൾക്കും മറ്റ്​ സേവനങ്ങൾക്കും നൽകുന്ന ഇൻപുട്ട്​ ടാക്സ്​ ക്രെഡിറ്റ്​ അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ കർശനമാക്കുന്നതാണ്​ അടുത്ത മാറ്റം. ഉദാഹരണമായി ജി.എസ്​.ടി.ആർ ഒന്ന്​ ഫോമിൽ പ്രതിമാസ വിൽപ്പന റിട്ടേണിൽ വിൽപ്പനക്കാരൻ ഇൻവോയ്​സിൽ ഒരു ഇനത്തിന്‍റെ വിശദാംശങ്ങൾ രേഖപ്പെടുത്തിയിട്ടില്ലെങ്കിൽ, വാങ്ങുന്നയാൾക്ക്​ ആ ഇനത്തിന്​ അടച്ച നികുതിയുടെ ക്രെഡിറ്റ്​ ലഭിക്കാൻ യോഗ്യനാകില്ല. ബിസിനസുകളുടെ നികുതി വെട്ടിപ്പ്​ തടയുന്നതിനും സുതാര്യമാക്കുന്നതിനുമാണ്​ ജി.എസ്​.ടിയിലെ പുതിയ മാറ്റങ്ങൾ അവതരിപ്പിക്കുന്നതെന്ന്​ കേന്ദ്രസർക്കാർ അവകാശപ്പെടുന്നു.

Tags:    
News Summary - Stricter GST rules from January 1 All you need to know

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.