ന്യൂഡൽഹി: ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് എന്ന് കേൾക്കുമ്പോൾ പലരുടെയും മനസിലേക്ക് ആദ്യം ഓടിയെത്തുന്നത് ടിന ദാബി, സ്മിത സബർവാൾ, അൻസാർ ശൈഖ് എന്നിവരുടെ പേരുകളാണ്. സിവിൽ സർവീസ് നേടാനായി പരിശ്രമിക്കുന്നവർക്ക് പ്രചോദനം നൽകുന്ന ജീവിതമാണ് ഇവരുടെതെല്ലാം. ഹരിയാന സ്വദേശിയായ അമിത് കതാരിയ എന്ന ഐ.എ.എസ് ഉദ്യോഗസ്ഥന്റെ പേര് വർഷങ്ങൾക്കു മുമ്പേ വാർത്താമാധ്യമങ്ങളിൽ നിറഞ്ഞുനിന്നിരുന്നു. നിലവിൽ ഛത്തീസ്ഗഢിലാണ് ഇദ്ദേഹം.
രാജ്യത്തെ ഐ.എ.എസ് ഉദ്യോഗസ്ഥരിൽ ഏറ്റവും സമ്പന്നനാണ് അമിത്. എന്നാൽ അദ്ദേഹം ശമ്പളമായി വാങ്ങുന്നത് ഒരു രൂപയാണ്. സാമ്പത്തിക നേട്ടത്തിനേക്കാളുപരി സമൂഹത്തിന് സേവനം ചെയ്യാൻ സാധിക്കും എന്നതാണ് സിവിൽ സർവീസ് തെരഞ്ഞെടുക്കാൻ അമിതിനെ പ്രേരിപ്പിച്ചത്. ഏഴു വർഷത്തെ കേന്ദ്ര ഡെപ്യൂട്ടേഷന് ശേഷമാണ് അദ്ദേഹം സംസ്ഥാന സർവീസിലെത്തിയത്.
2015ൽ ഛത്തീസ്ഗഢിലെ ബസ്തറിൽ കലക്ടറായിരിക്കുമ്പോഴാണ് അമിത് ആദ്യമായി വാർത്തകളിൽ നിറഞ്ഞത്. പ്രധാനമന്ത്രി നരേന്ദ്രമോദി ബസ്തർ സന്ദർശിച്ചപ്പോൾ കൂളിങ് ഗ്ലാസ് ധരിച്ചാണ് അമിത് എത്തിയത്. സർക്കാർ പ്രോട്ടോക്കോൾ ലംഘിച്ചുവെന്നാരോപിച്ച് ഇതിൽ സംസ്ഥാന സർക്കാർ അമിതിന് കാരണം കാണിക്കൽ നോട്ടീസ് നൽകി. അന്ന് രമൺ സിങ് ആയിരുന്നു ഛത്തീസ്ഗഢ് മുഖ്യമന്ത്രി. എന്നാൽ ആ നോട്ടീസൊന്നും കാര്യമാക്കാതെ അമിത് സേവനം തുടർന്നു.
ഇന്ത്യയിലെ ഐ.എ.എസ് ഉദ്യോഗസ്ഥരിൽ ഏറ്റവും സമ്പന്നനാണ് അമിത് കതാരിയ. ആർ.കെ പുരത്തെ ഡൽഹി പബ്ലിക് സ്കൂളിലായിരുന്നു വിദ്യാഭ്യാസം. സ്കൂളിലെ ഒന്നാമനായാണ് പടിയിറങ്ങിയത്. അതിനു ശേഷം ഡൽഹി ഐ.ഐ.ടിയിൽ പഠനം. ഇലക്ട്രിക്കൽ എൻജിനീയറിങ് ആയിരുന്നു വിഷയം.
ബിരുദ പഠന ശേഷം എൻജിനീയറിങ് ഉപേക്ഷിച്ച് സിവിൽ സർവീസിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. 2003ൽ 18ാ ം റാങ്കോടെ വിജയിച്ച അമിത് ഐ.എ.എസ് തന്നെ തെരഞ്ഞെടുത്തു. രാജ്യത്തെ സേവിക്കുക എന്നതാണ് പ്രധാനം എന്നതിനാൽ ഒരുരൂപയാണ് അദ്ദേഹം ശമ്പളമായി സ്വീകരിച്ചത്.
റിയൽ എസ്റ്റേറ്റ് രംഗത്തെ അതികായരാണ് അമിതിന്റെ കുടുംബം. ഡൽഹിയിലും പ്രാന്തപ്രദേശങ്ങളിലുമായി പടർന്നു പന്തലിച്ചതാണ് അവരുടെ ബിസിനസ് സാമ്രാജ്യം. വായിൽ സ്വർണക്കരണ്ടിയുമായി ജനിച്ചതാണെങ്കിലും ലളിത ജീവിതം നയിക്കാനാണ് അമിത് ഇഷ്ടപ്പെട്ടത്. 8.90 കോടിയാണ് അദ്ദേഹിന്റെ ആസ്തി. പൈലറ്റായ അസ്മിത ഹാൻഡയാണ് അമിതിന്റെ ജീവിത പങ്കാളി. വലിയ ശമ്പളമാണ് അസ്മിത വാങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.