തൃശൂര്‍: തൃശൂര്‍ പ്രസ് ക്ലബ് പരിസ്ഥിതി സംബന്ധമായി അച്ചടി, ദൃശ്യമാധ്യമ റിപ്പോര്‍ട്ടുകള്‍ക്കു നല്‍കുന്ന ടി.വി. അച്യുതവാരിയര്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. അച്ചടി മാധ്യമത്തിലെ വാര്‍ത്താ പരമ്പരക്ക് മാതൃഭൂമി ദിനപത്രം സീനിയര്‍ സബ് എഡിറ്റര്‍ രജി ആര്‍. നായര്‍, വാര്‍ത്താ ചാനലുകളില്‍ സംപ്രേഷണം ചെയ്ത പ്രത്യേക റിപ്പോര്‍ട്ടിന് മാതൃഭൂമി ന്യൂസ് അസോസിയേറ്റ് എഡിറ്റര്‍ ബിജു പങ്കജ് എന്നിവര്‍ അര്‍ഹരായി.
‘ഉരുകുന്ന ഭൂമി, ഉലയുന്ന കേരളം’ എന്ന വാര്‍ത്താ പരമ്പരയാണു രജി ആര്‍. നായരെ അവാര്‍ഡിന് അര്‍ഹയാക്കിയത്. തമിഴ്നാട്ടിലെ മുതുമല കടുവാ സങ്കേതത്തില്‍ വന്യമൃഗങ്ങള്‍ക്കു കാടിനുള്ളില്‍ കുളങ്ങള്‍ നിര്‍മിച്ചു ടാങ്കറില്‍ കുടിവെള്ളമെത്തിക്കുന്നതു സംബന്ധിച്ചു മാതൃഭൂമി ചാനലില്‍ സംപ്രേഷണം ചെയ്ത ‘വന്യമൃഗങ്ങള്‍ക്കും ടാങ്കര്‍ കുടിവെള്ളം’ എന്ന റിപ്പോര്‍ട്ടാണ് ബിജു പങ്കജിനെ അവാര്‍ഡിന് അര്‍ഹനാക്കിയത്.
15,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. പരിസ്ഥിതി പ്രവര്‍ത്തകരായ ഡോ. കാവുമ്പായി ബാലകൃഷ്ണന്‍, എസ്.പി. രവി, കാര്‍ഷിക സര്‍കലാശാല കോളജ് ഓഫ് ക്ലൈമറ്റ് ചേഞ്ച് ആന്‍ഡ് എന്‍വയണ്‍മെന്റല്‍ സയന്‍സ് വിഭാഗം ഡീന്‍ ഡോ. പി.ഒ. നമീര്‍ എന്നിവരടങ്ങിയ ജൂറിയാണ് ജേതാക്കളെ തെരഞ്ഞെടുത്തത്. പുരസ്‌കാര വിതരണം ജനുവരി 14ന് വൈകീട്ട് നാലിന് പ്രസ്‌ക്ലബ് എം.ആര്‍. നായര്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിക്കും. വാര്‍ത്തസമ്മേളനത്തില്‍ ഡോ. കാവുമ്പായി ബാലകൃഷ്ണന്‍, കെ.യു.ഡബ്ല്യു.ജെ ജില്ല പ്രസിഡന്റ് എം.ബി. ബാബു, അവാര്‍ഡ് കമ്മിറ്റി കണ്‍വീനര്‍ സി.എസ്. ദീപു എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.