കമ്പനി സെക്രട്ടറിഷിപ് ഫൗണ്ടേഷന്‍, എക്സിക്യൂട്ടിവ് കോഴ്സുകള്‍ പഠിക്കാം 

കോര്‍പറേറ്റ് മേഖലയിലും മറ്റും കമ്പനി സെക്രട്ടറിയാകുന്നതിന് കമ്പനി സെക്രട്ടറിഷിപ് (സി.എസ്) മെംബര്‍ഷിപ് നേടണം. തുടര്‍ച്ചയായ പ്രഫഷനല്‍ ഡെവലപ്മെന്‍റിലൂടെ മാത്രമേ മികച്ച കമ്പനി സെക്രട്ടറി ആകാനാകൂ. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യയാണ് (ഐ.സി.എസ്.ഐ) കമ്പനി സെക്രട്ടറിഷിപ് പഠന-പരിശീലനങ്ങളും പരീക്ഷകളും നടത്തി മെംബര്‍ഷിപ് സമ്മാനിക്കുന്നത്. 

കമ്പനി സെക്രട്ടറിയാകാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ കമ്പനി സെക്രട്ടറിഷിപ് കോഴ്സിന്‍െറ വിവിധ ഘട്ടങ്ങളായ ഫൗണ്ടേഷന്‍, എക്സിക്യൂട്ടിവ്, പ്രഫഷനല്‍ പ്രോഗ്രാമുകളില്‍ രജിസ്റ്റര്‍ ചെയ്ത് പഠിച്ച് പരീക്ഷകള്‍ പാസാകണം. അത് കഴിഞ്ഞ് പ്രീ മെംബര്‍ഷിപ് ട്രെയ്നിങ് വിജയകരമായി പൂര്‍ത്തിയാക്കുമ്പോഴാണ് കമ്പനി സെക്രട്ടറിഷിപ് മെംബര്‍ഷിപ് ലഭിക്കുന്നത്. ഐ.സി.എസ്.ഐക്ക് പഠന-പരിശീലനങ്ങള്‍ നല്‍കുന്നതിന് ചാപ്റ്ററുകള്‍ ഉണ്ടെങ്കിലും അര്‍പ്പണമനോഭാവത്തോടെ സ്വന്തമായി നല്ലവണ്ണം പഠിക്കുന്നവര്‍ക്ക് മാത്രമേ കമ്പനി സെക്രട്ടറിഷിപ് മെംബര്‍ഷിപ് നേടാനാകൂ. വിദ്യാര്‍ഥികള്‍ക്ക് ചാപ്റ്ററുകളിലെ ലൈബ്രറി സൗകര്യങ്ങളും ക്ളാസുകളും പ്രയോജനപ്പെടുത്താം. 

സി.എസ് ഫൗണ്ടേഷന്‍: ഏതെങ്കിലും സബ്ജക്ട് കോമ്പിനേഷനില്‍ ഹയര്‍ സെക്കന്‍ഡറി /പ്ളസ് ടു/തുല്യ ബോര്‍ഡ് പരീക്ഷ പാസായവര്‍ക്കും ഫൈനല്‍ യോഗ്യതാ പരീക്ഷ എഴുതുന്നവര്‍ക്കും സി.എസ് ഫൗണ്ടേഷന്‍ പ്രോഗ്രാമിന് രജിസ്റ്റര്‍ ചെയ്യാന്‍ അര്‍ഹതയുണ്ട്. 2017 ജൂണ്‍ സെഷനില്‍ നടത്തുന്ന ഫൗണ്ടേഷന്‍ പരീക്ഷയില്‍ പങ്കെടുക്കുന്നതിന് 2016 സെപ്റ്റംബര്‍ 30 വരെ രജിസ്ട്രേഷന് സമയമുണ്ട്. രജിസ്ട്രേഷന്‍ ഫീസ് 4500 രൂപയാണ്. 

സി.എസ് ഫൗണ്ടേഷന്‍ പ്രോഗ്രാമില്‍ ബിസിനസ് എന്‍വയണ്‍മെന്‍റ് ആന്‍ഡ് എന്‍റര്‍പ്രണര്‍ഷിപ്, ബിസിനസ് മാനേജ്മെന്‍റ്, എത്തിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍, ബിസിനസ് ഇക്കണോമിക്സ്, ഫണ്ടമെന്‍റല്‍ ഓഫ് അക്കൗണ്ടിങ് ആന്‍ഡ് ഓഡിറ്റിങ് എന്നിങ്ങനെ നാലു വിഷയങ്ങള്‍ പഠിച്ച് പരീക്ഷയെഴുതി പാസാകണം. 
സി.എസ് എക്സിക്യൂട്ടിവ്: സി.എസ് ഫൗണ്ടേഷന്‍ വിജയിക്കുന്നവര്‍ക്കും ഫൈന്‍ ആര്‍ട്സ് ഒഴികെ ഏതെങ്കിലും വിഷയത്തില്‍ ബിരുദമെടുത്തവര്‍ക്കും ഫൈനല്‍ ഡിഗ്രി പരീക്ഷയെഴുതുന്നവര്‍ക്കും അടുത്ത ഘട്ടമായ സി.എസ് എക്സിക്യൂട്ടിവ് പ്രോഗ്രാമിന് രജിസ്റ്റര്‍ ചെയ്ത് പഠിക്കാം.

സി.എസ് ഫൗണ്ടേഷന്‍ കോഴ്സ് വിജയിച്ച വിദ്യാര്‍ഥികള്‍ 8500 രൂപയും കോമേഴ്സ് ബിരുദക്കാര്‍ 9000 രൂപയും മറ്റ് ബിരുദക്കാര്‍ 10,000 രൂപയും രജിസ്ട്രേഷന്‍ ഫീസായി അടക്കണം. 2017 ജൂണ്‍ സെഷനിലെ സി.എസ് എക്സിക്യൂട്ടിവ് പരീക്ഷയില്‍ പങ്കെടുക്കുന്നതിന് 2016 ആഗസ്റ്റ് 31നകം രജിസ്റ്റര്‍ ചെയ്യണം. കമ്പനി ലോ, കോസ്റ്റ് ആന്‍ഡ് മാനേജ്മെന്‍റ് അക്കൗണ്ടിങ്, ഇക്കണോമിക്സ് ആന്‍ഡ് കമേഴ്സ്യല്‍ ലോസ്, ടാക്സ് ലോസ് ആന്‍ഡ് പ്രാക്ടിസ്, കമ്പനി അക്കൗണ്ട്സ് ആന്‍ഡ് ഓഡിറ്റിങ് പ്രാക്ടിസ്, കാപിറ്റല്‍ മാര്‍ക്കറ്റ്സ് ആന്‍ഡ് സെക്യൂരിറ്റീസ് ലോസ്, ഇന്‍ഡസ്ട്രിയല്‍ ലേബര്‍ ആന്‍ഡ് ജനറല്‍ ലോസ് എന്നീ വിഷയങ്ങളാണ് സി.എസ് എക്സിക്യൂട്ടിവ് പ്രോഗ്രാമില്‍ പഠിച്ച് പരീക്ഷയെഴുതേണ്ടത്.

പട്ടികജാതി/പട്ടിക വര്‍ഗം, വികലാംഗര്‍, മിലിട്ടറി/ പാരാമിലിട്ടറി ഫോഴ്സിലെ ജോലിക്കിടെ ജീവന്‍ നഷ്ടപ്പെട്ടവരുടെ വിധവകള്‍/ആശ്രിതര്‍ എന്നീ വിഭാഗക്കാര്‍ക്ക് ഫീസില്‍ ഇളവ് ലഭിക്കും. പഠന-പരിശീലനങ്ങള്‍ക്ക് ഐ.സി.എസ്.ഐയുടെ ചാപ്റ്ററുകളിലും മറ്റും സൗകര്യം ലഭിക്കുന്നതാണ്. ഐ.സി.എസ്.ഐയുടെ ചെന്നൈ സതേണ്‍ റീജനല്‍ ഓഫിസിന് കീഴില്‍ തിരുവനന്തപുരം, കൊച്ചി, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, മംഗളൂരു, സേലം, മധുര, മൈസൂരു, കോയമ്പത്തൂര്‍, ബംഗളൂരു, ഹൈദരാബാദ്, വിശാഖപട്ടണം, അമരാവതി എന്നിവിടങ്ങളില്‍ ചാപ്റ്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വിദൂരപഠന സൗകര്യവും ലഭ്യമാണ്.

സി.എസ് ഫൗണ്ടേഷന്‍, എക്സിക്യൂട്ടിവ് പ്രോഗ്രാമുകളിലേക്കുള്ള രജിസ്ട്രേഷനും വിവരങ്ങള്‍ക്കും www.icsi.edu എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. 
തൊഴില്‍ സാധ്യത: സി.എസ് മെംബര്‍ഷിപ് കരസ്ഥമാക്കുന്നവര്‍ക്ക് കോര്‍പറേറ്റ് മേഖലയില്‍ വന്‍കിട കമ്പനികളിലും മറ്റും ആകര്‍ഷകമായ ശമ്പളത്തോടെ കമ്പനി സെക്രട്ടറിയാകാം. യോഗ്യത നേടുന്നവരുടെ എണ്ണം കുറവായതിനാല്‍ തൊഴില്‍ ഉറപ്പാണ്. കമ്പനിയുടെ അമരക്കാരില്‍ പ്രധാനിയാണ് കമ്പനി സെക്രട്ടറി. സ്വന്തമായി പ്രാക്ടിസ് ചെയ്ത് വരുമാനമുണ്ടാക്കാനും കഴിയും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.