സിനിമയില്‍ തിളങ്ങാന്‍ സിനിമാട്ടോഗ്രഫി 

മനസ്സിലൂടെ കാണും, കാമറയിലൂടെ പകര്‍ത്തും. അതെ, കാമറ ചലിപ്പിച്ച് ദൃശ്യവിസ്മയമൊരുക്കുന്നവരാണ് ഛായാഗ്രാഹകര്‍. സിനിമയിലും ടെലിവിഷന്‍ രംഗത്തുമൊക്കെ പ്രഫഷനല്‍ യോഗ്യത നേടി പരിശീലനം സിദ്ധിച്ച ഛായാഗ്രാഹകര്‍ക്ക് നല്ല ഡിമാന്‍ഡാണ്. ടെലിവിഷന്‍ ചാനലുകളുടെ എണ്ണം വര്‍ധിച്ചതോടെ സിനിമാട്ടോഗ്രഫിയില്‍ പഠന-പരിശീലനങ്ങള്‍ നേടിയ നിരവധി യുവാക്കള്‍ക്ക് തൊഴില്‍ നേടാനായിട്ടുണ്ട്. വാര്‍ത്താവിനിമയ രംഗത്ത് ഇനിയും ഇവരുടെ സേവനം ആവശ്യമായി വരും. വിവാഹമുള്‍പ്പെടെ എല്ലാവിധ ചടങ്ങുകളും കാമറയില്‍ പകര്‍ത്തി പണമുണ്ടാക്കാനും വിഡിയോ ഗ്രാഫര്‍മാര്‍ക്ക് കഴിയും.
ഭാവനയും കലാവാസനയും അഭിരുചിയുമൊക്കെയുള്ള ചെറുപ്പക്കാര്‍ക്ക് ഏറെ അനുയോജ്യമായ പാഠ്യപദ്ധതിയാണ് സിനിമാട്ടോഗ്രഫി അഥവാ ഛായാഗ്രഹണം. സര്‍ട്ടിഫിക്കറ്റ്, ഡിപ്ളോമ, ഡിഗ്രി, പോസ്റ്റ്ഗ്രാജ്വേറ്റ് ഡിപ്ളോമ തുടങ്ങിയ കോഴ്സുകള്‍ ഈ മേഖലയിലുണ്ട്. 
സിനിമാട്ടോഗ്രഫിയില്‍ ഡിപ്ളോമ അല്ളെങ്കില്‍ ഫിലിം ടെക്നോളജി, ഡിഗ്രി പഠനത്തിന് ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങളോടെ പ്ളസ് ടു/തത്തുല്യ പരീക്ഷ വിജയിച്ചവര്‍ക്ക് അവസരമുണ്ട്. എന്നാല്‍, അഭിരുചിയുള്ള ഏതൊരു ബിരുദധാരിക്കും സിനിമാട്ടോഗ്രഫിയില്‍ പി.ജി ഡിപ്ളോമക്ക് ചേരാം. സര്‍ട്ടിഫിക്കറ്റ് കോഴ്സില്‍ അടിസ്ഥാന വിഷയങ്ങളായ ഷോട്ട് ഡിസൈന്‍, വിഷ്വലൈസിങ്, ബേസിക് ലൈറ്റിങ്, ലെന്‍സിങ്, കാമറ മൂവ്മെന്‍റ് തുടങ്ങിയ വിഷയങ്ങളിലാവും പഠന-പരിശീലനങ്ങള്‍. എന്നാല്‍, ബിരുദാനന്തര ഡിപ്ളോമ കോഴ്സുകളില്‍ ആര്‍ട്ട് ആന്‍ഡ് വിഷ്വല്‍ കള്‍ചര്‍, ഫിലിം എയ്സ്തറ്റിക്സ് ആന്‍ഡ് സിനിമാട്ടോഗ്രാഫിക് ടെക്നിക്സ്, പ്രിന്‍സിപ്ള്‍സ് ഓഫ് സിനിമാട്ടോഗ്രഫി, ഇമേജിങ് ഡിവൈസ്, ഫിസിക്സ് ഓഫ് ലൈറ്റ്, കളര്‍ ആന്‍ഡ് ആപ്ളിക്കേഷന്‍സ് ഇന്‍ പ്രാക്ടിക്കല്‍ സിനിമാട്ടോഗ്രഫി, ഇലക്ട്രിസിറ്റി ആന്‍ഡ് പവര്‍ ആപ്ളിക്കേഷന്‍സ് ഇന്‍ ലൈറ്റിങ്, ഒപ്ടിക്സ് ആന്‍ഡ് ലെന്‍സിങ്, ഇമല്‍ഷന്‍ ടെക്നോളജി ആന്‍ഡ് ലാബ് പ്രോസസിങ്, പ്രിന്‍സിപ്ള്‍സ് ഓഫ് ഡിജിറ്റല്‍ ഇമേജ്, മാനിപുലേഷന്‍ സിസ്റ്റംസ്, ആര്‍ട്ട് ഡയറക്ഷന്‍, പ്രൊഡക്ഷന്‍ ഡിസൈന്‍ തുടങ്ങിയ നിരവധി വിഷയങ്ങളാണ് പഠിക്കേണ്ടിവരുക. ഇതിനുപുറമെ ലാബ് പ്രാക്ടിക്കലുമുണ്ടാകും.
ഗൗരവമായി സിനിമാട്ടോഗ്രഫിയെ സമീപിക്കുന്നവര്‍ക്ക് വിഷ്വലൈസിങ് എബിലിറ്റി, എയ്സ്തറ്റിക്സ് സെന്‍സ്, ആര്‍ട്ടിസ്റ്റിക് ടാലന്‍റ്, കമ്യൂണിക്കേഷന്‍ സ്കില്‍സ്, പാഷന്‍ ഫോര്‍ ഫോട്ടോഗ്രഫി എന്നീ സവിശേഷതകളുണ്ടാകണം.
സിനിമാട്ടോഗ്രഫിയില്‍ യോഗ്യതയും വൈദഗ്ധ്യവും നേടുന്നവര്‍ക്കേ സിനിമാനിര്‍മാണ പ്രക്രിയയിലും മറ്റും സംവിധായകരുമായി ആലോചിച്ച് ഷോട്ടുകള്‍ രൂപപ്പെടുത്താനും കാമറയുടെ ആംഗ്ള്‍ നിശ്ചയിച്ച് ടേക്കുകളെടുക്കാനും പ്രൊഡക്ഷനില്‍ മികവുപുലര്‍ത്താനും കഴിയൂ. അതിനാല്‍ സിനിമാട്ടോഗ്രഫിയില്‍ മികച്ച പ്രഫഷനല്‍ വിദ്യാഭ്യാസം നേടുന്നവര്‍ക്കാണ് ഈ രംഗത്ത് കൂടുതല്‍ ശോഭിക്കാനാവുക.
പഠന സൗകര്യങ്ങള്‍
പ്ളസ് ടു കാര്‍ക്ക് സിനിമാട്ടോഗ്രഫിയില്‍ മൂന്നുവര്‍ഷത്തെ ഡിപ്ളോമ കോഴ്സില്‍ പഠനസൗകര്യമൊരുക്കുന്ന സ്ഥാപനമാണ് കോട്ടയത്ത് തെക്കുംതലയിലുള്ള കെ.ആര്‍. നാരായണന്‍ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സ് ആന്‍ഡ് ആര്‍ട്സ്.
ചെന്നൈക്കടുത്ത് താരാമണിയിലുള്ള എം.ജി.ആര്‍ ഗവ. ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലും മൂന്നുവര്‍ഷത്തെ സിനിമാട്ടോഗ്രഫി ഡിപ്ളോമ കോഴ്സ് നടത്തുന്നുണ്ട്. ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങളോടെ പ്ളസ് ടു/തുല്യ പരീക്ഷ വിജയിച്ചവര്‍ക്കാണ് പ്രവേശം. തമിഴര്‍ക്കാണ് മുന്‍ഗണന. 
ചെന്നൈ വടപളനിയിലെ എസ്.ആര്‍.എം ശിവാജി ഗണേശന്‍ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്ളസ് ടുകാര്‍ക്ക് മൂന്നുവര്‍ഷത്തെ ബി.എസ്സി കോഴ്സില്‍ ഫിലിം ടെക്നോളജി പഠിക്കാം. സിനിമാട്ടോഗ്രഫിയും പഠനവിഷയങ്ങളില്‍പെടും.
എന്നാല്‍, ബിരുദധാരികള്‍ക്ക് പഠിക്കാവുന്ന പി.ജി ഡിപ്ളോമ പഠനാവസരങ്ങളാണ് കൂടുതല്‍ പ്രയോജനപ്പെടുത്താവുന്നത്.
പ്രമുഖ സ്ഥാപനങ്ങള്‍
രാജ്യത്തെ പ്രമുഖ സ്ഥാപനങ്ങളായ പുണെയിലെ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, സിനിമാട്ടോഗ്രാഫിയില്‍ മൂന്നുവര്‍ഷത്തെ പി.ജി ഡിപ്ളോമ കോഴ്സ് ബിരുദധാരികള്‍ക്കായി നടത്തുന്നുണ്ട്. ദേശീയതലത്തില്‍ നടത്തുന്ന അഭിരുചി പരീക്ഷ, ഇന്‍റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് (www.ftiindia.com).
കൊല്‍ക്കത്തയിലെ സത്യജിത്റേ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലും സിനിമാട്ടോഗ്രഫി സ്പെഷലൈസേഷനായി മൂന്നുവര്‍ഷത്തെ പി.ജി ഡിപ്ളോമ ഇന്‍ സിനിമാ കോഴ്സ് നടത്തിവരുന്നു. 
ബിരുദധാരികള്‍ക്ക് പഠിക്കാം. എന്‍ട്രന്‍സും ഇന്‍റര്‍വ്യൂവും വഴിയാണ് തെരഞ്ഞെടുപ്പ്. (www.srfti.ac.in) സിനിമാട്ടോഗ്രഫിയില്‍ രണ്ടുവര്‍ഷത്തെ പി.ജി ഡിപ്ളോമ പഠനത്തിന് മുംബൈയിലെ വിസ്റ്റ്ലിങ് വുഡ്സ് ഇന്‍റര്‍നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിലിം ആന്‍ഡ് മീഡിയ അവസരം നല്‍കുന്നുണ്ട്. 
കോട്ടയം ചങ്ങനാശ്ശേരിയിലെ സെന്‍റ് ജോസഫ് കോളജ് ഓഫ് കമ്യൂണിക്കേഷനില്‍ ബിരുദധാരികള്‍ക്കായി സിനിമ ആന്‍ഡ് ടെലിവിഷനില്‍ എം.എ കോഴ്സ് നടത്തുന്നുണ്ട്.
കൊല്‍ക്കത്തയിലെ ജാദവ്പുര്‍ യൂനിവേഴ്സിറ്റിയില്‍ ബിരുദക്കാര്‍ക്കായി സിനിമാ സ്റ്റഡീസില്‍ മാസ്റ്റേഴ്സ് ഡിഗ്രി കോഴ്സ് വര്‍ഷങ്ങളായി നടത്തിവരുന്നു. ഫിലിം ഇന്‍ഡസ്ട്രിയില്‍ തൊഴില്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ കോഴ്സുകള്‍ നല്ലതാണ്.
കൊച്ചിയിലെ അമൃത സ്കൂള്‍ ഓഫ് ആര്‍ട്സ് ആന്‍ഡ് സയന്‍സും തിരുവനന്തപുരത്തെ സെന്‍റര്‍ ഫോര്‍ ഡെവലപ്മെന്‍റ് ഓഫ് ഇമേജിങ് ടെക്നോളജിയും (സി.ഡിറ്റ്) ബിരുദധാരികള്‍ക്ക് വിഷ്വല്‍ മീഡിയയിലും വിഡിയോ പ്രൊഡക്ഷനിലുമൊക്കെ പഠനപരിശീലനങ്ങള്‍ നല്‍കിവരുന്നു.
ന്യൂഡല്‍ഹിയിലെ ജാമിഅ മില്ലിയ ഇസ്ലാമിയ്യയുടെ മാസ് കമ്യൂണിക്കേഷന്‍ റിസര്‍ച് സെന്‍റര്‍, ചെന്നൈയിലെ അണ്ണാ യൂനിവേഴ്സിറ്റി ഓഡിയോ വിഷ്വല്‍ റിസര്‍ച് സെന്‍റര്‍ പുണെയിലെ സിംബയോസിസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷന്‍, നോയിഡയിലെ ഏഷ്യന്‍ അക്കാദമിക് ഓഫ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ എന്നിവിടങ്ങളിലും ബിരുദധാരികള്‍ക്ക് വിഡിയോ-ടെലിവിഷന്‍ പ്രൊഡക്ഷനിലും മറ്റും പഠന പരിശീലനങ്ങള്‍ നല്‍കുന്നുണ്ട്.
ചെന്നൈയിലും തിരുവനന്തപുരത്തുമുള്ള എല്‍.വി. പ്രസാദ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ അക്കാദമിയിലും തിരുവനന്തപുരം കഴക്കൂട്ടത്തിനടുത്ത് കിന്‍ഫ്ര പാര്‍ക്കിലുള്ള രേവതി കലാമന്ദിര്‍ ഫിലിം അക്കാദമിയിലും ബിരുദധാരികള്‍ക്ക് സിനിമാട്ടോഗ്രഫിയില്‍ പി.ജി ഡിപ്ളോമ കോഴ്സില്‍ പരിശീലനം നല്‍കുന്നുണ്ട്.
തൊഴില്‍സാധ്യതകള്‍
 സിനിമാട്ടോഗ്രഫി പഠിച്ചിറങ്ങുന്നവര്‍ക്ക് സിനിമാ-ടെലിവിഷന്‍ ചാനല്‍ മേഖലകളില്‍ തൊഴില്‍സാധ്യതകള്‍ ഏറെയാണ്. വൈദഗ്ധ്യം തെളിയിക്കുന്നവര്‍ക്ക് സിനിമാ നിര്‍മാണ മേഖലയില്‍ ഛായാഗ്രാഹകരാകാം. ഉയര്‍ന്ന യോഗ്യത നേടുന്നവര്‍ക്ക് ഫിലിം ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ ആകര്‍ഷകമായ ശമ്പളനിരക്കില്‍ ഫാക്കല്‍റ്റിയാകാം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.