പെണ്‍കുട്ടികള്‍ക്ക് എന്‍ജിനീയറിങ് ലോകത്തേക്ക് ‘ഉഡാന്‍’ ചിറക് തരും

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്സ് ഓഫ് ടെക്നോളജി (ഐ.ഐ.ടികള്‍), നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്സ് ഓഫ് ടെക്നോളജി (എന്‍.ഐ.ടികള്‍), കേന്ദ്ര സര്‍ക്കാറിന്‍െറ സാമ്പത്തികസഹായത്തോടെ പ്രവര്‍ത്തിക്കുന്ന മറ്റ് സാങ്കേതിക സ്ഥാപനങ്ങള്‍ എന്നിങ്ങനെ രാജ്യത്തെ പ്രമുഖ സ്ഥാപനങ്ങളില്‍ എന്‍ജിനീയറിങ്, ടെക്നോളജി പഠനമാഗ്രഹിക്കുന്ന പെണ്‍കുട്ടികളെ അതിലേക്ക് സജ്ജരാക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍  ആവിഷ്കരിച്ച് നടപ്പാക്കിയിട്ടുള്ള ‘ഉഡാന്‍’ പദ്ധതിപ്രകാരമുള്ള എന്‍ട്രന്‍സ് പരിശീലനസഹായത്തിന് ഇപ്പോള്‍ അപേക്ഷിക്കാം. കേന്ദ്രീയ വിദ്യാലയങ്ങള്‍, ജവഹര്‍ നവോദയ വിദ്യാലയങ്ങള്‍, സര്‍ക്കാര്‍ സ്കൂളുകള്‍, സി.ബി.എസ്.ഇയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള സ്വകാര്യ സ്കൂളുകള്‍ എന്നിവിടങ്ങളില്‍ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങളെടുത്ത് പ്ളസ് വണ്‍/പതിനൊന്നാം ക്ളാസില്‍ പഠിക്കുന്ന സാമ്പത്തികമായി പിന്നാക്കംനില്‍ക്കുന്ന പെണ്‍കുട്ടികള്‍ക്കാണ് അപേക്ഷിക്കാവുന്നത്. പത്താം ക്ളാസ് പരീക്ഷ മൊത്തം 70 ശതമാനം മാര്‍ക്കില്‍ കുറയാതെയും സയന്‍സ്, മാത്തമാറ്റിക്സ് വിഷയങ്ങള്‍ക്ക് 80 ശതമാനം മാര്‍ക്കില്‍/തത്തുല്യ ഗ്രേഡില്‍ കുറയാതെയും നേടി വിജയിച്ചിട്ടുള്ളവരായിരിക്കണം. വാര്‍ഷിക കുടുംബവരുമാനം ആറുലക്ഷം രൂപക്ക് താഴെയാകണം. മെറിറ്റടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.
പദ്ധതിപ്രകാരം തെരഞ്ഞെടുക്കുന്ന 1000 പേര്‍ക്കാണ് എന്‍ട്രന്‍സ് പരിശീലനസഹായം ലഭിക്കുക. എന്‍ജിനീയറിങ് എന്‍ട്രന്‍സ് പരീക്ഷക്ക് തയാറെടുക്കുന്നതിനുള്ള കോണ്‍ടാക്ട് ക്ളാസുകള്‍, ഓണ്‍ലൈന്‍ പോര്‍ട്ടലിലൂടെയുള്ള പഠനോപാധിക, ട്യൂട്ടോറിയല്‍സ്, വിഡിയോ ലെക്ച്ചേഴ്സ്, സ്റ്റഡീ മെറ്റീരിയലുകള്‍ എന്നിവ ലഭ്യമാക്കുന്നതിന് പുറമെ പ്രീലോഡഡ് ടാബ്ലറ്റ്സ് സൗജന്യമായി നല്‍കുന്നതാണ്. ജെ.ഇ.ഇ മെയിന്‍, അഡ്വാന്‍സ്ഡ് പരീക്ഷകള്‍ക്ക് സഹായകമായ തരത്തിലുള്ള പരിശീലനങ്ങളാകും ലഭിക്കുക. എന്‍ട്രന്‍സ് പരീക്ഷകള്‍ക്കുള്ള തയാറെടുപ്പ് 11, 12 ക്ളാസുകളിലെ പഠനത്തോടൊപ്പമാണ് നിര്‍വഹിക്കേണ്ടിവരുക. പരിശീലന ചെലവുകള്‍ അടങ്ങിയ ധനസഹായം പരിശീലനപദ്ധതിയുടെ നടത്തിപ്പിനാണ് വിനിയോഗിക്കുക.
പരിശീലനം: തെരഞ്ഞെടുക്കപ്പെടുന്ന പെണ്‍കുട്ടികള്‍ക്ക് പ്ളസ് വണ്‍, പ്ളസ്ടു ക്ളാസുകളിലെ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങളില്‍ ഓണ്‍ലൈന്‍ പോര്‍ട്ടലിലൂടെ എന്‍ട്രന്‍സ് ഓറിയന്‍േറഷനില്‍ വിദഗ്ധ പരിശീലനം നല്‍കും. വിഡിയോകളും ട്യൂട്ടോറിയല്‍സും ടെക്സ്റ്റുമൊക്കെ ഇതിനായി വിനിയോഗിക്കും. പരിശീലനരീതികള്‍ മനസ്സിലാക്കുന്നതിനായി ടെക്നോളജി ഓറിയന്‍േറഷന്‍ ക്ളാസുകള്‍ സംഘടിപ്പിക്കും. നിശ്ചിത കാലയളവില്‍ കോണ്‍ടാക്ട് ക്ളാസുകളുമുണ്ടാകും.  
പാഠ്യക്രമങ്ങളും പഠനനിലവാരവും പരിശീലന കാലയളവില്‍ വിലയിരുത്തപ്പെടും. 75 ശതമാനത്തില്‍ കുറയാത്ത ഹാജര്‍നില ഉണ്ടാകണം.
മറ്റേതെങ്കിലും സ്കോളര്‍ഷിപ്പോ ധനസഹായമോ ലഭിക്കുന്നവര്‍ ‘ഉഡാന്‍’ പദ്ധതി ആനുകൂല്യത്തിന് അര്‍ഹരല്ല. രക്ഷിതാക്കളുടെ അനുമതിയോടെ മാത്രമേ പദ്ധതിയില്‍ ചേരാനാകൂ.
‘ഉഡാന്‍’  പദ്ധതി നടപ്പാക്കുന്നതിനുള്ള ചുമതല സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജുക്കേഷനാണ് (സി.ബി.എസ്.ഇ). പദ്ധതിയുടെ വിശദാംശങ്ങള്‍ www.cbse.nic.in അല്ളെങ്കില്‍ www.cbseacadamic.in എന്ന വെബ്സൈറ്റിലെ ‘ഉഡാന്‍’ ബ്രോഷറിലുണ്ട്. അപേക്ഷ ഓണ്‍ലൈനായി 2016 ജൂലൈ 13 വരെ സമര്‍പ്പിക്കാം. ബ്രോഷറിലെ  നിര്‍ദേശങ്ങള്‍ പാലിച്ചാകണം അപേക്ഷ സമര്‍പ്പണം നടത്തേണ്ടത്. ‘ഉഡാന്‍’  പദ്ധതിയെപ്പറ്റിയുള്ള സംശയനിവാരണത്തിന് udann.cbse@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ ബന്ധപ്പെടാം.
സംസ്ഥാനത്ത് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലായി പദ്ധതിനിര്‍വഹണത്തിന് മൂന്ന് സിറ്റി  കോഓഡിനേറ്റര്‍മാരുണ്ട്. വിലാസങ്ങള്‍ ചുവടെ:
തിരുവനന്തപുരം: എസ്. അജയകുമാര്‍, കേന്ദ്രീയ വിദ്യാലയ, പട്ടം (ഫോണ്‍: 0471-2445854).
എറണാകുളം: വി.എസ്. സുനില്‍കുമാര്‍, കേന്ദ്രീയ വിദ്യാലയ, കടവന്ത്ര (ഫോണ്‍: 0484-2204785).
കോഴിക്കോട്: മഹിഹല്‍സിങ്, കേന്ദ്രീയ വിദ്യാലയ, നമ്പര്‍-2 കാലിക്കറ്റ്, എരവത്തുകുന്ന്, ഗോവിന്ദപുരം.ഫോണ്‍: 0495-2744200, 2371400. 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.