എന്‍ജിനീയറിങ്: ഓപ്ഷനുമുമ്പ് ഓര്‍ക്കാന്‍ 

എന്‍ജിനീയറിങ് എന്‍ട്രന്‍സ് ഫലം വന്നതോടെ രക്ഷിതാക്കളുടെയും വിദ്യാര്‍ഥികളുടെയും ഉത്കണ്ഠയേറുകയാണ്. കഴിഞ്ഞവര്‍ഷം 18,000 എന്‍ജിനീയറിങ് സീറ്റുകളാണ് വിവിധ സ്വാശ്രയ കോളജുകളിലായി ഒഴിഞ്ഞുകിടന്നത്. 2014ല്‍ ഇത് 17,000 ആയിരുന്നു. ഒരു കാര്യം ഉറപ്പ്. മാനേജ്മെന്‍റുകളുടെ ‘ചാകര’ കഴിഞ്ഞിരിക്കുന്നു. ഇനി വിദ്യാര്‍ഥികളും രക്ഷിതാക്കളും ശ്രദ്ധിച്ചുമാത്രമേ കോഴ്സുകള്‍ ഉറപ്പിക്കൂ. അടിസ്ഥാന സൗകര്യവും ഫാക്കല്‍റ്റിയും എടുക്കുന്ന ബ്രാഞ്ചുകളുടെ പ്ളേസ്മെന്‍റ് ലഭ്യതയും നോക്കിയായിരിക്കണം ഓപ്ഷന്‍ കൊടുക്കേണ്ടത്. 
ജോബ് മാര്‍ക്കറ്റ് 
ഏതൊരു ബ്രാഞ്ചിനെയും ആകര്‍ഷകമാക്കുന്നത് ജോബ് മാര്‍ക്കറ്റാണെന്നുപറയാം. ഏതെങ്കിലും ഒരു വര്‍ഷം റിക്രൂട്ട്മെന്‍റ് മോശമായാല്‍ ആ ബ്രാഞ്ചിന് പിന്നെ ആളുണ്ടാവില്ല. 12 സര്‍ക്കാര്‍ എയ്ഡഡ് കോളജുകളില്‍ ഏത് ബ്രാഞ്ചെടുത്താലും ഓഫ് കാമ്പസ് റിക്രൂട്ട്മെന്‍റ് വഴി കരിയര്‍ ഉറപ്പാക്കാം. എന്നാല്‍, ധാരാളം പേര്‍ ഗേറ്റ് പരീക്ഷയെഴുതി എം.ടെക് എടുക്കാന്‍ ശ്രമിക്കുന്നുണ്ട്. 
ഓരോ വര്‍ഷവും ജോബ് മാര്‍ക്കറ്റ് ഗ്രാഫില്‍ വ്യത്യാസം കാണാം. എന്നാല്‍, മിടുക്കരായ വിദ്യാര്‍ഥികള്‍ക്ക് ഓരോ ബ്രാഞ്ചിനും അനുയോജ്യമായ വാല്യൂ ആഡഡ് ഹ്രസ്വകാല കോഴ്സുകള്‍ വഴി കരിയര്‍ ഉറപ്പാക്കാന്‍ കഴിയും. ഇതിനൊന്നും ശ്രമിക്കാതെ ബി.ടെക് കഴിഞ്ഞാല്‍ പ്ളേസ്മെന്‍റില്ളെങ്കില്‍ നേരെ ബാങ്ക് ടെസ്റ്റ് കോച്ചിങ്ങിനല്ല പോകേണ്ടത്. വരുംകാലത്ത് ബാങ്കുകള്‍ വന്‍തോതില്‍ ജീവനക്കാരെ കുറക്കാന്‍ പോവുകയാണെന്ന് കേള്‍ക്കുന്നു. അതിനാല്‍, എന്‍ജിനീയറിങ്ങുകാര്‍ അവരുടെ മേഖലയില്‍ത്തന്നെ ജോബ് മാര്‍ക്കറ്റും സസ്റ്റയിനബിലിറ്റിയും (ജോലി സുസ്ഥിരത)കൂടി ശ്രദ്ധിക്കുന്നത് നന്ന്. കേരളത്തില്‍ അധികം സീറ്റുകളിലാത്ത കെമിക്കല്‍, മറൈന്‍, അഗ്രികള്‍ച്ചര്‍ എന്‍ജിനീയറിങ്, മൈനിങ് തുടങ്ങിയ കോഴ്സുകളെയും ഒപ്പം കെ.ഇ.എ.എം വഴി ലഭിക്കുന്ന ബ്രാഞ്ചുകളെയും കുറിച്ച് ഒരു വിലയിരുത്തലാണിത്. 
•സിവില്‍ എന്‍ജിനീയറിങ് 
അടിസ്ഥാന എന്‍ജിനീയറിങ് ശാഖ. അണക്കെട്ടുകള്‍, റോഡുകള്‍, ഫൈ്ള ഓവറുകള്‍, അണ്ടര്‍പാസുകള്‍, പാലങ്ങള്‍, ശുദ്ധജല വിതരണ പൈപ്പുകള്‍ സ്ഥാപിക്കല്‍, വേസ്റ്റ് മാനേജ്മെന്‍റ് തുടങ്ങിയവയെല്ലാം സിവില്‍ എന്‍ജിനീയര്‍മാരാണ് ചെയ്യുക. സര്‍ക്കാര്‍ സര്‍വിസില്‍ ഏറ്റവും കൂടുതല്‍ ഒഴിവുള്ളതും സിവിലുകാര്‍ക്കാണ്. കഴിഞ്ഞ വര്‍ഷം സിവിലും മെക്കാനിക്കലും മിക്ക കോളജുകളിലും പൂര്‍ണമായും പ്രവേശം നടന്നുവെന്നു പറയാം. ഉപരിപഠന സാധ്യത കൂടുതലുള്ളതും സിവില്‍ ബ്രാഞ്ചിന് ഗുണകരമാകും. കണ്‍സ്ട്രക്ഷന്‍ മാനേജ്മെന്‍റ്, സ്ട്രക്ച്ചറല്‍ എന്‍ജിനീയറിങ്, ട്രാന്‍സ്പോര്‍ട്ടേഷന്‍ ഡിസൈന്‍, ജിയോ ടെക്നിക്കല്‍ എന്‍ജിനീയറിങ്, അര്‍ബന്‍ ഡിസൈന്‍, ടണല്‍ ഡിസൈന്‍ എന്നിവയില്‍ സ്പെഷലൈസ് ചെയ്യാനുള്ള സൗകര്യമുണ്ട്. ഇന്ത്യയിലും വിദേശത്തും ജോലി ലഭിക്കും. 
•മെക്കാനിക്കല്‍/ഓട്ടോമൊബൈല്‍ 
മെക്കാനിക്കല്‍ അടിസ്ഥാനശാഖയാണെങ്കിലും ഓട്ടോമൊബൈല്‍ അടുത്തകാലത്താണാരംഭിക്കുന്നത്. രണ്ടിനും കേരളത്തില്‍ വന്‍ ഡിമാന്‍റാണ്. ഓട്ടോമൊബൈലിന് മികച്ച കാമ്പസുകളിലെല്ലാം പ്ളേസ്മെന്‍റ് ലഭിക്കും. ചുരുക്കം സ്വാശ്രയ കോളജുകളിലും സര്‍ക്കാര്‍/എയ്ഡഡ് കോളജുകളിലും പ്ളേസ്മെന്‍റ് നില ഏറക്കുറെ ഭദ്രമാണ്. ഓഫ് കാമ്പസ് ഇന്‍റര്‍വ്യൂ വഴിയും അനേകം പേര്‍ക്ക് ജോലി ലഭിക്കുന്നു. 
ജര്‍മനി, ജപ്പാന്‍, ഇറ്റലി, ഫ്രാന്‍സ് എന്നീ രാജ്യങ്ങളിലെ ഓട്ടോമൊബൈല്‍ കമ്പനികള്‍ ഇന്ത്യയില്‍ വാഹന നിര്‍മാണ ശാലകള്‍ ആരംഭിച്ചതോടെ ഓട്ടോമൊബൈല്‍ വ്യവസായ മേഖലയില്‍ അനേകം മിടുക്കര്‍ക്ക് ജോലി ഉറപ്പിക്കാം. എങ്കിലും ഓപ്ഷന്‍ കൊടുക്കുന്നവര്‍ മികച്ച അടിസ്ഥാന സൗകര്യമുള്ള സ്ഥാപനങ്ങള്‍ക്കുവേണം മുന്‍ഗണന കൊടുക്കാന്‍. പെണ്‍കുട്ടികള്‍ക്കും ധൈര്യമായി പഠിച്ച് ജോലി കണ്ടത്തൊന്‍ കഴിയും. ഉപരിപഠന സാധ്യതയും ധാരാളം. 
•ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് 
ഇലക്ട്രോണിക്സിന്‍െറയും ഇലക്ട്രിസിറ്റിയുടെയും മാഗ്നറ്റിസത്തിന്‍െറയും പഠനം. ഏറ്റവും കൂടുതല്‍ തൊഴില്‍ സാധ്യതയുണ്ടായിരുന്ന ബ്രാഞ്ചാണിതെങ്കിലും 2015ലെ ഓപ്ഷന്‍ പൂര്‍ത്തിയായപ്പോള്‍ ചില കോളജുകളില്‍ പ്രവേശം 50 ശതമാനംപോലും പൂര്‍ത്തിയായില്ല. പഠിക്കാന്‍ ബുദ്ധിമുട്ടുള്ള ശാഖയാണെന്ന അറിവും ഒരു കാരണമായേക്കാം. കോളജുകളുടെ എണ്ണം വര്‍ധിച്ചതനുസരിച്ച് തൊഴില്‍രംഗം വളരാതിരുന്നതും കാരണമാകും. 
ഓട്ടോമേഷന്‍, റോബോട്ടിക്സ്, റിന്യൂവബ്ള്‍ എനര്‍ജി എന്നിവയെല്ലാം സ്പെഷലൈസ് ചെയ്ത് ഉപരിപഠനം നടത്താന്‍ കഴിയുന്നതിന് സഹായകരമാകുന്ന ബ്രാഞ്ചും ഇതുതന്നെ. സര്‍ക്കാര്‍ സര്‍വിസില്‍ ഇലക്ട്രിസിറ്റി ബോര്‍ഡിലും റെയില്‍വേയിലും ധാരാളം തൊഴിലവസരങ്ങള്‍ ഈ ബ്രാഞ്ചുകാര്‍ക്കിപ്പോഴുമുണ്ട്. 
•ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ 
ന്യൂജനറേഷന്‍ മുഖമുണ്ടായിരുന്ന ഈ ബ്രാഞ്ചിനോട് റിക്രൂട്ടര്‍മാര്‍ താല്‍പര്യക്കുറവ് കാണിക്കാന്‍ തുടങ്ങിയതാണ് വിനയായതെന്ന് പറയുന്നു. മൂന്നു വര്‍ഷമായി അത്ര ആകര്‍ഷകമല്ലാത്ത കോഴ്സാണിത്. എന്നാല്‍, തിരുവനന്തപുരത്തെ സി.ഇ.ടി ഉള്‍പ്പെടെ ഗവണ്‍മെന്‍റ് കോളജുകളിലും അടിസ്ഥാന സൗകര്യമുള്ള സ്വാശ്രയ കാമ്പസുകളിലും പ്രവേശം പൂര്‍ണമാണ്. കാലഘട്ടത്തിന് ആവശ്യമായ ബ്രാഞ്ചാണിതെന്ന കാര്യത്തില്‍ സംശയമില്ല. സ്വകാര്യ കമ്പനികളിലും കോര്‍പറേറ്റുകളിലും കമ്യൂണിക്കേഷന്‍ കമ്പനികളിലും വന്‍ ജോലി സാധ്യതയുണ്ടിപ്പോഴും. 
എം.ടെക് എടുക്കുന്നവര്‍ക്ക് ഇന്‍സ്ട്രുമെന്‍േറഷന്‍ ആന്‍ഡ് കണ്‍ട്രോള്‍, റോബോട്ടിക്സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ്, എംബഡഡ് സിസ്റ്റം, സിഗ്നല്‍ പ്രോസസിങ്, ഒപ്റ്റിക്കല്‍ ഫൈബര്‍ കമ്യൂണിക്കേഷന്‍, പവര്‍ ഇലക്ട്രോണിക്സ് എന്നിവ സ്പെഷലൈസ് ചെയ്യാം. രാജ്യത്തെ എന്‍.ഐ.ടികളിലും ഐ.എ.ടികളിലും അനുയോജ്യമായ വിഷയത്തില്‍ എം.ടെക് എടുക്കാം. 
മൈനിങ് ടെക്നോളജി 
ലോകത്ത് ഇരുമ്പിന്‍െറയും മൈക്കയുടെയും കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്താണ്. കോപ്പര്‍, അലൂമിനിയം, ബോക്സൈറ്റ് എന്നിവയിലും ഇന്ത്യ മുന്നില്‍ത്തന്നെ. മൈനിങ് എന്‍ജിനീയറിങ്ങില്‍ അധികം ബിരുദധാരികള്‍ ഇന്ന് ഇന്ത്യയില്‍ പഠിച്ചിറങ്ങുന്നില്ല. കേരളത്തില്‍ ഇല്ലാത്ത ഈ ബ്രാഞ്ച് പക്ഷേ കരിയര്‍ ഉറപ്പിക്കാവുന്നതാണ്. 
മധ്യപ്രദേശ്, ഛത്തിസ്ഗഢ്, ബിഹാര്‍, ഝാര്‍ഖണ്ഡ്, യു.പി, രാജസ്ഥാന്‍, കര്‍ണാടക, ആന്ധ്രപ്രദേശ്, അസം എന്നീ സംസ്ഥാനങ്ങളിലാണ് ഇന്ത്യയില്‍ ഏറ്റവുമധികം ഖനികളുള്ളത്. ഇന്ത്യയിലെ ചുരുക്കം കോളജുകളില്‍ നിന്നു ഇറങ്ങുന്നവരില്‍ അധികം പേരും പ്രവൃത്തി പരിചയത്തിനുശേഷം വിദേശത്ത് ജോലിക്കുപോകുന്നുണ്ട്. ഗള്‍ഫിലും ഉത്തരാഫ്രിക്കയിലും മികച്ച ശമ്പളമാണിവര്‍ക്ക്. ജെ.ഇ.ഇ അഡ്വാന്‍സ്ഡ് വഴി ധന്‍ബാദിലെ ഇന്ത്യന്‍ സ്കൂള്‍ ഓഫ് മൈനിങ്ങില്‍ ബി.ടെക്കും തുടര്‍ന്ന് വിവിധ ബ്രാഞ്ചുകളില്‍ എം.ടെക് ചെയ്യാനും കഴിയും. ബി.ടെക് എടുക്കാന്‍ കര്‍ണാടകയില്‍ കോളജുകളുണ്ട്. ഫസ്റ്റ്ക്ളാസ് മൈന്‍ മാനേജര്‍, മൈനിങ് സര്‍വേയര്‍, അനലിസ്റ്റ്, പ്രോസസിങ് മാനേജര്‍, റിസര്‍ച്ച് ഹെഡ് എന്നീ നിലകളില്‍ ജോലി ഉറപ്പിക്കാം. ഗേറ്റ് വഴി എം.ടെക് ചെയ്യാനും കഴിയും. 
•എയറോനോട്ടിക്കല്‍/എയറോസ്പേസ് 
കേരളത്തില്‍ അഞ്ചു കോളജുകളിലാണ് എയ്റോനോട്ടിക്കല്‍ കോഴ്സുള്ളത്. പഠിച്ചിറങ്ങിയാലുടന്‍ ജോലി ലഭിക്കുന്ന കോഴ്സാണെന്ന തെറ്റിദ്ധാരണ ഈയിടെ മാറിവരുന്നുണ്ട്. കഴിഞ്ഞ വര്‍ഷത്തെ ഓപ്ഷന്‍ ഘട്ടങ്ങള്‍ വിലയിരുത്തുമ്പോള്‍ ചിത്രം വ്യക്തമാക്കുന്നതാണിത്. എയ്റോസ്പേസ് എന്‍ജിനീയറിങ്ങിന് തുല്യമായ ബ്രാഞ്ചല്ല എയ്റോനോട്ടിക്കല്‍ എന്നറിയണം. ഐ.ഐ.ടികളിലാണ് മികച്ച എയ്റോസ്പേസ് ബ്രാഞ്ചുകളുള്ളത്. റോക്കറ്റ് സാങ്കേതിക വിദ്യകൂടി ഉള്‍പ്പെടുന്നതാണ് എയ്റോസ്പേസ്. എന്നാല്‍, എയര്‍പ്ളെയിനുകളുടെ രൂപകല്‍പനയും പ്രവര്‍ത്തനഘടനയുമാണ് എയ്റോനോട്ടിക്കലിലെ വിഷയം. ഹെലികോപ്ടര്‍ സാങ്കേതിക വിദ്യയും ഇതില്‍വരും. മിസൈല്‍, സ്പേസ്ഷട്ടില്‍ തുടങ്ങിയവയുടെ അതിനൂതന സാങ്കേതിക വിദ്യയുടെ വിശദമായ പഠനപരിശീലനമാണ് എയ്റോസ്പേസ് എന്‍ജിനീയറിങ്. ഉപരിപഠന സാധ്യതയും ഈ ബ്രാഞ്ചില്‍ അധികമില്ല എന്നതും ഈ ബ്രാഞ്ചിനെ ആകര്‍ഷകമല്ലാതാക്കുന്നു. എന്നാല്‍, ജെ.ഇ.ഇ അഡ്വാന്‍സ്ഡ് വഴി ഐ.ഐ.ടികളില്‍ എയ്റോസ്പേസ് പഠിക്കുന്നവര്‍ക്കെല്ലാം വിദേശത്തും ഇന്ത്യയിലും പ്ളേസ്മെന്‍റ് ലഭിക്കുന്നുണ്ടെന്നുകൂടി അറിയണം. 
•അഗ്രികള്‍ച്ചറല്‍ എന്‍ജിനീയറിങ് 
കേരള എന്‍ട്രന്‍സ് വഴി മാത്രം കേരളത്തിലെ ഏക കോളജായ കേളപ്പജി കാര്‍ഷിക സാങ്കേതിക കോളജില്‍ 49പേര്‍ക്കാണ് ഈ ബ്രാഞ്ചില്‍ പ്രവേശം. പഠിച്ചിറങ്ങുന്ന എല്ലാവര്‍ക്കും പ്ളേസ്മെന്‍റ് ലഭിക്കുമെന്നുണ്ടെങ്കിലും ആദ്യറാങ്കുകാര്‍ ഓപ്ഷന്‍ കൊടുക്കാന്‍ മടിച്ചുനില്‍ക്കുന്നു. പ്രാധാന്യം മനസ്സിലാക്കി വിദ്യാര്‍ഥികള്‍ അടുത്തകാലത്തായി ഈ ബ്രാഞ്ചിനായി മുന്നോട്ട് വരുന്ന കാഴ്ച ശ്രദ്ധേയമാണ്. ഉപരിപഠന സാധ്യതയും വര്‍ധിച്ചിട്ടുണ്ട്. പഠിച്ചിറങ്ങുന്നവര്‍ക്കെല്ലാം പ്ളേസ്മെന്‍റ് ലഭിക്കുമെന്ന് കാര്‍ഷികസര്‍വകലാശാല പറയുന്ന ഈ കോഴ്സിന് മെക്കാനിക്കല്‍, സോയില്‍ സയന്‍സ്, എന്‍വയണ്‍മെന്‍റല്‍ സയന്‍സ്, പ്ളാന്‍റ് ബയോളജി, അനിമല്‍ സയന്‍സ്, ഡയറി സയന്‍സ്, ഇലക്ട്രിക്കല്‍, കമ്പ്യൂട്ടര്‍ സയന്‍സ് എന്നിവയെല്ലാം ചേര്‍ന്ന രസകരമായ ഇന്‍റര്‍ഡിസിപ്ളിനറി ശാഖയാണ്. ഡിസൈന്‍ ഓഫ് മെഷീന്‍സ്, എനര്‍ജി കണ്‍സര്‍വേഷന്‍, ക്രോപ് പ്രൊഡക്ഷന്‍, വാട്ടര്‍ കണ്‍സര്‍വേഷന്‍, ഫാം ഓപറേഷന്‍സ് ആന്‍ഡ് സേഫ്റ്റി എര്‍ഗോണമിക്സ് തുടങ്ങിയ വിഷയങ്ങളാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഇന്ത്യയില്‍ ആകെ 520 സീറ്റുകള്‍ മാത്രമേയുള്ളു. കേരളത്തിലും പുറത്തും വിവിധ സ്പെഷാലിറ്റികളില്‍ എം.ടെക് എടുത്താല്‍ ഫാക്കല്‍റ്റിയായും വന്‍ കമ്പനികളിലും ഗവണ്‍മെന്‍റ് ഏജന്‍സികളിലും മികച്ച കരിയര്‍ ലഭിക്കും. പഠിച്ചിറങ്ങുന്നവര്‍ കുറവായ ഈ ബ്രാഞ്ച് ധൈര്യമായി എടുക്കാം.                
ഫോണ്‍: 9446192825
(തുടരും)

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.