എന്‍ജിനീയറിങ്ങിലെ പുത്തന്‍ ശാഖകള്‍

എന്‍ജിനീയറിങ് പഠനത്തില്‍ പുതിയ ശാഖകളുടെ വരവ് ശ്രദ്ധേയമാണ്. പരമ്പരാഗത ബ്രാഞ്ചുകളെ ഉപേക്ഷിച്ച് പുത്തന്‍ ബ്രാഞ്ചുകള്‍ തെരഞ്ഞെടുത്താല്‍ മുന്നിലുള്ളത് അവസരങ്ങളുടെ വിശാലലോകമാണ്. എം.എസ്സി മാത്രമുണ്ടായിരുന്ന പല കോഴ്സുകളിലും ഇപ്പോള്‍ എന്‍ജീനിയറിങ് ബിരുദം നേടാം. ഫുഡ് എന്‍ജിനീയറിങ്, പ്രിന്‍റിങ് ടെക്നോളജി, പോളിമര്‍ എന്‍ജിനീയറിങ് എന്നിവ ഇക്കൂട്ടത്തില്‍ പ്രധാനമാണ്. 
•ഫുഡ് എന്‍ജിനീയറിങ്/ഫുഡ് ടെക്നോളജി
ഇന്ത്യയില്‍ പ്രതിവര്‍ഷം 18 ശതമാനം വളര്‍ച്ചയാണ് സംസ്കരിച്ച ഭക്ഷ്യധാന്യ ഉല്‍പന്നവിപണി രേഖപ്പെടുത്തുന്നത്. വസ്ത്രം കഴിഞ്ഞാല്‍ ഇന്ത്യയുടെ കയറ്റുമതിയില്‍ രണ്ടാംസ്ഥാനം ഭക്ഷ്യോല്‍പന്നങ്ങള്‍ക്കാണ്. അടുത്തകാലംവരെ എം.എസ്സി തല കോഴ്സുകള്‍ മാത്രമായിരുന്നു ഈ വിഷയത്തിലുണ്ടായിരുന്നത്. ബി.ടെക് ഇന്‍ ഫുഡ് ടെക്നോളജി ആദ്യമായി കേരളത്തില്‍ ആരംഭിച്ചത് കൊല്ലം ടി.കെ.എം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലായിരുന്നു. 2011ല്‍ മലപ്പുറം ജില്ലയിലെ തവനൂരിലെ കാര്‍ഷിക സര്‍വകലാശാലയുടെ കീഴിലെ കേളപ്പജി കോളജിലും ഫുഡ് എന്‍ജിനീയറിങ്ങില്‍ ബി.ടെക് ആരംഭിച്ചു. ഇവിടെ കെ.ഇ.എ.എം വഴിയാണ് പ്രവേശം-40 സീറ്റുകള്‍.
പഠിച്ചിറങ്ങുന്നവര്‍ക്കെല്ലാം മികച്ച ഫുഡ് പ്രോസസിങ് കമ്പനികളില്‍ ജോലി ലഭിക്കുന്നു. ഫുഡ് പ്രോസസിങ് മെഷീനുകള്‍ നിര്‍മിക്കുന്ന വന്‍ കമ്പനികളിലും അവസരങ്ങളുണ്ട്. പ്രോഡക്ട് ഡെവലപ്മെന്‍റ്, ടെക്നിക്കല്‍ മാനേജ്മെന്‍റ്, ഹൈജീന്‍ ആന്‍ഡ് ഫുഡ് സേഫ്റ്റി എന്നീ വിവിധ മേഖലകളുള്ള നിര്‍മാണക്കമ്പനികളിലും ഇവര്‍ക്ക് വന്‍ ഡിമാന്‍ഡാണ്. വന്‍ കമ്പനികളിലെ റിസര്‍ച് ആന്‍ഡ് ഡെവലപ്മെന്‍റ് വിഭാഗത്തിലും ജോലി ലഭിക്കും. ഇന്ത്യയിലും വിദേശത്തും വന്‍സാധ്യതയുള്ള രംഗമാണിത്.
ഉപരിപഠനം നടത്തുന്നവര്‍ക്കായി മികച്ച ദേശീയസ്ഥാപനവും ഈ ബ്രാഞ്ചിലുണ്ട്. ഹരിയാനയിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്നോളജി ആന്‍ഡ് എന്‍റര്‍പ്രണര്‍ഷിപ് ആന്‍ഡ് മാനേജ്മെന്‍റ് എന്ന ലോകപ്രശസ്ത സ്ഥാപനത്തില്‍ ഫുഡ് ടെക്നോളജി ആന്‍ഡ് മാനേജ്മെന്‍റ്, ഫുഡ് പ്രോസസിങ് എന്‍ജിനീയറിങ് ആന്‍ഡ് മാനേജ്മെന്‍റ്, ഫുഡ് പ്ളാന്‍റ് ഓപറേഷന്‍സ് ആന്‍ഡ് മാനേജ്മെന്‍റ്, ഫുഡ് സേഫ്റ്റി ആന്‍ഡ് ക്വാളിറ്റി കണ്‍ട്രോള്‍, ഫുഡ് സപൈ്ള ചെയിന്‍ മാനേജ്മെന്‍റ് എന്നിവയില്‍ എം.ടെക് എടുക്കാം. 
തമിഴ്നാട്ടിലെ തഞ്ചാവൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ക്രോപ് പ്രോസസിങ് ടെക്നോളജി എന്ന സ്ഥാപനത്തിലും ഇവര്‍ക്ക് എം.ടെക് ചെയ്യാം. രണ്ടു സ്ഥാപനങ്ങളിലും എല്ലാവര്‍ക്കും പ്ളേസ്മെന്‍റ് ഉറപ്പാണ്.
•ഇന്‍ഡസ്ട്രിയല്‍ എന്‍ജിനീയറിങ്
എന്‍ജിനീയറിങ് ലിസ്റ്റില്‍ ആദ്യം വരുന്നവര്‍ക്കാണ് ഈ ബ്രാഞ്ചില്‍ പ്രവേശം. കാരണം തിരുവനന്തപുരത്തെ കോളജ് ഓഫ് എന്‍ജിനീയറിങ്ങില്‍ മാത്രമാണ് ഈ ബ്രാഞ്ചുള്ളത്. മനുഷ്യവിഭവശേഷിയും മെറ്റീരിയല്‍സും ഫലപ്രദമായി ഉപയോഗിച്ച് വ്യവസായങ്ങളെയും കമ്പനികളെയും മികവുറ്റതാക്കാന്‍ പരിശീലിപ്പിക്കുന്ന രംഗമാണിത്. കമ്പനികളുടെ ഉല്‍പാദനക്ഷമത വര്‍ധിപ്പിക്കുന്നതില്‍ ഇവരുടെ സേവനം വലുതാണ്. അടിസ്ഥാനവിഷയങ്ങള്‍ക്ക് പുറമേ വര്‍ക് സ്റ്റഡി ആന്‍ഡ് എര്‍ഗണോമിക്സ്, സപൈ്ള ചെയിന്‍ ആന്‍ഡ് ലോജിസ്റ്റിക് മാനേജ്മെന്‍റ്, അഡ്വാന്‍സ്ഡ് ഓപറേഷന്‍ റിസര്‍ച്, ക്വാളിറ്റി എന്‍ജിനീയറിങ്, റിലയബിലിറ്റി എന്‍ജിനീയറിങ്, ക്രിയേറ്റിവിറ്റി ആന്‍ഡ് പ്രോഡക്ട് ഡെവലപ്മെന്‍റ് തുടങ്ങിയ വിഷയങ്ങളെല്ലാം പാഠ്യപദ്ധതിയിലുണ്ട്.
കേരളത്തില്‍ ഇതേ ബ്രാഞ്ചില്‍ എം.ടെക് കോഴ്സുകള്‍ വിവിധ സ്വാശ്രയ കോളജുകളിലുണ്ട്. മറ്റുചില ബ്രാഞ്ചുകളിലുള്ളവര്‍ക്കും ഇന്‍ഡസ്ട്രിയല്‍ എന്‍ജിനീയറിങ്ങില്‍ എം.ടെക് ചെയ്യാം. വിവിധ എന്‍.ഐ.ടികളിലും ഐ.ഐ.ടികളിലും എം.ടെക് ചെയ്യാനും കഴിയും. എം.ടെക് കഴിഞ്ഞാല്‍ ഇന്ത്യയിലും വിദേശ കമ്പനികളിലും മികച്ച പ്ളേസ്മെന്‍റുറപ്പിക്കാം.
  •പ്രിന്‍റിങ് ടെക്നോളജി
പ്രിന്‍റിങ്ങിലും പാക്കേജിങ് ടെക്നോളജിയിലും നടത്തുന്ന പുത്തന്‍ കണ്ടത്തെലുകള്‍ ഏതൊരുല്‍പന്നത്തിന്‍േറയും നിര്‍മാണത്തിലും മാര്‍ക്കറ്റിങ്ങിലും ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യമാണിന്ന്. കേരളത്തില്‍ കാലിക്കറ്റ് സര്‍വകലാശാലയുടെ കീഴിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനീയറിങ് ആന്‍ഡ് ടെക്നോളജിയിലാണ് ഈ ബ്രാഞ്ചുള്ളത്. അത്യാധുനിക പ്രിന്‍റിങ് മെഷീനുകളുടെ രൂപകല്‍പന, പ്രിന്‍റിങ് ഉല്‍പന്നങ്ങളുടെ നിര്‍മാണം, ഡിജിറ്റലൈസേഷന്‍ ഓഫ് പ്രിന്‍റിങ്, പാക്കേജിങ് ടെക്നോളജി, മാനേജ്മെന്‍റ് എന്നിവയെല്ലാം പഠനവിഷയങ്ങള്‍. കെ.ഇ.എ.എം റാങ്കില്‍ താഴെ വരുന്നവര്‍ക്കും ഈ ബ്രാഞ്ച് ലഭിച്ചേക്കാം.
പ്രിന്‍റിങ് മെഷീന്‍ നിര്‍മാണ കമ്പനികള്‍, വന്‍ പത്രസ്ഥാപനങ്ങള്‍, പാക്കേജിങ് ഇന്‍ഡസ്ട്രി എന്നിവയില്‍ ജോലി ലഭിക്കും. കേരളത്തിന് പുറത്താകും മികച്ചജോലികള്‍. വിദേശത്തും ജോലി ലഭിക്കും. ഉപരിപഠനം നടത്തുന്നവര്‍ക്ക് മണിപ്പാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലും ഹരിയാനയിലെ സൊമാനി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആന്‍ഡ് മാനേജ്മെന്‍റിലും എം.ടെക് ചെയ്യാം.
•മറൈന്‍ എന്‍ജിനീയറിങ്
പ്രോമിസിങ് കരിയര്‍ എന്ന് ധൈര്യമായി പറയാവുന്ന രംഗമാണിന്ന് മറൈന്‍ പഠനം. മറൈന്‍ വിഷയത്തിലെ സര്‍ട്ടിഫിക്കറ്റ് കോഴ്സ് പോലും കരിയര്‍ ഉറപ്പാക്കുമെങ്കില്‍ ബി.ടെക് ബിരുദം മികച്ചശമ്പളവും വാഗ്ദാനം ചെയ്യുന്നു. ഇന്ത്യയില്‍ കൊച്ചിന്‍ സര്‍വകലാശാലയിലെ മറൈന്‍ കോഴ്സുള്‍പ്പെടെ 50ഓളം സ്ഥാപനങ്ങളില്‍ മാരിടൈം കോഴ്സുകള്‍ പഠിക്കാം. 
ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിങ്ങിന്‍െറ അംഗീകാരവും ചെന്നൈ ആസ്ഥാനമായുള്ള മാരിടൈം യൂനിവേഴ്സിറ്റിയുടെ അംഗീകാരവും പഠിക്കുന്ന സ്ഥാപനത്തിനുണ്ടോ എന്ന് പരിശോധിക്കണം. മികച്ച സ്ഥാപനങ്ങളില്‍ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങള്‍ക്ക് 60 ശതമാനം മാര്‍ക്കുവീതം പ്ളസ് ടുവിനുള്ളവര്‍ക്കേ അപേക്ഷിക്കാന്‍ കഴിയൂ. കെ.ഇ.എ.എം എന്‍ട്രന്‍സ് വഴി ഈ കോഴ്സില്‍ പ്രവേശമില്ല. കുസാറ്റില്‍ മറൈന്‍ എന്‍ജിനീയറിങ്ങും നേവല്‍ ആര്‍ക്കിടെക്ചര്‍ ആന്‍ഡ് ഷിപ് ടെക്നോളജി എന്ന കോഴ്സുമുണ്ട്. തമിഴ്നാട്ടില്‍ മാരിടൈം കോഴ്സുകള്‍ക്കായി ഡീംഡ് യൂനിവേഴ്സിറ്റിയുമുണ്ട്.
മികച്ച കോഴ്സുകള്‍ മാരിടൈം സര്‍വകലാശാല അതിന്‍െറ വിവിധ സെന്‍ററുകളില്‍ നടത്തുന്നു. സര്‍വകലാശാലയുടെ പ്രത്യേക എന്‍ട്രന്‍സ് വഴിയാണ് പ്രവേശം. എന്നാല്‍, ചുരുക്കം സ്വാശ്രയ കോളജുകളില്‍ ഈ കോഴ്സ് പ്രവേശം ലഭിക്കും. പ്ളേസ്മെന്‍റ് ലഭ്യത പരിശോധിച്ചുവേണം പ്രവേശം ഉറപ്പാക്കാന്‍.
•പോളിമര്‍ എന്‍ജിനീയറിങ് 
വളര്‍ന്നുവരുന്ന റബര്‍/പ്ളാസ്റ്റിക് ഉല്‍പന്നങ്ങളുടെ വ്യവസായസാധ്യത കണ്ടുതുടങ്ങിയ ബി.ടെക് ബ്രാഞ്ചാണിത്. കോട്ടയത്തെ തൊടുപുഴയിലുള്ള എം.ജി സര്‍വകലാശാലയുടെ യൂനിവേഴ്സിറ്റി കോളജ് ഓഫ് എന്‍ജിനീയറിങ്ങിലാണ് ഈ കോഴ്സുള്ളത്. വിവിധ വ്യവസായശാലകളില്‍ തൊഴില്‍ ലഭിക്കുമെങ്കിലും വിദ്യാര്‍ഥികള്‍ പൊതുവേ ഈ ബ്രാഞ്ചിനോട് മുഖംതിരിഞ്ഞ് നില്‍ക്കുകയാണ്. മികച്ച കമ്പനികള്‍ സി.ഐ.പി.ഇ.ടി പോലുള്ള സ്ഥാപനത്തെ ആശ്രയിക്കുന്നതാകാം കാരണം.
അപൈ്ളഡ് ഇലക്ട്രോണിക്സ്
തിരുവനന്തപുരത്തെ സി.ഇ.ടി, കോഴിക്കോട് ഗവണ്‍മെന്‍റ് എന്‍ജിനീയറിങ് കോളജ്, എല്‍.ബി.എസ് കോളജ് തിരുവനന്തപുരം എന്നീ സ്ഥാപനങ്ങളൊഴിച്ചാല്‍ കഴിഞ്ഞവര്‍ഷം മുതല്‍ അപൈ്ളഡിന് സീറ്റുകള്‍ ഒഴിയാന്‍തുടങ്ങി. പ്ളേസ്മെന്‍റുറപ്പാക്കാവുന്ന ഈ സ്ഥാപനങ്ങളില്‍ ഈ ബ്രാഞ്ചിന്‍െറ നില ഭദ്രമാണ്. പേര് സൂചിപ്പിക്കുംപോലെ ഇന്‍സ്ട്രുമെന്‍േറഷന് പ്രാധാന്യം കൊടുത്തുകൊണ്ടാണ് പഠനം. ഇലക്ട്രിക്കല്‍ ഉപകരണങ്ങളുടെ ടെസ്റ്റിങ്, മെഷര്‍മെന്‍റ് മേക്കിങ്, കണ്‍ട്രോള്‍ എന്നിവയാണ് ഫോക്കസ് ചെയ്യുന്നത്. 2015ല്‍ 950 സീറ്റുകളില്‍ 225 സീറ്റുകളില്‍ മാത്രമാണ് ഈ ബ്രാഞ്ചില്‍ പ്രവേശം നടന്നത്. ഈവര്‍ഷവും കാര്യമായ മാറ്റംവരാന്‍ സാധ്യതയില്ല. അടിസ്ഥാനസൗകര്യവും പ്ളേസ്മെന്‍റ് സൗകര്യവുമുള്ള കാമ്പസുകളില്‍ ഈ ബ്രാഞ്ച് എടുക്കാം. എം.ടെകില്‍ ഇന്‍സ്ട്രുമെന്‍േറഷന്‍ എടുത്ത് മികച്ച കരിയര്‍ ഉറപ്പാക്കാന്‍ കഴിയും. പവര്‍ ഇലക്ട്രോണിക്സിലും ഇവര്‍ക്ക് ജോലിതേടാം.
•മെറ്റലര്‍ജി/മെറ്റീരിയല്‍ സയന്‍സ്
സംസ്ഥാനത്ത് അവസാനംവന്ന കോഴ്സാണ് മെറ്റീരിയല്‍ സയന്‍സ് എന്ന മെറ്റലര്‍ജി. കോട്ടയം ജില്ലയിലെ ഒരു സ്വാശ്രയകോളജില്‍ മാത്രമാണീ കോഴ്സ് ഇപ്പോഴുള്ളത്. വിവിധയിനം ലോഹങ്ങളുടേയും ലോഹസങ്കര സാങ്കേതിക ശാസ്ത്രവുമാണ് വിഷയം. ടണ്‍കണക്കിന് ഭാരമുള്ള ഉപകരണങ്ങളുണ്ടാക്കാനുള്ള ലോഹക്കൂട്ടുകള്‍ ഇവര്‍ നിര്‍മിക്കുന്നു. 
മെറ്റീരിയല്‍ കാരക്ടറൈസേഷന്‍, മെക്കാനിക്കല്‍ ബിഹേവിയര്‍ ഓഫ് മെറ്റീരിയല്‍സ്, അയണ്‍ ആന്‍ഡ് സ്റ്റീല്‍ മേക്കിങ്, ഹീറ്റ് ട്രീറ്റ്മെന്‍റ് ഓഫ് മെറ്റല്‍സ്, ഡിഫ്യൂഷന്‍ ഇന്‍ സോളിഡ്സ്, ഇന്‍ഡസ്ട്രിയല്‍ മാനേജ്മെന്‍റ് എന്നിവയാണ് അടിസ്ഥാനവിഷയങ്ങള്‍ക്ക് പുറമേ പഠിക്കേണ്ടത്. വന്‍ കമ്പനികളില്‍ പ്രോസസ് എന്‍ജിനീയര്‍, സ്ട്രെക്ചറല്‍ അനാലിസിസ് എന്‍ജിനീയര്‍, മെറ്റീരിയല്‍ സയന്‍റിസ്റ്റ്, മെറ്റലര്‍ജിസ്റ്റ്, ക്വാളിറ്റി മാനേജര്‍ എന്നീ തസ്തികകളില്‍ ജോലി ലഭിക്കും. തിരുവനന്തപുരത്തെ llSTല്‍ അഡ്വാന്‍സ്ഡ് മെറ്റീരിയല്‍ സയന്‍സിലും മെറ്റീരിയല്‍ എന്‍ജിനീയറിങ്ങിലും എം.ടെക് കോഴ്സുണ്ട്. 
കമ്പ്യൂട്ടര്‍ സയന്‍സ്/ഇന്‍ഫര്‍മേഷന്‍ ടെക്നോളജി
ഐ.ടിയും കമ്പ്യൂട്ടറുമില്ലാതെ ഇനി ലോകത്തിന് മുന്നോട്ടുപോകാന്‍ കഴിയില്ല. താല്‍പര്യമുള്ളവര്‍ക്ക് ബി.ടെക് കഴിഞ്ഞ് എം.ടെകില്‍ സൈബര്‍ സെക്യൂരിറ്റി, വി.എല്‍.എസ്.ഐ ഡിസൈന്‍, ഡാറ്റാ സയന്‍സ് മേഖലയിലേക്ക് പോകാം. ഡാറ്റാ അനലിസ്റ്റ്, ഡാറ്റാ മൈനര്‍ എന്നീ തസ്തികയില്‍ അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ ലോകത്ത് 15 ലക്ഷം ഒഴിവുകളാണുണ്ടാവുന്നത്. ഐ.ടിയും കമ്പ്യൂട്ടര്‍ സയന്‍സും കഴിഞ്ഞവര്‍ക്കായി ധാരാളം വാല്യൂ ആഡഡ് കോഴ്സുകള്‍ വിദേശ സര്‍വകലാശാലകള്‍ ഓണ്‍ലൈന്‍വഴി നടത്തുന്നുണ്ട്. ഇത്തരം കോഴ്സുകളും ജോലി ഉറപ്പാക്കും. ഇന്ത്യയില്‍ വ്യാപിക്കുന്ന ഇ-കോമേഴ്സ് വിപണിയില്‍ ഡിജിറ്റല്‍ മാര്‍ക്കറ്റിങ് പരിശീലനം കഴിയുന്നവര്‍ക്ക് ജോലി ലഭിക്കും. ഇന്ന് ഏതൊരു വ്യവസായത്തിനും ഐ.ടി വിദഗ്ധനെ ആവശ്യമുണ്ട്. ബി.ടെക് കമ്പ്യൂട്ടര്‍ സയന്‍സും ഐ.ടിയും ഒഴിവാക്കേണ്ട.
•ബയോടെക്നോളജി
ബയോ കെമിക്കല്‍ ആന്‍ഡ് ബയോടെക്നോളജി കോഴ്സ് വിപ്ളവകരമായ തുടക്കമായിരുന്നെങ്കിലും കരിയര്‍സാധ്യതകളെ പ്രതീക്ഷിച്ചപോലെ ഉയര്‍ത്തിയില്ല. എന്‍.ഐ.ടികളില്‍പോലും വലിയ ഡിമാന്‍ഡില്ലാത്ത കോഴ്സിന് പ്രിയം കുറയുമെന്ന് പറയേണ്ടതില്ല. വലിയ താല്‍പര്യമില്ളെങ്കില്‍ ഈ ബ്രാഞ്ചില്‍ കരിയര്‍ ഉറപ്പാക്കാന്‍ പ്രയാസമാണ്. ചില ഐ.ഐ.ടികളിലും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലും ഉപരിപഠനം നടത്താന്‍ കഴിയുമെങ്കില്‍ കരിയര്‍ ഉറപ്പാക്കാം. കേരളത്തില്‍ അഞ്ചു കോളജുകളിലാണ് ഈ ബ്രാഞ്ചുള്ളത്. ആലപ്പുഴ ജില്ലയിലെ കോളജില്‍ എം.ടെക് ചെയ്യാന്‍ സൗകര്യമുണ്ടെങ്കിലും കരിയര്‍ കണ്ടത്തെുക ശരാശരി വിദ്യാര്‍ഥികളെ സംബന്ധിച്ച് വെല്ലുവിളിയാണ്.
•എംപ്ളോയബിലിറ്റി സ്കില്‍
ബി.ടെക് പഠനത്തോടൊപ്പം വിദ്യാര്‍ഥികള്‍ എംപ്ളോയബിലിറ്റി സ്കില്‍കൂടി (തൊഴില്‍ നിപുണത) ആര്‍ജിക്കേണ്ടത് ഇന്നത്തെ കാലത്ത് കരിയര്‍ ഉറപ്പാക്കാന്‍ ആവശ്യമാണ്. ബി.ടെക്കില്‍ നേടുന്ന മാര്‍ക്ക് മാത്രം പരിഗണിച്ചല്ല കമ്പനികള്‍ പ്ളേസ്മെന്‍റ് നല്‍കുന്നത്. പഠിക്കുന്ന വിഷയത്തിലെ നിപുണതക്ക് പുറമേ തീരുമാനമെടുക്കാനുള്ള കഴിവും ഇച്ഛാശക്തിയും ആശയസമ്പുഷ്ടതയും കമ്യൂണിക്കേഷന്‍ സ്കില്ലുമെല്ലാം കോര്‍പറേറ്റുകള്‍ പരിഗണിക്കും.  ഇതിലൊന്നും മികവുകാട്ടാതെ പ്ളേസ്മെന്‍റ് ലഭിക്കാതെവരുമ്പോള്‍ പഠിച്ചവിഷയത്തിന്‍െറ കുറ്റമായി വ്യാഖ്യാനിക്കാതിരിക്കുക. മികച്ച എന്‍ജിനീയര്‍മാര്‍ ഒരു രാജ്യത്തിന്‍െറ സമ്പത്താണെന്നും മറക്കേണ്ട.

(അവസാനിച്ചു)
ഫോണ്‍: 9446192825
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.