ചാര്‍ട്ടേഡ് എന്‍ജിനീയര്‍: ആര്? എങ്ങനെ?

എന്‍ജിനീയറിങ് പഠനം വളരെ ശ്രദ്ധയോടെയും പണച്ചെലവോടെയും നടത്തുന്ന ഈ കാലഘട്ടത്തില്‍ നിലവാരമുള്ള എന്‍ജിനീയറിങ് പഠനം നല്‍കാനായി കൊല്‍ക്കത്ത കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ‘ഇന്‍സ്റ്റിറ്റ്യൂഷന്‍ ഓഫ് എന്‍ജിനീയേഴ്സ്’ നടത്തുന്ന ‘ദി അസോസിയേറ്റ് മെംബര്‍ഷിപ് ഓഫ് ദി ഇന്‍സ്റ്റിറ്റ്യൂഷന്‍ ഓഫ് എന്‍ജിനീയേഴ്സ് (ഇന്ത്യ) എന്ന പരീക്ഷക്ക് രാജ്യത്ത് വളരെയേറെ സ്വീകാര്യത ലഭിച്ചിരിക്കുന്നു. എ.എം.ഐ.ഇ എന്ന ചുരുക്കപ്പേരിലാണ് ഈ കോഴ്സ് അറിയപ്പെടുന്നത്. 
ഈ പരീക്ഷ പാസാകുന്നതിലൂടെ ഇവര്‍ അറിയപ്പെടുന്നത് ‘ചാര്‍ട്ടേഡ് എന്‍ജിനീയര്‍’ എന്ന പേരിലാണ്. എ.എം.ഐ.ഇ പാസായാല്‍, ഈ ബിരുദം ബി.ഇ/ബി.ടെക് ബിരുദങ്ങള്‍ക്ക് തുല്യമായി അംഗീകരിച്ച് കേരളത്തിലെ സര്‍വകലാശാലകളും സര്‍ട്ടിഫിക്കറ്റ് നല്‍കുന്നുണ്ട്. യൂനിയന്‍ പബ്ളിക് സര്‍വിസ് കമീഷന്‍ എ.എം.ഐ.ഇയെ അംഗീകരിച്ചിട്ടുള്ളതിനാല്‍ കമീഷന്‍ നടത്തുന്ന സിവില്‍ സര്‍വിസ് പരീക്ഷ, ഇന്ത്യന്‍ എന്‍ജിനീയറിങ് സര്‍വിസ്, ഗേറ്റ് അടക്കമുള്ള പരീക്ഷകള്‍ എഴുതാന്‍ കഴിയും. 
കേരളത്തിലെ സര്‍വകലാശാലകള്‍ അംഗീകരിച്ചതാണ് ഈ പരീക്ഷ എന്നതിനാല്‍ കേരള പബ്ളിക് സര്‍വിസ് കമീഷന്‍ നടത്തുന്ന പരീക്ഷകള്‍ക്കും അപേക്ഷിക്കാനുള്ള യോഗ്യതയാണ്. ഇവിടെ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യം. എ.എം.ഐ.ഇ യോഗ്യത അധ്യാപനജോലിക്കുള്ള യോഗ്യതയായി അംഗീകരിക്കുന്നില്ല എന്നതാണ്.
ടെക്നീഷ്യന്‍ മെംബര്‍ഷിപ്, സീനിയര്‍ ടെക്നീഷ്യന്‍ മെംബര്‍ഷിപ് എന്ന രണ്ടുതരത്തിലുള്ള പ്രോഗ്രാമുകളാണ് എന്‍ജിനീയേഴ്സ് ഇന്ത്യ നടത്തുന്നത്. വ്യത്യസ്തമായ പ്രോഗ്രാമിലേക്ക് സാധാരണ രണ്ടു പ്രാവശ്യമാണ് പരീക്ഷ നടത്തുന്നത്. മേയ്/ജൂണ്‍ മാസങ്ങളിലും നവംബര്‍/ഡിസംബര്‍ മാസങ്ങളിലും.
ടെക്നീഷ്യന്‍ മെംബര്‍ഷിപ്
45 ശതമാനം മാര്‍ക്കോടെ പ്ളസ് ടു പാസായവര്‍ക്കും ടെക്നീഷ്യന്‍ മെംബര്‍ഷിപ്പിന് അപേക്ഷിക്കാം. 12ാം ക്ളാസ് പഠനകാലത്ത് ഇംഗ്ളീഷ് നിര്‍ബന്ധമായും പഠിച്ചിരിക്കണം.
ഫിസിക്സ്, കെമിസ്ട്രി, മാത്സ് (പി.സി.എം) വിഷയങ്ങളില്‍ പ്ളസ് ടു പരീക്ഷയില്‍ 45 ശതമാനം മാര്‍ക്കും നിര്‍ബന്ധമായും നേടിയിട്ടുണ്ടാകണം. പ്രായം 18 വയസ്സ് തികഞ്ഞിട്ടുണ്ടാകണം. മുകളില്‍ സൂചിപ്പിച്ച യോഗ്യത നേടിയവരല്ലാതെ കേരള സര്‍ക്കാര്‍ നടത്തുന്ന വി.എച്ച്.എസ്.സി പാസായവര്‍ക്കും ഫിസിക്സ്, കെമിസ്ട്രി, മാത്സ് എന്നീ വിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്ന ബി.എസ്സി ബിരുദം നേടിയവര്‍ക്കും പരീക്ഷക്ക് അപേക്ഷിക്കാന്‍ യോഗ്യതയുണ്ട്. 
‘നാഷനല്‍ ഓപണ്‍ സ്കൂള്‍’ നടത്തുന്ന സീനിയര്‍ സെക്കന്‍ഡറി സ്കൂള്‍ പരീക്ഷ നിശ്ചിത ശതമാനം മാര്‍ക്കോടെ വിജയിച്ചവര്‍ക്കും ഈ പരീക്ഷ എഴുതാന്‍ യോഗ്യത നേടിയവരാണ്.
സീനിയര്‍ ടെക്നീഷ്യന്‍ മെംബേഴ്സ്
സീനിയര്‍ ടെക്നീഷ്യന്‍ മെംബറാകാന്‍ കുറഞ്ഞത് 18 വയസ്സ് കഴിഞ്ഞിട്ടുണ്ടാകണം.
കൂടാതെ എന്‍ജിനീയറിങ് ഡിപ്ളോമയും ഉണ്ടായിരിക്കണം.
എന്‍ജിനീയറിങ് ഡിപ്ളോമ ഇല്ലാത്തവര്‍ക്ക് നിര്‍ബന്ധമായും എ.എം.ഐ.ഇ നടത്തുന്ന ടെക്നീഷ്യന്‍ മെംബര്‍ഷിപ്പുണ്ടായിരിക്കണം.
പരീക്ഷ
സെക്ഷന്‍- എ പരീക്ഷ, സെക്ഷന്‍-ബി പരീക്ഷ, കൂടാതെ പ്രോജക്ട് വര്‍ക്ക്, ലാബ് പരിചയം എന്നിവ ഉള്‍പ്പെട്ടതാണ് എ.എം.ഐ.ഇ പ്രോഗ്രാം. വര്‍ഷത്തില്‍ രണ്ടുതവണ നടത്തുന്ന പരീക്ഷക്ക് തിരുവനന്തപുരത്തും കൊച്ചിയിലും പരീക്ഷാകേന്ദ്രങ്ങളുണ്ട്.
സെക്ഷന്‍ എ പരീക്ഷ
സെക്ഷന്‍-എ പരീക്ഷ ഡിപ്ളോമ സ്ട്രീം, നോണ്‍ ഡിപ്ളോമ സ്ട്രീം എന്നിങ്ങനെ രണ്ടായാണ് നടത്തുന്നത്. ടെക്നീഷ്യന്‍ മെംബര്‍ഷിപ്പിനുള്ളതാണ് നോണ്‍ ഡിപ്ളോമ സ്ട്രീം.
താഴെ പറയുന്ന വിഷയങ്ങളാണ് സെക്ഷന്‍-എ പരീക്ഷയിലെ സിലബസ്:
ഫണ്ടമെന്‍റല്‍ ആന്‍ഡ് ഡിസൈന്‍ മാനുഫാക്ചറിങ്
മെറ്റീരിയല്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ്
കമ്പ്യൂട്ടിങ് ആന്‍ഡ് ഇന്‍ഫര്‍മാറ്റിക്സ്
സൊസൈറ്റി ആന്‍ഡ് എന്‍വയണ്‍മെന്‍റ്
മെക്കാനിക്കല്‍ സയന്‍സ്
ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍സ്ട്രുമെന്‍േറഷന്‍
എന്‍ജിനീയറിങ് ആന്‍ഡ് മാത്തമാറ്റിക്സ്
എന്‍ജിനീയറിങ് ഡ്രോയിങ് ആന്‍ഡ് ഗ്രാഫിക്സ്
ഇലക്ട്രിക്കല്‍ സയന്‍സ്
എന്‍ജിനീയറിങ് ഫിസിക്സ് ആന്‍ഡ് കെമിസ്ട്രി.
എന്നാല്‍, ഡിപ്ളോമ സ്ട്രീമില്‍ താഴെ പറയുന്ന വിഷയങ്ങളേ പരീക്ഷാ സിലബസില്‍ ഉള്‍പ്പെടുന്നുള്ളൂ:
ഫണ്ടമെന്‍റല്‍ ആന്‍ഡ് ഡിസൈന്‍ മാനുഫാക്ചറിങ്
മെറ്റീരിയല്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ്
കമ്പ്യൂട്ടിങ് ആന്‍ഡ് ഇന്‍ഫര്‍മാറ്റിക്സ്
സൊസൈറ്റി ആന്‍ഡ് എന്‍വയണ്‍മെന്‍റ്
ഓരോ വിഷയത്തിനും 100 മാര്‍ക്ക് വീതമുള്ള പരീക്ഷയാണ്. മൂന്നുമണിക്കൂറാണ് ദൈര്‍ഘ്യം. ഒരു ടേമില്‍ നാലു വിഷയങ്ങളേ എഴുതാന്‍ കഴിയൂ.
സെക്ഷന്‍ ബി പരീക്ഷ
സെക്ഷന്‍ ബി പരീക്ഷ അതത് ഓപ്ഷനല്‍ വിഷയവുമായി ബന്ധപ്പെട്ടതാണ്. വിദ്യാര്‍ഥികള്‍ തെരഞ്ഞെടുക്കുന്ന ഓപ്ഷന്‍ ബ്രാഞ്ചാണിത്. താഴെ പറയുന്നവയാണ് ഇന്‍സ്റ്റിറ്റ്യൂഷന്‍ ഓഫ് എന്‍ജിനീയേഴ്സ് നല്‍കുന്ന എന്‍ജിനീയറിങ് ബ്രാഞ്ചുകള്‍:
കെമിക്കല്‍ എന്‍ജിനീയറിങ്
സിവില്‍ എന്‍ജിനീയറിങ്
കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ്
മെക്കാനിക്കല്‍ എന്‍ജിനീയറിങ്
ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്
ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്
മെറ്റീരിയല്‍ ആന്‍ഡ് മെറ്റലര്‍ജിക്കല്‍ എന്‍ജിനീയറിങ്
മെക്കാനിക് എന്‍ജിനീയറിങ്
പ്രൊഡക്ഷന്‍ എന്‍ജിനീയറിങ്
ടെക്സ്റ്റൈല്‍ എന്‍ജിനീയറിങ്
എയറോസ്പേസ് എന്‍ജിനീയറിങ്
അഗ്രികള്‍ചറല്‍ എന്‍ജിനീയറിങ്
ആര്‍കിടെക്ചറല്‍ എന്‍ജിനീയറിങ്
മെറ്റല്‍ എന്‍ജിനീയറിങ്
സെക്ഷന്‍ ബി പരീക്ഷയില്‍ ഓരോ ബ്രാഞ്ചിലും ഒമ്പതു വിഷയങ്ങളുണ്ടാകും. ആറു വിഷയങ്ങള്‍ നിര്‍ബന്ധമായും പഠിക്കേണ്ടതും മാറ്റം അനുവദിക്കാത്തതുമാണ്. എന്നാല്‍, ശേഷിക്കുന്ന വിഷയങ്ങള്‍ ഓപ്ഷനലാണ്. ഇവിടെയും മൂന്നുമണിക്കൂര്‍ ദൈര്‍ഘ്യമുള്ള 100 ചോദ്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന പരീക്ഷകളാണ്. ഒരു ടേമില്‍ നാലു പരീക്ഷകള്‍ മാത്രമേ പരീക്ഷാര്‍ഥിക്കെഴുതാന്‍ അനുവാദമുള്ളൂ.
പരീക്ഷകളില്‍ 50 ശതമാനം മാര്‍ക്ക് നേടിയാല്‍ മാത്രമേ യോഗ്യത നേടിയതായി ഇന്‍സ്റ്റിറ്റ്യൂട്ട് പ്രഖ്യാപിക്കൂ. ഇതാവട്ടെ സി ഗ്രേഡാണ്. സി ഗ്രേഡ് കിട്ടുന്നവരെ മാത്രമേ വിജയികളായി പ്രഖ്യാപിക്കുകയുള്ളൂ. ഈ പരീക്ഷകള്‍ പാസാകുന്നതിന് അപേക്ഷകന് 12 വര്‍ഷംവരെയുള്ള സമയം ഇന്‍സ്റ്റിറ്റ്യൂട്ട് നല്‍കുന്നുണ്ട്. 
സെക്ഷന്‍ ബി പരീക്ഷയില്‍ അഞ്ചു വിഷയങ്ങള്‍ക്കെങ്കിലും സി ഗ്രേഡ് എക്സ്പിരിമെന്‍റിന് അനുമതി ലഭിക്കും. ഇതിന് 100 മാര്‍ക്കിന്‍െറ പരീക്ഷയാണ്. വിജയിക്കാന്‍ ബി ഗ്രേഡ് ആവശ്യമാണ്. 55നും 60നും ഇടയിലുള്ള മാര്‍ക്കാണ് വിജയത്തിനാവശ്യം. ഇതുകൂടി പൂര്‍ത്തിയാകുന്നതോടെ ഇന്‍സ്റ്റിറ്റ്യൂഷന്‍ ഓഫ് എന്‍ജിനീയേഴ്സിന്‍െറ കോര്‍പറേറ്റ് മെംബറാകും.
കോളജുകളില്‍ പോയി എന്‍ജിനീയറിങ് പഠനം നടത്താന്‍ കഴിയാത്ത ആയിരക്കണക്കായ എന്‍ജിനീയറിങ് പഠനതാല്‍പര്യമുള്ള വിദ്യാര്‍ഥികളുടെ സ്വപ്നങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ എ.എം.ഐ.ഇ പരീക്ഷ സഹായിച്ചിട്ടുണ്ട്. ഇന്നും ഇത് തുടര്‍ന്നുകൊണ്ടിരിക്കുന്നു. കേരളത്തില്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍െറ ആസ്ഥാനം തിരുവനന്തപുരത്താണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക: www.amieindia.net, www.amiestudycircle.com, www.ieindia.net
 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.