ജീവിതത്തിൽ തങ്ങളുടെ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കാൻ കഴിയാതെ പോകുന്ന ഒരുപാട് മനുഷ്യരുണ്ട്. എന്നാൽ തനിക്ക് കിട്ടാതെപോയ അവസരം മറ്റുള്ളവർക്ക് ഒരുക്കി നൽകാനായി പരിശ്രമിക്കുന്നവർ വളരെ കുറവാണ്. തന്‍റെ ഐ.എ.ഐടി മോഹങ്ങൾ യാഥാർഥ്യമാക്കാൻ കഴിഞ്ഞില്ലെങ്കിലും ജെ.ഇ.ഇ, നീറ്റ് സ്വപ്നങ്ങളുമായി ജീവിക്കുന്ന ഒരുപാട് വിദ്യാർഥികളുടെ സ്വപ്നം യാഥാർഥ്യമാനുള്ള ശ്രമത്തിലാണ് ബിഹാറുകാരിയായ നിഭ.
കുടുംബത്തിൽ നിന്നു പിന്തുണ ലഭിക്കാത്തതിനാൽ ഐ.ഐ.ടിയിൽ പ്രവേശനം നേടുക എന്ന സ്വപ്നം നിഭക്ക് പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നു. എന്നാൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് എൻജിനീയർമാരും ഡോക്ടർമാരുമാവാനും തെയ്യാറെടുക്കുന്ന 90ലധികം വിദ്യാർഥികളുടെ അധ്യാപകയാണ് ഇപ്പോൾ അവർ.
ഐ.ഐ.ടിയിൽ പഠിക്കണമെന്നത് നിഭയുടെ വലിയ ആഗ്രഹമായിരുന്നു. പ്രവേശനം നേടാനായി പരീക്ഷയും എഴുതി. ജെ.ഇ.ഇ മെയിൻസ് നേടിയെങ്കിലും കട്ട്ഓഫ് മാർക്കിന് എട്ടു മാർക്ക് കുറവായതിനാൽ ജെ.ഇ.ഇ അഡ്വാൻസിന് യോഗ്യത നേടാനായില്ല. ഒരുവർഷം കൂടി മത്സരപരീക്ഷക്ക് വേണ്ടി തെയാറെടുപ്പുകൾ നടത്താനുള്ള നിഭയുടെ ആഗ്രഹത്തെ കുടുംബം പിന്തുണച്ചില്ല. ജെ.ഇ.ഇക്ക് ശ്രമിച്ച് ഒരു വർഷം കൂടി കളയേണ്ടെന്ന് അച്ഛൻ പറഞ്ഞതോടെ നിഭയുടെ ഐ.ഐ.ടി മോഹവും അവസാനിച്ചു.
എന്നാൽ ജെ.ഇ.ഇ, നീറ്റ് എന്നീ മത്സര പരീക്ഷകൾക്ക് തെയാറെടുന്നവരെ സഹായിക്കാൻ നിഭ തീരുമാനിക്കുകയായിരുന്നു. പരിശീലനം നൽകാനായി പരമാവധി പത്ത് മണിക്കൂറുകളാണ് നിഭ ചെലവഴിക്കുന്നത്. ഫിലോ ട്യൂട്ടർ എന്ന പ്ലാറ്റ്‌ഫോമിലൂടെയാണ് നിഭ ഓൺലൈനായി വിദ്യാർഥികളെ പഠിപ്പിക്കുന്നത്.
തന്‍റെ അവസ്ഥ മറ്റാർക്കും ഉണ്ടാവരുതെന്നും പെൺകുട്ടികളെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതിന് സമൂഹം അവർക്ക് പിന്തുണ നൽകണമെന്നും നിഭ പറയുന്നു. എന്നാൽ ഇപ്പോൾ സമൂഹത്തിന്‍റെ കാഴ്ചപ്പാടിൽ മാറ്റം വരുന്നുണ്ടെന്നും ശാസ്ത്രസാങ്കേതിക വിഷയങ്ങൾ പഠിക്കാൻ കുടുംബം പെൺകുട്ടികളെ മാതാപിതാക്കൾ പിന്തുണക്കുന്നതു കാണുമ്പോൾ സന്തോഷം തോന്നുന്നുവെന്നും നിഭ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.