എലിജിബിലിറ്റി, തുല്യതാ സര്‍ട്ടിഫിക്കറ്റുകള്‍

കേരളത്തിനു പുറത്തുനിന്നും വിവിധ ബിരുദങ്ങള്‍ നേടിയ ശേഷം കേരളത്തിലെ സര്‍വകലാശാലകളില്‍ ഉപരിപഠനത്തിനായും, കേരളത്തിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലിക്കായും അപേക്ഷ നല്‍കുന്ന ഘട്ടങ്ങളില്‍ വിദ്യാര്‍ഥികളും ഉദ്യോഗാര്‍ഥികളും എപ്പോഴും കേള്‍ക്കുന്ന രണ്ടുപദങ്ങളാണ് ‘എലിജിബിലിറ്റി സര്‍ട്ടിഫിക്കറ്റ്, ഇക്വലന്‍സി സര്‍ട്ടിഫിക്കറ്റ്’. എന്താണ് ഈ സര്‍ട്ടിഫിക്കറ്റുകള്‍? എവിടെനിന്നാണിതു ലഭിക്കുന്നത്? എന്തൊക്കെ നടപടികളാണ് ഇതു ലഭിക്കുന്നതിനായി അനുവര്‍ത്തിക്കേണ്ടത്?
എലിജിബിലിറ്റി / തുല്യതാ സര്‍ട്ടിഫിക്കറ്റുകള്‍
കേരളത്തിലെ ഏതെങ്കിലും സര്‍വകലാശാല കേരളത്തിലേയോ, കേരളത്തിനു പുറത്തുള്ള ഏതെങ്കിലും ഒരു സര്‍വകലാശാലയുടെ ഡിഗ്രി അംഗീകാരം നല്‍കുന്ന സര്‍വകലാശാല അംഗീകരിച്ചിട്ടുണ്ട് എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്ന സര്‍ട്ടിഫിക്കറ്റാണ് എലിജിബിലിറ്റി സര്‍ട്ടിഫിക്കറ്റ്. നിലവില്‍ കേരളത്തിലെ സര്‍വകലാശാലകള്‍ പൊതുവെ യൂനിവേഴ്സിറ്റി ഗ്രാന്‍റസ് കമീഷനും. അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ യൂനിവേഴ്സിറ്റിസും അംഗീകരിച്ചുള്ള  ഇന്ത്യയിലെ എല്ലാ സര്‍വകലാശാലകളുടെയും റഗുലര്‍ ബിരുദ ബിരുദാനന്തര ഡിഗ്രികള്‍ അംഗീകരിച്ചിട്ടുണ്ട്. എന്നാല്‍, ആനുകൂല്യം കേരളത്തിനു വെളിയിലുള്ള സര്‍വകലാശാലകള്‍ നടത്തുന്ന വിദൂര വിദ്യാഭ്യാസത്തിന് (Distant Education) ലഭിക്കില്ല. ഇവിടെ വിദ്യാര്‍ഥികള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം വിദ്യാര്‍ഥി പഠിച്ചിട്ടുള്ള ബിരുദ, ബിരുദാനന്തര ബിരുദകോഴ്സുകള്‍ റെഗുലറായി  പഠിച്ചാണ് പാസായതെന്നും തെളിയിക്കാന്‍ അംഗീകാരം ആവശ്യപ്പെടുന്ന  സ്ഥാപനത്തില്‍നിന്നും നല്‍കിയിട്ടുള്ള വിടുതല്‍ സര്‍ട്ടിഫിക്കറ്റി (Transfer Certificate) ന്‍െറ പകര്‍പ്പ് എലിജിബിലിറ്റി സര്‍ട്ടിഫിക്കറ്റിനായുള്ള അപേക്ഷയോടൊപ്പം നിര്‍ബന്ധമായും സമര്‍പ്പിക്കണം.  വിടുതല്‍ സര്‍ട്ടിഫിക്കറ്റ് നഷ്ടമായവര്‍ക്ക് കോളജ് പ്രിന്‍സിപ്പല്‍ നല്‍കുന്ന ബോണാഫൈഡ് സര്‍ട്ടിഫിക്കറ്റിന്‍െറ പകര്‍പ്പ് സമര്‍പ്പിക്കണം.
ഇത്തരം ഒരു വിശദാംശം ഇതുമായി ബന്ധപ്പെട്ടു നല്‍കാന്‍ കാരണം വിവിധ സര്‍വകലാശാലകള്‍  ‘പാര്‍ട്നര്‍ഷിപ് ഇന്‍സ്റ്റിറ്റ്യൂഷന്‍ എന്ന പേരില്‍ സ്ഥാപനങ്ങള്‍ പലയിടത്തും നടത്തുകയും അത്തരം സ്ഥാപനങ്ങള്‍ റഗുലര്‍ സ്ഥാപനങ്ങളായി കുട്ടികള്‍ വിശ്വസിച്ച് പഠനം നടത്താറുമുണ്ട്. ലോകത്തില്‍തന്നെ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പഠിക്കുന്ന ഇന്ദിര ഗാന്ധി ദേശീയ നാഷനല്‍ ഓപണ്‍ യൂനിവേഴ്സിറ്റി, ന്യൂഡല്‍ഹിപോലും മുകളില്‍ സൂചിപ്പിച്ച സ്ഥാപനങ്ങളുടെ  രൂപത്തില്‍ ഇന്ത്യയുടെ പലഭാഗത്തും സ്ഥാപനങ്ങളും കോഴ്സുകളും നടത്തുന്നുണ്ട്. കേരളത്തിലെ സര്‍വകലാശാലകള്‍ ഇത്തരം ബിരുദ ബിരുദാനന്തര ബിരുദങ്ങളെ വിദൂര വിദ്യാഭ്യാസത്തിന്‍െറ ഗണത്തിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ആയതിനാല്‍ മുകളില്‍ സൂചിപ്പിച്ച റഗുലര്‍ പഠനക്രമത്തില്‍ ഉള്‍പ്പെടുന്നില്ല. കൂടാതെ മറ്റ് സര്‍വ കലാശാലയുടെ കോഴ്സുകള്‍ക്ക് കേരളത്തിലെ ഏതെങ്കിലും സര്‍വകലാശാല അംഗീകാരം നല്‍കുമ്പോള്‍ ആ ബിരുദമോ ബിരുദാന്തര ബിരുദമോ പഠിക്കാന്‍ ആവശ്യപ്പെടുന്ന ‘ക്വാളിഫൈയിങ് ഡിഗ്രി’ കളും കോഴ്സുകളും പ്രസ്തുത സര്‍വകലാശാല അംഗീകരിച്ചിട്ടുണ്ടെങ്കില്‍ മാത്രമേ പ്രസ്തുത ഡിഗ്രി അംഗീകരിച്ച് എലിജിബിലിറ്റി സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കൂ. 
തുല്യത സര്‍ട്ടിഫിക്കറ്റ് 
കേരളത്തിലെ ഒരു സര്‍വകലാശാല അംഗീകരിച്ച മറ്റേതെങ്കിലും ഒരു സര്‍വകലാശാലയുടെ ബിരുദവും ബിരുദാനന്തര ബിരുദങ്ങളും തുല്യതാ സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന സര്‍വകലാശാലയുടെ അതേ കോഴ്സിനു തുല്യമാണ് എന്ന് സാക്ഷ്യപ്പെടുത്തി നല്‍കുന്ന സര്‍ട്ടിഫിക്കറ്റുണ്ട്. യൂനിവേഴ്സിറ്റി ഗ്രാന്‍റസ് കമീഷനും, അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍  യൂനിവേഴ്സിറ്റീസ് അംഗീകരിച്ചിട്ടുള്ള റഗുലര്‍ കോഴ്സുകള്‍ക്ക് എലിജിബിലിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കും വിധം തുല്യതാ സര്‍ട്ടിഫിക്കറ്റ് കേരളത്തിലെ സര്‍വകലാശാലകള്‍ നല്‍കുന്നില്ല. തുല്യത സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ താഴെപ്പറയുന്ന കാര്യങ്ങള്‍ കൂടി അനുകൂലം ആകേണ്ടതുണ്ട്.
•തുല്യത ആവശ്യപ്പെടുന്ന ബിരുദ ബിരുദാനന്തര ഡിഗ്രിയുടെ പേരുപോലെ തന്നെയുള്ള പേരോടുകൂടിയ ഒരു പ്രോഗ്രാം തുല്യത നല്‍കുന്ന സര്‍വകലാശാലയില്‍ നടക്കുന്നുണ്ടാകണം.
•തുല്യത ആവശ്യപ്പെടുന്ന ബിരുദ ബിരുദാനന്തര പ്രോഗ്രാമുകള്‍ ഒരേ ‘ഫാക്കല്‍ടി’ ക്കു കീഴിലായിരിക്കണം രണ്ടു സര്‍വകലാശാലകളും നടത്തുന്നത്.
•തുല്യത ആവശ്യപ്പെടുന്ന ബിരുദ ബിരുദാനന്തര ഡിഗ്രികളുടെ പഠനകാലഘട്ടം തുല്യമായിരിക്കണം.
മുകളില്‍ സൂചിപ്പിച്ച നിബന്ധനക്കു വിധേയമായി റഗുലറായി നടത്തപ്പെടുന്ന ബിരുദ, ബിരുദാനന്തര ബിരുദത്തിനാണ് കേരളത്തിലെ സര്‍വകലാശാലകള്‍ തുല്യതാ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്.
കേരളത്തിനു പുറത്തുനിന്നും എന്നാല്‍, ഇന്ത്യയില്‍ മറ്റ് സ്ഥാപനങ്ങളിലെ സര്‍വകലാശാലകളുടെ ബിരുദ ബിരുദാനന്തര ഡിഗ്രികള്‍ കേരളത്തിലെ സര്‍ക്കാര്‍ ജോലികള്‍ക്കും, സമാന ആവശ്യങ്ങള്‍ക്കുമായി പരിഗണിക്കപ്പെടുന്ന ഘട്ടത്തിലാണ് തുല്യതാ സര്‍ട്ടിഫിക്കറ്റാവശ്യമാകുന്നത്. എന്നാല്‍, ഉപരിപഠനാവശ്യത്തിന് എലിജിബലിറ്റി സര്‍ട്ടിഫിക്കറ്റാണ് സാധാരണ കേരളത്തിലെ സര്‍വകലാശാലകള്‍ നല്‍കുന്നത്.
റഗുലര്‍ ഡിഗ്രികളില്‍നിന്നും ഭിന്നമായി കേരളത്തിനു വെളിയില്‍നിന്നും എന്നാല്‍, ഇന്ത്യയിലെ ഏതെങ്കിലും സര്‍വകലാശാല വിദൂര വിദ്യാഭ്യാസം വഴി നടത്തുന്ന  ഒരു പഠന പ്രോഗ്രാമിനും കേരളത്തിലെ സര്‍വകലാശാലകള്‍ റഗുലര്‍ പ്രോഗ്രാമുകള്‍ക്ക് നല്‍കിയിട്ടുള്ള പൊതു അംഗീകാരമില്ല. അത്തരം വിദൂര വിദ്യാഭ്യാസം വഴി നേടുന്ന ഡിഗ്രികള്‍ കേരളത്തിലെ ഓരോ സര്‍വകലാശാലകള്‍ പിന്‍തുടരുന്ന കോഴ്സ് അംഗീകാരത്തിനുള്ള മുഴുവന്‍ കടമ്പകളും കടന്ന് അംഗീകാരമോ തുല്യതയോ നല്‍കിയാല്‍ മാത്രമേ എലിജിബിലിറ്റി, തുല്യത സര്‍ട്ടിഫിക്കറ്റുകള്‍  ലഭിക്കൂ. ഇവിടെ ഓര്‍ത്തിരിക്കേണ്ട കാര്യങ്ങള്‍ ഇവയാണ്.
•ഓരോ ഡിഗ്രിക്കും പ്രത്യേകം അംഗീകാരം സര്‍വകലാശാലയില്‍നിന്നും നേടിയിട്ടുണ്ടാകണം.
•ഒരു ഡിഗ്രിക്ക് അംഗീകാരം ലഭിച്ചാല്‍ ആ ഡിഗ്രി നേടിയിട്ടുള്ള മുഴുവന്‍ ആളുകള്‍ക്ക് ലഭിക്കാന്‍ അര്‍ഹതയുണ്ട്.
•ഒരു ഡിഗ്രിക്കാണ് അംഗീകാരം നല്‍കുന്നത്. ആയതിനാല്‍ ആ ഡിഗ്രിയുടെ  സിലബസുകള്‍ കാലാകാലത്തു മാറ്റം വന്നാലും അംഗീകാരം പുതുക്കേണ്ടതില്ല.
•അംഗീകാരമോ തുല്യതയോ നല്‍കിയിട്ടുള്ള ഒരു പ്രോഗ്രാമിന്‍െറ അംഗീകാരം ചിലപ്പോള്‍ അംഗീകാരം നല്‍കിയിട്ടുള്ള സര്‍വകലാശാലകള്‍ പിന്‍വലിക്കാറുണ്ട്.
കേരളത്തിലെ സര്‍വകലാശാലകള്‍ പ്രധാനമായും ബിരുദ ബിരുദാനന്തര ബിരുദ നിലവാരത്തിലുള്ള പ്രോഗ്രാമുകളാണ് നടത്തുന്നത്. ചുരുക്കം ചില ഡിപ്ളോമ, സര്‍ട്ടിഫിക്കറ്റ് കോഴ്സുകളും നടത്താറുണ്ട്. എന്നാല്‍, പ്ളസ് ടു നിലവാരത്തിലുള്ള ഒരു പ്രോഗ്രാമും കേരളത്തിലെ സര്‍വകലാശാലകളില്‍ ഇപ്പോള്‍ നടത്തുന്നില്ല. ആയതിനാല്‍ ഈ നിലവാരത്തിലുള്ള കോഴ്സുകള്‍ പഠിച്ച് ഉപരിപഠനത്തിനായി കേരളത്തിലെ സര്‍വകലാശാലകളില്‍ എത്തുമ്പോള്‍ എലിജിബിലിറ്റി സര്‍ട്ടിഫിക്കറ്റ് ആവശ്യം വരും. ഈ സന്ദര്‍ഭങ്ങളില്‍ ഓര്‍ക്കുക, ‘കൗണ്‍സില്‍ ഓഫ് ബോര്‍ഡ്സ് ഓഫ് സ്കൂള്‍ എജുക്കേഷന്‍ ഇന്‍ ഇന്ത്യ’ (സി.ഒ.ബി.എസ്.ഇ) അംഗീകരിച്ചിട്ടുള്ള ഇന്ത്യയിലെ മറ്റു സംസ്ഥാന പ്ളസ് ടു ബോര്‍ഡുകളുടെ ‘റഗുലര്‍’ പ്രോഗ്രാമുകള്‍ കേരളത്തിലെ സര്‍വകലാശാലകള്‍ ഉപരിപഠനത്തിനുള്ള യോഗ്യതയായി അംഗീകരിച്ചിട്ടുണ്ട്. സി.ഒ.ബി.എസ്.ഇയുടെ അംഗീകാരമില്ലാത്ത പ്ളസ് ടു നിലവാരമുള്ള കോഴ്സുകള്‍ക്ക് അംഗീകാരം നല്‍കാന്‍ കേരളത്തിലെ പ്ളസ് ടു ഡയറക്ടറേറ്റ് തുല്യതാ സര്‍ട്ടിഫിക്കറ്റ് നല്‍കിയതിന്‍െറ അസ്സല്‍ സര്‍ടിഫിക്കറ്റ് ഹാജരാക്കണം.
ഇതുപോലെതന്നെ ഇന്ത്യയിലെ വിവിധ ടെക്നിക്കല്‍ ബോര്‍ഡുകള്‍ നല്‍കുന്ന ‘പോളിടെക്നിക് ഡിപ്ളോമകള്‍’ പാസായി, കേരളത്തിലെ സര്‍വകലാശാലകളില്‍ ബി.ടെക് ലാറ്ററല്‍ എന്‍ട്രി പ്രവേശനം നടത്താന്‍ ആഗ്രഹിക്കുമ്പോഴും എലിജിബിലിറ്റി സര്‍ട്ടിഫിക്കറ്റാവശ്യം വരും. ഇവിടെയും ഡയറക്ടറേറ്റ് ഓഫ് ടെക്നിക്കല്‍ എജുക്കേഷന്‍(ഡി.ടി.ഇ) കേരള അംഗീകരിച്ചിട്ടുള്ള വിവിധ സംസ്ഥാനങ്ങളിലെ ടെക്നിക്കല്‍ എജുക്കേഷന്‍ ബോര്‍ഡുകള്‍ നല്‍കുന്ന പോളിഡിപ്ളോമക്ക് അംഗീകാരമുണ്ട്. ആയതിനാല്‍ എലിജിബിലിറ്റി സര്‍ട്ടിഫിക്കറ്റ് ലഭിക്കും. അത്തരത്തില്‍ കേരളത്തിലെ ഡി.ടി.ഇ ഉത്തരവിലൂടെ അംഗീകാരം നല്‍കാത്ത ‘പോളിഡിപ്ളോമ’കള്‍ക്ക് അംഗീകാരം നല്‍കി എലിജിബിലിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ കേരളത്തിലെ ഡി.ടി.ഇ നല്‍കുന്ന തുല്യതാ സര്‍ട്ടിഫിക്കറ്റിന്‍െറ അസ്സല്‍ സര്‍ട്ടിഫിക്കറ്റ് കൂടി എലിജിബിലിറ്റി സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കുമ്പോള്‍ അപേക്ഷയോടൊപ്പം സര്‍വകലാശാലയില്‍ സമര്‍പ്പിക്കണം.
മുകളില്‍ വിവരിച്ച കാര്യങ്ങള്‍ ഏറക്കുറെ വ്യത്യാസമില്ലാതെയാണ് കേരളത്തിലെ സര്‍വകലാശാലകളെല്ലാം എലിജിബിലിറ്റി, തുല്യതാ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നത്. ഓര്‍ത്തിരിക്കേണ്ട ഒരു പ്രധാന കാര്യം കേരളത്തിലെ സര്‍വകലാശാലകള്‍  വിദൂര വിദ്യാഭ്യാസം വഴി നടത്തുന്ന എല്ലാ പ്രോഗ്രാമുകളും സര്‍വകലാശാലകള്‍ പരസ്പരം അംഗീകരിച്ചിട്ടുണ്ട്. ആയതിനാല്‍ എലിജിബലിറ്റി സര്‍ട്ടിഫിക്കറ്റ് ലഭിക്കും. എന്നാല്‍, തുല്യതാ സര്‍ട്ടിഫിക്കറ്റ് ലഭിക്കില്ല. 
തുല്യതാ സര്‍ട്ടിഫിക്കറ്റു ലഭിക്കാന്‍ പ്രസ്തുത കോഴ്സുകള്‍ക്ക് തുല്യത ലഭിക്കാന്‍ അനുവര്‍ത്തിക്കേണ്ട കാര്യങ്ങള്‍ പൂര്‍ത്തിയാക്കി തുല്യത അതാതു സര്‍വകലാശാലയുടെ ‘അക്കാദമിക് കൗണ്‍സില്‍’ നല്‍കണം. 
Tags:    
News Summary - http://docs.madhyamam.com/node/add/article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.