കോഴ്സ് അംഗീകാരം എങ്ങനെ നേടാം?

കേരളത്തിലെ സര്‍വകലാശാലകള്‍ നടത്തുന്ന എല്ലാ ബിരുദ -ബിരുദാനന്തര ഡിഗ്രികളും കേരളത്തിലെ സര്‍വകലാശാലകള്‍ പരസ്പരം അംഗീകരിച്ചിട്ടുണ്ട്. ഈ അംഗീകാരം കേരളത്തിലെ സര്‍വകലാശാലകള്‍ നടത്തുന്ന വിദൂരവിദ്യാഭ്യാസ ബിരുദങ്ങള്‍ക്കും നല്‍കുന്നുണ്ട്. എന്നാല്‍, ബിരുദ വിദ്യാഭ്യാസമായോ പ്രൈവറ്റ് പഠനരീതിയിലോ നടക്കുന്ന ഓപണ്‍ ഡിഗ്രി പ്രോഗ്രാമുകള്‍ ഈ അംഗീകാരം എല്ലാ സര്‍വകലാശാലകളും നല്‍കുന്നില്ല. ഓപണ്‍ ഡിഗ്രി എന്നതുകൊണ്ടുദ്ദേശിക്കുന്നത് 12ാം ക്ളാസിനു തുല്യമായ പഠനം നടത്താതെ ഡിഗ്രി ക്ളാസുകളിലേക്ക് നിശ്ചിത പ്രായം പൂര്‍ത്തിയായിട്ടുള്ള വിദ്യാര്‍ഥികള്‍ക്ക് 12ാം ക്ളാസ് വിജയിക്കാന്‍ കഴിയാത്തതിന്‍െറ അഭാവത്തില്‍ ചില ഫൗണ്ടേഷന്‍ അഥവാ ബ്രിഡ്ജ് കോഴ്സുകള്‍ പഠിപ്പിച്ച് ബിരുദം നല്‍കുന്ന രീതിയാണ്. കാലിക്കറ്റ് സര്‍വകലാശാല ഇത്തരം ബിരുദങ്ങള്‍ നല്‍കുന്നുണ്ട്. ഇന്ത്യയില്‍ വിദൂര വിദ്യാഭ്യാസം നടത്തുന്ന മിക്ക സര്‍വകലാശാലകളും ഇത്തരം ഓപണ്‍ ഡിഗ്രി പ്രോഗ്രാമുകള്‍ നടത്തുന്നുണ്ട്.
കേരളത്തിനു പുറത്ത്, പക്ഷേ ഇന്ത്യക്കുള്ളില്‍ പ്രവര്‍ത്തിക്കുന്ന സര്‍വകലാശാലകള്‍, ദേശീയ പ്രാധാന്യമുള്ള ശാസ്ത്ര, സാങ്കേതിക, മാനവിക വിഷയങ്ങളില്‍ ബിരുദ ബിരുദാനന്തര ഗവേഷണ പ്രോഗ്രാമുകള്‍ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവ നടത്തുന്ന എല്ലാ റെഗുലര്‍ ഡിഗ്രികളും കേരളത്തിലെ സര്‍വകലാശാലകള്‍ പൊതുവെ ഉപരിപഠനത്തിനും തൊഴിലിനുമായി അംഗീകരിച്ചിട്ടുണ്ട്.
മുകളില്‍ സൂചിപ്പിച്ച സര്‍വകലാശാലകളും മറ്റു ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങളും ഇന്ത്യയിലെ യൂനിവേഴ്സിറ്റി ഗ്രാന്‍റ്സ് കമീഷന്‍ (യു.ജി.സി) അല്ളെങ്കില്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ യൂനിവേഴ്സിറ്റീസ് അംഗീകാരം നല്‍കിയിട്ടുള്ള സര്‍വകലാശാലകളോ സ്ഥാപനങ്ങളോ ആയിരിക്കണം.
ഈ സര്‍വകലാശാലകളും മറ്റു ദേശീയ പ്രാധാന്യമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളും റെഗുലറായി നടത്തി അവാര്‍ഡ് ചെയ്യുന്ന ബിരുദങ്ങള്‍ക്കും ബിരുദാനന്തര ഗവേഷണ ബിരുദങ്ങള്‍ക്കും കേരളത്തിലെ സര്‍വകലാശാലകള്‍ തുല്യത നല്‍കാന്‍ അതേ പേരില്‍തന്നെ (അതേ വിഷയത്തില്‍ മാത്രമായാല്‍ പോരാ)  ഒരു പ്രോഗ്രാം തുല്യത നല്‍കുന്ന സര്‍വകലാശാലയില്‍ ഉണ്ടായിരിക്കുകയും വേണം. അല്ലാത്തപക്ഷം അതതു സര്‍വകലാശാലകളുടെ അക്കാദമിക് കൗണ്‍സില്‍ തുല്യത നല്‍കണം.
ഇതു കൂടാതെ യു.ജി.സി അംഗീകരിച്ചിട്ടുള്ള ഇന്ത്യയിലെ സര്‍വകലാശാലകള്‍ നടത്തുന്ന വിദൂര വിദ്യാഭ്യാസം വഴി നടത്തുന്ന ബിരുദ ബിരുദാനന്തര ഡിപ്ളോമ, സര്‍ട്ടിഫിക്കറ്റ് കോഴ്സുകളെല്ലാം ഒരു ഉത്തരവിലൂടെ കേരളത്തിലെ സര്‍വകലാശാലകളും അംഗീകരിക്കുകയോ തുല്യത നല്‍കുകയോ ചെയ്തിട്ടില്ല. ഇത്തരം സന്ദര്‍ഭങ്ങളില്‍ വിദ്യാര്‍ഥി താന്‍ ജയിച്ച് ലഭിച്ച ബിരുദം കേരളത്തിലെ ഏതു സര്‍വകലാശാലയിലാണോ അംഗീകാരം ലഭിക്കേണ്ടത് ആ സര്‍വകലാശാലയുടെ അക്കാദമിക് കൗണ്‍സിലില്‍ അംഗീകരിച്ചുവാങ്ങണം. കേരളത്തിലെ ഏതെങ്കിലും സര്‍വകലാശാല ബിരുദ വിദ്യാഭ്യാസം വഴി നടത്തുന്ന ബിരുദം അംഗീകരിച്ചിട്ടുണ്ട് എന്നതുകൊണ്ട് കേരളത്തിലെ മറ്റു സര്‍വകലാശാലകള്‍ അംഗീകരിക്കില്ല. ഓരോ സര്‍വകലാശാലകളും പ്രത്യേകമായിത്തന്നെ പ്രസ്തുത ഡിഗ്രികള്‍ അംഗീകരിക്കണം. കേരള പബ്ളിക് സര്‍വിസ് കമീഷന്‍ ഏതെങ്കിലുമൊക്കെ ജോലികള്‍ക്കായി വിജ്ഞാപനം പുറപ്പെടുവിക്കുമ്പോള്‍ ബിരുദ വിദ്യാഭ്യാസം വഴി നേടിയിട്ടുള്ള സര്‍വകലാശാല ബിരുദക്കാര്‍ക്കും അപേക്ഷിക്കാം. ഉദ്യോഗാര്‍ഥിയുടെ ബിരുദം കേരളത്തിലെ ഏതെങ്കിലും ഒരു സര്‍വകലാശാല അംഗീകരിച്ച് തുല്യത സര്‍ട്ടിഫിക്കറ്റ് നല്‍കിയാല്‍ മതി.
ഇന്ത്യക്കു പുറത്തുള്ള രാജ്യങ്ങളിലെ സര്‍വകലാശാലകളില്‍ പഠിച്ച് ബിരുദ- ബിരുദാനന്തര ഗവേഷണ ഡിഗ്രികള്‍ ലഭിച്ച കുട്ടികള്‍ കേരളത്തില്‍ തിരിച്ചത്തെി ഉപരിപഠനത്തിനും തൊഴിലിനും ശ്രമിക്കുമ്പോള്‍ കേരളത്തിലെ സര്‍വകലാശാലകളില്‍നിന്നും അംഗീകരിച്ച് തുല്യത നല്‍കിയതിന്‍െറ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. വിദേശ രാജ്യങ്ങളിലെ ഡിഗ്രികള്‍ കേരളത്തിലെ സര്‍വകലാശാലകള്‍ ഒറ്റ ഉത്തരവിലൂടെ പൂര്‍ണമായും അംഗീകരിച്ചിട്ടില്ല. ആയതിനാല്‍, വിദേശ ഡിഗ്രി നേടിയിട്ടുള്ളവര്‍ക്ക് കേരളത്തിലെ സര്‍വകലാശാലകള്‍ അംഗീകരിച്ച് തുല്യത നല്‍കണം. 
മുകളില്‍ സൂചിപ്പിച്ച സാഹചര്യങ്ങളിലൊക്കെ കോഴ്സുകളും, അവയുടെ ബിരുദങ്ങളും അംഗീകരിച്ചു തുല്യത ലഭിക്കണം എന്നാണ് വീണ്ടും വീണ്ടും സൂചിപ്പിക്കുന്നത്. ആയതിനാല്‍, കേരളത്തിലെ സര്‍വകലാശാലകള്‍ ഇത്തരം കോഴ്സുകളും ഡിഗ്രികളും അംഗീകരിക്കാന്‍ പിന്തുടരുന്ന രീതികളെന്തെന്ന് പരിശോധിക്കാം:
കോഴ്സുകളുടെ അംഗീകാരം
കേരളത്തിലെ ഏതെങ്കിലും ഒരു സര്‍വകലാശാല അംഗീകാരം നല്‍കാത്ത ഒരു കോഴ്സ് അംഗീകരിക്കാന്‍ അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ പ്രസ്തുത സര്‍വകലാശാല മറ്റു കോഴ്സുകള്‍ അംഗീകരിക്കാനായി നിശ്ചയിച്ചിട്ടുള്ള അപേക്ഷഫോറം പൂരിപ്പിച്ച് നിശ്ചിതമായ ഫീസ് സര്‍വകലാശാലയുടെ അക്കൗണ്ടില്‍ അടച്ച് താഴെപ്പറയുന്ന രേഖകളുടെ രണ്ട് പകര്‍പ്പുകള്‍ വീതം സമര്‍പ്പിക്കുക. 
അംഗീകാരവും തുല്യതയും ആവശ്യപ്പെടുന്ന ഡിഗ്രിയുടെ സ്കീം, സിലബസ്, ഡിഗ്രി അവാര്‍ഡ് ചെയ്ത സര്‍വകലാശാലയിലെ രജിസ്ട്രാര്‍ കണ്‍ട്രോളര്‍ ഓഫ് എക്സാമിനേഷനോ അല്ളെങ്കില്‍ അതിനായി ചുമതലപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥനോ സാക്ഷ്യപ്പെടുത്തിയ ഒരു പകര്‍പ്പ്. ഈ പകര്‍പ്പില്‍ പറയുന്ന സിലബസും സ്കീമും കുട്ടിയുടെ കൈവശമുള്ള ഡിഗ്രി പഠിച്ചപ്പോള്‍ നിലവിലുണ്ടായിരുന്നതാണെന്നു വ്യക്തമായി പറഞ്ഞിട്ടുണ്ടാവണം. ഇങ്ങനെ ലഭിക്കുന്ന സിലബസിന്‍െറയും സ്കീമിന്‍െറയും ഒരു പകര്‍പ്പുകൂടി എടുത്ത് ഒരു ഗസറ്റഡ് ഓഫിസര്‍ സാക്ഷ്യപ്പെടുത്തിയത് അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം (മൊത്തം രണ്ട് സെറ്റ്). 
അംഗീകാരവും തുല്യതയും ആവശ്യപ്പെടുന്ന ഡിഗ്രിയുടെ മാര്‍ക്ക്ലിസ്റ്റ്, ഡിഗ്രി സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ രണ്ടു പകര്‍പ്പുകള്‍ വീതം ഒരു ഗസറ്റഡ് ഓഫിസര്‍ സാക്ഷ്യപ്പെടുത്തിയത് അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. 
പിഎച്ച്.ഡി ഡിഗ്രികളാണെങ്കില്‍ തിസീസിന്‍െറ ഒറിജിനലും, അതിന്‍െറ ഒരു പകര്‍പ്പും അറ്റസ്റ്റ് ചെയ്ത് അപേക്ഷയോടൊപ്പം സമര്‍പ്പിക്കുന്നതു കൂടാതെ ഗവേഷകന്‍ ഫുള്‍ടൈം, പാര്‍ട്ട് ടൈം എന്നീ രീതിയിലാണ് പൂര്‍ത്തിയാക്കിയതെന്ന് വകുപ്പു തലവന്‍ നല്‍കുന്ന സത്യവാങ്മൂലംകൂടി നല്‍കണം. 
വിദേശ സര്‍വകലാശാലയില്‍നിന്നുള്ള ഡിഗ്രിയാണ് തുല്യത ലഭിക്കേണ്ടതെങ്കില്‍ മുകളില്‍ സൂചിപ്പിച്ച സര്‍ട്ടിഫിക്കറ്റും  പകര്‍പ്പും കൂടാതെ അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ യൂനിവേഴ്സിറ്റീസ് ഈ ബിരുദം ഇന്ത്യയിലെ സര്‍വകലാശാല ബിരുദങ്ങള്‍ക്കു തുല്യമായി അംഗീകരിക്കാം എന്നു പറയുന്ന സര്‍ട്ടിഫിക്കറ്റുകൂടി ഹാജരാക്കണം. കൂടാതെ കോഴ്സ് നടത്തിയ സ്ഥാപനത്തിന്‍െറ അംഗീകാരം സംബന്ധിച്ച് ആ രാജ്യത്തെ ഇന്ത്യന്‍ എംബസി നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകൂടി നല്‍കണം. 
ഇത്തരത്തില്‍ അംഗീകാരത്തിനു സമര്‍പ്പിക്കുന്ന അപേക്ഷകള്‍ പ്രസ്തുത വിഷയങ്ങളുടെ കേരളത്തിലെ സര്‍വകലാശാലകളിലെ ‘ബോര്‍ഡ് ഓഫ് സ്റ്റഡീസും’, ‘ഡിനും’ പരിശോധിച്ച് അവരുടെ അഭിപ്രായത്തിന്‍െറ അടിസ്ഥാനത്തില്‍ അതത് സര്‍വകലാശാലകളുടെ അക്കാദമിക് കൗണ്‍സിലാണ് അംഗീകാരവും തുല്യതയും നല്‍കുന്നത്. 
ഇത്തരം അംഗീകാരവും തുല്യതയും ചോദിക്കുന്നത് സര്‍വകലാശാലയുടെ ഏതു കോഴ്സിനാണെന്നു പ്രത്യേകം അപേക്ഷയില്‍ പറഞ്ഞിട്ടുണ്ടാകണം. മറ്റൊരു കാര്യം, അംഗീകാരവും തുല്യതയും ആവശ്യപ്പെടുന്ന കോഴ്സിന്‍െറ ഉള്ളടക്കം 60 ശതമാനമെങ്കിലും അംഗീകാരത്തിനായി അപേക്ഷിക്കുന്ന സര്‍വകലാശാലയുടെ കോഴ്സുമായി തുല്യതയുണ്ടാകണം. അപേക്ഷ പൂര്‍ണമായി സമര്‍പ്പിച്ചു എന്നതടക്കം രണ്ട് അംഗീകാരവും തുല്യതയും സര്‍വകലാശാലകള്‍ നല്‍കണമെന്നില്ല. 
Tags:    
News Summary - http://docs.madhyamam.com/node/add/article

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.