ചില അധ്യാപകരുടെ ക്ലാസുകൾ നമ്മളെല്ലാം ഇപ്പോഴും ഓർക്കുന്നില്ലേ. അതുപോലെ ചിലരുടെ ക്ലാസുകളിലിരുന്ന് ഉറക്കം തൂങ്ങിയ കഥകളുമില്ലേ? രസകരമായ അധ്യാപന രീതിയുമായി ക്ലാസ്മുറികളിൽ വിദ്യാർഥികളെ പിടിച്ചിരുത്തുന്ന അധ്യാപികയാണ് പൊൻശങ്കരി. ആത്മാർഥമായ ശ്രമങ്ങൾക്ക് ഫലമായി 2022ലെ ദേശീയ അധ്യാപക അവാർഡും ഈ 59കാരിയെ തേടിയെത്തി.
കർണാടകയിലെ തുംകൂർ കേന്ദ്രീയ വിദ്യാലയത്തിലെ ബയോജളി അധ്യാപികയാണ് പൊൻശങ്കരി. മറ്റ് അധ്യാപകർ, നഴ്സുമാർ, സ്പോർട്സ് അധ്യാപകർ, പൂർവ വിദ്യാർഥികൾ എന്നിവരുമായി സഹകരിച്ച് വ്യത്യസ്തമായ അധ്യാപന ശൈലിയാണ് ഇവർ പിന്തുടരുന്നത്. ശാസ്ത്രം പഠിപ്പിക്കാൻ ചിലപ്പോൾ കാർട്ടൂണുകളും ഉപയോഗിക്കുന്നുണ്ട്. പ്രായോഗികമായി എങ്ങനെ കുട്ടികളിൽ പഠനം രസകരമാക്കാം എന്നാണ് അവർ ആലോചിക്കുന്നത്.
കന്യാകുമാരിയിലെ നാഗർകോവിലാണ് സ്വദേശം. 11,12 ക്ലാസുകളിലെ വിദ്യാർഥികൾക്ക് ബയോളജിയും എട്ടാംക്ലാസ് വിദ്യാർഥികളും ശാസ്ത്രവിഷയവും പറഞ്ഞുകൊടുക്കുന്നു. 17 വർഷമായി ബംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ കെ.വി വിദ്യാർഥികളെ പഠിപ്പിച്ചു.
ഡിജിറ്റൽ സാങ്കേതിക വിദ്യയുമായി കോർത്തിണക്കിയുള്ള അധ്യാപന രീതിയാണ് താൻ പിന്തുടരുന്നതെന്ന് പൊൻശങ്കരി പറയുച്ചു. എം.എസ് വേഡ്, പവർപോയിൻറ്, എക്സൽ, ഓഡിയോ വിഷ്വൽ ക്ലാസുകൾ എന്നിവ വഴി കുട്ടികളിൽ പാഠഭാഗങ്ങളിൽ കൂടുതൽ താൽപര്യമുണ്ടാക്കുകയാണ് ലക്ഷ്യം. അതുപോലെ ശാസ്ത്ര പരീക്ഷണ ശാലകളിലും ഗവേഷണ കേന്ദ്രങ്ങളിലും കൊണ്ടുപോയാൽ വിദ്യാർഥികളുടെ ശാസ്ത്ര ബോധം വളർത്താൻ സഹായകമാവുമെന്നും ഈ അധ്യാപിക പറയുന്നു.
സോളാർ സിസ്റ്റത്തിലെയും വാട്ടർ സൈക്കിളിലെയും ആർട്- ടെക്നോള സമന്വയത്തെ കുറിച്ചും അവർ പറഞ്ഞുകൊടുക്കുന്നു.ഇതുകൂടാതെ ബംഗളൂരു കേന്ദ്രീയ വിദ്യാലയത്തിലെ നൂറോളം അധ്യാപകർക്ക് പരിശീലനവും നൽകിവരുന്നുണ്ട്. കർണാടക പി.യു ബോർഡ് ബയോളജി ലെക്ചേഴ്സ് റിസോഴ്സ് പേഴ്സൻ ആണ്. അധ്യാപക ദിനത്തിൽ രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്ന് ദേശീയ അധ്യാപക അവാർഡ് ഏറ്റുവാങ്ങാനായതിൽ വലിയ ബഹുമതിയാണെന്ന് പൊൻശങ്കരി പറഞ്ഞു. വിദ്യാർഥികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ഒരുപാട് അധ്യാപകർക്ക് ഇത് പ്രചോദനമാകുമെന്നും അവർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.