20കളിൽ റേഡിയോ ജോക്കിയായും ജോലി ചെയ്തിട്ടുണ്ട് -തുറന്ന് പറഞ്ഞ് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്

ന്യൂഡൽഹി: തന്റെ 20കളിൽ റേഡിയോ ജോക്കിയായി ജോലി ചെയ്ത കാര്യം വെളിപ്പെടുത്തിയിരിക്കയാണ് ചീഫ്ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്. മൂൺലൈറ്റിങ് ആയാണ് ചന്ദ്രചൂഡ് ജോലി ചെയ്തിരുന്നത്. ഒരു സ്ഥാപനത്തിലെ സ്ഥിരജോലിക്കൊപ്പം മറ്റൊരിടത്തും ജോലി ചെയ്യുന്നതിനെയാണ് മൂൺലൈനറ്റിങ് എന്നു പറയുന്നത്. ഓൾ ഇന്ത്യ റേഡിയോക്ക് വേണ്ടി

പ്ലെ വിത്ത് കൂൾ, ഡേറ്റ് വിത്ത് യു, സൺഡെ റിക്വസ്റ്റ് എന്നീ പരിപാടികൾ അവതരിപ്പിച്ചിരുന്ന കാര്യവും ചീഫ് ജസ്റ്റിസ് പറഞ്ഞു.ഇക്കാര്യം അധികം പേർക്കും അറിയില്ല. ഗോവയിൽ ഒരു പരിപാടിക്കിടെയായിരുന്നു ചീഫ് ജസ്റ്റിസിന്റെ മനസ് തുറക്കൽ. ഒരുകൂട്ടം അഭിഭാഷകരുടെ സംഗീതം കേട്ടു കഴിഞ്ഞ ശേഷം താനിപ്പോഴും പതിവായി വീട്ടിൽ സംഗീതം ആസ്വദിക്കുന്നുണ്ടെന്നും അദ്ദേഹം തമാശയായി പറഞ്ഞു. ''സംഗീതത്തോടുള്ള പ്രണയം അവസാനിച്ചിട്ടില്ല. കോടതിയിൽ അഭിഭാഷകരുമായുള്ള സംഗീത പരിപാടി(തീർച്ചയായും അത് കാതുകൾക്ക് ഇമ്പമുള്ളതല്ല) കഴിഞ്ഞ് വീട്ടിലെത്തി കാതിനിമ്പമായ സംഗീതം കേൾക്കാറുണ്ട്. എല്ലാ ദിവസവും​''-എന്നാണ് ചീഫ് ജസ്റ്റിസ് പറഞ്ഞത്.

ബാർ കൗൺസിൽ ഓഫ് ഇന്ത്യയുടെ സംരംഭമായ ഇന്ത്യ ഇന്റർനാഷനൽ യൂണിവേഴ്സിറ്റി ഓഫ് ലീഗൽ എജ്യുക്കേഷൻ ആൻഡ് റിസർച്ചിന്റെ ആദ്യ അക്കാദമിക് സെഷൻ ഗോവയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

തന്റെ പ്രസംഗത്തിൽ, വിദ്യാർഥികളോട് എപ്പോഴും അന്വേഷണാത്മകരായിരിക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു. ''നിങ്ങളെത്തന്നെ അറിയാനുള്ള ശ്രമം. നിങ്ങളെത്തന്നെ അറിയാനുള്ള അന്വേഷണം തുടരണം. ആ അന്വേഷണം നേരത്തെ തുടങ്ങണം. നിങ്ങളുടെ ആത്മാവിനായി നല്ലത് അന്വേഷിക്കുകയും മനസ്സിനെ മനസ്സിലാക്കുകയും ചെയ്യുക​'' -എന്നായിരുന്നു വിദ്യാർഥികൾക്ക് ചീഫ് ജസ്റ്റിസിന്റെ ഉപദേശം.

Tags:    
News Summary - Moonlighted as radio jockey reveals chief justice DY chandrachud

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.