അവസാന നിമിഷം വരെ വിജയത്തിനായി പൊരുതുക എന്നതാണ് ചാമ്പ്യൻമാരുടെ ലക്ഷണം. ആദ്യ സെറ്റ് നഷ്ടമായാൽ എല്ലാം പോയി എന്ന് കരുതുന്നവരെ അത്ഭുതപ്പെടുത്തിയായിരിക്കും അവർ ഫീനിക്സ് പക്ഷിയെ പോലെ ഉയിർത്തെഴുന്നേൽക്കുന്നത്. തോൽക്കില്ല എന്ന നിശ്ചയദാർഢ്യവും വിജയിക്കാം എന്ന ആത്മവിശ്വാസവുമാണ് അവരെ ചാമ്പ്യനാക്കുന്നത്. പുല്ലേല ഗോപിചന്ദ് ഒന്നാന്തരമൊരു ചാമ്പ്യനാകുന്നതും ഇവിടെയാണ്. പിന്നിൽനിന്ന് പൊരുതിക്കയറി എത്രയോ തവണ അയാൾ കിരീടത്തിലെത്തിയിരിക്കുന്നു. ഈ ബാലപാഠങ്ങൾ പുതു തലമുറക്ക് പകർന്ന് നൽകിയാണ് സൈനയെ സൂപ്പർ സൈനയാക്കിയതും സിന്ധുവിനെ ലോക ചാമ്പ്യനാക്കിയതും. കോർട്ടിന് പുറത്തുനിന്ന് ഗോപിചന്ദ് പകർന്നു നൽകുന്ന ഊർജമാണ് ഇന്ന് ഇന്ത്യൻ ബാഡ്മിന്റണിന്റെ കരുത്ത്. ഈ ഊർജം യു.എ.ഇയിലെ വിദ്യാർഥികൾക്കും പകർന്ന് നൽകാനാണ് അദ്ദേഹം എജുകഫേയിൽ എത്തുന്നത്.
ഇന്ത്യൻ ടീമിന്റെ ചീഫ് കോച്ചായി ഗോപിചന്ദ് ചുമതലയേറ്റ ശേഷമാണ് ഇന്ത്യയുടെ ദേശീയപതാക ആദ്യമായി ലോകചാമ്പ്യൻഷിപ്പിൽ ഉയർന്നുപാറിയത്. ലോകതാരങ്ങൾക്ക് മുന്നിൽ പതറാതെ എങ്ങനെ പൊരുതാം എന്ന് തന്റെ കുട്ടികളെ പഠിപ്പിച്ചതിന്റെ ഫലമായിരുന്നു സൈന നെഹ്വാളും പി.വി. സിന്ധുവുമെല്ലാം ലോകചാമ്പ്യൻഷിപ്പിലും ഒളിമ്പിക്സിലുമെല്ലാം തകർത്താടിയത്. ലോകചാമ്പ്യൻഷിപ് ഫൈനലിൽ ജപ്പാന്റെ നൊസോമി ഒകുഹാരയെ തോൽപിച്ച പി.വി. സിന്ധുവിന്റെയും ഒളിമ്പിക്സിൽ മൂന്നു തവണ ഇന്ത്യയെ പ്രതിനിധാനം െചയ്ത സൈനയുടെയും മത്സരങ്ങൾ കണ്ടാൽ മനസ്സിലാകും അവരുടെ വളർച്ചയിൽ ഗോപിചന്ദ് നൽകിയ പങ്ക് എന്താണെന്ന്.
പല ലോകവേദിയിലും ഗോപിയുടെ ശിഷ്യന്മാർ പരസ്പരം ഏറ്റുമുട്ടുന്ന സുന്ദര കാഴ്ചക്കും രാജ്യം സാക്ഷ്യം വഹിച്ചു. ചിട്ടയായ പരിശീലന മുറകളാണ് പുല്ലേലയുടെ ഗുണമായി പറയപ്പെടുന്നത്. ലോകചാമ്പ്യൻഷിപ്പിന്റെ സമയത്ത് പി.വി. സിന്ധുവിന് ഒരു മാസത്തോളം മൊബൈൽ ഫോൺ നൽകിയില്ലെന്ന് വാർത്തകളുണ്ടായിരുന്നു. സെലിബ്രിറ്റിയാകുക എന്നതിലുപരി കോർട്ടിൽ ശ്രദ്ധിക്കണമെന്നായിരുന്നു ശിഷ്യർക്ക് നൽകിയ ഉപദേശം. ഗോപി ചന്ദിന്റെ പരിശീലന കളരിയിൽനിന്ന് സൈന നെഹ്വാൾ പിന്മാറിയതും അദ്ദേഹത്തിന്റെ ഈ നിലപാടാണെന്ന് പറയപ്പെടുന്നു. ഈ നിലപാടിന് സാക്ഷിയായി അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത് സ്വന്തം ജീവിതംതന്നെയാണ്. ബാഡ്മിന്റണിലെ വിംബിൾഡൺ എന്നറിയപ്പെടുന്ന ഇംഗ്ലണ്ട് ഓപണിൽ ചാമ്പ്യനായപ്പോൾ പുല്ലേലയുടെ വിപണി മൂല്യം സചിൻ തെണ്ടുൽകറുടെ ഒപ്പം ഉയർന്നിരുന്നു. എന്നാൽ, വിപണിമൂല്യത്തെക്കാളേറെ സ്വന്തം നിലപാടും കരിയറുമായിരുന്നു അദ്ദേഹം ഉയർത്തിപ്പിടിച്ചത്. കൊക്ക കോളയുടെ ബ്രാൻഡ് അംബാസഡറാകാനുള്ള ക്ഷണം നിരസിച്ച് ഗോപിചന്ദ് അന്ന് പറഞ്ഞത് ഇതായിരുന്നു 'എന്റെ നാട്ടിലെ കുട്ടികൾ ഇത്തരം ഡ്രിങ്കുകൾ കുടിക്കേണ്ടതില്ല'. 1980ൽ പ്രകാശ് പദുകോണിന് ശേഷം ആദ്യമായാണ് ഒരു ഇന്ത്യക്കാരൻ ഓൾ ഇംഗ്ലണ്ട് ഓപണിൽ കിരീടം നേടിയത്. 2001ൽ ഗോപിചന്ദ് സ്വന്തമാക്കിയ ഈ നേട്ടം രണ്ട് പതിറ്റാണ്ട് കഴിഞ്ഞിട്ടും ഒരു ഇന്ത്യക്കാരനും എത്തിപ്പിടിക്കാൻ കഴിഞ്ഞിട്ടില്ല.
പുതുലോകത്തേക്ക് കുതിക്കാൻ വെമ്പിനിൽക്കുന്ന വിദ്യാർഥികളും പഠനവഴിയിൽ പിന്നിലായിപ്പോയെന്ന് തോന്നുന്ന കുട്ടികളും അവരെ കൈപിടിച്ചുയർത്താൻ ആഗ്രഹിക്കുന്ന രക്ഷിതാക്കളും കണ്ടിരിക്കേണ്ട, കേട്ടിരിക്കേണ്ട ജീവിതകഥയാണ് ഈ മുൻ ദേശീയ ചാമ്പ്യന്റേത്. സ്വന്തം ജീവിതംതന്നെ സമൂഹത്തിന് പ്രചോദനമായി സമർപ്പിച്ച, ഇന്ത്യൻ ദേശീയ ബാഡ്മിന്റൺ ടീമിന്റെ പരിശീലകനായ ഗോപിചന്ദിന്റെ പ്രത്യേക സെഷൻ ഫെബ്രുവരി ആറിനാണ് നടക്കുന്നത്.
രാജ്യം ഒരുപിടി പുരസ്കാരങ്ങൾ നൽകി അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. 1999ൽ അർജുന, 2001ൽ ഖേൽരത്ന, 2005ൽ പത്മശ്രീ, 2009ൽ ദ്രോണാചാര്യ, 2014ൽ പത്മഭൂഷൺ തുടങ്ങിയവ അദ്ദേഹത്തെ തേടിയെത്തി. 1996ൽ ദേശീയ ബാഡ്മിന്റൺ ചാമ്പ്യനായ അദ്ദേഹം അടുത്ത അഞ്ചു വർഷവും ഈ കിരീടം കൈവശം വെച്ചു. 1998ലെ കോമൺവെൽത്ത് ഗെയിംസിൽ വെള്ളി നേടിയ ഗോപി രണ്ടു തവണ സാർക്ക് ബാഡ്മിന്റൺ ചാമ്പ്യനായി. ഹൈദരാബാദിലെ ഗച്ചിബൗളിയിൽ സ്വന്തം ബാഡ്മിന്റൺ അക്കാദമിയുണ്ട്. ഇംഗ്ലണ്ട് ഓപണിലെ നേട്ടത്തിന് സമ്മാനമായി ആന്ധ്ര സർക്കാർ നൽകിയ 13 ഏക്കറിലാണ് ഇത് നിർമിച്ചിരിക്കുന്നത്. ഈ അക്കാദമിയിലെ കുട്ടികൾക്ക് പറഞ്ഞുകൊടുക്കുന്ന അതിജീവനത്തിന്റെയും ആത്മവിശ്വാസത്തിന്റെയും കരുത്തിന്റെയും കഥകൾ പറയാനാണ് ഗോപിചന്ദ് 'എജുകഫേയിൽ' എത്തുന്നത്. ദുബൈയിലെ ഷബാബ് അൽ അഹ്ലിയിലെ കുട്ടികൾക്കും ബാഡ്മിന്റണിന്റെ ബാലപാഠങ്ങൾ പറഞ്ഞുകൊടുക്കാൻ ഗോപിചന്ദ് എത്താറുണ്ട്. സൈന നെഹ്വാളിനും പി.വി. സിന്ധുവിനും കിഡംബി ശ്രീകാന്തിനും പി. കശ്യപിനും പകർന്നു നൽകിയ ആത്മവിശ്വാസവും മാർഗനിർദേശങ്ങളും യു.എ.ഇയിലെ കുട്ടികൾക്കും പകർന്നു നൽകുന്നതാവും എജുകഫേയിലെ ഗോപിചന്ദിന്റെ സെഷൻ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.