ഏതൊരാളുടെയും സ്വപ്നമാണിന്ന് സര്‍ക്കാര്‍ ജോലി. മലയാളികളില്‍ 80 ശതമാനത്തിലധികം പേരും ജീവിതത്തിലൊരിക്കലെങ്കിലും ഈ സ്വപ്നം കണ്ടിട്ടുണ്ടാവും. സ്റ്റാറ്റസും ആനുകൂല്യങ്ങളും ജോലിസ്ഥിരതയും തന്നെയാണ് ഇതിന് പ്രേരകം. കേരളത്തില്‍ ഒരു സര്‍ക്കാര്‍ ഓഫിസിന് ആവശ്യമായ പ്യൂണ്‍ മുതല്‍ ഏറ്റവും ഉയര്‍ന്ന തസ്തികയായ ഡെപ്യൂട്ടി കലക്ടര്‍ വരെയുള്ള ഉദ്യോഗസ്ഥരെ നിയമിക്കുന്നത് പി.എസ്.സിയാണ്.
മുന്നില്‍ തെക്കന്‍ ജില്ലകള്‍
അടുത്തകാലം വരെ തെക്കന്‍ ജില്ലകളില്‍നിന്നുള്ളവരാണ് സര്‍ക്കാര്‍ ഉദ്യോഗങ്ങളില്‍ കൂടുതലായുണ്ടായിരുന്നത്. മലബാറുകാര്‍ക്ക് സര്‍ക്കാര്‍ ജോലിയോട് വലിയ പ്രതിപത്തിയില്ലാതിരുന്നതും വിദ്യാഭ്യാസ പിന്നാക്കാവസ്ഥയും ഇതിന് കാരണമായിട്ടുണ്ട്. പ്രത്യേകിച്ച് കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ഭാഗങ്ങളിലുള്ളവര്‍ കച്ചവടതല്‍പരരായതിനാല്‍ മലബാറുകാര്‍ സര്‍ക്കാര്‍ ജോലിയില്‍ പിന്തള്ളപ്പെട്ടു. എന്നാല്‍, ഇന്ന് മുഖ്യധാരയിലേക്കുള്ള തിരിച്ചുവരവ് മലബാര്‍ മേഖലയിലുള്ളവരെയും സര്‍ക്കാര്‍ ഉദ്യോഗങ്ങളില്‍ മുന്നിലത്തെിക്കുന്ന സ്ഥിതിയുണ്ടാക്കിയിട്ടുണ്ട്. 1992 മുതല്‍ 2010 വരെയുള്ള കാലഘട്ടത്തിലായി പബ്ലിക് സര്‍വിസ് കമീഷന്‍ 4,32,152 പേര്‍ക്ക് സര്‍ക്കാര്‍ ഉദ്യോഗസ്ഥരായി നിയമനം നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ ജോലി നേടുന്നതിനായി കഠിനയത്നം നടത്തുന്നവരാണ് ഇന്ന് മലയാളികള്‍. അതിനായി പ്രത്യേക കോച്ചിങ്ങുകളും ചെറുപ്പകാലം മുതല്‍ക്കേ ശീലിക്കുന്നു. മറ്റു മേഖലകളിലെ ഏറ്റക്കുറച്ചിലുകള്‍ സ്വകാര്യജോലിയെ ബാധിക്കുമെന്നതിനാല്‍തന്നെ സര്‍ക്കാര്‍ ജോലിക്ക് പ്രാധാന്യം കൂടിവരുകയാണ്. കേരള സര്‍ക്കാറിനു കീഴില്‍ നേരിട്ടുള്ള വകുപ്പുകളിലെ തസ്തികകളും സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള തെരഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങളിലെ ഉദ്യോഗാര്‍ഥികളെയും നിര്‍ണയിക്കുന്നത് പബ്ലിക് സര്‍വിസ് കമീഷന്‍ വഴിയാണ്. നിയമനം ലഭിക്കുന്ന ഏറ്റവുംകുറഞ്ഞ തസ്തിക സ്വീപ്പറും ഏറ്റവും ഉയര്‍ന്ന തസ്തിക ഡെപ്യൂട്ടി കലക്ടറുടേതുമാണ്.
പരീക്ഷവരെ ഓണ്‍ലൈന്‍
വിവര സാങ്കേതികവിദ്യയുടെ കുതിപ്പിനൊപ്പം നീങ്ങാന്‍ പബ്ലിക് സര്‍വിസ് കമീഷന്‍ തയാറായതിന്‍റെ ഫലമാണ് അപേക്ഷകള്‍ ഓണ്‍ലൈനിലാക്കിയത്. നേരത്തേ അപേക്ഷ നല്‍കുന്നതിന് നിരവധി നൂലാമാലകളാണുണ്ടായിരുന്നത്. ഇന്ന് വിരല്‍ത്തുമ്പില്‍ എല്ലാം സാധ്യമാവും. വിജ്ഞാപനം വന്നാലുടന്‍ പബ്ലിക് സര്‍വിസ് കമീഷന്‍ വെബ്സൈറ്റില്‍ കയറി അപേക്ഷ സമര്‍പ്പിക്കാനാവും. പരീക്ഷ ഹാള്‍ടിക്കറ്റിനുള്ള കാത്തിരിപ്പും അവസാനിച്ചു. പോസ്റ്റ് വഴി എന്നത്തെുമെന്നോ നഷ്ടപ്പെടുമെന്നോ ഉള്ള ഭയവുംവേണ്ട. ഹാള്‍ടിക്കറ്റ് ഓണ്‍ലൈനില്‍ ഭദ്രം. ചില പരീക്ഷകളും ഓണ്‍ലൈന്‍ വഴിയാക്കി കുതിപ്പിനൊരുങ്ങുകയാണ് കേരള പബ്ലിക് സര്‍വിസ് കമീഷന്‍. അതിവിദൂരമല്ലാത്ത ഭാവിയില്‍ എല്ലാ പരീക്ഷകളും ഓണ്‍ലൈനിലാക്കി പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങുംമുമ്പ് ഫലപ്രഖ്യാപനത്തിനും പബ്ലിക് സര്‍വിസ് കമീഷന് കഴിയുന്ന സംവിധാനം വരും.
പരീക്ഷയറിഞ്ഞ് തയാറെടുക്കാം
പരീക്ഷയറിഞ്ഞുവേണം തയാറെടുപ്പ് നടത്താന്‍. ക്ലര്‍ക്ക് പരീക്ഷക്കുള്ള ചോദ്യംപോലെയാവില്ല അധ്യാപക നിയമനത്തിനുള്ള പരീക്ഷ. ഓരോ തസ്തികക്കും വ്യക്തമായ സിലബസുണ്ട്. ഇത് മനസ്സിലാക്കിവേണം പരീക്ഷയെ നേരിടാന്‍. വിഷയത്തെക്കുറിച്ച് ആഴത്തിലുള്ള പഠനവും കാര്യങ്ങളെ വിലയിരുത്താനുള്ള കഴിവും പ്രധാനമാണ്. ഏതു ഗൈഡിനേക്കാളും പ്രധാനം പഠിച്ച പാഠപുസ്തകങ്ങള്‍തന്നെയാണ്. ചരിത്രവും ശാസ്ത്രവും പൊതുവിജ്ഞാനവുമെല്ലാം ഉള്‍പ്പെട്ട ചോദ്യങ്ങളുണ്ടാവും. ആനുകാലിക സംഭവങ്ങളെക്കുറിച്ചുള്ള വ്യക്തമായ ധാരണ അനിവാര്യമാണ്. സ്ഥിരമായ പത്രവായന ഇതിന് സഹായകമാവും. മലയാളപത്രങ്ങളോടൊപ്പം ചുരുങ്ങിയത് ഒരു ഇംഗ്ലീഷ് പത്രവും വായിക്കുന്ന ശീലമുണ്ടാവേണ്ടത് അത്യാവശ്യമാണ്. ചില തസ്തികകള്‍ക്ക് ഇംഗ്ലീഷ് പരിജ്ഞാനവും അളക്കുന്നുണ്ട്. മള്‍ട്ടിപ്പിള്‍ ചോയ്സ് ചോദ്യങ്ങളില്‍ നല്‍കിയിട്ടുള്ള ഉത്തരങ്ങളില്‍ മിക്കവാറും സമാനതകളുണ്ടാവും. അതിനാലാണ് ഗഹനമായ പഠനം അനിവാര്യമെന്ന് പറയുന്നത്. പഠനങ്ങളില്‍ പരസ്പര ബന്ധമുണ്ടാകുന്നത് കാര്യങ്ങള്‍ ഗ്രഹിക്കുന്നത് എളുപ്പമാവും. ഗണിതത്തിനും വിശകലനത്തിനും പ്രാധാന്യം കൂടിവരുന്നതായാണ് കാണുന്നത്. റീസനിങ്ങില്‍ പ്രത്യേക താല്‍പര്യം വളര്‍ത്തിയെടുക്കണം. ഗണിതവും റീസനിങ്ങും സ്ഥിരവും നിരന്തരവുമായ പഠനത്തിലൂടെ മാത്രമേ സ്വായത്തമാക്കാനാകൂ.
സാധാരണക്കാരന്‍റെ ഐ.എ.എസ്
കേരളത്തില്‍ ഏറ്റവുംകൂടുതല്‍ പേര്‍ പരീക്ഷയെഴുതുന്നതും കൂടുതല്‍ ഒഴിവുള്ളതുമായ തസ്തികയാണ് ക്ലര്‍ക്ക്. നേരത്തേ എല്‍.ഡി ക്ലര്‍ക്ക് എന്നാണിത് അറിയപ്പെട്ടിരുന്നത്. നൂറിലധികമുള്ള സര്‍ക്കാര്‍ വകുപ്പുകളുടെ പ്രവര്‍ത്തനത്തില്‍ നിര്‍ണായകപങ്കാണ് ക്ലര്‍ക്ക് ഉദ്യോഗത്തിനുള്ളത്. സര്‍ക്കാര്‍ ബിസിനസ് നടത്തിക്കൊണ്ടുപോകുന്നതും ക്ലര്‍ക്കിലൂടെയാണ്. സംസ്ഥാനത്തെ വലിയ നിയമനപരീക്ഷയാണിത്. സര്‍ക്കാര്‍ സംവിധാനത്തെ നയിക്കുന്നതില്‍ നിര്‍ണായക പങ്കുള്ളതിനാല്‍തന്നെ ക്ലര്‍ക്കുമാര്‍ സാധാരണക്കാരന്‍റെ ഐ.എ.എസ് ആയി അറിയപ്പെടുന്നു. 19,000-43,000 രൂപ ശമ്പള സ്കെയിലിലുള്ള ക്ലര്‍ക്കിന് തുടക്കത്തില്‍ 23,000 രൂപ ലഭിക്കും. പ്രമോഷന്‍ സാധ്യതകളും വിപുലമാണ്. അഡ്മിനിസ്ട്രേറ്റിവ് അസിസ്റ്റന്‍റ് വരെ എത്താവുന്ന ജോലിയാണിത്. റവന്യൂവകുപ്പില്‍ ക്ലര്‍ക്കായി ചേരുന്നവര്‍ക്ക് വില്ളേജ് ഓഫിസര്‍, തഹസില്‍ദാര്‍, ഡെപ്യൂട്ടി കലക്ടര്‍ എന്നീ തലങ്ങളില്‍വരെ എത്താനാകും. തദ്ദേശവകുപ്പില്‍ പഞ്ചായത്ത് സെക്രട്ടറി, പഞ്ചായത്ത് ഡെപ്യൂട്ടി കലക്ടര്‍ വരെ പ്രമോഷന്‍ സാധ്യതകളുണ്ട്. പൊതുജനം ഏറെ ബഹുമാനത്തോടെ കാണുന്ന തസ്തികയാണ് ക്ലര്‍ക്ക്. ജനങ്ങളുടെ ആദ്യ ഇടപെടല്‍ ഇവിടെയാണ്. ക്ലര്‍ക്ക് പരീക്ഷാവിജയത്തിന് അതിബുദ്ധിയൊന്നും ആവശ്യമില്ല. കഠിനാധ്വാനവും നിരന്തരപരിശീലനവും പരീക്ഷ എളുപ്പമാക്കും. 2016 ഡിസംബറിലാണ് പരീക്ഷ വിജ്ഞാപനം വന്നത്. 14 ലക്ഷത്തില്‍പരം പേരാണ് 6000ത്തിലധികം ഒഴിവുകളിലേക്ക് അപേക്ഷിച്ചത്.
സര്‍ക്കാര്‍ ജോലി ഇനി സ്വപ്നമല്ല
സ്വന്തം നാട്ടില്‍ നാട്ടുകാര്‍ക്കുമുന്നില്‍ തലയുയര്‍ത്തി നില്‍ക്കുക ഏതൊരാളുടെയും ആഗ്രഹമാണ്. അതിനുള്ള മികച്ച വഴിയാണ് സര്‍ക്കാര്‍ ഉദ്യോഗം. കഴിഞ്ഞ ഒരു പതിറ്റാണ്ടിലാണ് (2009-2010) പബ്ലിക് സര്‍വിസ് കമീഷന്‍ 51,213 പേരെ നിയമിച്ച് ചരിത്രംകുറിച്ചത്. കേരള അഡ്മിനിസ്ട്രേറ്റിവ് സര്‍വിസ് നിലവില്‍ വരുന്നതോടെ തൊഴിലന്വേഷകര്‍ക്ക് മുന്നില്‍ കൂടുതല്‍ സാധ്യതകള്‍ തെളിഞ്ഞിരിക്കുകയാണ്. ഉന്നതപദവികളിലേക്ക് അതിവേഗം കടന്നുചെല്ലാനുള്ള പാതയാണിത്. ആത്മാര്‍ഥവും കഠിനവുമായ ശ്രമം നമ്മെ ലക്ഷ്യത്തിലേക്കത്തെിക്കുകതന്നെ ചെയ്യും. സമൂഹത്തെ സേവിക്കാനും കുടുംബത്തിനു വഴികാട്ടിയാകാനും നാടിന്‍റെ വികസനത്തില്‍ ഭാഗമാകാനും അതുവഴി കഴിയും. ആരോഗ്യവകുപ്പില്‍ നഴ്സ്, ഡോക്ടര്‍മാര്‍, സര്‍വേയര്‍, അധ്യാപകര്‍, ഇന്‍ഷുറന്‍സ് ഓഫിസര്‍, ഫോറസ്റ്റ് റേഞ്ചര്‍, അക്കൗണ്ട്സ് മാനേജര്‍ തുടങ്ങി 100ഓളം തസ്തികകളിലേക്കും പി.എസ്.സി വിജ്ഞാപനം പുറപ്പെടുവിച്ചുകഴിഞ്ഞു. അതിനാല്‍ ഉടന്‍ തയാറെടുപ്പുകള്‍ ആരംഭിക്കാം. സര്‍ക്കാര്‍ ജോലി ഇനി സ്വപ്നമല്ല, യാഥാര്‍ഥ്യം.
എഴുത്തുപരീക്ഷയെന്ന കടമ്പ
വിവിധ വിഭാഗങ്ങള്‍ക്കും തസ്തികകള്‍ക്കും വ്യത്യസ്ത യോഗ്യതകളാണ് നിശ്ചയിച്ചിട്ടുള്ളത്. വിജ്ഞാപനത്തില്‍ ഇതൊക്കെ വ്യക്തമാക്കിയിരിക്കും. ഭൂരിഭാഗം തസ്തികകള്‍ക്കും എഴുത്തുപരീക്ഷയെന്ന കടമ്പയുണ്ട്. ഇതു ജയിച്ചാല്‍ വിജയത്തോടടുത്തു എന്നു കരുതാം. നേരിട്ടുള്ള ഇന്‍റര്‍വ്യൂവില്‍കൂടി സാമര്‍ഥ്യം തെളിയിച്ചാല്‍ റാങ്ക്ലിസ്റ്റിലത്തെും. ചിട്ടയായ പഠനവും ആഴത്തില്‍ അറിവുമുള്ള ഒരു വ്യക്തിക്ക് സര്‍ക്കാര്‍ ജോലി ഒരു കടമ്പയല്ല. അനായാസം കൈയത്തെിപ്പിടിക്കും ദൂരത്തില്‍ തന്നെയാണിത്.
തയാറാക്കിയത്: ഡോ. എം. അബ്ദുല്‍ റഹ്മാന്‍
പ്രോ-വൈസ് ചാന്‍സലര്‍,
എ.പി.ജെ. അബ്ദുല്‍ കലാം ടെക്നോളജിക്കല്‍ സര്‍വകലാശാല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.