2022ൽ പിരിച്ചുവിടപ്പെട്ട ജോലിക്കാരിൽ കൂടുതൽ പേരും സോഫ്‌റ്റ്‌വെയർ ഡെവലപ്പർമാരായിട്ടും യു.എസ്. ന്യൂസ് ആൻഡ് വേൾഡ് റിപ്പോർട്ട് സർവേയിൽ 2023ലെ മികച്ച ജോലിയായി തെരഞ്ഞെടുക്കപ്പെട്ടത് സോഫ്‌റ്റ്‌വെയർ ഡെവലപ്പർ. കഴിഞ്ഞ വർഷം അഞ്ചാം സ്ഥാനത്തായിരുന്ന സോഫ്‌റ്റ്‌വെയർ ഡെവലപ്പർമാർ ഇത്തവണ ഒന്നാമതെത്തി.
2022ൽ മെറ്റ പ്ലാറ്റ്ഫോംസ്, സെയ്ൽസ് ഫോഴ്സ് ഇൻക്, ആമസോൺ.കോം എന്നിവയിലെ ഡെവലപ്പർമാരെല്ലാം വൻ തോതിൽ പിരിച്ചുവിടൽ നേരിട്ടിരുന്നു.
ബ്യൂറോ ഓഫ് ലേബർ സ്റ്റാറ്റിസ്റ്റിക്സിൽ നിന്നുള്ള ഡാറ്റ വിശകലനം ചെയ്താണ് യു.എസ് ന്യൂസ് മികച്ച ജോലികളുടെ പട്ടിക തയാറാക്കിയത്. ഡിമാൻഡ്, വളർച്ച, ശരാശരി ശമ്പളം, തൊഴിൽ നിരക്ക്, ഭാവിയിലെ തൊഴിൽ സാധ്യതകൾ, സ്ട്രെസ് ലെവൽ, വർക്ക്-ലൈഫ് ബാലൻസ് എന്നിവ പരിശോധിച്ചാണ് ജോലികളെ റാങ്ക് ചെയ്തത്.
2023-ൽ ആളുകൾ തൊഴിൽ സുരക്ഷക്കാണ് പ്രധാന്യം നൽകുന്നത്. മാന്ദ്യം മുന്നിൽ നിൽക്കുകയും പിരിച്ചുവിടൽ തുടരാനുള്ള സാധ്യത ശക്തമായിരിക്കുകയും ചെയ്യുമ്പോൾ പലരും കൂടുതൽ സുരക്ഷയുള്ള മേഖലയിലേക്ക് ചേക്കേറുന്നു. ഈയടുത്ത് സിപ്റിക്രൂട്ടർ നടത്തിയ സർവേയിൽ, പിരിച്ചുവിട്ട ടെക്കികളിൽ നാലിലൊന്നും മറ്റു മഖേലകളിലേക്ക് ചേക്കേറുന്നുവെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ഇതേ മേഖലയിൽ തുടരാൻ ആഗ്രഹിക്കുന്നവർക്ക് മുന്നിൽ തൊഴിലവസരങ്ങൾ കുറവായതിനാൽ മത്സരം വർധിച്ചിരിക്കുന്നു.
എന്നാൽ സാങ്കേതിക മേഖലക്കപ്പുറം സോഫ്‌റ്റ്‌വെയർ ഡെവലപ്പർമാരുടെ സേവനം ആവശ്യമുള്ള സാഹചര്യങ്ങൾ വളരെയധികമുണ്ട്. പരമ്പരാഗത വ്യവസായങ്ങളിലെ സാമ്പത്തികം മുതൽ ചില്ലറ വ്യാപാരം വരെയുള്ള മേഖലകളിൽ വളരെക്കാലമായി സോഫ്‌റ്റ്‌വെയർ എഞ്ചിനീയർമാരുടെ ക്ഷാമം നേരിടുന്നു. പക്ഷേ, സിലിക്കൻ വാലിയിൽ ലഭിക്കുന്ന ശമ്പളം നൽകാൻ ഈ മേഖലക്കാവില്ല. നിരവധി പേർ പിരിച്ചുവിടലിനിരയായതോടെ, വിദഗ്ധരെ ചുരുങ്ങിയ തുകക്ക് ഈ മേഖലയിലേക്ക് കൂടെ ലഭിച്ചിരിക്കുകയാണ്.
പരമാവധി തൊഴിൽ സുരക്ഷ തേടുന്നവരെയാണ് യു.എസ്. ന്യൂസ് വിജയിയെന്ന് ചൂണ്ടിക്കാണിക്കുന്നത്. ഏറ്റവും ഉയർന്ന തൊഴിൽ സുരക്ഷയുള്ള മികച്ച 20 കരിയറിൽ 13 എണ്ണവും ആരോഗ്യ പരിരക്ഷയിലെ നഴ്‌സ്, മെഡിക്കൽ, ഹെൽത്ത് സർവീസ് മാനേജർ തുടങ്ങിയ ജോലികളിലാണെന്നും റിപ്പോർട്ടിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.