വിദ്യാഭ്യാസ ലോകം പ്രതീക്ഷകളുടേതാണ്. അധ്യാപകരുടെയും രക്ഷിതാക്കളുടെയും വിദ്യാർഥികളുടെയുമെല്ലാം പ്രതീക്ഷകൾക്ക് നിറംപകരുന്നതാണ് ഓരോ വിദ്യാലയങ്ങളും. അതോടൊപ്പം, ഉത്തരംകിട്ടാത്ത ചോദ്യങ്ങളുടെയും ആശങ്കകളുടെയും സംശയങ്ങളുടെയും ലോകംകൂടിയാണത്. ഏതു കോഴ്സ് പഠിക്കണം, ആരു പറയുന്നത് വിശ്വസിക്കണം, എന്തു പഠിച്ചാൽ ജോലി കിട്ടും, വിദേശപഠനത്തിന് എന്തു ചെയ്യും, അധ്യാപകരായാൽ എല്ലാം തികഞ്ഞോ, വിദ്യാഭ്യാസം എന്നത് മക്കളുടെ മാത്രം ചുമതലയാണോ, ഭാവിയുടെ സാധ്യതകൾ എന്തൊക്കെയാണ്, പിന്നിലായിപ്പോയ മക്കളെ എങ്ങനെ കൈപിടിച്ചുയർത്തും, അവരുടെ ടേസ്റ്റ് എന്താണ്, ആത്മവിശ്വാസം പകരാൻ എന്തെല്ലാം ചെയ്യണം, ബഹുമുഖ പ്രതിഭകളായ കുട്ടികളുടെ ഭാവി എങ്ങനെ തിരഞ്ഞെടുക്കും, ചെലവ് എത്ര തുടങ്ങി അനന്തമായ ചോദ്യങ്ങളാണ് ഓരോ രക്ഷിതാവിന്റെയും അധ്യാപകരുടെയും വിദ്യാർഥികളുടെയും മുന്നിലെ ടെലിപ്രോംപ്റ്ററിൽ തെളിഞ്ഞുവരുന്നത്. ഈ സംശയങ്ങൾക്കുള്ള മറുപടിയും ആശങ്കകൾക്കുള്ള പരിഹാരങ്ങളുമായാണ് 'ഗൾഫ് മാധ്യമം' എജുകഫേ പുതിയൊരു സീസണുമായി വീണ്ടും എത്തുന്നത്. ഏതു തരം സംശയങ്ങളും ആശങ്കകളും പരിഹരിക്കാൻ ശേഷിയുള്ളവരാണ് ഏഴാം സീസണിൽ അതിഥിയായി എത്തുന്നത്. മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ ഇന്ത്യൻ വിദ്യാഭ്യാസ-കരിയർ മേളയായ 'എജുകഫേ' ഞായർ, തിങ്കൾ ദിവസങ്ങളിൽ ദുബൈ മുഹൈസിനയിലെ ഇത്തിസാലാത്ത് അക്കാദമിയിൽ വിരുന്നെത്തുമ്പോൾ വിദ്യാഭ്യാസ രംഗത്തെ മാറ്റങ്ങളും ചർച്ച ചെയ്യപ്പെടും. അപ്രതീക്ഷിതമായെത്തിയ മഹാമാരി വിദ്യാഭ്യാസ ലോകത്തിന്റെ ഡിജിറ്റൽ വളർച്ചയിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്. ഒരുപക്ഷേ, വർഷങ്ങൾക്കപ്പുറം സംഭവിക്കേണ്ട പല മാറ്റങ്ങളും ഈ മേഖല നേരത്തെതന്നെ ആവാഹിച്ചുകഴിഞ്ഞു. റോബോട്ടിക്സിന്റെയും നിർമിത ബുദ്ധിയുടെയും ലോകത്ത് അതിവേഗം കുതിച്ചുകൊണ്ടിരുന്ന യു.എ.ഇയുടെ വേഗത്തിന് ദ്രുതഗതി പകർന്നാണ് മഹാമാരി കടന്നുപോകുന്നത്. പുതുലോകത്തെ മാറ്റങ്ങൾ എങ്ങനെ ഗുണകരമാക്കാമെന്ന് പറഞ്ഞുതരുന്നുണ്ട് എജുകഫേ.
ഇന്ത്യൻ ബാഡ്മിന്റണിന്റെ ഖ്യാതി ലോകത്തിന് മുന്നിലെത്തിച്ച ദേശീയ ടീം കോച്ച് പുല്ലേല ഗോപിചന്ദാണ് മുഖ്യാതിഥിയായെത്തുന്നത്. ഒരു സെറ്റ് പിന്നിൽ നിൽക്കുമ്പോഴും എങ്ങനെ പൊരുതിക്കയറാം എന്ന് ശിഷ്യർക്ക് പറഞ്ഞുകൊടുക്കുന്ന ഗോപിചന്ദിന്റെ വാക്കുകൾ കുട്ടികൾക്ക് മുതൽക്കൂട്ടാകുമെന്ന് ഉറപ്പ്. മനസ്സിന്റെ മാന്ത്രികതയെപ്പറ്റിയായിരിക്കും പ്രശസ്ത മജീഷ്യൻ ഗോപിനാഥ് മുതുകാട് സംസാരിക്കുക. പ്രഫഷനൽ മാജിക്കിൽനിന്ന് വിട്ടുനിൽക്കുന്ന അദ്ദേഹം തന്റെ മാന്ത്രികവാക്കുകളിലൂടെ കുട്ടികളുടെയും രക്ഷിതാക്കളുടെയും ഉള്ളിൽ കയറിക്കൂടും.
ടെക് സംരംഭകനും നിക്ഷേപകനും ടി.വി അവതാരകനുമായ അവെലോ റോയ് സാങ്കേതിക വിദ്യയുടെ പുതുപാഠങ്ങൾ പകർന്നുനൽകും. ഈ മേഖലയിലെ പുതിയ സാധ്യതകൾ അദ്ദേഹത്തിൽനിന്ന് വായിച്ചെടുക്കാം. സൈബർ ലോകത്തെ സാധ്യതകൾ വിവരിക്കുന്നതിനൊപ്പം ചതിക്കുഴികളിൽ വീണുപോകാതിരിക്കാനുള്ള നിർദേശങ്ങളും ഡോ. ധന്യ മേനോനിൽനിന്ന് പ്രതീക്ഷിക്കാം. എജു ഡോക്ടറും സോഷ്യോ കൊഗ്നിറ്റിവ് ഡെവലപ്മെന്റ് സ്പെഷ്യലിസ്റ്റുമായ മദിഹ അഹ്മദും ഹ്യൂമൻ ട്രാൻസ്പോർമേഷനൽ ആർക്കിടെക്ടും പ്രചോദക പ്രഭാഷകനുമായ മഹ്റൂഫ് സി.എമ്മും ബിസിനസ് കൺസൾട്ടന്റ് രാം കുമാർ കൃഷ്ണ മൂർത്തിയുമെല്ലാം വിദ്യാർഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും ഒരുപോലെ പ്രയോജനപ്പെടുന്ന മാർഗനിർദേശങ്ങൾ നൽകും. ഇന്ത്യയിലെയും വിദേശത്തെയും പ്രമുഖ യൂനിവേഴ്സിറ്റികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും പങ്കെടുക്കുന്നുണ്ട്. ഞായറാഴ്ച രാവിലെ 9.30 മുതൽ രജിസ്ട്രേഷൻ ആരംഭിക്കും.
സമ്മാനങ്ങളുടെ പെരുമഴ പെയ്യുന്ന വിദ്യാഭ്യാസ മേളകൂടിയാണിത്. ചെലവേറിയ വിദ്യാഭ്യാസ ആപ്പുകളും ടെസ്റ്റുകളും സൗജന്യമായി നൽകുന്നതിനൊപ്പം ആപ്പിൾ എയർപോഡുകൾ, ബ്രാൻഡഡ് വാച്ചുകൾ, ജെ.ബി.എൽ സ്പീക്കറുകൾ, ഗിഫ്റ്റ് വൗച്ചറുകൾ, ഡിസ്കൗണ്ട് കൂപ്പണുകൾ, ഗാഡ്ജെറ്റുകൾ, ലേർണിങ് ആപ്പുകൾ തുടങ്ങി നൂറിലേറെ സമ്മാനങ്ങളും വിദ്യാർഥികളെ കാത്തിരിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.