ചില റെസ്യുമെ വിശേഷങ്ങൾ...

"ഈ റെസ്യുമെ ഒന്ന് എഡിറ്റ് ചെയ്ത് തരാമോ?"
"നിന്റെ റെസ്യുമെ ഒന്ന് അയച്ച് തരാമോ?"
"ഒരു റെസ്യുമെ template തരാമോ?"
"റെസ്യുമെ സെറ്റ് ചെയ്യാൻ പറ്റുന്ന വെബ്സൈറ്റോ ആപ്പോ ഏതാ ഉള്ളത്?"

കൂട്ടുകാരുടെ ഇടയിൽ ആദ്യം റെസ്യുമെ ചെയ്ത ആൾക്കാർ, തരക്കേടില്ലാതെ ഇംഗ്ലീഷ് കൈകാര്യം ചെയ്യാൻ അറിയുന്നവർ, രണ്ടോ മൂന്നോ ജോലികൾ ഒക്കെ മാറിയവർ, ഇന്റർവ്യൂകൾ അറ്റൻഡ് ചെയ്യുന്നവർ തുടങ്ങിയവരിൽ പലരും ഒരിക്കലെങ്കിലും കേട്ടുകാണാൻ സാധ്യതയുള്ള ചില ചോദ്യങ്ങളാണിവ; കൂട്ടുകാരോ ബന്ധുക്കളോ സഹപാഠികളോ ആരും ആവാം.. നമ്മളിന്നും റെസ്യുമെ തയ്യാറാക്കുന്നത് ഒരു സുഹൃത്തിന്റെ റെസ്യുമെ എഡിറ്റ് ചെയ്തിട്ടോ, മറ്റൊരാളെ കൊണ്ട് അവരുടെ റെസ്യുമെ എഡിറ്റ് ചെയ്യിപ്പിച്ചോ, ഗൂഗിൾ ചെയ്ത കിട്ടുന്ന ഒരു template എഡിറ്റ് ചെയ്തോ, ഓൺലൈനായോ ആണ്. അതായത്, റെസ്യുമെ തയ്യാറാക്കൽ ഒരു ടൈപ്പിംഗ് ജോലി അല്ലെങ്കിൽ ഒരു ഡിസൈനിങ് ജോലി എന്നത് മാത്രമാണ് ഇന്ന് പലർക്കും.

"റെസ്യുമെ അയക്കൂ" "ആപ്ലിക്കേഷൻ അയക്കൂ" എന്നൊക്കെ കേൾക്കുമ്പോ എന്നോ ചെയ്തിട്ട ഒരു റെസ്യുമെ അപ്പൊ തന്നെ വാട്സപ്പിലോ ഇമെയിലിൽ ഒരു അറ്റാച്ച്മെന്റ് മാത്രമായോ അയക്കുന്നവരാണ് ഇന്ന് ഭൂരിഭാഗവും.

ഫസ്റ്റ് ഇമ്പ്രഷന് ഒരുപാട് പ്രാധാന്യമുള്ള ഒന്നാണ് റിക്രൂട്മെന്റ് പ്രോസസ്സ്. ഒരു റെസ്യുമെ കാണുമ്പോൾ അത് മുഴുവൻ വായിക്കാൻ റിക്രൂട്ടറെ തോന്നിക്കുന്ന തരത്തിലാവണം റെസ്യുമെ. നമ്മൾ സ്‌കൂളിൽ ഇംഗ്ലീഷ് പേപ്പറിൽ പഠിച്ച 'ബയോ ഡാറ്റ'യിൽ ബാക്കി വിവരങ്ങൾ കൂടി ചേർത്ത് എഴുതിയാൽ റെസ്യുമെ ആയി എന്നാണു നമ്മൾ അധികവും ധരിച്ചിട്ടുള്ളത്. വർഷങ്ങൾ എക്സ്പീരിയൻസ് ഉള്ളവർ പോലും റെസ്യൂമേക്ക് പകരം ബയോ ഡാറ്റ തന്നെ അയക്കുന്ന സ്ഥിതിയുണ്ട്. റെസ്യുമെ എന്താണ്, എന്തിനാണ് എന്നറിയാതെ ഇതിലൊന്നും മാറ്റം വരില്ല.




എന്താണ് റെസ്യുമെ?

ജോലി തിരയുന്ന ഏതൊരാളുടെയും പേർസണൽ മാർക്കറ്റിങ് ടൂളാണ് റെസ്യുമെ. നിങ്ങളുടെ വിദ്യാഭ്യാസം, തൊഴിൽപരമായ അഭിരുചികൾ, തൊഴിൽ പരിചയം എന്നിവയുടെയെല്ലാം ഒരു സംഗ്രഹമാണ് നിങ്ങളുടെ റെസ്യുമെ. ഒരിക്കലും റെസ്യുമെ വലിച്ചു നീട്ടി എഴുതരുത്. ആദ്യമേ പറഞ്ഞിരുന്നല്ലോ, റെസ്യുമെ നിങ്ങളുടെ മാർക്കറ്റിംഗ് ടൂളാണ്. നിങ്ങളെ ഭംഗിയായി ഹൈലൈറ്റ് ചെയ്യുക. ഒരു പ്രോഡക്റ്റ് ബ്രോഷർ പോലെ ആകര്ഷണീയതയോടെയും ക്ലാരിറ്റിയോടെയും കൂടെ തയ്യാറാക്കുക. എന്തുകൊണ്ട് ഇയാളെ തിരഞ്ഞെടുക്കണം എന്ന ചോദ്യം റെസ്യുമെ പരിശോധിക്കുന്ന ഒരു റിക്രൂട്ടറുടെ മനസ്സിൽ ഉണ്ടാകും.

അതിനുള്ള ഉത്തരങ്ങൾ നിങ്ങളുടെ റെസ്യൂമെയിലൂടെ നൽകുക. ആവശ്യാനുസരണം ടെയ്ലർ ചെയ്യുക. നിങ്ങളെക്കാൾ മുൻപ് റിക്രൂട്ടറുടെ മുന്നിലേക്ക് walk - in ചെയ്യുന്നത് നിങ്ങളുടെ റെസ്യൂമേയാണ്. അതിനാൽ ലാഘവത്തോടെ തയ്യാറാക്കേണ്ട ഒന്നല്ല റെസ്യുമെ. ജോബ് മാർക്കറ്റിൽ നമ്മളെ തന്നെ വിൽക്കാൻ - മറ്റുള്ള ഉദ്യോഗാർഥികളിൽ നിന്ന് നമ്മളെ തന്നെ റിക്രൂട്ടറെ കൊണ്ട് തിരഞ്ഞെടുപ്പിക്കാൻ നമ്മൾ ഉപയോഗിക്കുന്ന നമ്മുടെ സ്വന്തം ടൂൾ ആണ് റെസ്യുമെ; നമ്മുടെ പ്രൊഫെഷണൽ പ്രൊഫൈൽ.




എന്തുകൊണ്ട് റെസ്യുമെ മികച്ചതാവണം?

ഒരു ഉദ്യോഗാർഥിയെ പറ്റിയുള്ള ഫസ്റ്റ് ഇമ്പ്രെഷൻ ഒരു റിക്രൂട്ടറിൽ ഉണ്ടാക്കുന്നത് റെസ്യുമെ ആണ് - അല്ല, റെസ്യൂമേക്ക് മാത്രമേ അത് കഴിയു. ഒരൊറ്റ വേക്കൻസിക്ക് പോലും നൂറുകണക്കിന് ആപ്ലിക്കേഷൻസ് ഏതു സ്‌ഥാപനത്തിലും വരുന്ന കാലമാണിത്. നമ്മളൊരു ടെക്സ്റ്റൈൽസിൽ പോയി ഒരു ഷർട്ട് തിരഞ്ഞെടുക്കുകയാണെങ്കിൽ അവിടെ കാണുന്ന ഷർട്ട്സ് എല്ലാം കാണും, അതിനുശേഷം അതിൽ നിന്ന് കുറച്ചെണ്ണം തിരഞ്ഞെടുക്കും, പിന്നീട് അതിൽ നിന്ന് ഓരോന്നോരോന്ന് ഒഴിവാക്കി ഒഴിവാക്കി അവസാനം ഒരെണ്ണം തിരഞ്ഞെടുക്കും.

അതായത്, നമുക്ക് ആദ്യ ഘട്ടം കഴിഞ്ഞ് ഇന്റർവ്യൂവിലേക്കും മറ്റും കടക്കണമെങ്കിൽ പല തവണയായുള്ള ഷോർട്ട്ലിസ്റ്റിംഗ് മറികടന്ന് എത്തണം - എന്നാൽ ഷോർട്ട്ലിസ്റ്റിംഗ് എന്നത് സെലെക്ഷൻ അല്ല റിജക്ഷന് ആണ്. നമ്മുടെ റെസ്യുമെ ആദ്യം ഒരു റിക്രൂട്ടർ നോക്കുക റിജെക്ട് ചെയ്യാൻ ആണ്. അതുകൊണ്ട് റിജെക്ട് ചെയ്യാനുള്ള കാരണങ്ങൾ ഇല്ലാതെ, സെലക്ട് ചെയ്യാനുള്ള കാരണങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കണം.

എന്തുകൊണ്ട് മറ്റൊരു റെസ്യുമെ കോപ്പി ചെയ്ത് സ്വന്തം റെസ്യുമെ തയ്യാറാക്കരുത്?

പരീക്ഷയ്ക്ക് കോപ്പി അടിക്കുന്നത് പോലെ തന്നെ. കാണുന്നയാൾക്ക് മനസ്സിലാവും ഇത് കോപ്പി ആണെന്ന്. സ്വന്തം പ്രൊഫൈൽ സ്വയം വൃത്തിക്ക് എഴുതാൻ സാധിക്കാത്ത നമ്മൾ എന്ത് ജോലി വൃത്തിക്ക് ചെയ്യും എന്ന് ചിന്തിച്ചാൽ കുറ്റം പറയാനാവില്ല. തന്നെയല്ല, നമ്മൾ കാണുന്നത് ആകെ നാലോ അഞ്ചോ റെസ്യൂമേകൾ ആവും. എന്നാൽ റിക്രൂട്ടർ കാണുന്നത് ആയിരക്കണക്കിന് റെസ്യൂമേകളും. അയാളുടെ ജോലി ഇതാണല്ലോ. നിങ്ങളുടെ റെസ്യുമെ കാണുന്നയാൾ തന്നെ നിങ്ങൾ ആരുടെ നോക്കി തയ്യാറാക്കിയോ ആ റെസ്യൂമെയും കണ്ടിട്ടുണ്ടാവാം. അയാൾ കോപ്പി ചെയ്ത റെസ്യൂമേകളും കണ്ടിട്ടുണ്ടാവാം. അതുകൊണ്ട് ഏതാണ് ഒറിജിനൽ, എന്താണ് ഗൂഗിൾ ചെയ്ത കണ്ടന്റ്, എന്താണ് കോപ്പി-പേസ്റ്റ് എന്നതൊക്കെ ഒറ്റ നോട്ടത്തിൽ മനസ്സിലാവും.

റെസ്യുമെ നോക്കി വിലയിരുത്തിയാലെ ആരെ അടുത്ത ഘട്ടത്തിലേക്ക് വിളിക്കണമെന്ന് അറിയൂ. നമ്മൾ ഒന്നിച്ച് അപേക്ഷിക്കുന്നവരെല്ലാം ഒരേ റെസ്യുമെ ആണ് തയ്യാറാക്കിയതെങ്കിൽ എന്തടിസ്‌ഥാനത്തിൽ അതിലൊരാൾ വിളിക്കും? എല്ലാവരും കോപ്പി അടിച്ചാണല്ലോ ചെയ്യുന്നത് എന്ന പറഞ്ഞാൽ, എല്ലാവര്ക്കും കിട്ടുന്ന പരിഗണനയെ നിങ്ങൾക്കും കിട്ടൂ, അത് മതിയോ.. പോരല്ലോ, ജോലിയല്ല വേണ്ടത്..




എങ്ങനെ ആവണം ഒരു റെസ്യുമെ?

ഒരിക്കലും ഏറ്റവും മികച്ച, ഏറ്റവും കഴിവുള്ള, ഏറ്റവും ക്വളിഫൈഡ് ആയ ഉദ്യോഗാർഥിയെയല്ല ഒരു സ്‌ഥാപനത്തിനു ആവശ്യം, അവർക്ക് വേണ്ടത് അവിടെ ഒഴിവുള്ള വേക്കൻസിയിലേക്കു ഏറ്റവും പെർഫെക്റ്റ് ആയി മാച്ച് ചെയ്യുന്ന ആളെയാണ്. നിങ്ങൾ M.Com റാങ്ക് ഹോൾഡർ ആയത് കൊണ്ടോ, അക്കൗണ്ട്സ് മാനേജർ ആയി വർക്ക് എക്സ്പീരിയൻസ് ഉള്ളത് കൊണ്ടോ, നല്ല ഡിസൈനുള്ള ഒരു റെസ്യുമെ ഉണ്ടാക്കിയത് കൊണ്ടോ, ഇംഗ്ലീഷ് നന്നായി കൈകാര്യം ചെയ്യുന്നത് കൊണ്ടോ ഒരു അക്കൗണ്ടന്റ് പോസ്റ്റിലേക്ക് നിങ്ങളെ എടുക്കണമെന്നില്ല. ആ പോസ്റ്റിൽ ഇരിക്കേണ്ട ആൾ കൈകാര്യം ചെയ്യേണ്ടത് GST ആണെങ്കിൽ, നിങ്ങൾക്ക് അതറിയാതെ ബാക്കി ഒരുപാട് എന്തൊക്കെ കാര്യങ്ങളുണ്ടായാലും കാര്യമുണ്ടോ? അതുകൊണ്ട് unique ആയി, ഒറിജിനൽ ആയി, കോൺടെന്റ് തയ്യാറാക്കി പെട്ടെന്ന് വായിക്കാൻ തോന്നുന്ന രീതിയിൽ ഡിസൈനും അലൈന്മെന്റും ചെയ്ത് റെസ്യുമെ തയ്യാറാക്കുക.

ഒരു വേക്കന്സിയിലേക്ക് അപ്ലൈ ചെയ്യും മുൻപ് അതിന്റെ ജോബ് ഡിസ്‌ക്രിപ്‌ഷൻ നന്നായി വായിച്ചുനോക്കി അവരുടെ ആവശ്യം മനസിലാക്കുക. അതുമായി ബന്ധപ്പെട്ട ക്വളിഫിക്കേഷൻ, സ്‌കിൽസ്, എക്സ്പീരിയൻസ്, സെർറ്റിഫിക്കേഷൻസ് തുടങ്ങിയവയൊക്കെ നിങ്ങൾക്കുണ്ടെങ്കിൽ അത് പ്രത്യേകം മെൻഷൻ ചെയ്യുക, ആ ജോലിയുമായി ബന്ധമില്ലാത്ത കാര്യങ്ങൾക്ക് പ്രാധാന്യം കുറയ്ക്കുക. ഒരു പേജിലോ രണ്ട് പേജിലോ ഒരു റെസ്യുമെ നിൽക്കുന്നുണ്ടോ എന്നൊന്നും ഒരു റിക്രൂട്ടറും നോക്കില്ല. ഒരു പേജിൽ കുത്തിനിറച്ച് എഴുതിയാൽ വായിക്കാൻ തോന്നില്ല, ഒന്നോ രണ്ടോ അഞ്ചോ പേജുകളിൽ ആവശ്യത്തിലധികം ഗ്യാപ്പിട്ട് എഴുതിയാൽ ഒന്നുമില്ല എന്ന തോന്നൽ വരും. ആദ്യ ഇമ്പ്രെഷനിൽ പിടിച്ചിരുത്താൻ ആദ്യം എഴുതുന്ന കാര്യങ്ങൾ പ്രോപ്പർ ആയിരിക്കുക, പ്രൊഫെഷണൽ ലുക്ക് ഉണ്ടാവുക, അലൈൻമെന്റ് മികച്ചതാവുക, ചെറിയ തെറ്റുകൾ വരുത്താതിരിക്കുക.

നമ്മൾ നമ്മളെ തന്നെ മാർക്കറ്റ് ചെയ്യുകയാണ് റിക്രൂട്മെന്റിൽ. അതിനുള്ള ഏറ്റവും മികച്ച ടൂളാണ് റെസ്യുമെ. അത് റിക്രൂട്ടർ ഇമ്പ്രെസ്സ് ചെയ്താൽ മാത്രമേ നിങ്ങൾക്ക് നേരിട്ട് പോയി വേറെന്തും ചെയ്യാനും സംസാരിക്കാനും അവസരം ലഭിക്കുകയുള്ളൂ. ഒരു ജോലിക്ക് അപേക്ഷിക്കുമ്പോൾ ഒരല്പം സമയം അതിനായി ചിലവിടുക. നിങ്ങൾക്ക് ആവശ്യമില്ലാത്ത രീതിയിലാണ് അപേക്ഷ അയക്കുന്നതെങ്കിൽ റിക്രൂട്ടർക്ക് അത്ര പോലും ആവശ്യമില്ല എന്നാവും. സ്‌ഥിരമായി കണ്ടുമടുത്ത റെസ്യൂമേകൾക്കിടയിൽ സ്റ്റാൻഡ് ഔട്ട് ചെയ്യുന്ന ഒരെണ്ണം തയ്യാറാക്കൂ, ജോലി പാതി ശരിയായിക്കഴിഞ്ഞു.

(Evolvers Placement Solutions (www.evolversplacement.com) ചീഫ് എക്സിക്യൂട്ടിവ് ഓഫിസറാണ് ലേഖകൻ)

Tags:    
News Summary - why you need a good resume

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.