കൊച്ചി: സംസ്ഥാനത്തെ സർവകലാശാലകളിലെ ലാസ്റ്റ് ഗ്രേഡ് നിയമനത്തിനുള്ള യോഗ്യത സംബന്ധിച്ച സർക്കാർ ഉത്തരവിലെ ബിരുദധാരികൾ യോഗ്യരല്ലെന്ന വ്യവസ്ഥ ഒഴിവാക്കണമെന്ന് ഹൈകോടതി. അപേക്ഷിക്കാൻ ബിരുദധാരികൾക്കും അനുമതി നൽകിയ സിംഗിൾബെഞ്ച് ഉത്തരവ് ചോദ്യംചെയ്ത് പി.എസ്.സി സമർപ്പിച്ച അപ്പീൽ തീർപ്പാക്കിയാണ് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത്കുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.
2015ൽ പാസാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തിൽ സർവകലാശാലകളിലെ അനധ്യാപക നിയമനങ്ങൾ സർക്കാർ പി.എസ്.സിക്ക് വിട്ടിരുന്നു. സംസ്ഥാനത്തെ വിവിധ സർവകലാശാലകളിലെ ലാസ്റ്റ് ഗ്രേഡ് നിയമനത്തിൽ ബിരുദധാരികൾ അപേക്ഷിക്കുന്നതിന് വിലക്കില്ല. എന്നാൽ, സർക്കാർ സർവിസിലെ ലാസ്റ്റ് ഗ്രേഡ് നിയമനത്തിന് സമാനമായി ബിരുദധാരികൾക്ക് അപേക്ഷിക്കാനാവില്ലെന്ന വ്യവസ്ഥ പി.എസ്.സി ഉൾപ്പെടുത്തുകയായിരുന്നു.
ഇത് ചോദ്യംചെയ്ത് എട്ട് ഉദ്യോഗാർഥികൾ സിംഗിൾബെഞ്ചിനെ സമീപിച്ചു. ഓരോ സർവകലാശാലക്കും ബാധകമായ നിയമത്തിന്റെ അടിസ്ഥാനത്തിൽ നിയമനം നടത്താനായിരുന്നു സിംഗിൾബെഞ്ച് ഉത്തരവ്. ഇത് ചോദ്യംചെയ്താണ് പി.എസ്.സി അപ്പീൽ നൽകിയത്.
നിലവിലെ സർവകലാശാല നിയമം ഭേദഗതി ചെയ്യാതെ അതിനെ മറികടന്ന് യോഗ്യത നിശ്ചയിക്കാൻ സർക്കാറിനും പി.എസ്.സിക്കും അധികാരമില്ലെന്ന് കോടതി വ്യക്തമാക്കി. എന്നാൽ, നിയമനം വേഗത്തിൽ നടത്തേണ്ടതിനാൽ ഓരോ സർവകലാശാല നിയമത്തിലും ഭേദഗതി കൊണ്ടുവന്ന് നടപ്പാക്കുന്നത് കാലതാമസമുണ്ടാക്കും.
അതിനാൽ, എല്ലാ സർവകലാശാലകളിലേക്കും പൊതുവായി നിയമനപ്രക്രിയ വരുമ്പോൾ പൊതുയോഗ്യത മാനദണ്ഡമുണ്ടാക്കുന്നതിൽ അപാകതയില്ല. എന്നാൽ, വിവിധ സർവകലാശാലകളുടെ നിയമം മറികടന്ന് സർക്കാറിന് ഭരണപരമായ ഉത്തരവ് പുറപ്പെടുവിക്കാനാകില്ലെന്ന് കോടതി വിലയിരുത്തി.
സർക്കാർ വകുപ്പിലേക്ക് നടത്തുന്ന ലാസ്റ്റ് ഗ്രേഡ് നിയമനത്തിന് ബിരുദധാരികൾക്ക് അപേക്ഷിക്കാനാകില്ലെന്ന വ്യവസ്ഥ സർവകലാശാല നിയമനത്തിന് ബാധകമാകില്ല. തുടർന്നാണ് ഉത്തരവിലെ ഈ വ്യവസ്ഥ മാത്രം ഒഴിവാക്കാൻ നിർദേശിച്ച് സിംഗിൾബെഞ്ച് ഉത്തരവ് ഡിവിഷൻബെഞ്ച് ഭേദഗതി വരുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.