വിദേശ സ്ഥാപനങ്ങളുമായി സഹകരിച്ച്​ കോഴ്​സ്​ നടത്തിപ്പ്: കേരളത്തിലെ അഞ്ച് സർവകലാശാലകൾക്ക് യോഗ്യത

തിരുവനന്തപുരം: ഇന്ത്യയിലെയും വിദേശത്തെയും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ സഹകരിച്ച് ട്വിന്നിങ്, ജോയൻറ്, ഡ്യുവൽ ബിരുദ പ്രോഗ്രാമുകൾ നടത്തുന്നതിന് യു.ജി.സി ചട്ടം പ്രസിദ്ധീകരിച്ചു. നാകിന്‍റെ ഫോർ പോയന്‍റ് ഗ്രേഡിങ്ങിൽ 3.01 സ്കോറിൽ കുറയാത്ത ഗ്രേഡ് പോയന്‍റ് നേടിയ സ്ഥാപനങ്ങൾക്ക് മാത്രമേ ട്വിന്നിങ്, ജോയൻറ്, ഡ്യുവൽ ബിരുദ പ്രോഗ്രാമുകൾ നടത്താനാകൂ. അല്ലെങ്കിൽ ടൈംസ് ഹയർ എജുക്കേഷൻ, ക്യു.എസ് വേൾഡ് യൂനിവേഴ്സിറ്റി റാങ്കിൽ ആദ്യ ആയിരത്തിൽ ഉൾപ്പെട്ട സ്ഥാപനമോ എൻ.ഐ.ആർ.എഫ് റാങ്കിങ്ങിൽ ആദ്യ നൂറിൽ ഉൾപ്പെട്ട സർവകലാശാലയോ ആയിരിക്കണം.

ടൈംസ് ഹയർ എജുക്കേഷൻ, ക്യു.എസ് വേൾഡ് യൂനിവേഴ്സിറ്റി റാങ്കിൽ ആദ്യ ആയിരത്തിൽ ഉൾപ്പെട്ട വിദേശ സ്ഥാപനങ്ങളുമായായിരിക്കണം സഹകരണം. പഠനത്തിന് ഓപൺ, വിദൂര വിദ്യാഭ്യാസ രീതി അനുവദിക്കില്ല. പരമ്പരാഗത പഠന രീതിയിലായിരിക്കണം രണ്ട് സ്ഥാപനങ്ങളിൽ നിന്ന് നിശ്ചിത ശതമാനം ക്രെഡിറ്റുകൾ നേടേണ്ടത്. യു.ജി.സി മാനദണ്ഡപ്രകാരം കേരളത്തിൽനിന്ന് കേരള, എം.ജി, കുസാറ്റ്, കാലിക്കറ്റ്, കാലടി ശ്രീശങ്കരാചാര്യ തുടങ്ങിയ സർവകലാശാലകൾക്ക് മൂന്ന് രീതിയിലുള്ള കോഴ്സുകൾ നടത്താൻ വിദേശ സർവകലാശാലകളുമായി സഹകരിക്കാനാകും.

ട്വിന്നിങ് പ്രോഗ്രാം

വിദ്യാർഥി പ്രവേശനം നേടുന്ന ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനവും വിദേശ വിദ്യാഭ്യാസ സ്ഥാപനവും സഹകരിച്ച് നടത്തുന്നതാണ് ട്വിന്നിങ് പ്രോഗ്രാമുകൾ. ട്വിന്നിങ് പ്രോഗ്രാമിലൂടെയുള്ള ബിരുദം ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനമായിരിക്കണം നൽകേണ്ടത്. കോഴ്സിന്‍റെ 30 ശതമാനത്തിൽ കവിയാതെ വിദേശ സ്ഥാപനത്തിൽ നിന്ന് നേടിയ ക്രെഡിറ്റുകൾ ട്വിന്നിങ് പ്രോഗ്രാമിന് പരിഗണിക്കും.

ഇന്ത്യൻ വിദ്യാർഥി വിദേശത്തുനിന്ന് നേടുന്ന ക്രെഡിറ്റ് നേരത്തേ നേടിയതിന്‍റെ ആവർത്തനമല്ലെന്ന് ഉറപ്പാക്കണം. ട്വിന്നിങ് പ്രോഗ്രാമുകളുടെ (വിദേശ സ്ഥാപനങ്ങളിലെ) ഫീസ് ഘടന പ്രവേശന സമയത്ത് പരസ്യപ്പെടുത്തണം. ന്യായമായ ഫീസ് മാത്രമേ വാങ്ങാൻ പാടുള്ളൂ. ട്വിന്നിങ് പ്രോഗ്രാമിലൂടെ നേടുന്ന ബിരുദങ്ങളുടെ അംഗീകാരം ബന്ധപ്പെട്ട യു.ജി.സി ചട്ടങ്ങൾക്ക് വിധേയമായിരിക്കും. ട്വിന്നിങ് പ്രോഗ്രാം പൂർത്തിയാക്കാൻ കഴിയാത്ത വിദ്യാർഥികൾക്ക് പുറത്തുപോകാൻ സഹകരിക്കുന്ന സ്ഥാപനങ്ങൾ വ്യക്തമായ വഴി രൂപപ്പെടുത്തണം.

ജോയന്‍റ് ഡിഗ്രി

ഇന്ത്യൻ സ്ഥാപനവും വിദേശ സ്ഥാപനവും ചേർന്ന് രൂപപ്പെടുത്തുന്ന പാഠ്യപദ്ധതിയിലൂടെ ബിരുദം നേടുന്നതാണ് ജോയന്‍റ് ഡിഗ്രി പ്രോഗ്രാം. ഇന്ത്യൻ സ്ഥാപനവും സഹകരിക്കുന്ന വിദേശ സ്ഥാപനവും ചേർന്ന് ഒറ്റ സർട്ടിഫിക്കറ്റിലായിരിക്കണം ജോയന്‍റ് ഡിഗ്രി നൽകേണ്ടത്. ജോയന്‍റ് ഡിഗ്രികളുടെ കാലയളവും പ്രവേശന യോഗ്യതയും യു.ജി.സി വ്യവസ്ഥകൾക്ക് അനുസൃതമായിരിക്കണം. സഹകരിക്കുന്ന സ്ഥാപനങ്ങളിൽ രണ്ടിൽനിന്നും ചുരുങ്ങിയത് 30 ശതമാനം വീതം ക്രെഡിറ്റ് നേടിയിരിക്കണം. പരമ്പരാഗത പഠന രീതിയിലായിരിക്കണം ക്രെഡിറ്റ് നേടേണ്ടത്. നേടുന്ന ക്രെഡിറ്റുകളിൽ ആവർത്തനമില്ലെന്ന് സ്ഥാപനങ്ങൾ ഉറപ്പാക്കണം. ഡോക്ടറൽ ബിരുദങ്ങളുടെ കാര്യത്തിൽ രണ്ട് സ്ഥാപനങ്ങളിലും ഗവേഷകർക്ക് സൂപ്പർവൈസർ ഉണ്ടായിരിക്കണം.

ഡ്യുവൽ ഡിഗ്രി

ഒരു വിഷയത്തിൽ രണ്ട് മേഖലകളിൽ ബിരുദം നേടാൻ സഹായിക്കുന്നതാണ് ഡ്യുവൽ ഡിഗ്രി പ്രോഗ്രാം. ഇന്ത്യയിലെയും സഹകരിക്കുന്ന വിദേശത്തെയും സ്ഥാപനങ്ങൾ സംയുക്തമായാണ് കോഴ്സ് രൂപകൽപന ചെയ്യേണ്ടത്. ഒരേ സമയം ഇന്ത്യൻ, വിദേശ സ്ഥാപനങ്ങളാണ് ബിരുദങ്ങൾ നൽകേണ്ടത്. കോഴ്സ് കാലപരിധി, പ്രവേശന യോഗ്യത എന്നിവയെല്ലാം യു.ജി.സി ചട്ടങ്ങൾക്കനുസൃതമായിരിക്കണം. വിദ്യാർഥികൾ രണ്ട് സ്ഥാപനങ്ങളിലും പ്രവേശന യോഗ്യതയുള്ളവരായിരിക്കണം. രണ്ട് സ്ഥാപനങ്ങളിലേക്കും പ്രത്യേകമായി അപേക്ഷിക്കുകയും പ്രവേശനം നേടുകയും വേണം. 30 ശതമാനം ക്രെഡിറ്റ് ഇന്ത്യൻ സ്ഥാപനത്തിൽനിന്ന് നേടിയിരിക്കണം. 

Tags:    
News Summary - Course conducted in collaboration with foreign institutes: Eligibility for five Universities in Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.