ന്യൂഡൽഹി: വിദ്യാർഥികൾ പഠനത്തിനായി ഉപയോഗിക്കുന്ന ഇംഗ്ലീഷ് ഭാഷാ പുസ്തകങ്ങളെ പ്രാദേശിക ഭാഷാകളിലേക്ക് വിവർത്തനം ചെയ്യാൻ സർവകലാശാലകൾക്ക് യൂനിവേഴ്സിറ്റി ഗ്രാൻറ്സ് കമീഷന്‍റെ നിർദേശം. ഇംഗ്ലീഷിൽ മാത്രം ലഭ്യമായിരുന്ന പുസ്തകങ്ങളാണ് പ്രദേശിക ഭാഷകളിലേക്ക് വിവർത്തനം ചെയ്യുക.
2021 നവംബറോടെ യു.ജി.സിയുടെ യൂനിവേഴ്സിറ്റി ആക്ടിവിറ്റി മോണിറ്ററിങ് പോർട്ടലിൽ ഇതുസംബന്ധിച്ച മാർഗരേഖ തയാറാക്കി സമർപ്പിക്കാൻ വിദ്യാഭ്യാസ മന്ത്രാലയം എല്ലാ സർവകലാശാല വൈസ് ചാൻസലർമാർക്കും നിർദേശം നൽകുകയും ചെയ്തു.
വിദ്യാർഥികളെ അവരുടെ മാതൃഭാഷ പഠിക്കാൻ പ്രാപ്തരാക്കുക എന്നതിനൊപ്പം വിമർശനാത്മചിന്ത വികസിപ്പിക്കുന്നതിനും പ്രധാന കാര്യങ്ങളെക്കുറിച്ച് മികച്ച അവബോധം വളർത്തിയെടുക്കുകയുമാണ് ലക്ഷ്യം.
ഹിന്ദി ഒഴികെ പ്രദേശിക ഭാഷകൾ കൂടുതലായി ഉപയോഗിക്കുകയും സംസാരിക്കുകയും ചെയ്യുന്ന സംസ്ഥാനങ്ങളിൽ പുസ്തകങ്ങൾ അതത് പ്രാദേശിക ഭാഷകളിലേക്ക് വിവർത്തനം ചെയ്യും.
രണ്ടാഴ്ച മാത്രം സമയം നൽകിയിരിക്കുന്നതിനാൽ മിക്ക യൂനിവേഴ്സിറ്റികളും പ്ലാൻ തയാറാക്കി തുടങ്ങിയതായി പറയുന്നു.
കേന്ദ്രസർക്കാർ ആവിഷ്കരിച്ച പുതിയ വിദ്യാഭ്യാസ നയ പ്രകാരം വിവിധ ഇന്ത്യൻ ഭാഷകളിൽ ഗുണനിലവാരമുള്ള പഠന സാമഗ്രികൾ ലഭ്യമാക്കുകയാണ് ലക്ഷ്യം. ആസാദി കാ അമൃത് മഹോത്സവ് ആഘോഷങ്ങളുടെ ഭാഗമായാണ് ഇതെന്നും യു.ജി.സി പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.