തിരുവനന്തപുരം: സംസ്ഥാനത്ത് ഇതാദ്യമായി കമ്പ്യൂട്ടർ അധിഷ്ഠിത ഓൺലൈൻ രീതിയിൽ എൻജിനീയറിങ്, ഫാർമസി പ്രവേശന പരീക്ഷ ജൂൺ അഞ്ചു മുതൽ ഒമ്പതു വരെ സംസ്ഥാനത്തെ 130 സ്ഥാപനങ്ങളിലെ 198 കേന്ദ്രങ്ങളിലായി നടക്കും. പരീക്ഷ പൂർത്തിയാക്കി 10 ദിവസംകൊണ്ട് ഫലം പ്രസിദ്ധീകരിക്കാനാകുമെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആർ. ബിന്ദു വാർത്തസമ്മേളനത്തിൽ അറിയിച്ചു. പരീക്ഷ പൂർത്തിയാകുന്ന ദിവസം ഉത്തരസൂചിക വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. ആക്ഷേപങ്ങളും പരാതികളും നൽകാൻ അവസരമുണ്ടാകും. ഇതു കൂടി പരിഗണിച്ച് അന്തിമസൂചിക തയാറാക്കി പെർസന്റയിൽ സ്കോർ പ്രസിദ്ധീകരിക്കും. ഹയർസെക്കൻഡറി പരീക്ഷയിലെ ഫിസിക്സ്, കെമിസ്ട്രി, മാത്സ് പരീക്ഷയിലെ സ്കോർ കൂടി പരിഗണിച്ചുള്ള സമീകരണ പ്രക്രിയക്ക് ശേഷമാണ് റാങ്ക് പട്ടിക തയാറാക്കുന്നത്.
ഡൽഹിയിൽ രണ്ടും മുംബൈ, ദുബൈ എന്നിവിടങ്ങളിൽ ഓരോ കേന്ദ്രത്തിലും പരീക്ഷ നടക്കും. 1,13,447 വിദ്യാർഥികളാണ് പരീക്ഷയെഴുതുന്നത്. ഒന്നിലധികം ദിവസങ്ങളിലായി നടക്കുന്ന പരീക്ഷക്ക് വെവ്വേറെ ചോദ്യപേപ്പറുകളാണ് ഉപയോഗിക്കുക. രാവിലെ 10 മുതൽ ഒന്നു വരെയാണ് പരീക്ഷ. ബയോമെട്രിക് വിവരങ്ങൾ, ഫോട്ടോ എന്നിവ എടുക്കാനുള്ളതിനാൽ വിദ്യാർഥികൾ രാവിലെ ഏഴരക്ക് പരീക്ഷകേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്യണം. ഒമ്പതരക്ക് ശേഷം പ്രവേശനം അനുവദിക്കില്ല.
ഫാർമസി കോഴ്സിലേക്ക് മാത്രമായി അപേക്ഷിച്ചവർക്കുള്ള പ്രത്യേക പരീക്ഷ ജൂൺ ആറിന് ഉച്ചക്കു ശേഷം 3.30 മുതൽ അഞ്ചുവരെ നടക്കും. ഇവർ ഉച്ചക്ക് ഒന്നിന് റിപ്പോർട്ട് ചെയ്യണം. ഏതെങ്കിലും പരീക്ഷ മാറ്റിവെക്കേണ്ടിവന്നാൽ പകരം ജൂൺ 10ന് നടത്തും. സാങ്കേതിക കാരണത്താൽ ഏതെങ്കിലും കേന്ദ്രത്തിൽ പരീക്ഷ തുടങ്ങാൻ വൈകിയാൽ പരീക്ഷസമയം അതനുസരിച്ച് പുനഃക്രമീകരിക്കും. ഒരു ദിവസം പരമാവധി 18,993 പേർക്കായിരിക്കും പരീക്ഷയെഴുതാനാവുക. ഒരു പരീക്ഷകേന്ദ്രത്തിൽ ഒരേ സമയം പരമാവധി 126 കുട്ടികൾക്കായിരിക്കും സൗകര്യം. എല്ലാ കേന്ദ്രങ്ങളിലും കരുതൽ കമ്പ്യൂട്ടറുകൾ സജ്ജമാക്കിയിട്ടുണ്ട്. ദുബൈ കേന്ദ്രത്തിൽ ജൂൺ ആറിനും മുംബൈ, ഡൽഹി ഉൾപ്പെടെ മറ്റു കേന്ദ്രങ്ങളിലെല്ലാം ജൂൺ അഞ്ചിനുതന്നെയും പരീക്ഷ തുടങ്ങും.
വിശദവിവരം പ്രവേശനപരീക്ഷാ കമീഷണറുടെ വെബ്സൈറ്റിൽ. ഹെൽപ് ലൈൻ: 0471 2525300.
തിരുവനന്തപുരം: എൻജിനീയറിങ് പ്രവേശന പരീക്ഷയിലേക്ക് വിദ്യാർഥികൾ പ്രവേശിക്കുന്നത് മോക് ടെസ്റ്റിലൂടെ. 10നു തുടങ്ങുന്ന പരീക്ഷക്ക് വിദ്യാർഥികളെ ഒമ്പതരക്ക് പരീക്ഷാഹാളിലേക്ക് പ്രവേശിപ്പിക്കും. കൃത്യം രാവിലെ 9.45ന് കമ്പ്യൂട്ടറിൽ വിദ്യാർഥികളുടെ ലോഗിന്‍ വിന്‍ഡോയില്‍ 15 മിനിറ്റുള്ള മോക് ടെസ്റ്റ് തുടങ്ങും. ടൈമര്‍ പൂജ്യത്തിൽ എത്തുന്നതോടെ യഥാർഥ പരീക്ഷ തുടങ്ങും. രാവിലെ ഏഴരക്ക് വിദ്യാർഥികൾ പരീക്ഷകേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്യണം. ജൂൺ ആറിലെ ബി.ഫാം പ്രവേശന പരീക്ഷക്കുള്ള വിദ്യാർഥികൾ ഉച്ചക്ക് ഒന്നിന് റിപ്പോർട്ട് ചെയ്യണം. പരീക്ഷക്കായുള്ള അഡ്മിറ്റ് കാര്‍ഡ് കാന്‍ഡിഡേറ്റ് പോര്‍ട്ടലില്‍ ലഭ്യമാക്കിയിട്ടുണ്ട്. വിദ്യാർഥികള്‍ അഡ്മിറ്റ് കാര്‍ഡില്‍ പരാമര്‍ശിച്ചിരിക്കുന്ന ഏതെങ്കിലും തിരിച്ചറിയല്‍ രേഖകൂടി നിര്‍ബന്ധമായും ഹാജരാക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.